- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലംപോലും റഷ്യയിലേക്ക് കൊണ്ടുപോവുന്ന പുടിന്; പ്രോട്ടോക്കോള്‍ ലംഘിച്ച് മോദിയുടെ കാറില്‍ കയറിയതില്‍ അത്ഭുതം; 8.9 ലക്ഷം കോടിയുടെ വ്യാപാര കരാര്‍; ട്രംപ് കൈവിട്ടപ്പോള്‍ റഷ്യയോടുത്ത് ഇന്ത്യ; നാറ്റോക്ക് ബദലായി യൂറേഷ്യന്‍ യൂണിയന്‍? പുതിയ ശാക്തികചേരിയുടെ പത്താമുദയമോ!
നാറ്റോക്ക് ബദലായി യൂറേഷ്യന്‍ യൂണിയന്‍? പുതിയ ശാക്തികചേരിയുടെ പത്താമുദയമോ!
''വിമാനത്താവളത്തില്‍ നേരിട്ടെത്തി, ഇരുകൈളും നീട്ടി ആലിംഗനം ചെയ്താണ് മോദി പുടിനെ സ്വീകരിച്ചത്. അദ്ദേഹം നേരിട്ട് എത്തുമെന്ന് റഷ്യന്‍ സംഘത്തിന് അറിയിപ്പ് ലഭിച്ചിരുന്നില്ല. ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായ ഈ ഊഷ്മളമായ നടപടി ഞങ്ങളെ അത്ഭുതപ്പെടുത്തി''- റഷ്യന്‍ പ്രസിഡന്റ് വളാദിമിര്‍ പുടിന്റെ ഇന്ത്യാ സന്ദര്‍ശനത്തില്‍ ഒപ്പമുണ്ടായിരുന്ന, റഷ്യന്‍ വാര്‍ത്താ ഏജന്‍സിയായ സ്പുട്‌നിക് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്താണിത്. പുടിനെ സ്വീകരിക്കാനായി നിലവിലെ പ്രോട്ടോക്കോള്‍ പോലും ലംഘിച്ചാണ് നരേന്ദ്രമോദി ഓടിയെത്തിത്. രാഷ്ട്രത്തലവന്‍മ്മാര്‍ വരുമ്പോള്‍ അവര്‍ ഇരുവരും രണ്ട് കാറുകളില്‍ പോവുക എന്ന ചട്ടവും ഇവിടെ തെറ്റി. നേരത്തെ നിശ്ചയിച്ച, ഔദ്യോഗിക വാഹനങ്ങള്‍ ഒഴിവാക്കി, പ്രധാനമന്ത്രി മോദി ഉപയോഗിക്കുന്ന ടൊയോട്ട ഫോര്‍ച്യൂണര്‍ കാറിലാണ് ഇരുവരും ഒരുമിച്ച് വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ടത്. കുറേക്കാലത്തിനുശേഷം കണ്ട ദീര്‍ഘകാല സുഹൃത്തുക്കളെപ്പോലെ!
അങ്ങനെ ആര്‍ക്കും കെട്ടിപ്പിടിക്കാന്‍ നിന്നുകൊടുക്കുന്ന ആളല്ല പുടിന്‍. പ്രോട്ടോക്കോള്‍ ലംഘിച്ച് കാറില്‍ കയറാറുമില്ല. എന്നിട്ടും അദ്ദേഹം മോദിക്ക് ഒപ്പംപോയത് ഇവരുവരും തമ്മിലുള്ള ബന്ധം തന്നെയാണ് സൂചിപ്പിക്കുന്നത്. വിദേശ യാത്രയ്ക്കിടെ റഷ്യന്‍ പ്രസിഡന്റിന്റെ ഷെഡ്യൂള്‍ കൂടുതല്‍ കര്‍ശനമാണ്. അദ്ദേഹം താമസിക്കുന്നിടത്തെല്ലാം, ഷീറ്റുകള്‍, ടോയ്‌ലറ്ററികള്‍ മുതല്‍ പഴ പാത്രങ്ങള്‍ വരെ എല്ലാം പുതിയതാണ് വയ്ക്കുന്നത്. അദ്ദേഹം കഴിക്കുന്ന എല്ലാ ആഹാര സാധനങ്ങളും, വിഷം കലര്‍ന്നിട്ടില്ലെന്ന് ഉറപ്പാക്കാന്‍ ഒരു ഫുഡ് ടെസ്റ്റര്‍ ആദ്യം അത് രുചിച്ച് നോക്കുന്നു.
പുടിന്റെ മലം പോലും റഷ്യയിലേക്ക് തിരിച്ചുകൊണ്ടുപോവുന്ന കനത്ത സുരക്ഷയാണുള്ളത്. റഷ്യന്‍ പ്രസിഡന്റിന്റെ ആരോഗ്യത്തെ കുറിച്ചുള്ള വിശദാംശങ്ങള്‍ വിദേശ ഏജന്‍സികള്‍ അറിയുന്നത് തടയാനാണ് അസാധാരണമായ നടപടി. റഷ്യന്‍ പ്രസിഡന്റിന്റെ ഫെഡറല്‍ പ്രൊട്ടക്ഷന്‍ സര്‍വീസ് (എഫ്പിഎസ്) പുടിന്റെ മലം ഉള്‍പ്പെടെയുള്ള ശരീര മാലിന്യങ്ങള്‍ ശേഖരിക്കുകയും പ്രത്യേക ബാഗുകളില്‍ അടയ്ക്കുകയും സുരക്ഷിതമായ ബ്രീഫ്‌കേസുകളില്‍ കൊണ്ടുപോകുകയും ചെയ്യുന്നു. 2017 മേയില്‍ പുടിന്‍ ഫ്രാന്‍സ് സന്ദര്‍ശിച്ചപ്പോഴും 2019 ഒക്ടോബറില്‍ സൗദി അറേബ്യയിലേക്കുള്ള യാത്രയിലും ഈ സ്യൂട്ട്കേസുകളില്‍ വിസര്‍ജ്യം ശേഖരിച്ചിരുന്നു. ഈയിടെ അലാസ്‌ക്കയില്‍ ട്രംപിനെ പുടിന്‍ കണ്ടപ്പോഴും ഇതേ അവസ്ഥായിരുന്നു. ഇന്ത്യയിലും ഇതേ രീതി തന്നെയാണ് ഉണ്ടായിരുന്നത്. പക്ഷേ ഈ ഇവിടെ കുറേക്കൂടി ഫ്രീയായ, ആഹ്ലാദവാനായ പുടിനെയാണ് കണ്ടതെന്നാണ് വിദേശ മാധ്യമങ്ങള്‍ എഴുതുന്നത്.
ഇത് ബിബിസിയടക്കമുള്ള ലോക മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയാവുകയാണ്. ഡല്‍ഹി വിമാനത്താവളത്തില്‍ പുടിനെ പ്രധാനമന്ത്രി മോദി വ്യക്തിപരമായി സ്വീകരിച്ചത് പതിവില്ലാത്ത നടപടിയാണെന്ന് ബിജെപിയും പ്രതികരിച്ചു. ഇതിന്റെ വീഡിയോയും ബിജെപിയുടെ ഔദ്യോഗിക എക്‌സ് അക്കൗണ്ടില്‍ പങ്കുവെച്ചിട്ടുണ്ട്. അടുത്തകാലംവരെ ട്രംപിന്റെ അടുത്ത സുഹൃത്ത് എന്നറിയപ്പെട്ടിരുന്ന മോദി, അമേരിക്കന്‍ പ്രസിഡന്റിന്റെ തത്വദീക്ഷയില്ലാത്ത തീരുവ വര്‍ധനവില്‍ ഉടക്കി റഷ്യന്‍ പക്ഷത്തേക്ക് അടുക്കുന്നതിന്റെ സൂചകമായിട്ടാണ് മാധ്യമങ്ങള്‍ ഇതിനെ കാണുന്നത്.
യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കുന്നതിനായി ട്രംപ് ഉണ്ടാക്കിയ സമാധാനക്കരാര്‍ ഏതാണ്ട് പൊളിയുമെന്ന് ഉറപ്പായിട്ടുണ്ട്. അതില്‍ 2026 ജനുവരി മുതല്‍ എണ്ണകയറ്റുമതിയില്‍ റഷ്യക്കെതിരെ കടല്‍ ഉപരോധം കൊണ്ടുവരാനാണ് ജി 7 രാജ്യങ്ങളുടെയും നാറ്റോയുടെയും തീരുമാനും. ഈ സാഹചര്യത്തിലാണ് റഷ്യ, ചൈനയോടും ഇന്ത്യയോടും കൂടുതല്‍ അടുക്കുന്നത്. സോവിയറ്റ് യൂണിയനില്‍ അംഗങ്ങളായിരുന്നു റഷ്യ, ബെലാറസ്, കസഖിസ്ഥാന്‍, അര്‍മേനിയ, കിര്‍ഗിസ്ഥാന്‍, തുടങ്ങിയ രാജ്യങ്ങള്‍ ചേര്‍ന്ന സാമ്പത്തിക കൂട്ടായ്മയായ യൂറേഷ്യന്‍ ഇക്കണോമിക്ക് യൂണിയനുമായി ( ഇഎഇയു) ഇന്ത്യയെ അടുപ്പിക്കണമെന്ന ലക്ഷ്യവും പുടിന് ഉണ്ട്. ഇഎഇയുവിനെ നാറ്റോക്ക് ബദലായി ഉയര്‍ത്തിക്കൊണ്ടുവരാനുള്ള പദ്ധതിയും പുടിന്റെ മനസ്സിലുണ്ടെന്ന് പറയുന്നു.
അതായത് വെറുതെ വന്ന് ഇന്ത്യയുമായ ചില കരാര്‍ ഒപ്പിട്ട് പോവുകയല്ല പുടിന്റെ ചെയ്തത് എന്നാണ് വിദേശമാധ്യമങ്ങള്‍ വിലയിരുന്നത്. ഭാവിയില്‍ ഇന്ത്യ-റഷ്യ-െൈ ചന- ഇഎഇയു എന്നിവ ഒന്നിച്ച് അണിനിരക്കാനുള്ള ഒരു സാധ്യതയിലേക്ക് ഈ സന്ദര്‍ശനം വിരല്‍ ചൂണ്ടുന്നു. പുതിയ ശാക്തികചേരിയുടെ പത്താമുദയമെന്നാണ് ഇതിനെ രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.
8.9 ലക്ഷം കോടി രൂപയുടെ വ്യാപാരം
27 മണിക്കൂര്‍ നീണ്ട ഇന്ത്യ സന്ദര്‍ശനം അവസാനിപ്പിച്ച് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദ്മിര്‍ പുടിന്‍ മടങ്ങുമ്പോള്‍ കാര്യങ്ങള്‍ ഒന്നും പഴയതുപോലെയല്ല. കാരണം പ്രതിരോധ, വ്യാപാര, സൈനിക രംഗത്ത് ഇന്ത്യയും റഷ്യയും വല്ലാതെ അടുത്തു കഴിഞ്ഞു. ഇന്ത്യ വീണ്ടും റഷ്യന്‍ പാളയത്തിലേക്ക് അടുക്കുന്നതിന്റെ സൂചനയാണെന്ന് വിദേശ മാധ്യമങ്ങള്‍ വിലയിരുത്തുന്നത്.
