'ട്രംപിസം എന്നാല്‍ ഇക്കണോമിക്ക് വാര്‍' എന്നായിരുന്നു, ഒരിക്കല്‍ ദ ഗാര്‍ഡിയന്‍ കൊടുത്തിരിക്കുന്ന ഒരു ലേഖനത്തിന്റെ തലക്കെട്ട്. അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ രീതികള്‍ പരിശോധിച്ചാല്‍ അത് നുറുശതമാനം ശരിയാണ്. കമിഴ്ന്നുവീണാല്‍ കാല്‍പ്പണം എന്നാണ് ട്രംപിന്റെ ലൈന്‍. യുദ്ധമായാലും സ്പോര്‍ട്സായാലും, രാജ്യന്തര ബന്ധങ്ങള്‍ ആയാലും ട്രംപിന് എന്തിനും അടിസ്ഥാനം പണം മാത്രമാണ്. അയാള്‍ക്കു മുന്നില്‍ അമേരിക്കയുടെ ധനസ്ഥിതി മാത്രമേയുള്ളൂ. കാലാവസ്ഥാ വ്യതിയാനം പരിഹരിക്കുന്നതിനും, പരിസ്ഥിതി നാശം അകറ്റുന്നതിനുമെല്ലാമുള്ള, അന്താരാഷ്ട്ര പദ്ധതികള്‍ക്ക് ഫണ്ട് ചെയ്യുന്നത് ട്രംപിനെ സംബന്ധിച്ച് പാഴ് ചെലവാണ്. പൗരത്വത്തിനുപോലും പണം മാനദണ്ഡമാക്കിയ ഭരണാധികാരിയാണ് അയാള്‍. അഞ്ച് മില്യണ്‍ അമേരിക്കന്‍ ഡോളര്‍ ചെലവഴിച്ചാല്‍ അമേരിക്കന്‍ പൗരത്വത്തിലേക്ക് വഴിതുറക്കുന്ന ഗോള്‍ഡ് കാര്‍ഡ് പദ്ധതിയാണ് ട്രംപ് ഈയിടെ പ്രഖ്യാപിച്ചത്.

യുക്രൈന്‍ യുദ്ധം പരിഹരിക്കാനുള്ള ഇടപെടലിലും ട്രംപിന് പ്രശ്നം, പണമാണ്! ജോ ബൈഡന്‍ അമേരിക്കയുടെ പ്രസിഡന്റായിരുന്ന കാലഘട്ടത്തില്‍ യുക്രൈന് നല്‍കിയ സൈനിക സഹായത്തിന്റെ ചെലവ് മടക്കി നല്‍കണമെന്നാണ് ട്രംപിന്റെ ആവശ്യം. യുക്രൈന്റെ ധാതുസമ്പത്തില്‍ 500 ബില്യണ്‍ ഡോളറിന്റെ അവകാശമാണ് അമേരിക്ക ആവശ്യപ്പെട്ടിരുന്നത്. ഒടുവില്‍ ഗതികെട്ട് സെലന്‍സ്‌ക്കി ട്രംപുമായി കരാറിലെത്തി. അതായത് യുക്രൈന്‍ യുദ്ധവും വിറ്റ് അയാള്‍ കാശുണ്ടാക്കി! സമാനമായ കാര്യങ്ങള്‍ തന്നെയാണ് ഇപ്പോള്‍ ഇറാന്‍ യുദ്ധത്തിലും നടക്കുന്നത്. പുരകത്തുമ്പോള്‍ വാഴ വെട്ടുക എന്ന് കേട്ടിട്ടില്ലേ. അത് ശരിക്കും ചെയ്യുകയാണ് ട്രംപ്. യുഎസ് പ്രസിഡന്റ്, ഇറാന്‍ യുദ്ധത്തിലുടെയും കോടികള്‍ സമ്പാദിക്കുന്നുവെന്ന ആരോപണം ഉയര്‍ത്തുന്നത് ബി ബി സിയടക്കമുള്ള പ്രമുഖ മാധ്യമങ്ങളാണ്.

കെട്ടിക്കിടക്കുന്ന എണ്ണ വിറ്റ് കോടികള്‍

അമേരിക്ക-ഇസ്രായേല്‍ സഖ്യവും ഇറാനും തമ്മിലുള്ള സംഘര്‍ഷത്തെത്തുടര്‍ന്ന് ആഗോള വിപണിയില്‍ എണ്ണവിലയില്‍ ഗണ്യമായ വര്‍ദ്ധനവുണ്ടായിട്ടുണ്ട്. ഹോര്‍മൂസ് കടലിടുക്ക് നമ്മുടെ നാട്ടില്‍വരെ ചര്‍ച്ചയാവുന്നു. യുദ്ധം ആരംഭിച്ച ഫെബ്രുവരി 28-ന് മുമ്പ് ബാരലിന് 73 ഡോളര്‍ ആയിരുന്ന ക്രൂഡ് വില പിന്നീട് 113 ഡോളര്‍ വരെ ഉയര്‍ന്നു.എണ്ണവില ഉയരുന്നത് അമേരിക്കയ്ക്ക് വലിയ സാമ്പത്തിക ലാഭമുണ്ടാക്കുമെന്ന് ട്രംപ് തന്നെ പരസ്യമായി പ്രസ്താവിച്ചിട്ടുണ്ട്. അമേരിക്ക ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഉല്‍പ്പാദകരായതിനാല്‍ വില വര്‍ദ്ധനവ് രാജ്യത്തിന് ഗുണകരമാണെന്നാണ് അദ്ദേഹത്തിന്റെ വാദം.

ഇറാന്‍ യുദ്ധം കാരണം ആഗോളതലത്തില്‍ എണ്ണവില കുതിച്ചുയര്‍ന്നപ്പോള്‍, വിപണിയിലെ പ്രതിസന്ധി പരിഹരിക്കാനെന്ന പേരില്‍ ട്രംപ് ഭരണകൂടം വെനിസ്വേലയ്ക്ക് മേലുള്ള എണ്ണ ഉപരോധങ്ങളില്‍ ഇളവ് വരുത്തി. വെനിസ്വേലയില്‍ കെട്ടിക്കിടക്കുന്ന 30 മുതല്‍ 50 ദശലക്ഷം ബാരല്‍ എണ്ണ അമേരിക്കയ്ക്ക് കൈമാറാന്‍ ട്രംപ് ഭരണകൂടം തീരുമാനിച്ചു. ഈ എണ്ണ, വിപണി വിലയ്ക്ക് വിറ്റു. ഇതിലൂടെ ഏകദേശം 2.8 ബില്യണ്‍ ഡോളര്‍ (ഏകദേശം 23,000 കോടി രൂപ) വരുമാനം ലഭിച്ചു. ഈ പണം തന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള അക്കൗണ്ടുകളിലായിരിക്കുമെന്നും അത് അമേരിക്കയുടെയും വെനിസ്വേലയുടെയും നന്മയ്ക്കായി ഉപയോഗിക്കുമെന്നും ട്രംപ് പ്രസ്താവിച്ചിട്ടുണ്ട്. 'യുദ്ധത്തിന്റെ മറവിലുള്ള എണ്ണവില്‍പ്പന' എന്ന് ഇത് വ്യാപകമായി വിമര്‍ശിക്കപ്പെടുന്നുണ്ട്.




വെനിസ്വേലയിലെ എണ്ണ വ്യവസായത്തില്‍ അമേരിക്കന്‍ കമ്പനികള്‍ക്ക് നിക്ഷേപം നടത്താനും ട്രംപ് പുതിയ ലൈസന്‍സുകള്‍ നല്‍കി. ഇറാനില്‍ നിന്നുള്ള ഇറക്കുമതിക്ക് പകരം വെനിസ്വേലയില്‍ നിന്ന് എണ്ണ വാങ്ങാന്‍ ഇന്ത്യയുമായും ചൈനയുമായും ട്രംപ് ധാരണയിലെത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍ ഇറാന്‍ യുദ്ധംമൂലമുണ്ടായ വിലവര്‍ധനവിന്റെ മറപിടിച്ച് കെട്ടിക്കിടക്കുന്ന വെനിസ്വേലന്‍ എണ്ണ മുഴുവന്‍ വിറ്റഴിക്കാന്‍ യുഎസിന് കഴിഞ്ഞു. നമ്മുടെ റിലയന്‍സ് അടക്കമുള്ളവര്‍ വെനിസ്വേലയിലുണ്ട്.

