- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൂക്കാതെ പഴുത്ത നേതാവെന്ന് ആക്ഷേപിച്ച സിപിഎമ്മുകാര്‍ക്ക് മുമ്പില്‍ നെഞ്ചുവിരിച്ച് കൈയും കെട്ടി നിന്ന് താരമായി; ചാനല്‍ ചര്‍ച്ചകളില്‍ എതിരാളികളെ മലര്‍ത്തിയടിച്ച് തീപ്പന്തമായി; വിരട്ടലൊന്നും വേണ്ട, ഇത് വേറെ ജനുസ്സാണ് എന്ന് പിണറായിയെ പോലും വെല്ലുവിളിച്ചു; ഒടുവില്‍ യുവനടിക്ക് അശ്ലീല സന്ദേശം അയച്ച് കുടുങ്ങിയ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ 'വന്‍വീഴ്ച'
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ 'വന്‍വീഴ്ച'
തിരുവനന്തപുരം: 'ഒന്ന് തൊടുക്കുമ്പോള്‍ പത്ത്, കൊള്ളുമ്പോള്‍ ആയിരം' എന്ന രീതിയില്‍ സംസാരിക്കാന്‍ കഴിയുന്ന, യൂത്ത് കോണ്‍ഗ്രസിന്റെ ഫയര്‍ബ്രാന്‍ഡ് മുഖമായ രാഹുല്‍ മാങ്കൂട്ടത്തില്‍ അദ്ധ്യക്ഷ സ്ഥാനം രാജിവയ്ക്കുമ്പോള്‍, അദ്ദേഹത്തിന് വ്യക്തിപരമായി മാത്രമല്ല, അത് പ്രസ്ഥാനത്തിന് കൂടി വലിയ ക്ഷീണമാണ് വരുത്തുന്നത്. എതിരാളികളുടെ വിശേഷിച്ച് സിപിഎമ്മിന്റെ കണ്ണിലെ കരടായ രാഹുല്‍ ചാനല്‍ ചര്‍ച്ചകളിലെ തീപ്പൊരിയായി മാത്രമല്ല, സമരതീക്ഷ്ണമായ ഭൂതകാലവും, ജയില്‍ വാസവുമൊക്കെയായി വാര്‍ത്തകളില്‍ ഇടം പിടിച്ച നേതാവാണ്. ഇപ്പോള്‍ യുവനടിയുടെ ആരോപണത്തിന്റെയും മറ്റു വെളിപ്പെടുത്തലുകളുടെയും പേരില്‍ യൂത്ത് കോണ്‍ഗ്രസ് തലപ്പത്ത് നിന്ന് ഒഴിയുമ്പോള്‍ എംഎല്‍എ സ്ഥാനം കൂടി ഒഴിയാന്‍ മുറവിളികള്‍ ശക്തമായിരിക്കുകയാണ്.
മൂക്കാതെ പഴുത്ത നേതാവോ?
കോണ്‍ഗ്രസിന്റെ സെക്രട്ടറിയേറ്റ് മാര്‍ച്ചിനിടെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ടാണ് രാഹുലിനെ കഴിഞ്ഞ വര്‍ഷ ജനുവരിയില്‍, അര്‍ധരാത്രി വീടുവളഞ്ഞ്, അമ്മയുടെ മുന്നിലിട്ട് അറസ്റ്റ് ചെയ്യുന്നതും, ജാമ്യം കിട്ടാത്ത വകുപ്പുകള്‍ ചുമത്തി ജയിലാക്കുന്നതും. രാഹുല്‍ എന്ന നാക്കില്‍ തീപ്പന്തം നിറച്ച, ഉരുളക്ക് ഉപ്പേരിപോലെ മറുപടിപറഞ്ഞ് ചര്‍ച്ചകളില്‍ സിപിഎം നേതാക്കളെ ഇളിഭ്യരാക്കുന്ന യുവനേതാവ് അക്ഷോഭ്യനായി ജയിലില്‍ പോയി അവിടുത്തെ ലൈബ്രറിയിലും മറ്റും വായനയുമായി കൂടി പേരെടുത്തു.
