- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചൈനയിലെ എച്ച് എം പി വി വൈറസ് വ്യാപനത്തില്‍ ആശങ്ക വേണ്ട; ഇന്ത്യയില്‍ ഇതുവരെ വൈറസ് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല; ജലദോഷമോ പനിയോ ഉള്ളപ്പോഴെല്ലാം ആവശ്യമായ സാധാരണ മരുന്നുകള്‍ കഴിക്കുക: നിര്‍ദ്ദേശവുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം
ചൈനയിലെ എച്ച് എം പി വി വൈറസ് വ്യാപനത്തില്‍ ആശങ്ക വേണ്ട
ന്യൂഡല്‍ഹി: ചൈനയില്‍ അതിവേഗം വ്യാപിക്കുന്ന ഹ്യൂമന്‍ മെറ്റാന്യൂമോവൈറസ് (എച്ച് എം പി വി.) സംബന്ധിച്ച് ആശങ്കയുടെ ആവശ്യമില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇന്ത്യയില്‍ ഇതുവരെ വൈറസ് ഡിജിഎച്ച്എസ് റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ജലദോഷത്തിന് കാരണമാകുന്ന ഒരു സാധാരണ ശ്വസനപ്രശ്നം മാത്രമാണിതെന്നും ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വീസ് (ഡിജിഎച്ച്എസ്) ഡോക്ടര്‍ അതുല്‍ ഗോയല്‍ പറഞ്ഞു. രാജ്യത്തെ പകര്‍ച്ചവ്യാധികളുടെ വ്യാപനം സംബന്ധിച്ച് സൂക്ഷ്മമായ നിരീക്ഷണം നടത്തിവരികയാണെന്നും അദ്ദേഹം പറഞ്ഞു.
ശ്വാസകോശ സംബന്ധമായ അണുബാധകള്‍ക്കെതിരെ സാധാരണ എടുക്കാറുള്ള പൊതുവായ മുന്‍കരുതലുകള്‍ സ്വീകരിക്കാനും ഡോ.അതുല്‍ ഗോയല്‍ നിര്‍ദേശിച്ചു. ഇപ്പോഴത്തെ സാഹചര്യത്തില്‍ പരിഭ്രാന്തരാകേണ്ട കാര്യമില്ല. മെറ്റാപ്ന്യൂമോവൈറസ്, വളരെ പ്രായമായവരിലും വളെര പ്രായം കുറഞ്ഞവരിലും ഇത് ഒരു പനി പോലുള്ള ലക്ഷണങ്ങള്‍ക്ക് കാരണമാകും'ഡോ. അതുല്‍ ഗോയല്‍ പറഞ്ഞു.
രാജ്യത്തിനകത്ത് ശ്വാസകോശ സംബന്ധമായ പകര്‍ച്ചവ്യാധികളുടെ ഡാറ്റ തങ്ങള്‍ വിശകലനം ചെയ്തിട്ടുണ്ട്. 2024 ഡിസംബറിലെ ഡാറ്റയില്‍ കാര്യമായ വര്‍ദ്ധനവ് ഉണ്ടായിട്ടില്ല, തങ്ങളുടെ ഏതെങ്കിലും സ്ഥാപനങ്ങളില്‍ നിന്ന് വലിയ അളവില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകളൊന്നും ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശൈത്യകാലത്ത് ശ്വാസകോശ സംബന്ധമായ വൈറസ് അണുബാധകള്‍ ഉണ്ടാകാറുണ്ടെന്നും അതിനായി ആശുപത്രികള്‍ സാധാരണയായി തയ്യാറെടുക്കാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
'ഞാന്‍ പൊതുജനങ്ങളെ അറിയിക്കാന്‍ ആഗ്രഹിക്കുന്ന ഒരു കാര്യം, എല്ലാ ശ്വാസകോശ സംബന്ധമായ അണുബാധകള്‍ക്കെതിരെയും ഉപയോഗിക്കുന്ന പൊതുവായ മുന്‍കരുതലുകള്‍ എടുക്കുക എന്നതാണ്, അതായത് ആര്‍ക്കെങ്കിലും ചുമയും ജലദോഷവും ഉണ്ടെങ്കില്‍, നിങ്ങള്‍ കൂടുതല്‍ ആളുകളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നത് ഒഴിവാക്കണം. ജലദോഷമോ പനിയോ ഉള്ളപ്പോഴെല്ലാം ആവശ്യമായ സാധാരണ മരുന്നുകള്‍ കഴിക്കുക'ഡോക്ടര്‍ അതുല്‍ ഗോയല്‍ പറഞ്ഞു.
അതേസമയം, വൈറസ് പടരുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ ചൈന നിഷേധിച്ചു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ശ്വാസകോശ അണുബാധ കുറവാണെന്നും അധികൃതര്‍ അവകാശപ്പെട്ടു. ചൈനയിലേക്ക് യാത്ര ചെയ്യാന്‍ ആശങ്കപ്പെടേണ്ടതില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. ചൈനയില്‍ രോഗബാധ വര്‍ധിക്കുന്നതായി വാര്‍ത്താ ഏജന്‍സികളാണ് റിപ്പോര്‍ട്ട് ചെയ്തത്. ചൈനയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചെന്ന് സമൂഹമാധ്യമങ്ങളില്‍ പ്രചാരണമുണ്ടായെങ്കിലും അധികൃതര്‍ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല.