ന്യൂഡല്‍ഹി: ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ അനിയന്ത്രിതമായി തിരക്കിലുണ്ടായ അപകടത്തില്‍ 15 പേര്‍ മരിച്ച സംഭവത്തില്‍ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മരിച്ചവരുടെ കുടുംബത്തിന് അനുശോചനം അറിയിക്കുകയും നടുക്കം രേഖപ്പെടുത്തകയും അദ്ദേഹം ചെയ്തു. പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങും അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്.

'ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ നടന്ന തിരക്ക് മൂലമുള്ള അപകടം എന്തുകൊണ്ടെന്് മനസ്സിലാവുന്നതേയുള്ളു. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട എല്ലാ കുടുംബങ്ങളുടെയും ദുഃഖത്തില്‍ ഞാനുമുണ്ട്. പരിക്കേറ്റവര്‍ അതിവേഗം സുഖം പ്രാപിക്കുന്നതിന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. ഈ ദുരന്തത്തില്‍ ബാധിക്കപ്പെട്ട എല്ലാവര്‍ക്കും അധികൃതര്‍ ആവശ്യമായ സഹായം നല്‍കുന്നുണ്ട'്. പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.

കുംഭമേളയില്‍ പങ്കെടുക്കാനായി പോകുന്ന യാത്രക്കാരാണ് ദുരന്തത്തില്‍ മരിച്ചത്. കുംഭമേളയ്ക്കായി രണ്ട് പ്രത്യേക ട്രെയിനുകള്‍ സജ്ജീകരിച്ചിരുന്നു. ട്രെയിനുകള്‍ പ്ലാറ്റ്ഫോമിലേക്ക് എത്തുന്നതിന് മുന്നോടിയായാണ് വലിയ തിക്കും തിരക്കും അനുഭവപ്പെട്ടത്. സ്ത്രീകളുള്‍പ്പെടെ നിരവധി പേര്‍ തളര്‍ന്നുവീണു, ചിലര്‍ ശ്വാസം മുട്ടി അബോധാവസ്ഥയിലായി. നിരവധി പേര്‍ക്ക് വീണ് പരിക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രിയിലെത്തിച്ചിരുന്നു.

ഇവരില്‍ പതിനഞ്ച് പേരുടെ മരണമാണ് ഇപ്പോള്‍ സ്ഥിരീകരിച്ചിരിക്കുന്നത്. മരണപ്പെട്ടവരില്‍ രണ്ട് കുട്ടികളും ഉള്‍പ്പെടുന്നുണ്ട്. പത്ത് പേര്‍ സ്ത്രീകളാണെന്നാണ് വിവരം. സംഭവത്തില്‍ ഉന്നതതല അന്വേഷണം നടത്താന്‍ റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് നിര്‍ദേശിച്ചിട്ടുണ്ട്.