ഒന്‍പതുദിവസത്തെ ജയില്‍വാസത്തിന് ശേഷം പുറത്തിറങ്ങിയ രാഹുലിനെ പുഷ്പ വൃഷ്ടിയും വെടിക്കെട്ടുമായാണ് ജയിലിന് മുന്നില്‍ പ്രവര്‍ത്തകര്‍ വരവേറ്റത്. ജയില്‍മോചിതനായതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമര്‍ശനവുമാണ്് രാഹുല്‍ നടത്തിയത്. കിരീടം താഴെ വെക്കണമെന്നും ജനങ്ങള്‍ പിന്നാലെയുണ്ടെന്നും കേരളത്തിന്റെ 'രാജാവ്' ഓര്‍ക്കണമെന്നും പിണറായി വിജയന്റെ പേരെടുത്ത് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.
കേരളം ഏറ്റവും ശ്രദ്ധിക്കുന്ന, യുവനേതാവായി രാഹുല്‍ മാറിയ സാഹചര്യത്തിലാണ് ആരോപണങ്ങള്‍ അദ്ദേഹത്തെ പിടികൂടുന്നത്. മൂക്കാതെ പഴുത്ത നേതാവ് എന്ന രീതിയില്‍ വക്തിഹത്യ ചെയ്യാന്‍ സിപിഎം ഒരുമടിയും കാണിക്കാതിരുന്നത് രാഹുല്‍ ഉയര്‍ത്തിയ ഭീഷണി മുന്നില്‍ കണ്ടാണ്. ഗ്രാസ് റൂട്ടില്‍ വര്‍ക്ക് ചെയ്ത് പടിപടിയായി ഉയര്‍ന്ന് രാഹുലിന്റെ രാഷ്ട്രീയ ജീവിതത്തില്‍ വലിയൊരു കരിനിഴലായിരിക്കുകയാണ് ആരോപണ പെരുമഴ.
അച്ഛന്റെ ഖദറിട്ട് തുടങ്ങിയ പ്രവര്‍ത്തനം
1989 നവംബര്‍ 12ന് പത്തനംതിട്ട അടൂരിലാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ ജനിച്ചത്. ആറാം വയസ്സില്‍ പിതാവ് നഷ്ടപ്പെട്ട രാഹുലിനെ വളര്‍ത്തിയത് കേന്ദ്ര സര്‍്ക്കാര്‍ ഉദ്യോഗസ്ഥയായ അമ്മ ബീനയാണ്. അച്ഛനും ഉദ്യോഗസ്ഥന്‍ ആയിരുന്നെങ്കിലും ഖദറിട്ട് നടക്കുന്ന, നാട്ടില്‍ കോണ്‍ഗ്രസ് പ്രസ്ഥാനത്തിനായി പ്രവര്‍ത്തിച്ച വ്യക്തിയായിരുന്നു. മാങ്കൂട്ടത്തില്‍ എന്നത് ശരിക്കും അദ്ദേഹത്തിന്റെ വീട്ടുപേരാണ്. എന്നാല്‍ എതിരാളികള്‍ പലപ്പോഴും അത് വ്യാജപ്പേരാണെന്ന് പറഞ്ഞ് ട്രോളാന്‍ ഉപയോഗിക്കാറുണ്ട്. രാഹുലിന്റെ വീടിന് പത്തുകിലോമീറ്റര്‍ അടുത്ത് മാങ്കൂട്ടത്തില്‍ എന്ന ഒരു സ്ഥലവും ഉണ്ട്. അവിടെയുള്ള ഒരു ബംഗ്ലാവ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വീടാണെന്ന് പറഞ്ഞും എതിരാളികള്‍ പ്രചരിപ്പിച്ചിരുന്നു.
വളരെ ചെറുപ്പത്തില്‍ തന്നെ കെഎസ്യു പ്രവര്‍ത്തകനായി. അവിടെനിന്ന് പടിപടിയായി കയറിയാണ്, ഇന്ന് കാണുന്ന നിലയിലെത്തിയത്. കെ.എസ്.യു യൂണിറ്റ് പ്രസിഡന്റ്, ജില്ലാ സെക്രട്ടറി, ജില്ലാ പ്രസിഡന്റ്, സംസ്ഥാന ജനറല്‍ സെക്രട്ടറി, എന്‍.എസ്.യു.ഐ ദേശീയ സെക്രട്ടറി, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി തുടങ്ങിയ പദവികളിലുടെ ഘട്ടംഘട്ടമായി കടന്നാണ് അദ്ധ്യക്ഷ സ്ഥാനത്ത് എത്തിയത്. കെഎസ്യു തോല്‍ക്കുന്ന സമയത്താണ് രാഹുല്‍ സര്‍വകലാശാലയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റായാണ് നാട്ടില്‍ പ്രവര്‍ത്തനം തുടങ്ങിയത്. ഡല്‍ഹി സെന്റ് സ്റ്റീഫന്‍സില്‍നിന്ന് ഹിസ്റ്ററിയില്‍ ബിരുദാനന്തര ബിരുദം നേടി. പിന്നീട് കെപിസിസി അംഗവും 2023 യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന പ്രസിഡന്റുമായി.
ചാനല്‍ ചര്‍ച്ചകളിലൂടെ താരമായി
രാഹുല്‍ മാങ്കൂട്ടത്തില്‍ എന്ന യുവനേതാവിന് കേരളം മുഴുവന്‍ ഫാന്‍സിനെ ഉണ്ടാക്കി തീര്‍ത്തത് ചാനല്‍ ചര്‍ച്ചകളാണ്. കടിച്ചുകീറുന്ന സ്വഭാവത്തില്‍ പ്രതികരിക്കുന്ന സിപിഎം നേതാക്കളെ, നിറപുഞ്ചിരിയോടെ നേരിട്ട് കുറിക്കുകൊള്ളുന്ന അടി മര്‍മ്മത്തില്‍ കൊടുക്കുന്ന യുവാവിനെ വളരെ പെട്ടെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഏറ്റെടുത്തു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത്, കോണ്‍ഗ്രസിന്റെ പ്രമുഖരായ ഡിബേറ്റര്‍മാര്‍ സ്ഥാനാര്‍ത്ഥികളായി തിരിക്കിലായപ്പോള്‍ പാര്‍ട്ടിയുടെ മുഖമായി ചാനലുകളില്‍ നിറഞ്ഞത് ഈ യുവാവാണ്. തഗ്ഗ് മറുപടികളും ട്രോളുകളുമായി അയാള്‍ പൊളിച്ചടുക്കി. അക്കാലത്ത് സാക്ഷാല്‍ ഉമ്മന്‍ ചാണ്ടി രാഹുലിന്റെ ഒരു ചാനല്‍ ചര്‍ച്ച നിന്ന് കാണുന്ന ചിത്രവും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.
കെ റെയില്‍ വിവാദം കൊടുമ്പിരികൊള്ളമ്പോള്‍ മനോരമ ന്യൂസ് സംഘടിപ്പിച്ച ഒരു ചര്‍ച്ചയാണ്, രാഹുലിന് വലിയ രീതിയില്‍ അംഗീകാരം നേടിക്കൊടുത്തത്. 'കെ റെയില്‍ ജംഗ്ഷന്‍' എന്ന പരിപാടിയുടെ കോട്ടയം നട്ടാശേരിയിലെ വേദിയിലാണ് നാടകീയ രംഗങ്ങള്‍ ഉണ്ടായത്. രാഹുലിനെ കൂടാതെ ഡിവൈഎഫ്‌ഐ നേതാവ് ജെയ്ക് സി. തോമസ്, ബിജെപി നേതാവ് ലിജിന്‍ലാല്‍, സമരസമര സമിതി നേതാവ് മിനി കെ. ഫിലിപ്പ് എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. ഒപ്പം നാട്ടുകാരും വിവിധ പാര്‍ട്ടി പ്രവര്‍ത്തകരും സദസ്സിലുണ്ടായിരുന്നു.
