ഗ്വാളിയോർ: മെഡിക്കൽ കോളേജിൽ വെച്ച് 25കാരിയായ ജൂനിയർ ഡോക്ടറെ സഹപ്രവർത്തകൻ ബലാത്സംഗം ചെയ്തെന്ന് ആരോപണം. ആരും താമസിക്കാൻ ഇല്ലാത്ത ഹോസ്റ്റലിൽ വെച്ചായിരുന്നു അതിക്രമം നടന്നതെന്നാണ് പരാതി. സംഭവത്തിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. 25കാരനായ പ്രതി ജൂനിയർ ഡോക്ടറാണ്.

മധ്യപ്രദേശിലെ ഗ്വാളിയോറിൽ സർക്കാർ നിയന്ത്രണത്തിലുള്ള ഗജരാജ മെഡിക്കൽ കോളേജിലാണ് സംഭവം നടന്നത്. മെഡിക്കൽ കോളേജിലെ വനിതാ ഹോസ്റ്റലിലാണ് ജൂനിയർ ഡോക്ടർ താമസിച്ചിരുന്നതെന്ന് സിറ്റി പോലീസ് സൂപ്രണ്ട് അശോക് ജാദൻ പറഞ്ഞു.

സഹപ്രവർത്തകനായ ജൂനിയർ ഡോക്ടർ ആൾത്താമസമില്ലാത്ത ആണ്‍കുട്ടികളുടെ ഹോസ്റ്റലിലേക്ക് 25കാരിയെ വിളിച്ചുവരുത്തി. ഇവിടെ വച്ച് ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തുവെന്നാണ് പരാതി.

വനിതാ ഡോക്ടർ പിന്നീട് കാമ്പു പോലീസ് സ്റ്റേഷനിൽ പരാതി നൽകി. പ്രതിയെ അറസ്റ്റ് ചെയ്തെന്ന് പോലീസ് വ്യക്തമാക്കി. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണെന്ന് പോലീസ് വ്യക്തമാക്കി.