ഷിംല: ഉത്തരാഖണ്ഡിലെ അല്‍മോറയില്‍ ബസ് തോട്ടിലേക്ക് മറിഞ്ഞ് 36 യാത്രക്കാര്‍ മരിച്ചു. 45 സീറ്റുകളുള്ള ബസ് തിങ്കളാഴ്ച രാവിലെ ഗര്‍വാലില്‍ നിന്ന് കുമയൂണിലേക്ക് പോകുമ്പോള്‍ മാര്‍ച്ചുളയിലെ 200 മീറ്റര്‍ താഴ്ചയുള്ള കൊക്കയിലേക്ക് മറിയുകയായിരുന്നു.

പൊലീസും, ദേശീയ സംസ്ഥാന ദുരന്ത നിവാരണ സേനയും ചേര്‍ന്ന് അപകട സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അതുകൊണ്ട് തന്നെ മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. യാത്രക്കാരില്‍ ചിലരെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അപകടത്തിനിടെ ബസില്‍ നിന്ന് തെറിച്ചുവീണ യാത്രക്കാരാണ് അപകട വിവരം അധികൃതരെ അറിയിച്ചത്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 4 ലക്ഷം രൂപ വീതവും പരിക്കേറ്റവര്‍ക്ക് ഒരു ലക്ഷം രൂപ വീതവും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി ധനസഹായം പ്രഖ്യാപിച്ചു.

രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കാനും ഗുരുതരമായി പരിക്കേറ്റ യാത്രക്കാരെ എയര്‍ലിഫ്റ്റ് ചെയ്യാനും അദ്ദേഹം നിര്‍ദേശങ്ങളും നല്‍കിയിട്ടുണ്ട്.