വെടിനിര്‍ത്തലിന്റെ മറവിലും കോടികള്‍

ഇന്‍സൈഡര്‍ ട്രേഡിംഗ് ആരോപണങ്ങളും ട്രംപിനുനേരെ ഉയര്‍ന്നുവന്നിട്ടുണ്ട്. മാര്‍ച്ച് 23-ന് ഇറാനുമായുള്ള താല്‍ക്കാലിക വെടിനിര്‍ത്തന്‍ പ്രഖ്യാപിച്ച ട്രംപിന്റെ നീക്കത്തിനുപിന്നാലെയും കോടികള്‍ മറിഞ്ഞു. ട്രംപിന്റെ പ്രസ്താവനകള്‍ക്ക് മിനിറ്റുകള്‍ക്ക് മുമ്പ് എണ്ണ വിപണിയില്‍ വന്‍തോതിലുള്ള സാമ്പത്തിക ഇടപാടുകള്‍ നടന്നതായി ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ട്രംപ് ഇറാനെതിരായ ആക്രമണം മാറ്റിവെക്കുന്നുവെന്ന് പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പ് നടന്ന ഇത്തരം ഇടപാടുകളിലൂടെ ചില നിക്ഷേപകര്‍ ഏകദേശം 938 കോടി രൂപ (110 മില്യണ്‍ ഡോളര്‍) വരെ ലാഭമുണ്ടാക്കിയതായി കണക്കാക്കപ്പെടുന്നു. എന്നാല്‍ തങ്ങളുമായി വെടിനിര്‍ത്തല്‍ സംബന്ധിച്ച് ചര്‍ച്ച നടത്തിയിട്ടില്ലെന്നും ഓഹരി- എണ്ണ വിപണികളെ നിയന്ത്രിക്കാന്‍ ട്രംപ് വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുകയാണെന്നുമാണ് ഇറാന്‍ സ്പീക്കര്‍ മുഹമ്മദ് ബാഗര്‍ ഗാലിബാഫിന്റെ ആരോപണം. കാര്യങ്ങള്‍ പഠിച്ചാല്‍ ഇക്കാര്യം ശരിയാണെന്ന് മനസ്സിലാക്കാം.

മാര്‍ച്ച് 23-ന്, ന്യൂയോര്‍ക്ക് സമയം രാവിലെ 6.50 ന് ചിക്കാഗോ മെര്‍ക്കന്റൈല്‍ എക്സ്ചേഞ്ചില്‍ ഫ്യൂച്ചേഴ്സ് വിപണിയിലെ ഇടപാടുകളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായി. സമാനമായി എണ്ണ വിപണിയിലെ ഇടപാടുകളും കുതിച്ചു. ഇതിന് 15 മനുറ്റിന് ശേഷമാണ് 7.05 ഓടെ ട്രംപ് ഇറാനുമായി ചര്‍ച്ച നടത്തിയെന്നും ആക്രമണം താല്‍ക്കാലികമായി നിര്‍ത്തുന്നു എന്ന് വ്യക്തമാക്കിയതും.

ചിക്കാഗോ മെര്‍ക്കന്റൈല്‍ എക്സ്ചേഞ്ചില്‍ ഏകദേശം 12,600 കോടി രൂപ (1.5 ബില്യണ്‍ ഡോളര്‍) മൂല്യമുള്ള എസ് ആന്‍ഡ് പി 500 ഫ്യൂച്ചേഴ്സ് ആണ് വാങ്ങിക്കൂട്ടിയത്. സംഘര്‍ഷം അവസാനിക്കുമെന്നും വിപണി കുതിക്കും എന്നുമുള്ള പ്രതീക്ഷയിലാണ് നിക്ഷേപകര്‍ ഫ്യൂച്ചേഴ്സ് വാങ്ങുക. കുറഞ്ഞ വിലയ്ക്ക് കരാറില്‍ ഏര്‍പ്പെടുകയും പിന്നീട് വില കൂടുമ്പോള്‍ അത് വിറ്റ് ലാഭമെടുക്കുകയും ചെയ്യും. ഇതേസമയം തന്നെ 1,615 കോടി രൂപ മൂല്യമുള്ള

(192 മില്യണ്‍ ഡോളര്‍) ഓയില്‍ ഫ്യൂച്ചേഴ്സ് വില്‍പ്പന നടത്തി. വിതരണത്തിലെ പ്രശ്നങ്ങള്‍ അവസാനിച്ച് എണ്ണ വില ഉയരുമെന്ന് പ്രതീക്ഷിക്കുന്നിടത്താണ് ഫ്യൂച്ചേഴസ് വില്‍പ്പന നടത്തിയത്. ഉയര്‍ന്ന വിലയില്‍ ഫ്യൂച്ചേഴ്സ് വില്‍ക്കുകയും, പിന്നീട് വില കുറയുമ്പോള്‍ അത് തിരികെ വാങ്ങുകയും ചെയ്യുമ്പോള്‍ ആ വ്യത്യാസം ലാഭമായി ലഭിക്കും.