കെ റെയിലിനെ അനുകൂലിച്ച് പോണ്ടിച്ചേരി സര്‍വകലാശാലയിലെ ഒരു എസ്എഫ്‌ഐ വിദ്യാര്‍ത്ഥിനി പറഞ്ഞതിനെ രാഹുല്‍ പൊളിച്ചടുക്കിയതോടെയാണ് ബഹളം ഉണ്ടായത്. പഠനത്തിന്റെ ഭാഗമായി എറണാകുളത്തുനിന്ന് കോട്ടയം വരെയും തിരിച്ചും ദിവസം 5 മണിക്കൂര്‍ യാത്ര ചെയ്യുന്നുണ്ടെന്നും എറണാകുളത്ത് വീട് വാടകക്കെടുത്ത് നില്‍ക്കാന്‍ പണമില്ലെന്നുമായിരുന്നു വിദ്യാര്‍ത്ഥിനി പറഞ്ഞത്. സില്‍വര്‍ലൈന്‍ വന്നാല്‍ ദിവസവും വീട്ടില്‍ പോയി വരാം എന്നായിരുന്നു ഇവരുടെ വാദം. എന്നാല്‍, ഈ ചോദ്യത്തിന് രാഹുല്‍ കണക്ക് നിരത്തി മറുപടി പറഞ്ഞു.-'ഈ പദ്ധതി സര്‍ക്കാര്‍ നിശ്ചയിച്ചതു പ്രകാരമാണെങ്കില്‍ 64,000 കോടിയാണ് ചെലവ്. അപ്പോള്‍ പദ്ധതി ബാധിക്കുന്നവര്‍ക്ക് നഷ്ടപരിഹാരം കൊടുക്കാന്‍ സാധിക്കില്ല. നഷ്ടപരിഹാരം കൊടുത്താല്‍ പദ്ധതിയുടെ ചെലവ് രണ്ട് ലക്ഷം കോടി രൂപ. അങ്ങനെയെങ്കില്‍ ഒരു കിലോമീറ്ററിന് വെറും പത്തു രൂപ. 60 കിലോമീറ്റര്‍ യാത്ര ചെയ്യണമെങ്കില്‍ 600 രൂപ. തിരിച്ചു യാത്ര ചെയ്യണമെങ്കില്‍ 600 രൂപ. മൊത്തം ഒരു 1200 രൂപ. 24,000 രൂപ മുടക്കി കെ റെയിലില്‍ യാത്ര ചെയ്യുന്നതിനേക്കാള്‍ നല്ലത് 5,000 രൂപയ്ക്ക് ഹോസ്റ്റല്‍ കിട്ടും. അത് എസ്എഫ്ഐ അറേഞ്ച് ചെയ്തില്ലെങ്കില്‍ ഞങ്ങള്‍ അറേഞ്ച് ചെയ്യാം.' -എന്നായിരുന്നു രാഹുലിന്റെ മറുപടി.
ഇതോടെ ഉത്തരംമുട്ടിയ സിപിഎമ്മുകാര്‍ ആകെ അസ്വസ്ഥരായി. അവര്‍ രാഹുലിന് നേരെ കൊലവിളിയുമായി തിരിഞ്ഞു. ചിലര്‍ 'ഇറങ്ങിവന്നാല്‍ കാണിച്ച് തരാമെന്ന്' വെല്ലുവിളിച്ചത്. പിന്നാലെ, രാഹുല്‍ വേദിയില്‍ നിന്ന് ഇറങ്ങി, ഭീഷണി മുഴക്കിയ സംഘത്തിനടുത്തേക്ക് നെഞ്ചുവിരിച്ച് നില്‍ക്കയായിരുന്നു. ഇതോടെ വെല്ലുവിളിച്ചവര്‍ നിശ്ശബ്ദരായി. സംഭവം വൈറലായതോടെയാണ് സോഷ്യമീഡിയ സെലിബ്രിറ്റിയായി രാഹുല്‍ വളര്‍ന്നത്.
അനില്‍ കുമാറിന്റെ കള്ളം പൊളിച്ചു
ചാണ്ടി ഉമ്മന്‍ എംഎല്‍എക്ക് ആര്‍എസ്എസ് ബന്ധമുണ്ടെന്നു വരുത്തിത്തീര്‍ക്കാന്‍ ശ്രമിച്ച, സിപിഎം സംസ്ഥാന കമ്മിറ്റിയംഗം കെ.അനില്‍കുമാറിനെ, രാഹുല്‍ വെല്ലുവിളിച്ചത് സൈബര്‍ ലോകത്ത് വലിയ ചര്‍ച്ചയായിരുന്നു. തിരുവനന്തപുരത്ത് ബിജെപി വനിതാ കൗണ്‍സിലറുടെ ചിത്രത്തിനൊപ്പമുള്ള ചാണ്ടി ഉമ്മന്റെ ചിത്രം പ്രചരിപ്പിച്ചു കൊണ്ടായിരുന്നു കെ അനില്‍കുമാര്‍ അപവാദ പ്രചരണം തുടങ്ങിയത്. എന്നാല്‍ ഇത് ക്രോപ്പ്ഡ് ഫോട്ടോയാണെന്നും ശുദ്ധ അസംബന്ധമാണെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി.
ചാണ്ടി ഉമ്മന്‍ ക്ഷേത്രച്ചടങ്ങില്‍ പങ്കെടുക്കുന്ന ഭാഗം ഒഴിവാക്കി, ക്ഷേത്രനടയില്‍ ബിജെപി നേതാവും നഗരസഭാ കൗണ്‍സിലറുമായ ആശാനാഥിന് ഒപ്പം നില്‍ക്കുന്ന ചിത്രം ഉപയോഗിച്ചായിരുന്നു അനില്‍കുമാറിന്റെ പോസ്റ്റ്. എന്നാല്‍, തിരുവനന്തപുരം ജില്ലാ പഞ്ചായത്തംഗവും സിപിഎം നേതാവുമായ സൂര്യ എസ്.പ്രേമും തൊട്ടടുത്തുണ്ടായിരുന്നു. ഇവരെ മുറിച്ചുമാറ്റിയാണ് അനില്‍കുമാര്‍ ചിത്രം പോസ്റ്റ് ചെയ്തത്. ഈ കള്ളം പൊളിച്ചുകൊണ്ടാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ പോസ്റ്റിട്ടത്. എന്നിട്ടു പിന്മാറാതെ അനില്‍കുമാര്‍ നുണപ്രചരണം തുടരുമ്പോള്‍ അതിനും മറുപടിയുമായി രാഹുല്‍ രംഗത്തെത്തി.
'കള്ളം പിടിക്കപ്പെട്ട ജാള്യതയില്‍ പലരും അതില്‍ നിന്നും പിന്‍വാങ്ങിയിട്ടും അനില്‍കുമാര്‍ പിന്‍വാങ്ങുന്നില്ല. ഒരു പക്ഷേ അദ്ദേഹം അരിയാഹാരം കഴിക്കില്ലായിരിക്കും ഇന്ന് അദ്ദേഹം പറയുന്നത് അദ്ദേഹം പ്രചരിപ്പിച്ച ചിത്രത്തില്‍ ധരിച്ച ചാണ്ടിയുടെ വസ്ത്രവും ഞാന്‍ പങ്ക് വെച്ച ചിത്രത്തിലെ ചാണ്ടി ഉമ്മന്റെ വസ്ത്രവും രണ്ടും രണ്ടാണ് എന്നാണ്! അടിയന്തരമായി താങ്കള്‍ ഡോക്ടറെ കണ്ട് കണ്ണടയുടെ പവര്‍ മാറ്റാന്‍ സ്നേഹത്തോടെ അപേക്ഷിക്കുന്നു. അങ്ങയുടെ പൂര്‍ണ്ണാരോഗ്യം ഞങ്ങള്‍ കോണ്‍ഗ്രസ്സുകാരുടെ ആവശ്യമാണ്''-രാഹുല്‍ ഫേസ്ബുക്കില്‍ കുറിച്ചു.