അഞ്ച് വര്‍ഷത്തിനുള്ളില്‍ 100 ബില്യന്‍ ഡോളര്‍ (ഏകദേശം 8.9 ലക്ഷം കോടി രൂപ) ഉഭയകക്ഷി വ്യാപാരം നടത്താന്‍, ഇന്ത്യ-റഷ്യ ധാരണയായി. തീരുവ അടക്കമുള്ള നിയന്ത്രണങ്ങള്‍ നീക്കം ചെയ്യുമെന്ന് പുടിന്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഇരുരാജ്യങ്ങളും തമ്മിലെ വ്യാപാരം, 12 ശതമാനം വര്‍ധിച്ച് 64 ബില്യന്‍ ഡോളറിലെത്തി. ഇടപാടുകളുടെ 96 ശതമാനവും ദേശീയ കറന്‍സിയിലാണ്. അതും അമേരിക്കയെ ചൊടിപ്പിക്കയാണ്. കാരണം ഇവിടെ ഡോളറാണ് ദുര്‍ബലമാവുന്നത്.
നിര്‍മ്മാണം, എഞ്ചിനീയറങ്ങ്, ഐ ടി മേഖലകളില്‍ വൈദഗ്ധ്യമുള്ള ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് റഷ്യയില്‍ തൊഴില്‍ നല്‍കുന്നതിനുള്ള കുടിയേറ്റ കരാറും ഒപ്പുവെച്ചു. ഇന്ത്യയുടെ വളരുന്ന സാമ്പത്തിക വ്യവസ്്ഥക്ക് ആവശ്യമായ എണ്ണ, പ്രകൃതിവാതകം, കല്‍ക്കരി എന്നിവരുടെ വിതരണക്കാരായി റഷ്യ തുടരുമെന്നും പുടിന്‍ ഉറപ്പ് നല്‍കി. അതേമസയം റഷ്യയിലേക്കുള്ള വിപണി തുറക്കുന്നതിനെ കുറിച്ചും ഇന്ത്യ ചര്‍ച്ച ചെയ്്തിട്ടുണ്ട്. നിലവില്‍ റഷ്യയുമായി ഇന്ത്യക്ക് 59 ബില്യണ്‍ ഡോളറിന്റെ വ്യാപാര കമ്മിയുണ്ട്. ഇത് പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പദ്ധതികള്‍.
ഫാര്‍മസ്യൂട്ടിക്കല്‍ ഉല്‍പന്നങ്ങള്‍, കെമിക്കലുകള്‍, എഞ്ചിനീയറിങ് ഉല്‍പ്പന്നങ്ങള്‍, യന്ത്രസാമഗ്രികള്‍, ഓട്ടോമോട്ടീവ്, കാര്‍ഷിക, സമുദ്രോത്പന്നങ്ങള്‍ എന്നിവ കയറ്റുമതി ചെയ്യാന്‍ ഇന്ത്യ ശ്രമിക്കുന്നുണ്ട്. ഇത് സംബന്ധിച്ച വ്യാപാര കരാറിനായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. റഷ്യയിലേക്ക് സമുദ്രോത്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നതിനെ ബാധിക്കുന്ന 65-ല്‍ അധികം വരുന്ന തടസ്സങ്ങള്‍ ഇന്ത്യ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കൂടാതെ, മരുന്ന് കയറ്റുമതിയെ ബാധിക്കുന്ന നാല് തരം തടസ്സങ്ങളും (രജിസ്‌ട്രേഷന്‍ നടപടിക്രമം, ക്ലിനിക്കല്‍ ട്രയലുകള്‍, വിപണി പ്രവേശനത്തിലെ നിയന്ത്രണം, വില രജിസ്‌ട്രേഷന്‍) നീക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്.
റഷ്യയില്‍ ഇന്ത്യ വന്‍ മരുന്നുനിര്‍മാണ കേന്ദ്രം തുടങ്ങും. ആദ്യഘട്ടത്തില്‍ ട്യൂമറുകള്‍ക്കുള്ള മരുന്നാകും നിര്‍മിക്കുക. വളം നിര്‍മാണത്തിലും സഹകരിക്കും. അക്കാദമിക് മൊബിലിറ്റി, വിദ്യാഭ്യാസ പരിപാടികള്‍, ശാസ്ത്ര ഗവേഷണ പദ്ധതികള്‍, വിനോദസഞ്ചാരം എന്നിവയിലും യോജിച്ച് പരിപാടികള്‍ നടപ്പാക്കും. ഇന്റര്‍നാഷണല്‍ ബിഗ് ക്യാറ്റ് അലയന്‍സില്‍ (ഐബിസിഎ) റഷ്യ അംഗമാകും. റഷ്യന്‍ വിനോദ സഞ്ചാരികള്‍ക്ക് 30 ദിവസത്തെ സൗജന്യ ഇ- വിസ നല്‍കാനും കരാറായി.
ഇതിന് പുറമെ അന്താരാഷ്ട്ര നോര്‍ത്ത്-സൗത്ത് ട്രാന്‍സ്പോര്‍ട്ട് ഇടനാഴി വടക്കന്‍ കടല്‍ പാത, ചെന്നൈ-വ്‌ലാഡിമിര്‍വോസ്‌തോക്ക് ലിങ്ക് ഉള്‍പ്പെടെയുള്ള കണക്ടിവിറ്റി പദ്ധതികളും ചര്‍ച്ചയായി. ഇന്ത്യ-റഷ്യ സൗഹൃദം ധ്രുവതാരത്തിന് തുല്യമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വിശേഷിപ്പിച്ചത്. പ്രതിസന്ധികള്‍ക്കിടയിലും, എട്ട് പതിറ്റാണ്ടായി ഈ ബന്ധം സ്ഥിരതയോടെ നിലനില്‍ക്കുന്നതായും മോദി പറഞ്ഞു. യുക്രെയിന്‍ വിഷയത്തില്‍ സമാധാനപരമായ പരിഹാരത്തിനായുള്ള ഇന്ത്യയുടെ നിലപാട് പ്രധാനമന്ത്രി ആവര്‍ത്തിച്ചു.