ട്രംപിന്റെ പോസ്റ്റിന് ശേഷം വിപണികള്‍ പ്രതികരിച്ചു. എസ് ആന്‍ഡ് പി 500 ഫ്യൂച്ചറുകള്‍ 2.5 ശതമാനത്തിലധികം ഉയര്‍ന്നു. എണ്ണവില ഇടിഞ്ഞു. ബ്രെന്റ് ക്രൂഡ് 109 ഡോളറില്‍ നിന്ന് 92 ഡോളറായി കുറഞ്ഞു. വെസ്റ്റ് ടെക്സസ് ഇന്റര്‍മീഡിയറ്റ് ഏകദേശം 6 ശതമാനം ഇടിഞ്ഞ് ബാരലിന് 88.70 ഡോളറിലെത്തി. ഈ സാഹചര്യത്തില്‍ എണ്ണവിലയിലെ ഏറ്റക്കുറച്ചിലുകള്‍ കൊണ്ടു മാത്രം വെറും ഇരുപത് മിനിറ്റിനുള്ളില്‍ 100 മില്യണ്‍ ഡോളറിലധികം ലാഭം ഉണ്ടാക്കാനാകും. അതായത്, ഏകദേശം 840 കോടി രൂപ. എസ് ആന്‍ഡ് പി 500 ഫ്യൂച്ചേഴ്സിന്റെ ലാഭം കൂടി പരിഗണിച്ചാല്‍ ഇത് വലിയ തുകയാകും. ഈ രീതിയില്‍ ചുളുവില്‍ ലാഭമുണ്ടാക്കാന്‍ ട്രംപിന്റെ ഒറ്റ പ്രസ്താവന മതി! ഇവിടെ ഒരു കൂട്ടര്‍ ബില്യണേഴ്സ് ആവുമ്പോള്‍ മറ്റൊരുകൂട്ടല്‍ കുത്തുപാള എടുക്കയാണ് എന്നോര്‍ക്കണം. ട്രംപുമായി ബന്ധമുള്ള കമ്പനികള്‍ക്ക് മാത്രമാണ് ഉയര്‍ച്ചയുണ്ടാവാറുള്ളതും. മകന്‍ ട്രംപ് ജൂനിയറിലൂടെയാണ് ട്രംപിന്റെ പല സാമ്പത്തിക ഇടപാടുകളും നടക്കുന്നത്.

വാതുവെച്ച് നേടുന്ന ട്രംപ് ജൂനിയര്‍

നമ്മുടെ നാട്ടിലെ ചില റിയല്‍ എസ്റ്റേറ്റ് ബന്ധമുള്ള ഉഡായിപ്പ് രാഷ്ട്രീയക്കാരെ കണ്ടിട്ടില്ലേ. മന്ത്രിസഭാ തീരുമാനങ്ങള്‍ അവര്‍ നേരത്തെ ചോര്‍ത്തിയെടുക്കും. ഒരു പ്രദേശത്ത് ഒരു വലിയ വികസന പദ്ധതി വരുമെന്ന് അവക്ക് നേരെത്ത അറിയാം. അതിനാല്‍ അവര്‍ ആ മേഖലയില്‍ സ്ഥലം വാങ്ങിക്കൂട്ടും. ചുളുവിലക്ക് വാങ്ങിയ പലതും ഇങ്ങനെ കോടികള്‍ക്ക് മറിച്ച് വില്‍ക്കും. ഇതേ പരിപാടിയാണ് ട്രംപ് ജൂനിയറും ചെയ്യുന്നത്.

ട്രംപ് ജൂനിയറിന് ലോകം മുഴുവന്‍ നിക്ഷേപമുണ്ട്. അവിടെയൊക്കെ ടൂറിസം- റിയല്‍ എസ്റ്റേറ്റ് മേഖലകളില്‍ നിര്‍ണ്ണായകമാണ് അമേരിക്കയുടെ നയം. ഇത് മൂന്‍കുട്ടി മനസ്സിലാക്കിയ ജൂനിയര്‍ അതറിഞ്ഞ് കളിക്കും. ട്രംപ് ജൂനിയറിന് പങ്കാളിത്തമുള്ള നിക്ഷേപ പ്ലാറ്റ്‌ഫോമുകളിലൂടെ യുദ്ധകാലത്ത് വന്‍ സാമ്പത്തിക ലാഭമുണ്ടാക്കിയെന്ന ആരോപണമുണ്ട്. പ്രധാനമായും പോളിമാര്‍ക്കറ്റ് എന്ന പ്ലാറ്റ്‌ഫോമുമായി ബന്ധപ്പെട്ടാണ് ഉയര്‍ന്നിട്ടുള്ളത്. ട്രംപ് ജൂനിയര്‍ പങ്കാളിയായ 1789 ക്യാപിറ്റല്‍ എന്ന വെഞ്ച്വര്‍ ഫണ്ട് പോളിമാര്‍ക്കറ്റില്‍ കോടിക്കണക്കിന് രൂപ നിക്ഷേപിച്ചിട്ടുണ്ട്.