'അങ്ങ് പങ്ക് വെച്ച ചിത്രം ക്രോപ്ഡ് ആണ് എന്ന് തെളിയിക്കുന്നതിന് ആ ക്ഷേത്ര പരിപാടിയുടെ ചിത്രങ്ങളും വാര്‍ത്തയും ഞാന്‍ പങ്ക് വെക്കുന്നു. ഞാന്‍ പറഞ്ഞത് തെറ്റാണ് എന്ന് തെളിയിച്ചാല്‍ ഏറ്റുമാനൂര്‍ ജംഗ്ഷനില്‍ എത്തി 1000 രൂപ പന്തായം തന്ന് അങ്ങയോട് ഞാന്‍ പരസ്യമായി മാപ്പ് പറയും....തിരിച്ച് തെളിയിക്കാന്‍ പറ്റിയില്ല എങ്കില്‍ 1000 രൂപ വേണ്ട മാപ്പ് പറയാന്‍ അങ്ങ് തയ്യാറുണ്ടോ? ''- രാഹുല്‍ ചോദിച്ചു. കള്ളിവെളിച്ചത്തായതോടെ ഈ വിവാദത്തില്‍ നിന്ന് അനില്‍കുമാര്‍ സ്‌കൂട്ടാവുകയായിരുന്നു. ഇതുപോലെ സിപിഎം നേതാക്കള്‍ കുത്തിപ്പൊക്കിക്കൊണ്ടുവന്ന എത്രയോ വാര്‍ത്തകള്‍ പൊളിച്ചടുക്കിയ രാഹുല്‍ ഇപ്പോള്‍ കുടുങ്ങിയിരിക്കുകയാണ്.
സോഷ്യല്‍ മീഡിയയിലും താരം
വാര്‍ത്താ ചാനലുകളില്‍ മുങ്ങിപ്പോകുന്ന പല കാര്യങ്ങളും സോഷ്യല്‍ മീഡിയയില്‍ എടുത്തിട്ടും രാഹുല്‍ സിപിഎം നേതാക്കളെ വിയര്‍പ്പിച്ചു. സിപിഎം 23ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഉദ്ഘാടന വേളയില്‍ 'സാമ്രാജ്യത്വം നീണാള്‍ വാഴട്ടെ' എന്ന് എ എന്‍ ഷംസീര്‍ മുദ്രാവാക്യം വിളിച്ചതിനെ രാഹുല്‍ കണക്കിന് പരിഹസിച്ചിരുന്നു. ഇങ്ങനെ ഒരു അന്തവും കുന്തവുമില്ലാത്തതു കൊണ്ട് തന്നെയാണ് അവരെ 'അന്തംകമ്മികള്‍' എന്ന് വിളിക്കുന്നതെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.
കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെതിരെ മോന്‍സണ്‍മാവുങ്കല്‍ കേസിലെ അതിജീവിത മൊഴി നല്‍കിയെന്ന് താന്‍ പറഞ്ഞത്, ദേശാഭിമാനി വാര്‍ത്ത വിശ്വസിച്ചാണെന്നാണ് എം വി ഗോവിന്ദന്‍ പറഞ്ഞത്. ഇതിനെതിരെയാണ് രാഹുല്‍ മാങ്കുട്ടത്തില്‍ രംഗത്തുവന്നു. 'രാത്രിയില്‍ ദേശാഭിമാനിക്ക് വ്യാജ വാര്‍ത്ത എഴുതി കൊടുക്കുക, രാവിലെ ആ വ്യാജ വാര്‍ത്ത ഉദ്ധരിച്ച് പത്ര സമ്മേളനം നടത്തുക. നാണമില്ലെ ഗോവിന്ദന്‍ എന്ന് ചോദിക്കുന്നില്ല. കാരണം അതുണ്ടെങ്കില്‍ സിപിഎം സെക്രട്ടറി ആകില്ലല്ലോ' എന്നാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ തന്റെ ഫേസ് ബുക്ക് പോസ്റ്റില്‍ വിമര്‍ശിച്ചത്.
