- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തൃണമൂല്‍ വിദ്യാര്‍ഥി സംഘടനയുടെ സ്ഥാപക ദിനത്തില്‍ പരീക്ഷകള്‍ മാറ്റിവയ്ക്കാന്‍ പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ നിര്‍ദേശം; ചാന്‍സലര്‍ കൂടിയായ ഗവര്‍ണറുടെ ഇടപെടലില്‍ നിരസിച്ച് സര്‍വകലാശാല
തൃണമൂല്‍ വിദ്യാര്‍ഥി സംഘടനയുടെ സ്ഥാപക ദിനത്തില്‍ പരീക്ഷകള്‍ മാറ്റിവയ്ക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം
കൊല്‍ക്കത്ത: തൃണമൂല്‍ വിദ്യാര്‍ത്ഥി സംഘടനാ സ്ഥാപക ദിനത്തില്‍ പരീക്ഷ മാറ്റിവയ്ക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശം നിരസിച്ച് ക ല്‍ക്കട്ട സര്‍വകലാശാല. ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ കടുത്ത നിലപാട് സ്വീകരിച്ചതോടെ വൈസ് ചാന്‍സലര്‍ സിന്‍ഡിക്കേറ്റ് യോഗം വിളിച്ച് സര്‍ക്കാര്‍ നിര്‍ദേശത്തിനെതിരായ തീരുമാനമെടുപ്പിച്ചു. സര്‍വകലാശാലയുടെ സ്വയംഭരണാവകാശം സംരക്ഷിക്കുന്നതില്‍ നിര്‍ണായകമായ ഈ തീരുമാനം സംസ്ഥാനത്തും രാജ്യമൊട്ടാകെയും അക്കാദമികരംഗത്ത് ചര്ച്ചാവിഷയമായി.
കല്‍ക്കട്ട സര്‍വകലാശാല ഓഗസ്റ്റ് 28-ന് നടത്താനിരുന്ന ബി.കോം, എല്‍.എല്‍.ബി പരീക്ഷകള്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി വിഭാഗമായ തൃണമൂല്‍ ഛത്ര പരിഷത്തിന്റെ സ്ഥാപക ദിനത്തോടനുബന്ധിച്ച് പുനഃക്രമീകരിക്കണമെന്ന് സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പ് സര്‍വകലാശാലയോട് നിദേശിച്ചിരുന്നു.
വൈസ് ചാന്‍സലര്‍ പ്രൊഫ. ശാന്ത ദത്ത വിവരം ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ഡോ സിവി ആനന്ദബോസിന്റെ ശ്രദ്ധയില്‍പ്പെടുത്തി. ചാന്‍സലറുടെ നിര്‍ദേശപ്രകാരം അവര്‍ അതിനായി സിന്‍ഡിക്കേറ്റ് യോഗം വിളിച്ചു. വൈസ് ചാന്‍സലര്‍ ശക്തമായ നിലപാട് സ്വീകരിച്ചതോടെ സര്‍ക്കാര്‍ നിര്‍ദേശം നിരസിക്കാന്‍ സിന്‍ഡിക്കേറ്റ് നിര്‍ബന്ധിതമായി. അങ്ങനെ, പരീക്ഷകള്‍ നിശ്ചയപ്രകാരം തുടരുന്നതിന് അനുകൂലമായി തീരുമാനമെടുപ്പിക്കുന്നതില്‍ അവര്‍ വിജയിച്ചു.
ഒരു വിദ്യാര്‍ത്ഥി സംഘടനയുടെ സ്ഥാപക ദിനത്തെക്കുറിച്ച് സംസ്ഥാന സര്‍ക്കാര്‍ സര്‍വകലാശാലയ്ക്ക് കത്തെഴുതുന്നത് അഭൂതപൂര്‍വമാണ്; സര്‍ക്കാര്‍ നിര്‍ദേശത്തിനെതിരെ വിസിയും സിന്‍ഡിക്കേറ്റും തീരുമാനമെടുക്കുന്നതും അപൂര്‍വ സംഭവം. പരീക്ഷ ക്രമീകരിക്കുന്നതിനേക്കാള്‍ സര്‍വകലാശാല അതിന്റെ സ്വയംഭരണം സംരക്ഷിക്കുന്നതില്‍ കാട്ടിയ ജാഗ്രതയാണ് ബംഗാളിലെ അക്കാദമിക വൃത്തങ്ങളില്‍ പുതിയ ഉണര്‍വുണ്ടാക്കിയത്.
''സര്‍വകലാശാലയുടെ സ്വയംഭരണവും നഷ്ടപ്രതാപവും വീണ്ടെടുക്കുന്നതില്‍ ഏറ്റവും നിര്ണായകവും ധീരവുമായ നിലപാട്'' എന്നാണ് ബംഗാളിലെ മാധ്യമങ്ങള്‍ ഈ തീരുമാനത്തെ പ്രകീര്‍ത്തിച്ചത്. ''ഭയവും ഭീഷണിയും അഴിമതിയും കൊണ്ട് അദ്ധ്യാപകര്‍ വലയുന്ന സംസ്ഥാനത്തിന്റെ നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ സിന്‍ഡിക്കേറ്റ് എടുത്ത തീരുമാനം അഭൂതപൂര്‍വമാണ്'' - ഒരു രാഷ്ട്രീയ നിരൂപകന്‍ ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞു. തീരുമാനത്തെ പിന്തുണച്ച് കല്‍ക്കട്ട യൂണിവേഴ്സിറ്റി ടീച്ചേഴ്സ് അസോസിയേഷനും (സിയുടിഎ) പ്രസ്താവന പുറപ്പെടുവിച്ചു.