ഇറാന്‍ യുദ്ധത്തിലെ സൈനിക നീക്കങ്ങളെക്കുറിച്ചുള്ള മുന്‍കൂട്ടി ലഭിച്ച വിവരങ്ങള്‍ വെച്ച് ഈ പ്ലാറ്റ്‌ഫോമം വഴി വാതുവെപ്പുകള്‍ നടത്തുകയും വലിയ ലാഭം കൊയ്യുകയും ചെയ്തു എന്നതാണ് പ്രധാന ആരോപണം. പ്രസിഡന്റിന്റെ മകന്‍ തന്നെ ഈ പ്ലാറ്റ്‌ഫോമിന്റെ ഉപദേശക സമിതിയിലുള്ളത് ഈ സംശയങ്ങള്‍ വര്‍ദ്ധിപ്പിച്ചു. ഇറാനിയില്‍ യുദ്ധം എന്ന് തുടങ്ങും എന്ന് ഒരു ബെറ്റുണ്ടായാല്‍ അതില്‍ ട്രംപിന്റെ മകന് കോടികള്‍ കിട്ടുമെന്ന് ഉറപ്പല്ലേ. കല്‍ഷി എന്ന പ്രവചന പ്ലാറ്റ്‌ഫോമിലും ട്രംപ് ജൂനിയറിന് ബന്ധമുണ്ട്.




ട്രംപ് ജൂനിയറിന്റെ ആസ്തി കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 50 മില്യണ്‍ ഡോളറില്‍ നിന്ന് ഏകദേശം 500 മില്യണ്‍ ഡോളറായി കുതിച്ചുയര്‍ന്നതായാണ് ഫോബ്‌സ് കണക്കാക്കുന്നത്. 'ആന്റി-വേക്ക്' നിക്ഷേപങ്ങള്‍ക്കായി രൂപീകരിച്ച 1789 ക്യാപിറ്റല്‍ എന്ന ഫണ്ടില്‍ അദ്ദേഹം പങ്കാളിയാണ്. ഇതിലൂടെ ഇലോണ്‍ മസ്‌കിന്റെ സ്പേസ് എക്സ്, അടക്കമുള്ള കമ്പനികളില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്. യുദ്ധകാലത്ത് വന്‍തോതില്‍ ഡ്രോണുകള്‍ ആവശ്യമായി വന്നപ്പോള്‍, ട്രംപ് ജൂനിയര്‍ നിക്ഷേപം നടത്തിയ അണ്‍യൂഷ്യല്‍ മെഷീന്‍ എന്ന ഡ്രോണ്‍ കമ്പനിയുടെ ഓഹരികള്‍ വലിയ ലാഭമുണ്ടാക്കി. യുഎഇ, സൗദി അറേബ്യ, വിയറ്റ്നാം, ഇന്ത്യ എന്നിവിടങ്ങളിലെ ട്രംപ് ഓര്‍ഗനൈസേഷന്റെ ലൈസന്‍സിംഗ് ഇടപാടുകളിലൂടെ കോടിക്കണക്കിന് രൂപ വരുമാനം ട്രംപ് ജൂനിയറിന് ലഭിക്കുന്നു. അതായത് ട്രംപ് ജൂനിയറിന് എവിടെയൊക്കെ നിക്ഷേപമുണ്ടോ ആ രാജ്യങ്ങളുമായി അമേരിക്ക സൗഹൃദത്തിലായിരിക്കും!

പക്ഷേ ട്രംപിനെതിരൊയ ഈ ആരോപണവും അമേരിക്ക ഗൗരവമായി അന്വേഷിക്കുന്നുണ്ട്. ഓഹരി വില ഉയര്‍ന്നത് ആസൂത്രിതമായ അഴിമതിയാണോ എന്നത് സംബന്ധിച്ച് അമേരിക്കന്‍ സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് കമ്മീഷന്‍ (എസ്ഇസി)അന്വേഷണം നടത്തുന്നുണ്ട്.