പരീക്ഷാവിവാദത്തിലും രാഹുലിന്റെ പോസ്റ്റുകള്‍ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ഏറ്റുപിടിച്ചു. 'സംസ്ഥാന സെക്രട്ടറി ആര്‍ഷോയെ പരീക്ഷ എഴുതാതെ തന്നെ മഹാരാജാസ് കോളജില്‍ പാസ്സാക്കിയെന്ന് വാര്‍ത്ത... ശ്ശെടാ ഇതൊക്കെ ഒരു വാര്‍ത്തയാണോ? പരീക്ഷ എഴുതിയാല്‍ പാസ്സാകാത്തതുകൊണ്ടല്ലേ പരീക്ഷ എഴുതിക്കാതെ പാസ്സാക്കിയത്? അതില്‍ അപ്പോള്‍ എന്താ ക്രമക്കേട്? മാത്രമല്ല പരീക്ഷ എഴുതി പാസ്സാകാനാണേല്‍ എസ്.എഫ്.ഐ യില്‍ ചേരണ്ട കാര്യമില്ലല്ലോ... എന്തായാലും കെ-പാസ്സ് കരസ്ഥമാക്കിയ ആര്‍ഷോയ്ക്ക് അഭിവാദ്യങ്ങള്‍'' രാഹുല്‍ ഫേസ്ബുക്കില്‍ കുറിച്ചു.
മുഖ്യമന്ത്രിക്കെതിരെ രാഹുല്‍ നിരന്തരം ആഞ്ഞടിച്ചു. 'വിരട്ടലൊന്നും വേണ്ട, ഇത് വേറെ ജനുസ്സാണ്' ഡയലോഗ് കൊള്ളാം, പിന്നെന്തിനാണ് ഈച്ചയെ വരെ പരിശോധിച്ച് കടത്തി വിടുന്ന തരത്തില്‍ പൊലീസ് സുരക്ഷ വര്‍ദ്ധിപ്പിച്ചത്. ഇങ്ങനെ പേടിക്കാതെ സീയെമ്മെ.''. അതുപോലെ ഇപ്പോള്‍ ജയിലില്‍ കിടന്നാണ് അദ്ദേഹം എം വി ഗോവിന്ദനെതിരെ വക്കീല്‍നോട്ടീസ് അയച്ചത്. തന്റെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് പറഞ്ഞതിനെ തുടര്‍ന്നാണ് നടപടി.
ഇതിനൊക്കെ പകരമായി നിരന്തരമായി പണി രാഹുലിന് കിട്ടി. മുഹമ്മദ് റിയാസിനെയും, മുഖ്യമന്ത്രിയെയും വിമര്‍ശിച്ചപ്പോഴാണ് രാഹുലിന് നേരെ ഏറ്റവും കൂടുതല്‍ സൈബര്‍ ആക്രമണം ഉണ്ടായത്.
