മുംബൈ: ആര്‍ത്തവസമയത്തു ഭക്ഷണം പാകം ചെയ്തതിന്റെ പേരില്‍ ഭര്‍തൃമാതാവും ഭര്‍തൃസഹോദരിയും ചേര്‍ന്നു യുവതിയെ കൊന്ന് കെട്ടിത്തൂക്കിയതായി പരാതി. ഉത്തരമഹാരാഷ്ട്ര ജല്‍ഗാവിലെ കിനോഡ് ഗ്രാമനിവാസിയായ ഗായത്രി കോലിയാണ് (26) കൊല്ലപ്പെട്ടത്. യുവതിയെ കൊലപ്പെടുത്തിയതിന് പിന്നാലെ ഭര്‍ത്താവും കുടുംബാംഗങ്ങളും ഒളിവില്‍ പോയി. ആര്‍ത്തവ സമയത്ത് യുവതി ഭക്ഷണം പാകം ചെയ്യാന്‍ അഠുക്കളയില്‍ കയറിയതിന്റെ ദേഷ്യത്തില്‍ ഇരുവരും ചേര്‍ന്ന് കൊലപ്പെടുത്തുകയായിരുന്നു,

ആര്‍ത്തവസമയത്തു ഭക്ഷണം പാകം ചെയ്യാനായി യുവതി അടുക്കളയില്‍ എത്തിയതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കും. അമ്മായി അമ്മയും നാത്തൂനും യുവതിയോട് മോശമായി പെരുമാറിയെന്നും പിന്നീട് അതു തര്‍ക്കത്തിലേക്കും ക്രൂരമായ കൊലപാതകത്തിലേക്കും എത്തുകയായിരുന്നെന്നും യുവതിയുടെ കുടുംബാംഗങ്ങള്‍ ആരോപിച്ചു. ആത്മഹത്യയാണെന്നു വരുത്തിത്തീര്‍ക്കാന്‍ മൃതദേഹം സാരിത്തുമ്പില്‍ കെട്ടിത്തൂക്കിയെന്നും യുവതിയുടെ കുടുംബം ആരോപിച്ചു. സ്ത്രീധനത്തിന്റെ പേരില്‍ യുവതി മുന്‍പും പീഡനം നേരിട്ടിരുന്നെന്നും കുടുംബാംഗങ്ങള്‍ പറഞ്ഞു.

മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മാറ്റി. അതിനിടെ, ഭര്‍ത്താവിന്റെ കുടുംബത്തിനെതിരെ കേസെടുക്കാന്‍ വിസമ്മതിച്ച പൊലീസിനെതിരെയും പ്രതിഷേധം ഉയര്‍ന്നു. അല്ലാത്തപക്ഷം മൃതദേഹം സംസ്‌കരിക്കില്ലെന്നു വ്യക്തമാക്കിയ യുവതിയുടെ കുടുംബാംഗങ്ങള്‍ പൊലീസ് സ്റ്റേഷനു മുന്‍പില്‍ കുത്തിയിരിപ്പു സമരം ആരംഭിച്ചതോടെയാണു കേസ് റജിസ്റ്റര്‍ ചെയ്തത്. യുവതിക്ക് 7 വയസ്സുള്ള മകളും 5 വയസ്സുള്ള മകനുമുണ്ട്.