പിതാവിന്റെ തണലില്‍ മകനും

ട്രംപ് ജൂനിയറിന്റെ ബിസിനസ്സ് വളര്‍ച്ച പിതാവിന്റെ സ്വാധീനവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. തന്റെ കരിയറിന്റെ ഭൂരിഭാഗവും പിതാവിന്റെ സ്ഥാപനമായ ട്രംപ് ഓര്‍ഗനൈസേഷന്റെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റായിട്ടാണ് അദ്ദേഹം പ്രവര്‍ത്തിച്ചത്. ഡൊണാള്‍ഡ് ട്രംപ് വീണ്ടും അധികാരത്തിലെത്തിയതോടെയാണ് ട്രംപ് ജൂനിയറിന് പല പ്രമുഖ കമ്പനികളുടെയും ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സില്‍ സ്ഥാനം ലഭിച്ചതെന്നും ആസ്തിയില്‍ വലിയ വര്‍ദ്ധനവുണ്ടായതെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു. അദ്ദേഹത്തിന്റെ നിക്ഷേപങ്ങള്‍ പലപ്പോഴും പിതാവിന്റെ ഭരണകൂട നയങ്ങളുമായി (ഉദാഹരണത്തിന് ക്രിപ്റ്റോ നയങ്ങള്‍, സൈനിക കരാറുകള്‍) ചേര്‍ന്നുനില്‍ക്കുന്നവയാണ്. സാങ്കേതികകാര്യങ്ങിലെ ട്രംപിന്റെ ഉപദേശകനും ഈ വല്‍സലപുത്രനാണ്. ട്രംപിന്റെ സാമ്പത്തിക- രാഷ്ട്രീയ പിന്‍ഗാമിയും ഇദ്ദേഹം തന്നെ.

ട്രംപിന്റെയും ആദ്യ ഭാര്യ ഇവാനയുടെയും ആദ്യത്തെ കണ്മണിയാണ് ട്രംപ് ജൂനിയര്‍. യഥാര്‍ത്ഥ പേര്, ഡൊണാള്‍ഡ് ജോണ്‍ ട്രംപ് ജൂനിയര്‍. ഡോണ്‍ ജൂനിയര്‍ എന്നാണ് ചുരുക്കപ്പേര്. 1977 ഡിസംബര്‍ 31-ന് ന്യൂയോര്‍ക്കിലെ മാന്‍ഹട്ടനിലാണ് ജനനം.ഇദ്ദേഹത്തിന് ഇവാങ്ക, എറിക് എന്നീ സഹോദരങ്ങളും ടിഫാനി, ബാരണ്‍ എന്നീ രണ്ടാനമ്മമാരിലുള്ള രണ്ട് സ്റെപ്പ് ബ്രദേഴ്സുമുണ്ട്്. പെന്‍സില്‍വാനിയ സര്‍വകലാശാലയിലെ പ്രശസ്തമായ വാര്‍ട്ടണ്‍ സ്‌കൂളില്‍ നിന്നാണ് ട്രംപ് ജൂനിയര്‍, സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദം നേടിയത്. തുടര്‍ന്ന് ഒരു വര്‍ഷം അദ്ദേഹം കൊളറാഡോയില്‍ ബാര്‍ ടെന്‍ഡറായും മറ്റും ജോലി ചെയ്തിട്ടുണ്ട്.2001-ല്‍ പിതാവിന്റെ സ്ഥാപനമായ ട്രംപ് ഓര്‍ഗനൈസേഷനില്‍ ചേര്‍ന്ന ട്രംപ് ജൂനിയര്‍ നിലവില്‍ അതിന്റെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റാണ്. പിതാവ് പ്രസിഡന്റായിരുന്ന കാലയളവില്‍ സ്ഥാപനത്തിന്റെ പൂര്‍ണ്ണ ചുമതല അദ്ദേഹത്തിനും സഹോദരന്‍ എറിക്കിനുമായിരുന്നു.




2016-ലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിലൂടെയാണ് ട്രംപ് ജൂനിയര്‍ സജീവ രാഷ്ട്രീയത്തിലെത്തിയത്. ഇപ്പോള്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ ഏറ്റവും ശക്തമായ ശബ്ദങ്ങളില്‍ ഒന്നായി അദ്ദേഹം മാറി കഴിഞ്ഞു.വനേസ ഹെയ്ഡനെയാണ് അദ്ദേഹം വിവാഹം കഴിച്ചത്. അവര്‍ക്ക് അഞ്ച് മക്കളുണ്ട്. 2018-ല്‍ ഇവര്‍ വിവാഹമോചിതരായി. നിലവില്‍ കിംബര്‍ലി ഗില്‍ഫോയിലുമായി വിവാഹനിശ്ചയം കഴിഞ്ഞിരിക്കുകയാണ്. പക്ഷേ പിതാവിനെപ്പോലെ സ്ത്രീ ലമ്പടന്‍ എന്ന പേര് പുത്രന്‍ കേള്‍പ്പിച്ചിട്ടില്ല. ട്രംപിനെപ്പോലെ പണം സമ്പാദിക്കുന്ന കാര്യത്തില്‍ മകനും മിടുക്കനാണ് കമിഴ്ന്നുവീണാല്‍ കാല്‍പ്പണം എന്നാണ് നിലപാട്.