കൂടംകുളത്തും പുതിയ പ്രതീക്ഷകള്‍
എന്തൊക്കെ വിമര്‍ശനങ്ങള്‍ ഉന്നയിച്ചാലും ആണവ സാങ്കേതിക വിദ്യയിലും, സൈനിക രംഗത്തും, റഷ്യ ഇന്നും ഏറെ മുന്നിലാണ്. റഷ്യന്‍ സഹായത്തോടെ നിര്‍മ്മിക്കുന്ന ഇന്ത്യയിലെ രണ്ടാമത്തെ ആണവ നിലയത്തിന്റെ സ്ഥലം കണ്ടെത്താനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ ധാരണയായി. കൂടാതെ കൂടംകുളം ആണവ നിലയത്തിലേ, ശേഷിക്കുന്ന യൂണിറ്റുകള്‍ പുര്‍ത്തിയാക്കാനും, റഷ്യ പിന്തുണ അറിയിച്ചു. പുടിന്‍ സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ ഇങ്ങനെ പറയുന്നു. ''കൂടംകുളത്ത് ഇന്ത്യയുടെ ഏറ്റവും വലിയ ആണവവൈദ്യുത നിലയം നിര്‍മ്മിക്കുന്നതിനുള്ള ഒരു പ്രധാന പദ്ധതി ഞങ്ങള്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ്. ആറ് റിയാക്ടര്‍ യൂണിറ്റുകളില്‍ രണ്ടെണ്ണം ഇതിനോടകം തന്നെ ഗ്രിഡുമായി ബന്ധിപ്പിച്ചിട്ടുണ്ട്, കൂടാതെ നാലെണ്ണം നിര്‍മ്മാണത്തിലാണ്. ഈ പ്ലാന്റിനെ പൂര്‍ണ്ണശേഷിയിലേക്ക് കൊണ്ടുവരുന്നത് ഇന്ത്യയുടെ ഊര്‍ജ ആവശ്യങ്ങള്‍ക്ക് വലിയ സംഭാവന നല്‍കും. ഇത് വ്യവസായങ്ങള്‍ക്കും വീടുകള്‍ക്കും ചെലവ് കുറഞ്ഞതും ശുദ്ധവുമായ ഊര്‍ജ്ജം നല്‍കും.
ചെറിയ മൊഡ്യൂലാര്‍ റിയാക്ടറുകള്‍, പൊങ്ങിക്കിടക്കുന്ന ആണവ പ്ലാന്റുകള്‍, വൈദ്യശാസ്ത്രത്തിലും കൃഷിയിലും ആണവ സാങ്കേതികവിദ്യയുടെ ഊര്‍ജേതര ഉപയോഗങ്ങള്‍ എന്നിവയെക്കുറിച്ചും ഇന്ത്യയുമായി ചര്‍ച്ച ചെയ്യാന്‍ തയ്യാറാണ്. റഷ്യയില്‍ നിന്നും ബെലാറൂസില്‍ നിന്നും ഇന്ത്യന്‍ മഹാസമുദ്രത്തിലേക്കുള്ള അന്താരാഷ്ട്ര ഉത്തര-ദക്ഷിണ ഗതാഗത ഇടനാഴി ഉള്‍പ്പെടെയുള്ള പുതിയ അന്താരാഷ്ട്ര ഗതാഗത, ലോജിസ്റ്റിക്സ് മാര്‍ഗ്ഗങ്ങള്‍ നിര്‍മ്മിക്കുന്നതില്‍ ഞങ്ങള്‍ ഇന്ത്യന്‍ പങ്കാളികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണ്. ഈ ഇടനാഴി വിപുലീകരിക്കുന്നതിലൂടെ ഇരുരാജ്യങ്ങള്‍ക്കും വ്യാപാരത്തിന് വലിയ അവസരങ്ങള്‍ ലഭിക്കും.
കഴിഞ്ഞ അരനൂറ്റാണ്ടായി വ്യോമസേന, നാവികസേന എന്നിവയുള്‍പ്പെടെയുള്ള ഇന്ത്യന്‍ സൈന്യത്തെ ആധുനികവല്‍ക്കരിക്കാനും റഷ്യ സഹായിച്ചുവരുന്നു. ഞങ്ങള്‍ ഇപ്പോള്‍ നടത്തിയ ചര്‍ച്ചകളുടെ ഫലങ്ങളില്‍ ഞങ്ങള്‍ പൂര്‍ണ സംതൃപ്തരാണ്. നിലവിലെ സന്ദര്‍ശനവും കരാറുകളും ഇരുരാജ്യങ്ങളുടെയും ഇരുരാജ്യങ്ങളിലെ ജനങ്ങളുടെയും പ്രയോജനത്തിനായി ഇന്ത്യയും റഷ്യയും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം കൂടുതല്‍ ആഴത്തിലാക്കാന്‍ സഹായിക്കുമെന്ന് ആത്മവിശ്വാസത്തോടെ എനിക്ക് പറയാന്‍ സാധിക്കും.''- പുടിന്‍ പറഞ്ഞു.