28 ലക്ഷത്തിന്റെ കാറും കൂറ്റന്‍ ബംഗ്ലാവും
28 ലക്ഷത്തിന്റെ കാറുവാങ്ങിയെന്നും, കുറ്റന്‍ ബംഗ്ലാവ് വാങ്ങിയെന്നുമൊക്കെ് പ്രചാരണം വന്നു. രാഹുലിന്റെ വീട് എന്ന് പ്രചരിക്കുന്നത് അദ്ദേഹത്തിന്റെതല്ല. തന്റെ കാര്‍ 28 ലക്ഷത്തിന്റെതല്ല, വെറും 14 ലക്ഷത്തിന്റെത് ആണെന്നും അതിനുള്ള വരുമാനവും തനിക്കുണ്ട് എന്നുമായിരുന്നു രാഹുലിന്റെ മറുപടി. 'ഞാന്‍ രാഷ്ട്രീയം തൊഴിലാക്കാന്‍ ഉദ്ദേശിച്ചയാളല്ല. ഞാന്‍ പാര്‍ട്ണറായുള്ള മൂന്ന് ബിസിസനസ് സംരംഭങ്ങള്‍ ഉണ്ട്. രാഷ്ട്രീയ പ്രവര്‍ത്തകര്‍ സ്വയം പര്യാപ്തരായാല്‍ അത്രക്ക് അഴിമതി കുറയുമെന്ന് ഞാന്‍ വിശ്വസിക്കുന്നു' എന്നുമാണ് അന്ന് ചാനലിനോട് രാഹുല്‍ പറഞ്ഞത്.
യുവനടിക്ക് അശ്ലീല സന്ദേശം അയച്ച് കുടുങ്ങി
യുവനടിക്ക് അശ്ലീല സന്ദേശമയച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷസ്ഥാനം രാജിവെച്ചിരിക്കുന്നത്. ധാര്‍മികമായ കാരണങ്ങളാലാണ് രാജിയെന്നും പാര്‍ട്ടി പ്രവര്‍ത്തകര്‍ സര്‍ക്കാരിനെതിരെ ശക്തമായ നിലപാടുകള്‍ എടുക്കുന്ന സമയത്ത് ഇത്തരം വ്യക്തിപരമായ വിഷയങ്ങളില്‍ പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുന്ന സാഹചര്യമുണ്ടാകരുത് എന്നതിനാലാണ് ഈ തീരുമാനമെന്ന് രാഹുല്‍ പറഞ്ഞു.
യുവനടി റിനി ആല്‍ബിന്‍ ജോര്‍ജ് ആണ് കഴിഞ്ഞ ദിവസം രാഹുല്‍ മാങ്കൂട്ടത്തില്‍ തനിക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ചെന്നും പഞ്ചനക്ഷത്ര ഹോട്ടലിലേക്ക് ക്ഷണിച്ചെന്നും വെളിപ്പെടുത്തിയത്. ആദ്യഘട്ടത്തില്‍ വ്യക്തിയുടെ പേര് പറയാതെയായിരുന്നു ആരോപണമെങ്കിലും, പിന്നീട് പാര്‍ട്ടിക്കുള്ളിലെ ഗ്രൂപ്പ് ചര്‍ച്ചകളില്‍ രാഹുല്‍ മാങ്കൂട്ടത്തിന്റെ പേര് ഉയര്‍ന്നുവന്നു. ഒരു പ്രവാസി എഴുത്തുകാരിയും ഇതേ ആരോപണവുമായി രംഗത്തെത്തിയതോടെ രാഹുല്‍ മാങ്കൂട്ടത്തില്‍ സ്ഥാനമൊഴിയണമെന്ന ആവശ്യം ശക്തമായി.
അതേസമയം, ആരോപണങ്ങളില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ വിശദീകരണം നല്‍കണമെന്നും, തെറ്റായ ആരോപണമാണെങ്കില്‍ അവ ഉന്നയിച്ചവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍.വി. സ്‌നേഹ അഭിപ്രായപ്പെട്ടിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി രാഹുല്‍ മാങ്കൂട്ടത്തിനോട് തല്‍ക്കാലം സ്ഥാനമൊഴിയാന്‍ ആവശ്യപ്പെടുമെന്ന് നേരത്തെ തന്നെ കോണ്‍ഗ്രസ് വൃത്തങ്ങളില്‍നിന്ന് സൂചനകളുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് രാഹുല്‍ മാങ്കൂട്ടത്തിന്റെ രാജി പ്രഖ്യാപനം.