വിവാദക്കൊടുങ്കാറ്റുയര്‍ത്തിയ ക്രിപ്റ്റോ

ട്രംപ് കുടുംബത്തിന്റെ ക്രിപ്‌റ്റോ കറന്‍സി സംരംഭമായ വേള്‍ഡ് ലിബര്‍ട്ടി ഫിനാന്‍ഷ്യലിനെതിരെയും നിരവധി ആരോപണങ്ങുളുണ്ട്. ബൈഡന്‍ ഭരണകൂടം ക്രിപ്റ്റോ കറന്‍സിയോട് യാതൊരു താല്‍പ്പര്യവും കാണിച്ചിരുന്നില്ല. എന്നാല്‍ ട്രംപ് വന്നതോടെ പോളിസികള്‍ മാറി. ഇതിന് പിന്നില്‍ സ്വന്തം ബിസിനസ് തന്നെയാണെന്ന് ആരോപണമുണ്ട്. 2024 സെപ്റ്റംബറില്‍ ഡൊണാള്‍ഡ് ട്രംപും മക്കളും ചേര്‍ന്നാണ് ഈ ഡിജിറ്റല്‍ ബാങ്കിംഗ് പ്ലാറ്റ്‌ഫോം പ്രഖ്യാപിച്ചത്. ഗവേണന്‍സ് ടോക്കണും യുഎസ്ഡിഐ എന്ന സ്റ്റേബിള്‍ കോയിനുമാണ് ഇതിന്റെ പ്രധാന ഉല്‍പ്പന്നങ്ങള്‍. 2025-ന്റെ ആദ്യ പകുതിയില്‍ മാത്രം ഈ സംരംഭം ട്രംപ് കുടുംബത്തിന് ഏകദേശം 460 മില്യണ്‍ ഡോളറിന്റെ ( ഏകദേശം 3,800 കോടി രൂപ) വരുമാനം നല്‍കിയതായി റിപ്പോര്‍ട്ടുകളുണ്ട്. 2026 മാര്‍ച്ചിലെ കണക്കനുസരിച്ച് ഏകദേശം 2.8 ബില്യണ്‍ ഡോളര്‍ ( ഏകദേശം 23,000 കോടി രൂപ) മാര്‍ക്കറ്റ് വാല്യൂ ഈ കമ്പനിക്കുണ്ട്.

ഈ കമ്പനിയുടെ പ്രവര്‍ത്തനം 'അഴിമതിയുടെ റോഡ്മാപ്പ്' ആണെന്നാണ് പല സാമ്പത്തിക വിദഗ്ധരും ആരോപിക്കുന്നത്. ടാക്കണ്‍ വില്‍പ്പനയിലൂടെ ലഭിക്കുന്ന വരുമാനത്തിന്റെ 75% ട്രംപ് കുടുംബത്തിനാണ് ലഭിക്കുന്നത്. പ്രസിഡന്റ് പദവിയിലിരിക്കെ സ്വന്തം കമ്പനിക്ക് ഗുണകരമാകുന്ന രീതിയില്‍ നിയമങ്ങള്‍ മാറ്റാന്‍ ട്രംപ് ശ്രമിക്കുന്നുവെന്നതാണ് പ്രധാന ആരോപണം. യുഎഇ , ചൈന തുടങ്ങിയ രാജ്യങ്ങളുമായി ബന്ധപ്പെട്ട വ്യക്തികളും കമ്പനികളും വേള്‍ഡ് ലിബര്‍ട്ടിയില്‍ വന്‍തോതില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്. ഭരണകൂടത്തിന്റെ ആനുകൂല്യങ്ങള്‍ ലഭിക്കാനായി ഈ രാജ്യങ്ങള്‍ ട്രംപിന്റെ കമ്പനി വഴി പണം നല്‍കുന്നുവെന്ന് വിമര്‍ശകര്‍ ആരോപിക്കുന്നു.