തമിഴ്‌നാട്ടിലെ കൂടംകുളം ആണവ വൈദ്യുത നിലയത്തില്‍ ആറ് വിവിഇആര്‍1000 റിയാക്ടറുകള്‍ സ്ഥാപിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. ഇതിന്റെ മൊത്തം ശേഷി 6,000 മെഗാവാട്ട് ആയിരിക്കും. ആദ്യത്തെ രണ്ട് റിയാക്ടറുകള്‍ 2013 ലും 2016 ലും വൈദ്യുതി ഗ്രിഡിലേക്ക് ബന്ധിപ്പിച്ചു, ബാക്കിയുള്ള നാലെണ്ണം നിര്‍മ്മാണത്തിലാണ്. റഷ്യ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ആണവ നിലയത്തിന് യുറേനിയം ഇന്ധനം നല്‍കുന്നുണ്ട്. ഇന്നലെ, റഷ്യന്‍ ആണവ കോര്‍പ്പറേഷനായ റോസറ്റം, നൊവോസിബിര്‍സ്‌ക് കെമിക്കല്‍ കോണ്‍സന്‍ട്രേറ്റ്‌സ് പ്ലാന്റില്‍ നിര്‍മ്മിച്ച മൂന്നാമത്തെ റിയാക്ടറിനായുള്ള യുറേനിയം ഇന്ധനം കാര്‍ഗോ വിമാനത്തില്‍ ഇന്ത്യയിലെത്തിച്ചിരുന്നു. 2024 ല്‍ ഒപ്പുവെച്ച കരാര്‍ പ്രകാരം മൂന്നാമത്തെയും നാലാമത്തെയും റിയാക്ടറുകളുടെ മുഴുവന്‍ സേവന കാലയളവിലേക്കുമുള്ള ഇന്ധന വിതരണത്തിനായി റഷ്യയില്‍ നിന്ന് മൊത്തം ഏഴ് വിമാന സര്‍വീസുകളിലായി യുറേനിയം ഇന്ത്യയിലെത്തിക്കും.
ഇന്ത്യ റഷ്യന്‍ എണ്ണ ഉപേക്ഷിക്കില്ല
യു.എസ് ഉപരോധ ഭീഷണിക്കിടയിലും ഇന്ത്യക്ക് തടസമില്ലാതെ ക്രൂഡ് ഓയില്‍ എത്തിക്കുമെന്ന റഷ്യയുടെ പ്രഖ്യാപനമാണ് പാശ്ചാത്യ മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായത്. ഇന്ത്യയെ സംബന്ധിച്ച് കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന റഷ്യന്‍ എണ്ണ ഉപേക്ഷിക്കാന്‍ കഴിയില്ല. ആഗോള വിപണിയിലെ മറ്റ് എണ്ണകളെ അപേക്ഷിച്ച് റഷ്യന്‍ എണ്ണ ലാഭകരമാണ്. അമേരിക്കയില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതിയും ഇന്ത്യ വര്‍ധിപ്പിച്ചിട്ടുണ്ട്. ഒക്ടോബറില്‍ ഇത് റെക്കോര്‍ഡ് നിലവാരത്തിലെത്തിയിരുന്നു. എന്നാല്‍, അമേരിക്കയില്‍ നിന്നുള്ള കപ്പല്‍ക്കൂലി കൂടുതലായതും യാത്രയ്ക്ക് 45-55 ദിവസം വേണ്ടിവരുന്നതും വലിയ തടസ്സമാണ്. അതിനാല്‍ പൂര്‍ണമായും അമേരിക്കയെ ആശ്രയിക്കുന്നത് സാമ്പത്തികമായി ലാഭകരമല്ല.
റഷ്യന്‍ എണ്ണ ഇന്ത്യ വാങ്ങാതിരിക്കാന്‍ ട്രംപ് കിണഞ്ഞ് പരിശ്രമിക്കുന്നുണ്ട്.
റഷ്യ-യുക്രെയ്ന്‍ യുദ്ധത്തിന് ഇന്ത്യ പരോക്ഷമായി സാമ്പത്തിക സഹായം നല്‍കുന്നുവെന്നാരോപിച്ച് ട്രംപ് ഭരണകൂടം ഇന്ത്യയ്‌ക്കെതിരെ 50 ശതമാനം താരിഫ് ചുമത്തുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. റഷ്യയിലെ വമ്പന്‍ എണ്ണക്കമ്പനികളായ റോസ്നെഫ്റ്റിനും ലുക്കോയിലിനും എതിരെ യുഎസ് ഉപരോധം കടുപ്പിച്ചതോടെ റഷ്യയില്‍ നിന്നുള്ള എണ്ണവരവ് കുറഞ്ഞേക്കാമെങ്കിലും, ഇത് താല്‍ക്കാലികം മാത്രമായിരിക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. ഉപരോധമില്ലാത്ത ചെറിയ കമ്പനികളെയും ഇടനിലക്കാരെയും ഉപയോഗിച്ച് റഷ്യന്‍ എണ്ണ വാങ്ങുന്നത് തുടരാനാണ് ഇന്ത്യന്‍ റിഫൈനറികളുടെ തീരുമാനം.
