- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അംബാനിയുടെ ആന്റിലിയയും വഖഫ് സ്വത്ത്! തമിഴ്നാട്ടിലെ ക്ഷേത്രത്തിലും ദ്വാരകയിലെ രണ്ടു ദ്വീപിലും അവകാശവാദം; ഹൈദരബാദില്‍ വിപ്രോയുടെ സ്ഥലത്തിലും നോട്ടം; ബാംഗ്ലൂര്‍ ഐടിസി ഹോട്ടലിന്റെ പേരിലും കേസ്; മുനമ്പം സമരം ഒറ്റപ്പെട്ടതല്ല; വഖഫ് വിവാദം കത്തിപ്പടരുമ്പോള്‍
അംബാനിയുടെ ആന്റിലിയയും വഖഫ് സ്വത്ത്!
2022 ജനുവരിയില്‍ എറണാകുളം ജില്ലയില്‍ വൈപ്പിന്‍ കരയുടെ വടക്ക് കടലിനോട് ചേര്‍ന്ന് മുനമ്പം പ്രദേശത്തുള്ള ഒരാള്‍, കരമടക്കാനായി വില്ലേജ് ഓഫീസില്‍ എത്തിയപ്പോഴാണ് അതിന് കഴിയില്ല എന്ന ഞെട്ടിക്കുന്ന സത്യം മനസ്സസിലാക്കിയത്. അത് വഖഫ് ഭൂമിയാണ് എന്നൊരു ഓര്‍ഡര്‍ തഹസില്‍ദാരില്‍ നിന്ന് എത്തിയതാണ് തടസത്തിന് കാരണമായത്. തങ്ങള്‍ വര്‍ഷങ്ങളായി താമസിച്ചുവരുന്ന സ്ഥലമാണ് ഇതെന്ന് അയാള്‍ ആവര്‍ത്തിച്ച് പറഞ്ഞിട്ടും വിലപ്പോയില്ല. തുടര്‍ന്ന് ജനപ്രതിനിധികളും നാട്ടുകാരും എത്തിയപ്പേഴാണ് കാര്യങ്ങളുടെ ഗൗരവം അറിഞ്ഞത്. തങ്ങള്‍ വില കൊടുത്ത് വാങ്ങി, വര്‍ഷങ്ങളായി ജീവിക്കുന്ന മണ്ണ് വഖഫ് ഭൂമിയാണത്രേ!
അമ്പരുന്നപോയ നാട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് കാര്യങ്ങളുടെ ചുരുളഴിഞ്ഞത്. 2019-ല്‍ തന്നെ ഇത്തരം നീക്കങ്ങള്‍ വഖഫ് ബോര്‍ഡ് ആരംഭിച്ചിരുന്നതായി പ്രദേശവാസികള്‍ക്ക് മനസിലാക്കാന്‍ കഴിഞ്ഞു. എന്നാല്‍, ഭൂമിയുടെ ഉടമസ്ഥരായ അവരിലാര്‍ക്കും ഒരു നോട്ടീസ് പോലും ലഭിച്ചിട്ടില്ല. പിന്നീട് ഒട്ടേറെ ചര്‍ച്ചകള്‍ നടത്തുകയും ഹൈക്കോടതിയില്‍ കേസ് നടത്തുകയും ചെയ്ത ശേഷമാണ് 600ഓളം വരുന്ന കുടുംബങ്ങള്‍ക്ക് കരമടയ്ക്കാന്‍ അനുമതി ലഭിക്കുന്നത്. എന്നാല്‍, ഹൈക്കോടതിയില്‍ നിന്ന് ഉത്തരവ് ലഭിച്ചതിന് പിന്നാലെ വഖഫ് സംരക്ഷണ സമതി എന്ന പേരില്‍ രണ്ട് പേര്‍ ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചതിനെ തുടര്‍ന്ന് ആ ഉത്തരവ് സ്റ്റേ ചെയ്യപ്പെട്ടു.
ഈ ഭൂമി വഖഫ് ബോര്‍ഡിന്റെ രേഖകളില്‍ ഉള്‍പ്പെട്ടതിനാലും, കേസുകള്‍ നടക്കുന്നതിനാലും ക്രയവിക്രയം നടത്താനോ പണയപ്പെടുത്തി ലോണെടുക്കാനോ ഉടമസ്ഥര്‍ക്ക് കഴിയുന്നില്ല. വലിയ പണം മുടക്കി ഹൈക്കോടതിയില്‍ കേസ് നടത്തേണ്ടിവരുന്നത് നിര്‍ധനരായ മുനമ്പം നിവാസികള്‍ക്ക് താങ്ങാനാവില്ല. അവര്‍ ഇപ്പോള്‍ സമരപാതയിലാണ്. ആരോടും ഒരു തെറ്റും ചെയ്യാത്ത തങ്ങളെ എന്തിനാണ് ഇങ്ങനെ പീഡിപ്പിക്കുന്നത് എന്നാണ് മുനമ്പത്തുകാര്‍ ചോദിക്കുന്നത്. ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവരുന്ന, വഖഫ് നിയമ പരിഷ്‌കരണത്തെ ഈ നാട്ടുകാര്‍ വലിയ പ്രതീക്ഷയോടെ കാണുന്നത്.