ട്രംപിന് അടുത്തകാലത്തുണ്ടായ പാക്കിസ്ഥാന്‍ പ്രേമത്തിന് പിന്നിലും ഈ ക്രിപ്റ്റോ കറന്‍സിയാണെന്ന് പറയപ്പെടുന്നു. ട്രംപ് കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ക്രിപ്‌റ്റോ കറന്‍സി കമ്പനിയായ വേള്‍ഡ് ലിബര്‍ട്ടി ഫിനാന്‍ഷ്യല്‍ പാകിസ്ഥാന്‍ സര്‍ക്കാരുമായും അവിടുത്തെ സൈനിക നേതൃത്വവുമായും നടത്തിയ ഇടപാടുകളാണ് വലിയ വിവാദത്തിന് കാരണമായത്. 2025 ഏപ്രിലില്‍ പാകിസ്ഥാന്‍ സന്ദര്‍ശിച്ച വേള്‍ഡ് ലിബര്‍ട്ടി ഫിനാന്‍ഷ്യല്‍ പതിനിധികള്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫിനും സൈനിക മേധാവി ജനറല്‍ അസിം മുനീറിനും ഒപ്പം ഒരു ധാരണാപത്രത്തില്‍ ഒപ്പുവെച്ചു. പാകിസ്ഥാനില്‍ ബ്ലോക്ക്ചെയിന്‍ സാങ്കേതികവിദ്യയും സ്റ്റേബിള്‍ കോയിനുകളും പ്രചരിപ്പിക്കാനായിരുന്നു ഈ നീക്കം. സാധാരണഗതിയില്‍ ഒരു സ്വകാര്യ കമ്പനി സര്‍ക്കാരുമായി നടത്തുന്ന കരാറില്‍ സൈനിക മേധാവി നേരിട്ട് പങ്കെടുക്കുന്നത് അസാധാരണമാണ്.

ഇന്ത്യയില്‍ ജമ്മു കാശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തിന് അഞ്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് ഈ ഇടപാട് നടന്നത്. ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ യുദ്ധസമാനമായ സാഹചര്യം നിലനില്‍ക്കുമ്പോള്‍ ട്രംപ് കുടുംബം പാകിസ്ഥാന്‍ സൈനിക മേധാവിയുമായി സാമ്പത്തിക ഇടപാട് നടത്തിയത് വലിയ വിമര്‍ശനങ്ങള്‍ക്കിടയാക്കി. പാകിസ്ഥാനുമായുള്ള ഈ സാമ്പത്തിക ബന്ധത്തിന് ശേഷമാണ് ഇന്ത്യ-പാകിസ്ഥാന്‍ പ്രശ്നങ്ങളില്‍ മധ്യസ്ഥത വഹിക്കാന്‍ തയ്യാറാണെന്ന് ട്രംപ് പ്രഖ്യാപിച്ചത്. സ്വന്തം കുടുംബത്തിന്റെ ബിസിനസ്സ് താല്പര്യങ്ങള്‍ സംരക്ഷിക്കാനാണ് ട്രംപ് പാകിസ്ഥാനെ പിന്തുണയ്ക്കുന്നത് എന്ന ആരോപണം ഇതോടെ ശക്തമായി. പാകിസ്ഥാന്‍ സെന്‍ട്രല്‍ ബാങ്ക് ട്രംപിന്റെ സ്റ്റേബിള്‍ കോയിന്‍ ഔദ്യോഗിക ഇടപാടുകള്‍ക്കായി ഉപയോഗിക്കാന്‍ ആലോചിക്കുന്നുണ്ട്. ഇതിലൂടെ കോടിക്കണക്കിന് രൂപ ട്രംപ് കുടുംബത്തിന് കമ്മീഷനായി ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഇന്‍സൈഡര്‍ ട്രേഡിംഗ് ആരോപണങ്ങള്‍ ക്രിപ്റ്റോയിലുമുണ്ട്്. യുദ്ധത്തിന്റെ മറവില്‍ ക്രിപ്റ്റോ കറന്‍സി ശക്തിപ്പെടുകയാണ് ചെയ്തത്.കമ്പനിയുടെ ഭൂരിഭാഗം ഓഹരികളും ട്രംപ് കുടുംബത്തിന്റെ നിയന്ത്രണത്തിലാണ്. ഇത് ക്രിപ്‌റ്റോ ലോകത്തിന്റെ അടിസ്ഥാന തത്വമായ വികേന്ദ്രീകരണത്തിന് വിരുദ്ധമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. അമേരിക്കന്‍ ജനപ്രതിനിധി സഭയിലെ ഡെമോക്രാറ്റുകള്‍ ഈ കമ്പനിയുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് ട്രഷറി വകുപ്പിന് കത്തെഴുതിയിട്ടുണ്ട്.ദേശീയ സുരക്ഷയെ ബാധിക്കുന്ന രീതിയിലുള്ള വിദേശ നിക്ഷേപങ്ങള്‍ കമ്പനിയില്‍ നടക്കുന്നുണ്ടോ എന്നതും അന്വേഷണ പരിധിയിലാണ്.

വാല്‍ക്കഷ്ണം: യുദ്ധത്തിന്റെ മറവില്‍ ട്രംപ് കോടികള്‍ ഉണ്ടാക്കുന്നുവെന്നത് വസ്തുതയാണ്. പക്ഷേ അതിനുവേണ്ടി അയാള്‍ യുദ്ധം ഉണ്ടാക്കിയതാണെന്നത് വെറും ഗൂഢാലോചനാ സിദ്ധാന്തം മാത്രമാണ്!