ചെന്നൈ: തമിഴ്‌നാടിനെയും മണിപ്പൂരിനെയും താരതമ്യം ചെയ്ത് സംസാരിച്ച നടനും തമിഴക വെട്രി കഴകം നേതാവുമായ വിജയിയെ വിമര്‍ശിച്ച് ഡി.എം.കെ. തമിഴ്നാട്ടിലെ ക്രമസമാധാന നിലയും വംശീയ അക്രമത്തിന്റെ പിടിയിലായ മണിപ്പൂരും തമ്മില്‍ താരതമ്യം ചെയ്തതിനാണ് വിമര്‍ശമം. വിജയിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന ഡി.എം.കെ നേതാവും ലോക്സഭാ എം.പിയുമായ കനിമൊഴി രംഗത്തെത്തി.

മണിപ്പൂരിന്റെ അവസ്ഥയെ തമിഴ്നാടുമായി താരതമ്യപ്പെടുത്തുന്നത് 'അനീതി' ആണെന്ന് കനിമൊഴി പറഞ്ഞു. താന്‍ മണിപ്പൂരില്‍ പോയിട്ടുണ്ട്. വേറെ എത്രപേര്‍ അവിടെയുണ്ടായിരുന്നുവെന്ന് അറിയില്ലെന്നും എം.പി പറഞ്ഞു. മണിപ്പൂരില്‍ എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാക്കണം. അതിനെ നിസ്സാരമാക്കുന്നത് അന്യായമാണ്. ബി.ജെ.പി മണിപ്പൂര്‍ സന്ദര്‍ശിച്ച് നീതി നല്‍കാത്തതിനേക്കാള്‍ വിനാശകരമാണ് അതെന്ന് കനിമൊഴി പറഞ്ഞു.

ഒരു പുസ്തക പ്രകാശന ചടങ്ങില്‍ സംസാരിക്കവെ വിജയ് നടത്തിയ താരതമ്യമാണ് തര്‍ക്കത്തിന് തുടക്കം. മണിപ്പൂരിലെ അക്രമങ്ങള്‍ നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ടതിന് നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാറിനെയും വിജയ് തന്റെ പ്രസംഗത്തില്‍ വിമര്‍ശിച്ചു.

'ഏത് ജാതിയില്‍ ജനിച്ചാലും ഏത് മതത്തില്‍ ജനിച്ചാലും എല്ലാവരും തുല്യരാണെന്ന് ഉറപ്പുനല്‍കുന്ന ഭരണഘടന തയാറാക്കിയ വ്യക്തിയാണ് ഡോ. ബി.ആര്‍. അംബേദ്കര്‍. നിലവിലെ ക്രമസമാധാന നില കാണുമ്പോള്‍ അംബേദ്കറെ കുറിച്ച് ചിന്തിക്കാന്‍ കഴിയിയുന്നില്ല. മണിപ്പൂരില്‍ എന്താണ് സംഭവിക്കുന്നത് നിങ്ങള്‍ക്കറിയാം, എന്നാല്‍ അതേക്കുറിച്ച് ആശങ്കപ്പെടാതെ സര്‍ക്കാര്‍ കേന്ദ്രത്തില്‍ നിന്ന് നമ്മളെ ഭരിക്കുന്നു'' -വിജയ് പറഞ്ഞു.

സംസ്ഥാനത്ത് സാമൂഹ്യനീതിയെക്കുറിച്ച് പറയുന്ന സര്‍ക്കാര്‍ വേങ്ങൈവാസലില്‍ ഒരു നടപടിയും സ്വീകരിച്ചതായി കാണുന്നില്ല. അംബേദ്കര്‍ ഇത് കണ്ടിരുന്നെങ്കില്‍ അദ്ദേഹം ലജ്ജിച്ചു തല താഴ്ത്തുമായിരുന്നു എന്നും വിജയ് പറഞ്ഞു. 2022ല്‍ വേങ്ങൈവാസലില്‍, പട്ടികജാതി സമുദായത്തിലെ ആളുകള്‍ക്ക് വെള്ളം നല്‍കുന്ന ടാങ്കില്‍ മനുഷ്യ വിസര്‍ജ്യം വെള്ളത്തില്‍ കലക്കിയ സംഭവത്തെയാണ് വിജയ് പരാമര്‍ശിച്ചത്.