ഈ വിഷയം പഠിക്കുമ്പോഴാണ്, ഇത് ഒരു ഒറ്റപ്പെട്ട സംഭവം അല്ല എന്ന് മനസ്സിലാവുക. ഇന്ത്യയിലെമ്പാടും ആയിരക്കണക്കിന് ആളുകളാണ് ഇങ്ങനെ വഖഫ് മാഫിയയുടെ ഇരകളായി ജീവിതം നഷ്മായിട്ടുള്ളത്. ഇതില്‍ 90 ശതമാനവും മുസ്ലീങ്ങള്‍ തന്നെയാണ്. ദൃഷ്ടി പതിഞ്ഞയിടമൊക്കെ ജഗന്നാഥന് സ്വന്തം എന്ന് ആറാം തമ്പുരാന്‍ സിനിമയില്‍ പറഞ്ഞതുപോലെയാണ് വഖഫ് നിയമത്തിന്റെ കാര്യം. വഖഫുകാര്‍ വന്ന് ഇത് ഞങ്ങളുടെ സ്ഥലമാണെന്ന് പറഞ്ഞാല്‍ പാര്‍ലിമെന്റ് മന്ദിരവും വഖഫിന്റെത് ആവും. മുകേഷ് അംബാനിയുടെ മുബൈയിലെ വസതിയായ ആന്റിലിയ തൊട്ട് ഇങ്ങ് കേരളത്തിലെ മുനമ്പത്തുവരെ ആയിരിക്കണക്കിന് കേസുകളാണ് വഖഫ് കരി നിയമത്തിന്റെ പേരില്‍ ഉണ്ടായിരിക്കുന്നത്. വലിയ ഒരു മാഫിയ തന്നെ ഇതിന്റെ പിന്നിലുണ്ടെന്നാണ് ടൈംസ് ഓഫ് ഇന്ത്യയടക്കമുള്ള മാധ്യമങ്ങള്‍ പറയുന്നത്. ഇത് പരിഹരിക്കുന്നതിനായി, കേന്ദ്ര സര്‍ക്കാര്‍ നിയമം കൊണ്ടുവന്നപ്പോഴേക്കും, ന്യൂനപക്ഷ അവകാശങ്ങളില്‍ കൈ കടത്തുന്നേ എന്ന വലിയ നിലവിളിയാണ് ഉണ്ടാവുന്നത്. സത്യത്തില്‍ ഈ നിയമത്തിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കള്‍ പാവപ്പെട്ട മുസ്ലീങ്ങള്‍ തന്നെയാണ്. കാരണം അവരുടെ സ്വത്തുക്കളിലാണ് വഖഫിന്റെ ക്ലെയിം പലപ്പോഴും ഉണ്ടാവാറുള്ളത്!
മുനമ്പത്ത് സംഭവിച്ചത്!
എറണാകുളം ജില്ലയില്‍ വൈപ്പിന്‍ കരയുടെ വടക്ക് കടലിനോട് ചേര്‍ന്ന് മുനമ്പം, ചെറായി, പള്ളിക്കല്‍ ദ്വീപ് മേഖലയില്‍ 1989 മുതല്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട 1,000ത്തോളം ആധാരങ്ങളും 600ല്‍പ്പരം കുടുംബങ്ങളും ഉള്‍പ്പെടുന്ന പ്രദേശത്തിന് വഖഫ് .ബോര്‍ഡ് അവകാശവാദം ഉന്നയിച്ചിട്ട് വര്‍ഷങ്ങളായി. വില കൊടുത്തു വാങ്ങിയ തങ്ങളുടെ സ്വന്തം ഭൂമിയില്‍ നിന്നും വെറുംകൈയോടെ ഇറങ്ങി പോരേണ്ടി വരുന്ന ഗതികേടിലാണ് അവിടുത്തെ പാവപ്പെട്ട ജനങ്ങള്‍. ഇതേതുടര്‍ന്ന് അവര്‍ നടത്തുന്ന സമരം ഇപ്പോള്‍ വലിയ മാധ്യമ ശ്രദ്ധ പിടിച്ചു പറ്റുന്നുണ്ട്.
സമരത്തിന് ക്രിസ്ത്യന്‍ സഭകളുടെ പിന്തുണയുണ്ട്. മുനമ്പം വിഷയം പഠിച്ച സിഎംഐ സെക്രട്ടറി ഫാ. ഡോ. മൈക്കിള്‍ പുളിക്കല്‍ എഴുതുന്നത് ഇങ്ങനെയാണ്. -''തര്‍ക്കഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച ചരിത്രം ആരംഭിക്കുന്നത് 1902-ലാണ്. അക്കാലത്ത് തിരുവിതാംകൂര്‍ രാജാവ്, ഗുജറാത്തില്‍ നിന്ന് കേരളത്തിലെത്തിയ അബ്ദുല്‍ സത്താര്‍ മൂസ ഹാജി സേട്ടിന് 404 ഏക്കര്‍ ഭൂമിയും 60 ഏക്കര്‍ വെള്ളക്കെട്ടും, കൃഷി ആവശ്യത്തിനായി പാട്ടത്തിന് കൊടുക്കയുണ്ടായി. പ്രദേശവാസികളായിരുന്ന മത്സ്യത്തൊഴിലാളികളുടെ ഭൂമി ഒഴിവാക്കിയായിരുന്നു പാട്ടം.
പിന്നീട് 1948-ല്‍ അദ്ദേഹത്തിന്റെ പിന്‍ഗാമിയായ സിദ്ദിഖ് സേട്ട് ഈ ഭൂമി രജിസ്റ്റര്‍ ചെയ്തു വാങ്ങി. 50 വര്‍ഷങ്ങള്‍ക്കിടെ ആ ദ്വീപ് മേഖലയില്‍ പല ഭാഗങ്ങളിലായി ഒട്ടേറെ ഭൂമി കടലേറ്റം മൂലം നഷ്ടമായിരുന്നു. പ്രത്യേകിച്ച്, 1934-ല്‍ ഉണ്ടായ ശക്തമായ കാലവര്‍ഷവും കടല്‍ക്ഷോഭവും, 'പണ്ടാരകടപ്പുറം' എന്ന് അറിയപ്പെട്ടിരുന്ന ഈ കടപ്പുറത്തെ ഇല്ലാതാക്കി. സേട്ടിന് മഹാരാജാവ് പാട്ടത്തിന് നല്‍കിയിരുന്ന ഭൂമിയില്‍ വലിയൊരുഭാഗം അവിടെയായിരുന്നു. പില്‍ക്കാലത്ത് രജിസ്റ്റര്‍ ചെയ്യപ്പെട്ട ഭൂമിയില്‍, മത്സ്യത്തൊഴിലാളികള്‍ ഒരു നൂറ്റാണ്ടോളമായി താമസിച്ചുവന്നിരുന്ന പ്രദേശങ്ങളും ഉള്‍പ്പെട്ടു. ഇത്തരത്തില്‍ രജിസ്റ്റര്‍ ചെയ്ത ഭൂമി സിദ്ദിഖ് സേട്ട് 1950 നവംബര്‍ ഒന്നാംതിയ്യതി ഫാറൂഖ് കോളെജ് മാനെജ്‌മെന്റിന് കൈമാറി (1948-ലാണ് കോഴിക്കോട് ജില്ലയിലെ ഫറോക്കില്‍ ഫാറൂഖ് കോളേജിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത്).
ഫാറൂഖ് കോളെജിന്റെ തുടക്കക്കാരനായിരുന്ന ചാവക്കാട് സ്വദേശി മൗലവി അബ്ദുള്ള അഹമ്മദ് അലിയുമായി സിദ്ദിഖ് സേട്ടിന് ഉണ്ടായിരുന്ന അടുപ്പമാണ് ഭൂമി കോളെജിന് നല്‍കാനുള്ള കാരണമെന്നു പറയപ്പെടുന്നു. എന്നാല്‍, 404 ഏക്കറുണ്ടായിരുന്ന ഭൂമി കടല്‍ശോഷണം സംഭവിച്ച് സംഭവിച്ച് വര്‍ഷങ്ങള്‍ കൊണ്ട് നാലിലൊന്നായി ചുരുങ്ങിയത് മനസിലാക്കി അത്തരമൊരു ഭൂമി കൈവശം വച്ചിട്ടു കാര്യമില്ല എന്ന ചിന്ത കൂടി സേട്ടിന് ഉണ്ടായിരുന്നതായി സൂചനകളുണ്ട്. എന്നാല്‍, ക്രയവിക്രയം നടത്താമെങ്കിലും വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കല്ലാതെ മറ്റൊരു ആവശ്യത്തിനും ഫാറൂഖ് കോളെജ് മാനെജ്‌മെന്റ് ഈ ഭൂമി ഉപയോഗിക്കരുത്, ഫാറൂഖ് കോളെജ് ഏതെങ്കിലും കാലത്ത് ഇല്ലാതാകുന്ന പക്ഷം അന്ന് ഈ ഭൂമിയുണ്ടെങ്കില്‍ തന്റെ സന്തതി പരമ്പരയ്ക്ക് അത് തിരികെ ലഭിക്കണം എന്നീ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയ ആധാരമാണ് അന്ന് രജിസ്റ്റര്‍ ചെയ്തിരുന്നത്.
ഭൂമി കൈമാറ്റം ചെയ്യുന്നതിന് മുമ്പുതന്നെ അവിടെ താമസക്കാരായിരുന്ന ചില കുടുംബങ്ങള്‍ താലൂക്ക് ഓഫീസില്‍ നിന്ന് കുടികിടപ്പ് സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കിയിരുന്നു. വൈദ്യുതി, കുടിവെള്ളം തുടങ്ങിയവ ലഭിക്കാന്‍ ആ സര്‍ട്ടിഫിക്കറ്റ് സഹായകമാകും എന്നതിനാലാണ് പ്രദേശവാസികള്‍ ഇങ്ങനെ ചെയ്തത്. ഏതാനും വര്‍ഷങ്ങള്‍ക്ക് ശേഷം ഭൂവിനിയോഗം സംബന്ധിച്ച ചില തര്‍ക്കങ്ങളെ തുടര്‍ന്ന് ഫാറൂഖ് കോളെജ് മാനെജ്‌മെന്റും തദ്ദേശവാസികളും തമ്മില്‍ ചില അസ്വാരസ്യങ്ങള്‍ ഉടലെടുത്തു. ഈ കേസ് കുറേക്കാലം തുടര്‍ന്നു. ഭൂമി ഫാറൂഖ് കോളെജിന് ഇഷ്ടദാനം കിട്ടിയതാണ് എന്ന വിലയിരുത്തലിനെ തുടര്‍ന്ന് പിന്നീടുള്ള കോടതി ഉത്തരവുകള്‍ പ്രദേശവാസികള്‍ക്ക് അനുകൂലമായില്ല.
1975-ല്‍ പ്രദേശവാസികള്‍ കുടിയാന്‍ സംഘം രൂപീകരിക്കുകയും, പറവൂര്‍ മുന്‍സിഫ് കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്യുകയും ചെയ്തു. ആ കേസ് 12 വര്‍ഷം തുടര്‍ന്നു. നീണ്ട 34 വര്‍ഷങ്ങള്‍ക്ക് ശേഷം ഒത്തുതീര്‍പ്പ് പ്രകാരം 1987- ല്‍ ഫാറൂഖ് കോളെജ് മാനെജ്‌മെന്റിന് കൂടിയ വില കൊടുത്ത്, അന്നുണ്ടായിരുന്ന കുടികിടപ്പുകാര്‍ അവര്‍ ഒരു നൂറ്റാണ്ടിലേറെയായി ജീവിച്ചിരുന്ന ഭൂമി വാങ്ങി. സെന്റിന് 250 രൂപ പ്രകാരമാണ് അന്ന് അവര്‍ നല്‍കിയത്. അന്ന് സമീപപ്രദേശങ്ങളില്‍ പലയിടങ്ങളിലും സ്ഥലത്തിന് 100 രൂപയില്‍ താഴെ മാത്രമായിരുന്നു വില.
തുടര്‍ന്ന് ഫാറൂഖ് കോളെജിന്റെ മാനേജിങ് കൗണ്‍സില്‍ സെക്രട്ടറി ഹസന്‍കുട്ടി സാഹിബ് ഒപ്പിട്ട 280ഓളം ആധാരങ്ങളാണ് 1989 മുതല്‍ 1993 വരെയുള്ള കാലത്ത് രജിസ്റ്റര്‍ ചെയ്തത്. പിന്നീടുള്ള മൂന്ന് പതിറ്റാണ്ട് കാലം കൊണ്ട് പ്രദേശം നല്ല രീതിയില്‍ വികസിച്ചു. നൂറുകണക്കിന് കോണ്‍ക്രീറ്റ് വീടുകളും സ്ഥാപനങ്ങളും ആരാധനാലയങ്ങളും നിര്‍മിക്കപ്പെട്ടു. റോഡുകളും പാലങ്ങളും പണിതു. കുറേക്കാലം പ്രശ്നങ്ങളൊന്നുമില്ലാതെ പോയി. പിന്നീട് 2022-ല്‍ പ്രദേശവാസികളില്‍ ഒരാള്‍ കരം അടക്കാന്‍ പോയപ്പോഴാണ്, ഇത് വഖഫ് ഭൂമിയാണെന്ന തഹസില്‍ദാരുടെ നോട്ടീസിന്റെ കാര്യം പറയുന്നത്. ''- ഫാ. ഡോ. മൈക്കിള്‍ പുളിക്കല്‍ ചൂണ്ടിക്കാട്ടുന്നു.
ചില സാങ്കേതികകാര്യങ്ങളില്‍ പിടിച്ചാണ് ഇവിടെ വഖഫ് കയറി വരുന്നത്. ഫാറൂഖ് കോളെജിന് രജിസ്റ്റര്‍ ചെയ്തുനല്‍കിയിരിക്കുന്ന ആധാരം നിബന്ധനകളോടു കൂടിയതാണ്. കോളെജ് എന്നെങ്കിലും ഇല്ലാതാകുന്ന പക്ഷം അന്ന് അവശേഷിക്കുന്ന ഭൂമി ആദ്യ ഉടമസ്ഥന്റെ അനന്തരാവകാശികള്‍ക്ക് നല്‍കണമെന്ന വ്യവസ്ഥ. ഇത് പ്രകാരം കരാര്‍ അസാധുവാണെന്നും ഇത് വഖഫ് സ്വത്താണെന്നുമാണ് പറയുന്നത്. മുനമ്പത്തേത് ഒരു ഒറ്റപ്പെട്ട സംഭവമല്ല. രാജ്യത്ത് ആകമാനം ആയിരിക്കണക്കിന് കേസുകളാണ് ഇങ്ങനെ പഴങ്കഥകളുടെ പേരില്‍ ഉണ്ടാവുന്നത്. പതിനായിരക്കണക്കിന് പാവങ്ങളാണ്, ഭൂമി വില്‍ക്കാന്‍പോലുമാവാതെ കുത്തുപാളയെടുക്കുന്നത്.
എന്താണ് വഖഫ്?
അള്ളാഹുവിന് ദാനം കൊടുക്കുന്ന സ്വകാര്യ സ്വത്ത് എന്നാണ് വഖഫ് പൊതുവെ അറിയപ്പെടുന്നത്. മതപരമായ അല്ലെങ്കില്‍ ജീവകാരുണ്യ ആവശ്യങ്ങള്‍ക്കായി സ്വത്ത് ദാനം ചെയ്യുന്ന ഒരു ഇസ്ലാമിക ചാരിറ്റബിള്‍ എന്‍ഡോവ്‌മെന്റിനെയാണ് വഖഫ് എന്നത് സൂചിപ്പിക്കുന്നത്. ഒരു വസ്തുവിനെ വഖഫ് ആയി നിശ്ചയിച്ചുകഴിഞ്ഞാല്‍, അത് വില്‍ക്കാനോ കൈമാറ്റം ചെയ്യാനോ കഴിയില്ല.
ശാശ്വതമായി ചാരിറ്റബിള്‍ ട്രസ്റ്റില്‍ തുടരും. മതപരമായ ആവശ്യത്തിനോ, ജീവകാരുണ്യ പ്രവര്‍ത്തനത്തിനോ ആണ് ഈ സ്വത്ത് ഉപയോഗിക്കാന്‍ കഴിയുക.
ഈ ആശയം സൈദ്ധാന്തികമായി ശ്രേഷ്ഠമാണെങ്കിലും, പ്രായോഗികമായി വലിയ വിവാദങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. വ്യാപകമായ കെടുകാര്യസ്ഥതയുടെയും, നിയമവിരുദ്ധമായ അവകാശവാദങ്ങളുടെയും ആരോപണങ്ങള്‍ ഇതിന്റെ പേരില്‍ ഉയര്‍ന്ന് കഴിഞ്ഞു.
ഇന്ത്യയിലുടനീളം, സ്വകാര്യ ഭൂമി മുതല്‍ പ്രധാന നഗര റിയല്‍ എസ്റ്റേറ്റ് വരെയുള്ള ആയിരക്കണക്കിന് സ്വത്തുക്കള്‍ പലപ്പോഴും ശരിയായ ഡോക്യുമെന്റേഷനോ വിവരങ്ങളോ ഇല്ലാതെ വഖഫ് ആയി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പല കേസുകളിലും, തങ്ങളുടെ സ്വകാര്യ സ്വത്തുക്കള്‍ അവരുടെ അറിവോ സമ്മതമോ ഇല്ലാതെ വഖഫ് ആയി രജിസ്റ്റര്‍ ചെയ്തതായി കണ്ടെത്തി. ഇത് ഉടമസ്ഥാവകാശത്തെച്ചൊല്ലിയുള്ള നിയമപോരാട്ടങ്ങളിലേക്ക് നയിച്ചു. അങ്ങനെ ആയിരക്കണക്കിന് ആളുകളാണ് പ്രശ്നത്തിലായത്. വഖഫ് ഭൂമിയുടെ വാണിജ്യപരമായ വിനിയോഗവും തര്‍ക്കത്തിന്റെ മറ്റൊരുകാരണമാണ്. നിരവധി സന്ദര്‍ഭങ്ങളില്‍, വഖഫ് ഭൂമി വാണിജ്യ ആവശ്യങ്ങള്‍ക്കായി സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് പാട്ടത്തിന് നല്‍കിയിട്ടുണ്ട്. ഇതും സാമ്പത്തിക ക്രമക്കേടുകള്‍ക്ക് ഇടയാക്കുന്നുണ്ട്. പല സംസ്ഥാനങ്ങളിലെയും വഖഫ് ബോര്‍ഡുകളാവട്ടെ അഴിമതിയുടെ കുത്തരങ്ങുകളായാണ് അറിയപ്പെടുന്നത്.
1923-ല്‍ ബ്രിട്ടീഷുകാര്‍ ഉണ്ടാക്കിയതാണ് വഖഫ് നിയമം. 95-ല്‍ ഭേഗമതി ചെയ്ത നിയമാണ് നിലവിലുള്ളത്. ഇന്ത്യയിലെ വഖഫ് സ്വത്തുക്കള്‍ നിയന്ത്രിക്കുന്നത് 1995-ലെ വഖഫ് നിയമമാണ്. ഒരു വഖഫ് സ്വത്ത് നിയന്ത്രിക്കുന്നത് ഒരു സൂപ്പര്‍വൈസറായി പ്രവര്‍ത്തിക്കുന്ന ഒരു മുതവല്ലി (പരിപാലകന്‍) ആണ്.
അള്ളാഹുവിന്റെ സ്വത്ത് എന്ന പേരില്‍ വികാരപരമായി മുസ്ലീങ്ങള്‍ ഇതിനെ കാണുന്നത്. വിഭജനകാലത്ത് കുടിയേറിയവര്‍ ഉപേക്ഷിച്ചുപോയ ഭൂമിപോലും വഖഫാക്കി മാറ്റിയിരുന്നു. വഖഫില്‍ സ്ത്രീകളോ ബൊഹ്‌റകളോ ആഗാഖാനികളോ ഇല്ല. മുസ്ലിം സമുദായത്തിലെ പ്രധാന വിഭാഗങ്ങളില്‍ നിന്നുള്ള പ്രാതിനിധ്യത്തിന്റെ അഭാവം നേരത്തെയും വിവാദമായതാണ്.
