പ്രയാഗ്രാജ്: എഫ്‌ഐആറില്‍ കേന്ദ്രമന്ത്രിയുടെ പേരിനൊപ്പം 'ബഹുമാനപ്പെട്ട' എന്ന പദവി ചേര്‍ക്കാത്തതില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനോട് വിശദീകരണം തേടി അലഹബാദ് ഹൈക്കോടതി. സംഭവത്തില്‍ സംസ്ഥാന ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു.

ജസ്റ്റിസ് ജെ ജെ മുനീര്‍, ജസ്റ്റിസ് തരുണ്‍ സക്‌സേന എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്. മഥുരയില്‍ രജിസ്റ്റര്‍ ചെയ്ത ഒരു എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ഷിത് ശര്‍മ ഉള്‍പ്പെടെയുള്ളവര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ പരാമര്‍ശം.

കേസില്‍ ഉള്‍പ്പെട്ട കേന്ദ്രമന്ത്രിയുടെ പേര് എഫ്‌ഐആറില്‍ രേഖപ്പെടുത്തിയപ്പോള്‍ ഔദ്യോഗിക പദവികളോ ബഹുമാനസൂചകമായ വാക്കുകളോ ഉപയോഗിച്ചിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു. ചിലയിടങ്ങളില്‍ 'മിസ്റ്റര്‍' എന്ന് പോലും ചേര്‍ക്കാതെ വെറും പേര് മാത്രമാണ് നല്‍കിയിരിക്കുന്നത്.

പരാതി നല്‍കിയ വ്യക്തി മന്ത്രിയുടെ പേര് സാധാരണ നിലയില്‍ എഴുതിയാല്‍ പോലും, എഫ്‌ഐആര്‍ തയ്യാറാക്കുമ്പോള്‍ പ്രോട്ടോക്കോള്‍ പാലിക്കാന്‍ പൊലീസ് ബാധ്യസ്ഥരാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ബഹുമാനസൂചകമായ പദവികള്‍ ബ്രായ്ക്കറ്റിലെങ്കിലും ഉള്‍പ്പെടുത്തണമായിരുന്നുവെന്നും കോടതി പറഞ്ഞു.

ഏപ്രില്‍ ആറിന് കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി വിശദീകരണം നല്‍കണം. ഉത്തരവിന്റെ പകര്‍പ്പ് 48 മണിക്കൂറിനുള്ളില്‍ ആഭ്യന്തര വകുപ്പിനും മഥുര എസ്എസ്പിക്കും കൈമാറാന്‍ രജിസ്ട്രാര്‍ക്ക് കോടതി നിര്‍ദ്ദേശം നല്‍കി.