- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അസഭ്യം പറഞ്ഞ ഹിന്ദിക്കാരന് മറുപടി അസഭ്യം തന്നെ; ഭൂമിയിലെ ഏറ്റവും മികച്ച എഐ എന്ന വിശേഷണത്തോടെ പുറത്തിറക്കിയ ഗ്രോക് എഐ ചാറ്റ്ബോട്ടിനെച്ചൊല്ലി വിവാദം; അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: അമേരിക്കന്‍ ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌ക്, ഭൂമിയിലെ ഏറ്റവും മികച്ച എഐ എന്ന വിശേഷണത്തോടെ പുറത്തിറക്കിയ ഗ്രോക് എഐ ചാറ്റ്ബോട്ടിനെച്ചൊല്ലി ഇന്ത്യയില്‍ വിവാദം. മസ്‌കിന്റെ ഉടമസ്ഥതയിലുള്ള ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) കമ്പനിയായ എക്‌സ്എഐ എന്ന കമ്പനിയാണ് ഗ്രോക് ചാറ്റ്ബോട്ട് വികസിപ്പിച്ചെടുത്തത്.
നിര്‍മിത ബുദ്ധിയില്‍ പ്രവര്‍ത്തിക്കുന്ന ചാറ്റ്ബോട്ട് സങ്കീര്‍ണമായ ചോദ്യങ്ങള്‍ക്കും യുക്തിപരമായും തമാശരൂപേണയും മറുപടികള്‍ നല്‍കുമെന്നായിരുന്നു മസ്‌കിന്റെ അവകാശവാദം. എന്നാലിപ്പോള്‍ ഹിന്ദി ഭാഷയില്‍ ചോദ്യങ്ങള്‍ ചോദിച്ച ഒരു ഉപയോക്താവിന് ലഭിച്ച അധിക്ഷേപകരവും അസഭ്യം കലര്‍ന്നതുമായ മറുപടിയാണ് സമൂഹ മാധ്യമങ്ങളില്‍ നിറയുന്നത്.
ഗ്രോക് എഐ ചാറ്റ്ബോട്ടിന്റെ മറുപടിയില്‍ കേന്ദ്രസര്‍ക്കാരും അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. വിഷയത്തിലുള്ള ഇന്ത്യന്‍ സര്‍ക്കാരിന്റെ ആശങ്ക സമൂഹ മാധ്യമമായ എക്‌സിനെ അറിയിച്ചിട്ടുണ്ടെന്നും ഇക്കാര്യം ഗൗരവമായാണ് പരിഗണിക്കുന്നതെന്നും ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ടെക്നോളജി മന്ത്രാലയവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.
ഹിന്ദിയില്‍ ചോദ്യം ചോദിച്ച ഉപയോക്താവിന് ഹിന്ദിയില്‍ അധിക്ഷേപകരമായ മറുപടി നല്‍കിയതാണ് എഐ ചാറ്റ്ബോട്ടായ ഗ്രോക് വിവാദത്തില്‍പെടാന്‍ കാരണം. 'എന്റെ ഏറ്റവും മികച്ച 10 മ്യൂച്വല്‍സ്' (എക്‌സില്‍ പരസ്പരം അറിയുന്നവര്‍) ആരാണെന്നായിരുന്നു ഉപയോക്താവിന്റെ ചോദ്യം. ആദ്യം ഈ ചോദ്യത്തിന് ഗ്രോക് മറുപടി നല്‍കിയില്ല. ഇതോടെ ഉപയോക്താവ് ഹിന്ദിയില്‍ ചില അസഭ്യ പദപ്രയോഗങ്ങള്‍ നടത്തി. ഇതോടെയാണ് ഗ്രോക്കും അസഭ്യം കലര്‍ന്ന മറുപടികള്‍ നല്‍കിയത്.
ഗ്രോക്കിന്റെ അപ്രതീക്ഷിതമായ മറുപടി നെറ്റിസണ്‍സിനെയും ഞെട്ടിച്ചിരിക്കുകയാണ്. മറുപടി സമൂഹ മാധ്യമങ്ങളില്‍ വലിയ തോതില്‍ പ്രചരിക്കുകയും ചെയ്തു. സാധാരണ ഉപഭോക്താക്കളുടെ മോശം സംഭാഷണങ്ങള്‍ ഫില്‍റ്റര്‍ ചെയ്തുകൊണ്ടാണ് എഐ ചാറ്റ്‌ബോട്ടുകള്‍ മറുപടി നല്‍കുന്നത്. അശ്ലീല പദപ്രയോഗങ്ങളുള്ള ചോദ്യങ്ങള്‍ തടയുകയോ മറുപടി നല്‍കാതിരിക്കുകയോ ചെയ്യും. എന്നാല്‍ ഇവിടെ തിരിച്ചാണ് സംഭവിച്ചത്. നിര്‍മിത ബുദ്ധിയുടെ അപകട സാധ്യതകളെക്കുറിച്ചുള്ള ചൂടേറിയ ചര്‍ച്ചകള്‍ക്കാണ് ഈ വിവാദം തുടക്കമിട്ടിരിക്കുന്നത്.
വിഷയത്തില്‍ ഐടി മന്ത്രാലയം ഇടപെട്ടതോടെ മസ്‌ക് ഇതിനോട് എങ്ങനെ പ്രതികരിക്കും എന്ന ആകാംക്ഷയിലാണ് സാങ്കേതിക വിദഗ്ധര്‍. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വരുത്തുന്ന ഇത്തരം ഗൗരവമേറിയ പിഴവുകള്‍ എങ്ങനെ പരിഹരിക്കും എന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങളും അവശേഷിക്കുന്നു.
അതേസമയം, എക്സില്‍ നിന്ന് ഉള്‍പ്പെടെ ഈ അധിക്ഷേപകരമായ പ്രതികരണങ്ങള്‍ നീക്കിയിട്ടുണ്ട്. എങ്കിലും ഇത്തരത്തിലുള്ള പിഴവുകള്‍ ഭാവിയിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങളാണ് പലരും സമൂഹ മാധ്യമങ്ങളില്‍ ചൂണ്ടിക്കാട്ടുന്നത്. എഐ ഭാഷാ മോഡലുകളെ പരിശീലിപ്പിക്കാന്‍ ഉപയോഗിക്കുന്ന ഡാറ്റാസെറ്റുകളുടെ ഗുണനിലവാരത്തെക്കുറിച്ചും കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടതിനെക്കുറിച്ചും ചര്‍ച്ചകള്‍ ഉയരുന്നുണ്ട്. കുട്ടികള്‍ പഠനത്തിനായി ഉള്‍പ്പെടെ ആശ്രയിക്കുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സേവനങ്ങളുടെ ഇത്തരം പ്രതികരണങ്ങള്‍ സമൂഹത്തെ ദോഷകരമായി സ്വാധീനിക്കുമെന്നും അഭിപ്രായങ്ങള്‍ ഉയരുന്നുണ്ട്.
എഐ രംഗത്തെ പ്രമുഖ പ്ലാറ്റ്ഫോമായ ചാറ്റ്ജിപിടിക്കു വെല്ലുവിളി എന്ന നിലയിലാണു ഗ്രോക് വികസിപ്പിച്ചെടുത്തത്. എന്നാല്‍ ചാറ്റ്ജിപിടിയെ വെല്ലുന്ന മറുപടികളിലൂടെ വിവാദങ്ങളില്‍ നിറയുകയാണ് മസ്‌കിന്റെ ഗ്രോക് ചാറ്റ്ബോട്ട്.