ഭേദഗതിയില്‍ പറയുന്നത്?
1882-ലെ ഇന്ത്യന്‍ ട്രസ്റ്റ് ആക്ട് പ്രകാരം ട്രസ്റ്റുകള്‍ക്ക് കീഴിലുള്ള സ്വത്തുക്കള്‍ എങ്ങനെ കൈകാര്യം ചെയ്യപ്പെടുന്നുവോ, അതിന് സമാനമായ രീതിയിലാണ് വഖഫ് സ്വത്തുക്കള്‍ കൈകാര്യം ചെയ്യുന്നത്. ആ നിയമത്തിന്റെ സെക്ഷന്‍ 40 ആണ് എറ്റവും വിവാദമായിട്ടുണ്ട്. ഇത് പ്രകാരം, ഒരു സ്വത്ത് വഖഫിന്റെതാണോ അല്ലയോ എന്ന് തീരുമാനിക്കുന്നതും വഖഫ് ബോര്‍ഡ് ആണ്. ഇതുപ്രകാരം, എത് സ്ഥലവും, ക്ളെയിം ചെയ്യാനും ഏറ്റെടുക്കാനും കഴിയും. ഉദാഹരണമായി നിങ്ങളുടെ സ്ഥലത്തില്‍ വഖഫ് ബോര്‍ഡ് അവകാശവാദം ഉന്നയിച്ചാല്‍ നിലവിലുള്ള നിയമപ്രകാരം നിങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല. വഖഫ് ട്രിബ്യൂണലില്‍ പോയി വിജയിക്കണം. ഈ തീരുമാനത്തന്‍മേല്‍ കോടതിക്ക് ഇടപെടാന്‍ പാടില്ല. ഇപ്പോള്‍ മോദി സര്‍ക്കാര്‍ കൊണ്ടുവന്ന വഖഫ് ഭേദഗതി നിയമപ്രകാരം, ഒരു തര്‍ക്കം വന്നാല്‍ അത് തീര്‍പ്പാക്കുന്നുള്ള അധികാരം ജില്ലാ കലക്ടര്‍ക്കാണ്. അതിനുശേഷമാണ് കോടതി. വഖഫ് നിയമത്തിന്റെ നിലവിലുള്ള ചട്ടക്കൂടില്‍ കാര്യമായ മാറ്റം വരുത്താനാണ് ബില്‍ ശ്രമിക്കുന്നത്. മുസ്ലിം സമുദായം ഏറെക്കുറെ നിയന്ത്രിക്കുന്ന ബോര്‍ഡുകളില്‍ നിന്നും ട്രിബ്യൂണലുകളില്‍ നിന്നും വഖഫ് ഭരിക്കാനുള്ള അധികാരം സംസ്ഥാന സര്‍ക്കാരുകള്‍ക്ക് മാറ്റുന്നതാണ് നിര്‍ദ്ദിഷ്ട ഭേദഗതി.
വഖഫ് ക്ലെയിമുകളുടെ നിര്‍ബന്ധിത പരിശോധനയാണ് പ്രധാന മാറ്റങ്ങളിലൊന്ന്. നിയമാനുസൃതമായ സ്വത്തുക്കള്‍ മാത്രമേ വഖഫിന് കീഴില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളൂ എന്ന് ഉറപ്പുവരുത്തുന്നതാണ്. സ്വത്തിന്റെ നിയമാനുസൃത ഉടമ, അത്തരം സ്വത്ത് കൈമാറുന്നതിനോ സമര്‍പ്പിക്കുന്നതിനോ മറ്റ് കഴിവുകളോ ഇല്ലാത്ത ആളാണെങ്കില്‍, ഒരു വ്യക്തിയും വഖഫ് നല്‍കരുതെന്നാണ് ഭേദഗതി പറയുന്നുണ്ട്. ചുരുക്കത്തില്‍ ഒരു വ്യക്തിയുടേതല്ലാത്ത ഭൂമി ഇനി വഖഫ് ആയി നല്‍കാന്‍ സാധിക്കില്ല. 'ഈ നിയമം ഉണ്ടാവുന്നത് മുമ്പോ ശേഷമോ വഖഫ് സ്വത്തായി തിരിച്ചറിയുകയോ പ്രഖ്യാപിക്കുകയോ ചെയ്യുന്ന സര്‍ക്കാര്‍ സ്വത്ത് വഖഫ് സ്വത്തായി കണക്കാക്കില്ല' എന്നും ഭേദഗതി പറയുന്നു.
വഖഫ് ആയി നല്‍കിയിട്ടുള്ള ഒരു വസ്തു സര്‍ക്കാര്‍ ഭൂമിയാണോ എന്ന് തീരുമാനിക്കാന്‍ സര്‍ക്കാരിന് അധികാരം നല്‍കുന്ന വകുപ്പ് പുതിയ ഭേദഗതിയിലുണ്ട്. 'അത്തരത്തിലുള്ള ഏതെങ്കിലും സ്വത്ത് സര്‍ക്കാര്‍ സ്വത്താണോ എന്നതിനെക്കുറിച്ച് എന്തെങ്കിലും ചോദ്യം ഉയര്‍ന്നാല്‍, അത് അധികാരപരിധിയുള്ള കളക്ടറിലേക്ക് റഫര്‍ ചെയ്യുന്നതാണ്. അദ്ദേഹം ഉചിതമെന്ന് തോന്നുന്ന തരത്തിലുള്ള അന്വേഷണം നടത്തുകയും അത്തരം സ്വത്ത് സര്‍ക്കാര്‍ സ്വത്താണോ അല്ലയോ എന്ന് നിര്‍ണയിക്കുകയും സംസ്ഥാന സര്‍ക്കാരിന് റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്യും,- ബില്‍ പറയുന്നു. തര്‍ക്കമുണ്ടാകുന്ന സാഹചര്യങ്ങളില്‍ കളക്ടറാണ്, വഖഫ് ട്രിബ്യൂണലല്ല ഈ നിര്‍ണയം നടത്തുക എന്നാണ് ഈ വ്യവസ്ഥ അര്‍ഥം വെയ്ക്കുന്നത്. 'കളക്ടര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതുവരെ അത്തരം സ്വത്ത് വഖഫ് സ്വത്തായി കണക്കാക്കില്ല' എന്നും നിര്‍ദ്ദിഷ്ട വ്യവസ്ഥയില്‍ പറയുന്നു. ഇതിനര്‍ഥം സര്‍ക്കാര്‍ ഈ വിഷയത്തില്‍ തീരുമാനമെടുക്കുന്നതുവരെ, തര്‍ക്കഭൂമിയില്‍ വഖഫിന് നിയന്ത്രണമുണ്ടാകില്ല. ഈ ഒരുഒറ്റ കാര്യം വെച്ചുകൊണ്ട് നോക്കുമ്പോള്‍ തന്നെ ആയിരങ്ങള്‍ക്ക് ആശ്വാസമാവുന്ന നിയമാണിത്.