ഇതില്‍ 25 ശതമാനം റഷ്യന്‍ എണ്ണ ഇറക്കുമതിക്കുള്ള 'പിഴ'യാണെന്നാണ് യുഎസിന്റെ വിശദീകരണം. ഉപരോധം വരുന്നതിന് തൊട്ടുമുമ്പ്, നവംബറില്‍ ഇന്ത്യ റഷ്യയില്‍ നിന്ന് വന്‍തോതില്‍ എണ്ണ വാങ്ങിയിരുന്നു. കഴിഞ്ഞ അഞ്ച് മാസത്തെ ഏറ്റവും ഉയര്‍ന്ന ഇറക്കുമതിയായിരുന്നു ഇത്. ഉപരോധം പ്രാബല്യത്തില്‍ വരുന്നതിന് മുന്‍പ് പരമാവധി എണ്ണ സംഭരിക്കാനായിരുന്നു കമ്പനികളുടെ ശ്രമം. അതേ സമയം റിലയന്‍സ്, എച്ച്പിസിഎല്‍ തുടങ്ങിയ കമ്പനികള്‍ താല്‍ക്കാലികമായി റഷ്യന്‍ എണ്ണ ഇറക്കുമതി നിര്‍ത്തിവെച്ചിട്ടുണ്ട്. എന്നാല്‍, റോസ്നെഫ്റ്റിന്റെ പങ്കാളിത്തമുള്ള നയാര എനര്‍ജി ഇറക്കുമതി തുടരുകയാണ്. ഉപരോധം മറികടക്കാന്‍ പരോക്ഷമായ വഴികളാണ് ഇന്ത്യ തേടുന്നത്. 'കെപ്ലര്‍' എന്ന അനലിറ്റിക്‌സ് സ്ഥാപനത്തിന്റെ റിപ്പോര്‍ട്ട് പ്രകാരം ഉപരോധ പട്ടികയില്‍ ഇല്ലാത്ത റഷ്യന്‍ ഏജന്‍സികള്‍ വഴിയും (ഉദാഹരണത്തിന് ടാറ്റ്‌നെഫ്റ്റ്), മറ്റ് ഇടനിലക്കാര്‍ വഴിയും എണ്ണ വാങ്ങാനായിരിക്കും ഇന്ത്യ ശ്രമിക്കുക. മുംബൈ തീരത്തിന് സമീപം വെച്ച് കപ്പലുകളില്‍ നിന്ന് കപ്പലുകളിലേക്ക് എണ്ണ മാറ്റുന്ന രീതിയും, യാത്രാമധ്യേ റൂട്ട് മാറ്റുന്ന തന്ത്രങ്ങളും ഉപയോഗിച്ചേക്കാം. എന്തായാലും ഒരു കാര്യം ഉറപ്പാണ്. ട്രംപ് എന്ത് മലമറിച്ചാലും ഇന്ത്യ റഷ്യന്‍ എണ്ണ വാങ്ങാതിരിക്കില്ല. പുടിന്‍- മോദി കൂടിക്കാഴ്ചയിലൂടെ അതും ഉറപ്പായിരിക്കയാണ്.
റഷ്യന്‍ വജ്രായുധങ്ങള്‍ ഇന്ത്യയിലേക്ക്
അതേസമയം പുടിന്റെ വരവ് ഇന്ത്യ- റഷ്യ സൈനിക സഹകരണവും ഒന്നുകൂടി ഊട്ടിയുറപ്പിക്കയാണ്. റഷ്യ നല്‍കിയ യുദ്ധോപകരങ്ങളുടെ പരിപാലനത്തിനും അറ്റകുറ്റപ്പണിക്കുമായി ഇന്ത്യയില്‍ കേന്ദ്രം തുറക്കുകയാണ്. ഇതിനായി റഷ്യന്‍ സാങ്കേതികവിദ്യ ഇന്ത്യക്ക് കൈമാറും. പുടിന്റെ ഇന്ത്യാസന്ദര്‍ശനത്തിന് മുന്നോടിയായി ഇന്ത്യയുമായുള്ള സുപ്രധാന സൈനിക കരാറിന് റഷ്യന്‍ പാര്‍ലിമെന്റ് അംഗീകാരം നല്‍കിയിരുന്നു. ഇന്ത്യയും റഷ്യയും നേരത്തെ ഒപ്പിട്ട, സൈനികവിന്യാസങ്ങള്‍ പരസ്പരം പങ്കിടുന്നതിനുള്ള കരാറിനാണ് റഷ്യന്‍ പാര്‍ലമെന്റിന്റെ അധോസഭയായ സ്റ്റേറ്റ് ഡുമ അംഗീകാരം നല്‍കിയത്. ഇതിലൂടെ റഷ്യന്‍ സൈന്യത്തിനും സൈനിക വിമാനങ്ങള്‍ക്കും യുദ്ധക്കപ്പലുകള്‍ക്കും ഇന്ത്യയുടെ സൈനികത്താവളങ്ങള്‍ ഉപയോഗിക്കാനാകും. ഇന്ത്യയ്ക്ക് തിരിച്ചും ഇത്തരത്തില്‍ റഷ്യയുടെ സൈനികത്താവളങ്ങള്‍ ഉപയോഗിക്കാനുള്ള അനുമതിയും ഈ കരാറിലൂടെ ലഭിക്കും. ഇതിനുപുറമേ സംയുക്ത സൈനികാഭ്യാസങ്ങള്‍, പരിശീലനം, മാനുഷിക സഹായം, ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയിലും ഇരുരാജ്യങ്ങളും സഹകരിക്കും.
മോദിയുമായുള്ള പുടിന്റെ കൂടിക്കാഴ്ച പ്രതിരോധ മേഖലയില്‍ വലിയ തരത്തിലുള്ള പ്രതീക്ഷകളാണ് നല്‍കുന്നത്. ഇന്ത്യ നിലവില്‍ ഉപയോഗിക്കുന്ന എസ് -400 വ്യോമപ്രതിരോധ സംവിധാനത്തിന്റെ കൂടുതല്‍ യൂണിറ്റുകള്‍ റഷ്യയില്‍ നിന്ന് വാങ്ങാനുള്ള കരാറിനൊപ്പം പുതിയ എസ്-500 ഇടപാടില്‍ ധാരണയായി. ഒപ്പം സുഖോയ് 57 യുദ്ധവിമാന ഇടപാടിനുള്ള ചര്‍ച്ചകളുമുണ്ടായി. എന്നാല്‍ പ്രതിരോധ ഉദ്യോഗസ്ഥരുടെ സ്ഥിരീകരണങ്ങളനുസരിച്ച്, ഇന്ത്യന്‍ വ്യോമസേനയുടെ സുഖോയ് സു- എംകെഐ വിമാനങ്ങളുടെ നവീകരണത്തെക്കുറിച്ചം ചര്‍ച്ച നടന്നു. 200 കിലോമീറ്ററിനപ്പുറം ലക്ഷ്യങ്ങളെ തകര്‍ക്കാന്‍ ശേഷിയുള്ള 300ല്‍ അധികം ആര്‍- 37 ദീര്‍ഘദൂര എയര്‍ ടു എയര്‍ മിസൈലുകള്‍ സ്വന്തമാക്കാനുള്ള താല്‍പര്യവും ഇന്ത്യയ്ക്കുണ്ട്.
