മുംബൈ: മുംബൈയിലെ യാരി റോഡിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ നടനും ബിഗ് ബോസ് താരവുമായ സീഷാൻ ഖാൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. രാത്രി 8:30 ഓടെയാണ് സംഭവം. സീഷാൻ സഞ്ചരിച്ച വാഹനം എതിർദിശയിൽ നിന്ന് വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഭാഗ്യവശാൽ, വാഹനത്തിലെ എയർബാഗുകൾ കൃത്യസമയത്ത് തുറന്നതിനാൽ താരത്തിന് പരിക്കുകളൊന്നും സംഭവിച്ചില്ല. അപകടത്തിൽ സീഷാൻ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

ഇടിയുടെ ആഘാതം വലുതായിരുന്നെങ്കിലും, സീഷാൻ സുരക്ഷിതനായി കാറിൽ നിന്ന് പുറത്തിറങ്ങി. കൂട്ടിയിടിച്ച വാഹനം ഒരു ദമ്പതികളുടേതായിരുന്നു. ഇരുവാഹനങ്ങളിലുമുണ്ടായിരുന്ന ആർക്കും പരിക്കേറ്റിട്ടില്ലെന്നും, വാഹനങ്ങൾക്ക് ചെറിയ കേടുപാടുകൾ മാത്രമാണ് സംഭവിച്ചതെന്നും റിപ്പോർട്ടുകൾ പറയുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കുംകും ഭാഗ്യയിലെ ആര്യൻ ഖന്ന എന്ന കഥാപാത്രത്തിലൂടെയാണ് സീഷാൻ ഖാൻ ശ്രദ്ധേയനായത്. പിന്നീട് നാഗിൻ, ബിഗ് ബോസ് ഒടിടിയുടെ ആദ്യ സീസൺ തുടങ്ങിയ ജനപ്രിയ പരിപാടികളിലും അദ്ദേഹം വേഷമിട്ടിട്ടുണ്ട്. ബിഗ് ബോസിൽ സഹമത്സരാർത്ഥിയായ പ്രതീക് സെഹജ്പാലുമായി ഉണ്ടായ കയ്യാങ്കളിയെത്തുടർന്നാണ് സീഷാൻ്റെ ബിഗ് ബോസിലെ യാത്ര അവസാനിച്ചത്. ദിവ്യ അഗർവാളായിരുന്നു ആ സീസണിലെ വിജയി.