വഖഫ് ഭൂമിയുടെ വാണിജ്യ ഉപയോഗത്തിന് ബില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. ലാഭം ലക്ഷ്യമാക്കിയുള്ള വസ്തുക്കള്‍ പാട്ടത്തിന് നല്‍കുന്നത് തടയും. കൂടാതെ സ്റ്റേറ്റിന്റെ ഇടപെടല്‍ വര്‍ധിപ്പിച്ചുകൊണ്ട്, കെടുകാര്യസ്ഥതയും അഴിമതിയും ആരോപിക്കപ്പെടുന്ന വഖഫ് ബോര്‍ഡുകളില്‍ സുതാര്യത വര്‍ധിപ്പിക്കാനും സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്.
ആന്റിലിയ മുതല്‍ ഐടിസി വരെ!
പറയുമ്പോള്‍ ദൈവത്തിന്റെ സ്വത്താണ് കൈകാര്യം ചെയ്യുന്നത് എങ്കിലും അഴിമതിക്ക് പേരുകേട്ടതാണ് വഖഫ് ബോര്‍ഡ്. മുത്തുവല്ലി നിയമനത്തിനുപോലും ലക്ഷങ്ങളുടെ അഴിമതി നടക്കുന്നു. 95-ല്‍ ഇന്ത്യയില്‍ നിലവില്‍ വന്ന വഖഫ് നിയമപ്രകാരം ഏതെങ്കിലും ഒരു സ്ഥലത്തിന് വഖഫ് ബോര്‍ഡ് അവകാശം ഉന്നയിച്ചാല്‍ അതിസങ്കീര്‍ണമായ നിയമ നടപടികളിലേക്കാണ് പിന്നീട് നീങ്ങുക. കോടതി, ഇടപെടലുകള്‍ തക്കസമയത്ത് ഉണ്ടായില്ലെങ്കില്‍ സ്ഥലം എന്നത്തേയ്ക്കുമായി വഖഫ് ബോര്‍ഡിന്റേതായി മാറും. നിലവില്‍ 8,70,000 ആസ്തികള്‍ വഖഫിനുണ്ട്. 10 ലക്ഷത്തോളം ഏക്കര്‍ ഭൂമി കൈയിലുണ്ടെന്നും പറയുന്നു. ഇതിലും വ്യക്തതയില്ല. ചില രേഖകളില്‍ ഇത് ആറ് ലക്ഷമാണ്.
തങ്ങളുടെതാണെന്ന് പറഞ്ഞ് വഖഫ് ബോര്‍ഡ് കൊടുത്ത കേസുകള്‍ കണ്ടാല്‍ ഞെട്ടിപ്പോവും. മുകേഷ് അംബാനി താമസിക്കുന്ന, ശതകോടികള്‍ വിലമതിക്കുന്ന മൂംബൈയിലെ ആന്റിലിയ എന്ന കൊട്ടാര സമാനമായ പാര്‍പ്പിട സമുച്ചയത്തില്‍ വഖഫ് അവകാശവാദം വന്നിട്ടുണ്ട്! അതുപോലെ 1500 വര്‍ഷം പഴക്കമുള്ള ഒരു അമ്പലവും, അതിന്റെ സ്വത്തുക്കളുടെമേലയും വഖഫ് ക്ലെയിം വന്നു. ഗുജറാത്തിലെ ദ്വാരകയിലെ രണ്ടു ദ്വീപുകളും കേസിലാണ്. ഹൈദരബാദില്‍ വിപ്രായും മൈക്രോസോഫ്റ്റും സ്ഥിതിചെയ്യുന്ന സ്ഥലവും വഖഫ് സ്വത്താണെന്ന് അവകാശവാദമുള്ളതാണ്. ബാംഗ്ലൂര്‍ ഐടിസി ഹോട്ടലിന്റെ പേരിലും കേസ് നടക്കയാണ്. മധ്യപ്രദശിലെ ബൂറാന്‍പൂരില്‍- ആര്‍ക്കിയോളിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ സംരക്ഷിച്ചുവന്ന കോടികള്‍ വിലമതിക്കുന്ന സ്മാരകങ്ങളുടെ പേരിലും അവകാശവാദം വന്നു. ഈ കേസില്‍ കീഴ്കോടതിയില്‍ വഖഫ് ബോര്‍ഡ് തോറ്റു. പക്ഷേ അവര്‍ സുപ്രീകോടതിയില്‍ അപ്പീല്‍ പോയിരിക്കയാണ്.