ചൈനയിലും യുഎസിലും സമാനമായ മിസൈലുകള്‍ ഉപയോഗിക്കുന്നുണ്ട്. . അടുത്ത സാമ്പത്തിക വര്‍ഷത്തിനുള്ളില്‍ റഷ്യയുടെ എസ്-400 സ്‌ക്വാഡ്രണുകള്‍ ഇന്ത്യയില്‍ എത്തും. ഓരോ സ്‌ക്വാഡ്രണിലും ലോഞ്ചറുകള്‍, റഡാറുകള്‍, നിയന്ത്രണ കേന്ദ്രങ്ങള്‍, പിന്തുണാ വാഹനങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന 16 വാഹനങ്ങളുണ്ട്. 600 കിലോമീറ്റര്‍ അകലെയുള്ള വ്യോമഭീഷണികള്‍ വരെ ഇതിന് ട്രാക്ക് ചെയ്യാന്‍ സാധിക്കും. 400 കിലോമീറ്റര്‍ വരെയുള്ള ലക്ഷ്യസ്ഥാനത്തെ തകര്‍ക്കാനുള്ള നാലുതരം മിസൈലുകളും ഇതിലുണ്ട്. റഷ്യയുടെ വജ്രായുധം എന്നാണ് ഇവ വിശേഷിക്കപ്പെടുന്നത്!
ഈ വര്‍ഷം ആദ്യം പാകിസ്ഥാന്‍ വിമാനങ്ങള്‍ക്കും നിരീക്ഷണ വിമാനങ്ങള്‍ക്കുനേരെ ഫലപ്രദമായി ഉപയോഗിച്ച 280എസ് 400 മിസൈലുകള്‍ വാങ്ങാനുള്ള പദ്ധതിയും ഇന്ത്യയ്ക്കുണ്ട്. അതുപോലെ 400 കിലോമീറ്ററില്‍ കൂടുതല്‍ ആക്രമണ പരിധികളുള്ള ബ്രഹ്‌മോസ് -എന്‍ജിയുടെ ഭാരം കുറഞ്ഞ വകഭേദങ്ങളുടെ രൂപകല്പനയുമായി ബന്ധപ്പെട്ടും ചര്‍ച്ച നടന്നു.
വന്‍കിട റോക്കറ്റുകള്‍ സ്വന്തമായുള്ള രാജ്യമാണ് റഷ്യ. അതിനാല്‍ത്തന്നെ റഷ്യയുടെ സെമി ക്രയോജനിക് എഞ്ചിനുകള്‍ ഇന്ത്യ വാങ്ങും. മണ്ണെണ്ണയും ലിക്വിഡ് ഓക്സിജനും ഉപയോഗിക്കുന്ന എഞ്ചിനുകളാണ് സെമി ക്രയോജനിക്. റോക്കറ്റുകളുടെ ഭാരം കുറയ്ക്കാനും കൂടുതല്‍ ഭാരവാഹകശേഷി കൈവരിക്കാനും ഇത് സഹായിക്കുമെന്നതാണ് നേട്ടം. പിഎസ്എല്‍വിക്കും ജിഎസ്എല്‍വിക്കും ശേഷം അതീവശേഷിയുള്ള ന്യൂജനറേഷന്‍ റോക്കറ്റിന്റെ വികസനദൗത്യത്തിലാണ് ഐഎസ്ആര്‍ഒ. ഇവിടെ റഷ്യന്‍ ടെക്ക്നോളിജി ഇന്ത്യയെ തുണക്കുമെന്നാണ് കരുതുന്നത്.
കടല്‍ വിലക്ക് മറികടക്കാന്‍ പുതിയ ചേരി
യുക്രെയ്ന്‍-റഷ്യ യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന പ്ലാന്‍ പൊളിഞ്ഞതോടെ, റഷ്യയ്ക്കുമേല്‍ കടുത്ത നടപടികള്‍ക്ക് നീക്കം തുടങ്ങിയരിക്കയാണ്, യൂറോപ്യന്‍ യൂണിയനും ജി 7 രാജ്യങ്ങളും. കടല്‍വഴിയുള്ള റഷ്യന്‍ എണ്ണയുടെ നീക്കത്തിന് സമ്പൂര്‍ണ വിലക്കേര്‍പ്പെടുത്താനാണ് നീക്കം. വിലക്കുവന്നാല്‍ എണ്ണക്കപ്പലുകള്‍ക്ക് റഷ്യന്‍ എണ്ണ നീക്കം ചെയ്യാന്‍ കഴിയാതെയാകും. ഇന്‍ഷുറന്‍സും കിട്ടില്ല.
റഷ്യന്‍ എണ്ണയ്ക്ക് നിലവില്‍തന്നെ യൂറോപ്യന്‍ യൂണിയനും യുഎസും മറ്റും ഉപരോധം ഏര്‍പ്പെടുത്തിയിട്ടുണ്ട്. റഷ്യന്‍ എണ്ണയുടെ പരമാവധി വില ബാരലിന് അടുത്തിടെ 60 ഡോളറില്‍നിന്ന് യൂറോപ്യന്‍ യൂണിയന്‍ 47.60 ഡോളറിലേക്ക് വെട്ടിക്കുറച്ചിരുന്നു. ഇതിലും ഉയര്‍ന്ന വിലയ്ക്ക് റഷ്യന്‍ എണ്ണ ഏതെങ്കിലും രാജ്യം വാങ്ങിയാല്‍ അവര്‍ക്കുമേലും ഉപരോധം ബാധകമാക്കും. എണ്ണ വില്‍പന വഴി റഷ്യ സാമ്പത്തിക നേട്ടം കൊയ്യുന്നതിനും ആ തുക യുക്രെയ്നെതിരായ യുദ്ധത്തിന് ഉപയോഗിക്കുന്നത് തടയുകയാണ് ലക്ഷ്യം.
റഷ്യയെ സാമ്പത്തികമായി കൂടുതല്‍ തളര്‍ത്താനും അതുവഴി പുടിനെ സമാധാന ചര്‍ച്ചയ്ക്ക് നിര്‍ബന്ധിതനാക്കാനുമാണ് ഈ നീക്കം. പടിഞ്ഞാറന്‍ രാജ്യങ്ങളിലെ എണ്ണക്കപ്പലുകള്‍ വഴിയാണ് നിലവില്‍ റഷ്യ കൂടുതലായും എണ്ണ കയറ്റുമതി നടത്തുന്നത്. ഇതില്‍ മുന്തിയപങ്കും ചെന്നിരുന്നത് ചൈനയിലേക്കും ഇന്ത്യയിലേക്കുമായിരുന്നു. യുക്രെയ്നുമായി സമാധാന ചര്‍ച്ചകള്‍ക്ക് റഷ്യ തയാറായില്ലെങ്കില്‍ 2026ന്റെ തുടക്കത്തില്‍ അടുത്തഘട്ട ഉപരോധം പ്രഖ്യാപിക്കാനാണ് യൂറോപ്യന്‍ യൂണിയന്റെ തീരുമാനം
റഷ്യന്‍ എണ്ണ ഇറക്കുമതി ഇന്ത്യ പൂര്‍ണമായി നിര്‍ത്തണമെന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ആവശ്യത്തിനെതിര പുട്ടിന്‍ രംഗത്തെത്തിയിട്ടുണ്ട്. യുറേനിയം ഉള്‍പ്പെടെ റഷ്യയില്‍ നിന്ന് യുഎസ് ഇപ്പോഴും ന്യൂക്ലിയര്‍ ഇന്ധനങ്ങള്‍ വാങ്ങുന്നുണ്ടെന്ന് പുടിന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞു. യുഎസിന് റഷ്യന്‍ ഇന്ധനം വാങ്ങാമെങ്കില്‍ ഇന്ത്യയ്ക്ക് എന്തുകൊണ്ട് പറ്റില്ല എന്നാണ് ചോദ്യം. ഇതോടൊപ്പം തന്നെ, യൂറേഷ്യന്‍ ഇക്കണോമിക്ക് യൂണിയന്‍ എന്ന കൂട്ടായ്മ ശക്തിപ്പെടുത്താന്‍ പുടിന്‍ ശ്രമിക്കുന്നുണ്ട്. ഈ യൂണിയനുമായുള്ള സ്വതന്ത്ര വ്യാപാര കരാര്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ മോദി- പുടിന്‍ ചര്‍ച്ചയില്‍ ധാരണയിലെത്തിയിട്ടുണ്ട്. സോവിയറ്റ് യൂണിയനില്‍ അംഗങ്ങളായിരുന്നു റഷ്യ, ബെലാറസ്, കസഖിസ്ഥാന്‍, അര്‍മേനിയ, കിര്‍ഗിസ്ഥാന്‍, തുടങ്ങിയ രാജ്യങ്ങള്‍ ചേര്‍ന്ന സാമ്പത്തിക കൂട്ടായ്മയാണ് ഇഎഇയു. നാറ്റോക്ക് ബദലായി റഷ്യ ഉയര്‍ത്തിക്കൊണ്ടുവരുന്ന സംഘടനയാണ് ഇതെന്നാണ് പാശ്ചാത്യ മാധ്യമങ്ങള്‍ പറയുന്നത്. ഇവരുമായി ഇന്ത്യയും ചൈനയുംകൂടി സഹകരിക്കുകയാണെങ്കില്‍, അത് ഒരു ബദല്‍ ശക്തിയായി മാറുമെന്നും വിലയിരുത്തലുണ്ട്.
അതായത് ചുരുക്കിപ്പറഞ്ഞാല്‍, മോദിയില്‍നിന്ന് റഷ്യന്‍ ഭാഷയിലുള്ള ഭഗവദ്ഗീതയും, അസം ബ്ലാക്ക് ടീയും, മുര്‍ഷിദാബാദ് ടി സെറ്റും, ആഗ്രയില്‍ നിന്നുള്ള കരകൗശല വിദഗ്ധര്‍ ഒരു കൈകൊണ്ട് നിര്‍മ്മിച്ച മാര്‍ബിള്‍ ചെസ്സ് സെറ്റും, ലോകപ്രശസ്തമായ കശ്മീരി കുങ്കുമപ്പൂവുമൊക്കെയുള്ള സമ്മാനപ്പെട്ടി വാങ്ങി വെറുതെ തിന്ന് കുടിച്ച് പോയതല്ല പുടിന്‍. അയാള്‍ക്ക് കൃത്യമായ ലക്ഷ്യമുണ്ട്. മോദിക്കും. പക്ഷേ പ്രായോഗിക തലത്തില്‍ ഇത് എങ്ങനെ വര്‍ക്കാവും, ഈ പുതിയ ചേരി ഉദയംകൊള്ളുമോ എന്നെല്ലാം കണ്ടറിയിണ്ടേതാണ്.
വാല്‍ക്കഷ്ണം: ഒരേസമയം പുടിനുമായി ചര്‍ച്ച നടത്തുമ്പോള്‍ തന്നെ ഒരിക്കലും യുക്രൈനെ തള്ളിപ്പറയാന്‍ ഭാരതം തയ്യാറായിട്ടില്ല. യുദ്ധം അവസാനിപ്പിക്കമെന്നും ഇരുരാജ്യങ്ങളും സമാധാന ചര്‍ച്ചകള്‍ നടത്തണമെന്നുമാണ്ഇന്ത്യയുടെ നിലപാട്. അങ്ങനെ നോക്കുമ്പോള്‍ തീര്‍ത്തും പ്രായോഗിക രാഷ്ട്രീയമാണ് കേന്ദ്ര സര്‍ക്കാറിന്റെത്.




