അ​ഗർത്തല: സമൂഹ മാധ്യമങ്ങളിൽ പങ്ക് വച്ച പോസ്റ്റിൻ്റെ പേരിൽ സ്വന്തം ഭാര്യയെയും അമ്മായിയമ്മയെയും ഭർത്താവ് വെട്ടിക്കൊലപ്പെടുത്തിയതായി റിപ്പോർട്ടുകൾ. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്‌തു. പ്രതി ഇപ്പോൾ ഭാര്യയോടൊപ്പമല്ല താമസിക്കുന്നതെന്ന് പോലീസ് വ്യക്തമാക്കി.

കഴിഞ്ഞ ഒരു വർഷത്തിലേറെയായി ഇവർ വേർപിരിഞ്ഞ് കഴിയുകയായിരുന്നു. ഈ ക്രൂരകൃത്യം നടന്നിരിക്കുന്നത് പടിഞ്ഞാറൻ ത്രിപുരയിലാണ്. സംഭവം ഞെട്ടിക്കുന്നതെന്ന് നാട്ടുകാരും പ്രതികരിച്ചു. തന്റെ രണ്ട് ആൺമക്കൾക്കൊപ്പം മധുപൂരിലാണ് പ്രതി താമസിച്ചു വന്നത്. ഭാര്യ പടിഞ്ഞാറൻ ത്രിപുരയിലെ നേതാജി നഗറിൽ അമ്മയോടൊപ്പമായിരുന്നു താമസം.

ദുർഗാ പൂജ ആഘോഷത്തിനിടെ ഭാര്യ തന്റെ രണ്ട് ആൺ സുഹൃത്തുക്കൾക്കൊപ്പമുള്ള ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. ഈ ചിത്രങ്ങൾ കണ്ട ഭർത്താവിന്റെ ഉള്ളിൽ പക കൂടുകയും. ഭാര്യയെ കൊലപ്പെടുത്താൻ പദ്ധതി ആസൂത്രണം ചെയ്തുവെന്നും പോലീസ് വ്യക്തമാക്കി.

അങ്ങനെ അമ്മയും മകളും വീട്ടിലേക്ക് മടങ്ങുമ്പോൾ പ്രതി മൂർച്ചയുള്ള ഒരു വസ്തു ഉപയോഗിച്ച് രണ്ടുപേരെയും ആക്രമിക്കുകയായിരുന്നു. ഇരുവരും സംഭവ സ്ഥലത്ത് വെച്ച് മരിക്കുകയും ചെയ്തു. പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തിയപ്പോൾ മൃതദേഹങ്ങൾ രക്തത്തിൽ കുളിച്ചുകിടക്കുന്ന നിലയിലായിരുന്നു.

ശേഷം ഒരു മണിക്കൂറിനുള്ളിൽ പ്രതിയെ പിടികൂടിയതായി എസ്പി വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടക്കുകയാണെന്നും പോലീസ് അറിയിച്ചു.