ഇത്തരത്തില്‍ ഒരു മാഫിയാ സംഘംപോലെ വഖഫ് പ്രവര്‍ത്തിക്കുന്നുവെന്ന ആരോപണം വന്നതോടെയാണ്, സമഗ്രമായ ഒരു നിയമം വേണമെന്ന മുറവിളി ഉയര്‍ന്നത്. ഇപ്പോള്‍ മോദി സര്‍ക്കാര്‍ കൊണ്ടുവരുന്ന പുതിയ ബില്‍ സംസ്ഥാനങ്ങളിലെ വഖഫ് ബോര്‍ഡുകളുടെ ഘടനയില്‍ മാറ്റം വരുത്താനും നിര്‍ദ്ദേശിക്കുന്നുണ്ട്. ഒരു അമുസ്ലിം തലവനെ അനുവദിക്കാന്‍ ഇത് നിര്‍ദ്ദേശിക്കുന്നുണ്ട്. കൂടാതെ സംസ്ഥാന വഖഫ് ബോര്‍ഡുകളില്‍ കുറഞ്ഞത് രണ്ട് അമുസ്ലിം അംഗങ്ങളെങ്കിലും ഉണ്ടായിരിക്കാനുള്ള അധികാരം സംസ്ഥാന സര്‍ക്കാരിന് നല്‍കുന്നു. ഒപ്പം സ്ത്രീ പ്രാധിനിത്യവും നിര്‍ദേശിക്കപ്പെടുന്നുണ്ട്. ഇതില്‍ സ്ത്രീ പ്രാധിനിത്യ വിഷയമാണ്, ഇസ്ലാമിക മൗലികവാദികളെ ശരിക്കും പ്രകോപ്പിക്കുന്നത്. അതുപോലെ തന്നെ വഖഫ്ബോര്‍ഡില്‍ അമുസ്ലീം അംഗങ്ങള്‍ എന്നതും വ്യാപകമായി വിമര്‍ശിക്കപ്പെട്ടു. പാര്‍ലിമെന്റില്‍ ഇത് സംബന്ധിച്ച ചര്‍ച്ച വന്നപ്പോള്‍ തന്നെ, നിങ്ങള്‍ രാമക്ഷേത്ര സമിതിയിലോ, ഗുരുവായൂര്‍ ദേവസ്വത്തിലോ അഹിന്ദുക്കളായവരെ ഉള്‍പ്പെടുത്തുമോ എന്ന് ചോദിച്ച് കോണ്‍ഗ്രസ് നേതാവ് കെ സി വേണുഗോപാല്‍ ചോദിച്ചത് വാര്‍ത്തയായിരുന്നു. അത് ശരിയായിരുന്നു താനും. കേന്ദ്ര സര്‍ക്കാറിന്റെ ഉദ്ദേശശുദ്ധി സംശയിക്കപ്പെടുന്നത് ഈ ഒരു കാര്യത്തിന്റെ അടിസ്ഥാനത്തിലാണ്.
വ്യാപിക്കുന്ന വഖഫ് മാഫിയ
കാലം പുരോഗമിക്കവേ ആയിരക്കണിക്കിന് കേസുകളാണ് വഖഫ് സ്വത്തിന്റെ ഭാഗമായി വന്നത്. ഇത് ശരിക്കും ഒരു മാഫിയായി പ്രവര്‍ത്തിക്കുന്നുവെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഉദാഹരണമായി ഒരു പ്രദേശത്തെ വഖഫ് ബോര്‍ഡിലെ ഒരു ഉന്നതന്‍, ഒരു വ്യാപാരിയെയോ വ്യവസായിയെയോ, ബന്ധപ്പെടുന്നു. പഴയ ചില രേഖകള്‍ നോക്കിയപ്പോള്‍, നിങ്ങളുടെ ഭൂമി വഖഫ് ഭൂമിയാണെന്ന് കാണുന്നുവെന്ന് പറയുന്നു. അത്രയം മതി, പിന്നത്തെ കാര്യങ്ങള്‍ക്ക് ഇടനിലക്കാരുണ്ട്. ഞങ്ങള്‍ അത് ക്ലെയിം ചെയ്താല്‍ നിങ്ങള്‍ കുടുങ്ങും. അതിനാല്‍, ഞങ്ങള്‍ക്ക് ഇത്ര തരണം എന്ന് പറഞ്ഞ് ഇവര്‍ ബന്ധപ്പെട്ടുകൊള്ളും. അങ്ങനെ ലക്ഷക്കണക്കിന് രൂപ പലരായി അടിച്ചുമാറ്റിയിട്ടുണ്ട്. ഇല്ലാത്തവര്‍ പെടും. കാരണം വഖഫ് അവകാശവാദം ഉന്നയിച്ചാല്‍ പിന്നെ കരമടക്കാന്‍പോലും കഴിയില്ല. എത്ര വര്‍ഷം കഴിയണം കേസില്‍നിന്ന് ഊരിയെടുക്കാന്‍.
മധ്യപ്രദേശിലെയും കര്‍ണ്ണാടകയിലെ ചില സംഭവങ്ങള്‍ ചൂണ്ടിക്കാട്ടി വഖഫ് മാഫിയ എന്നാണ് ടൈംസ് ഓഫ് ഇന്ത്യ ഇതിനെ വിശേഷിപ്പിച്ചത്. ഇതിനായി സര്‍ക്കാര്‍ തലത്തില്‍വരെ ഉദ്യോഗ്ഥരുണ്ട്. ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന വഖഫ് ഭേദഗതി ബില്‍ നിയമമാകുന്നതിനു മുമ്പ് പരമാവധി ഭൂമിയുടെ രേഖകളില്‍ വഖഫിന്റെ പേരുള്‍പ്പെടുത്താനുള്ള ആസൂത്രിത നീക്കം രാജ്യവ്യാപകമായി നടക്കുന്നതായി പരാതിയുണ്ട്. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് കര്‍ണ്ണാടകയിലെ വിജയ്പുര. ഇവിടെ കൃഷിഭൂമി ഒറ്റ രാത്രി കൊണ്ട് വഖഫിന്റെ പേരിലാക്കിയതിനു തെളിവുകളാണ് പുറത്തുവന്നിരുന്നത്.് വിജയപുരയിലെ ഹാന്‍വോഡില്‍ കര്‍ഷകരുടെ 1,500 ഏക്കര്‍ ഭൂമി വഖഫ് ബോര്‍ഡിനു വിട്ടുകൊടുക്കണമെന്ന് സര്‍ക്കാര്‍, നോട്ടീസ് നല്കിയതിനെതിരേ സമരം കനക്കുന്നതിനിടെയാണ് റവന്യൂ രേഖകളില്‍ വഖഫ് ബോര്‍ഡിന്റെ പേരു ചേര്‍ത്തതു പുറത്തുവന്നത്.
കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ വിജയപുരയിലെ 44 സ്വത്തുക്കളുടെ ഭൂമി രേഖകളില്‍ വഖഫ് ബോര്‍ഡിന്റെ പേരുള്‍പ്പെടുത്തിയെന്നു കാണിക്കുന്ന റവന്യൂ രേഖകള്‍ സിഎന്‍എന്‍-ന്യൂസ് 18 ചാനല്‍ പുറത്തുവിട്ടിരുന്നു. ഇന്‍ഡി താലൂക്കിലെ നാല്പത്തൊന്നും ചടച്ചന്‍ താലൂക്കിലെമൂന്നും വസ്തുക്കളുടെ ഉടമസ്ഥതയിലുള്ള ആര്‍ടിസിയിലാണ് വഖഫ് ബോര്‍ഡിന്റെ പേരു ചേര്‍ത്തിട്ടുള്ളത്. മുന്നറിയിപ്പൊന്നുമില്ലാതെ ഭൂരേഖകള്‍ മാറ്റിയത് കര്‍ഷകരെ വലച്ചിരിക്കുകയാണ്.
കര്‍ണാടക വഖഫ് മന്ത്രി ബി.ഇസഡ്. സമീര്‍ അഹമ്മദ് ഖാന്‍ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി രണ്ടു ദിവസത്തിനുള്ളിലാണ് ഈ തിരിമറി. വഖഫ് ബോര്‍ഡിന്റെ പേര് ആര്‍ടിസിയുടെ (അവകാശങ്ങള്‍, വാടക, വിളകള്‍ എന്നിവയുടെ രേഖ) കോളം 11ല്‍ ഇടംപിടിച്ചതായാണ് വിവരം.
ഇക്കാര്യത്തില്‍ അറിയിപ്പൊന്നും തങ്ങള്‍ക്കു ലഭിച്ചില്ലെന്ന് കര്‍ഷകര്‍ പറയുന്നു. ഇതു കൂടാതെ, വിജയപുര ജില്ലയിലെ 124 സര്‍വേ നമ്പരുകളുമായി ബന്ധപ്പെട്ട് മൂന്നാഴ്ചയ്ക്കിടെ 433 കര്‍ഷകര്‍ക്കു നോട്ടീസ് ലഭിച്ചിട്ടുണ്ട്. പ്രതിഷേധം ശക്തമായതോടെ വഖഫ് ബോര്‍ഡിന് അനുകൂലമായി ആര്‍ടിസിയില്‍ വരുത്തിയ തിരുത്തലുകള്‍ പരിശോധിക്കാനും രേഖകള്‍ മടക്കി വിളിക്കാനും മുഖ്യമന്ത്രി സിദ്ധരാമയ്യ അസിസ്റ്റന്റ് കമ്മിഷണര്‍ ആബിദ് ഗദ്യാലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
വിജയപുര ജില്ലയിലെ തന്നെ കോല്‍ഹാറിലും ദേവരഹിപ്പരാഗിയിലും ഇത്തരത്തില്‍ സപ്തംബറില്‍ത്തന്നെ വഖഫ് ബോര്‍ഡ് അവകാശമുന്നയിച്ചു കര്‍ഷകര്‍ക്കു നോട്ടീസ് നല്കിയിരുന്നു.
ഇത്തരത്തിലുള്ള നറുകണിക്കിന് കേസുകള്‍ രാജ്യത്തിന്റെ നാനാഭാഗത്തുണ്ട്. ഒപ്പം വഖഫ് ബോര്‍ഡിന് അവകാശപ്പെട്ട കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കള്‍ അന്യാധീനപ്പെട്ടതിന്റെ ചിത്രവുമുണ്ട്. ഇത് തിരിച്ചുപിടിക്കാന്‍ അഴിമതിയുടെ കൂത്തങ്ങായി മാറിയ മിക്ക സ്റ്റേറ്റ് ബോര്‍ഡുകളും ചെയ്യാറില്ല. ഈ ഒരു സാഹചര്യത്തിലാണ് മോദി സര്‍ക്കാര്‍ വഖഫ് ഭേദഗതി കൊണ്ടുവരുന്നത്. പക്ഷേ അതിനെ ചെറുത്തുതോല്‍പ്പിക്കാനാണ് ഒരു വിഭാഗം ഇസ്ലാമിസ്റ്റുകളുടെ നീക്കം. വഖഫ് ഭേദഗതി നടപ്പാകാതിരിക്കാന്‍ ആവശ്യമെങ്കില്‍ രാജ്യത്തെ മുസ്ലിങ്ങള്‍ ജയില്‍ നിറയ്ക്കുമെന്നാണ്, ഓള്‍ ഇന്ത്യ മുസ്ലിം വ്യക്തി നിയമ ബോര്‍ഡ് പ്രസിഡന്റ് മൗലാന ഖാലിദ് സൈഫുള്ള റഹ്‌മാനി പറഞ്ഞത്. കേരളത്തിലടക്കം ഇതിന്റെ പേരില്‍ വലിയ സമരം ഉണ്ടാവുമെന്നും ഉറപ്പാണ്. പക്ഷേ അപ്പോഴും ഒരു ചോദ്യം പ്രസ്‌കതമാണ്. പണ്ടെന്നോ നടന്ന ഒരു കഥ പറഞ്ഞ് ഈ ആധുനിക കാലത്ത് ഭൂമി ഏകപക്ഷീയമായി പിടിച്ചെടുക്കുന്നതിനെ എങ്ങനെ ന്യായീകരിക്കാന്‍ കഴിയും. വഖഫ് നയങ്ങള്‍ ഏറ്റവം കൂടുതല്‍ ദ്രോഹിച്ചിട്ടുള്ളത് പാവപ്പെട്ട മുസ്ലീങ്ങളെ തന്നെയാണെന്ന് മറക്കാന്‍ കഴിയില്ല.
വാല്‍ക്കഷ്ണം: വ്യാപകമായ അഴിമതിയുടെയും സ്വജനപക്ഷപാതിത്വ ആരോപണങ്ങളുടെയും പശ്ചാത്തലത്തില്‍, കേരളത്തില്‍ വഖഫ് നിയമനങ്ങള്‍ പിഎസ്സിക്ക് വിടാന്‍ നമ്മുടെ പിണറായി സര്‍ക്കാര്‍ തീരുമാനിച്ചപ്പോള്‍ ഉണ്ടായ സമരം ഓര്‍ത്തുനോക്കുക. 2021 ഡിസംബറില്‍ കോഴിക്കോട് കടപ്പുറത്ത് നടന്ന വഖഫ് സംരക്ഷണ റാലിയുടെ ചിത്രം കണ്ട് കേരളം ഞെട്ടിയതാണ്! അതിന് പിന്നില്‍ ജമാഅത്തെ ഇസ്ലാമി ആയിരുന്നുവെന്നൊക്കെ പിന്നീടാണ് വിവരങ്ങള്‍ പുറത്തുവരുന്നത്.