- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാണാതായ ഡല്‍ഹി സര്‍വകലാശാല വിദ്യാര്‍ഥിനിയുടെ മൃതദേഹം യമുനാ നദിയില്‍ കണ്ടെത്തി; താന്‍ ഒരു പരാജയമാണെന്നും ഇങ്ങനെ ജീവിക്കുന്നത് അസഹനീയമാണെന്നും ആത്മഹത്യാ കുറിപ്പ്
കാണാതായ ഡല്‍ഹി സര്‍വകലാശാല വിദ്യാര്‍ഥിനിയുടെ മൃതദേഹം യമുനാ നദിയില്‍ കണ്ടെത്തി
ന്യൂഡല്‍ഹി: ആറു ദിവസം മുമ്പ് കാണാതായ ഡല്‍ഹി സര്‍വകലാശാല വിദ്യാര്‍ഥിനി സ്നേഹ ദേബ്നാഥിന്റെ മൃതദേഹം യമുനാ നദിയില്‍ നിന്നും കണ്ടെത്തി. ബന്ധുക്കള്‍ പെണ്‍കുട്ടിയുടെ മൃതദേഹം തിരിച്ചറിഞ്ഞിട്ടുണ്ട്. ഉന്നതപഠനത്തിനായി ഡല്‍ഹിയിലെത്തിയ സ്‌നേഹയുടെ മൃതദേഹം വടക്കന്‍ ഡല്‍ഹിയിലെ ഗീത കോളനി ഫ്ളൈഓവര്‍ ഭാഗത്താണ് കണ്ടെത്തിയത്. തൃപുര സ്വദേശിയായ 19-കാരി ഉന്നതപഠനത്തിനായാണ് ഡല്‍ഹിയിലെത്തിയത്.
ജൂലായ് ഏഴിനാണ് സ്നേഹയെ കാണാതാകുന്നത്. അന്നേ ദിവസം രാവിലെ 5.56ന് സുഹൃത്തിനൊപ്പം സരായ് റോഹില്ല റെയില്‍വെ സ്റ്റേഷനിലേക്ക് പോവുകയാണെന്ന് വീട്ടുകാരെ ഫോണ്‍ വിളിച്ച് പറഞ്ഞു. പിന്നീട് സ്നേഹയുടെ ഫോണ്‍ സ്വിച്ച് ഓഫായി. സുഹൃത്തിനെ വിളിച്ചപ്പോള്‍ അന്നത്തെ ദിവസം താന്‍ സ്നേഹയെ കണ്ടിട്ടേയില്ല എന്നായിരുന്നു മറുപടി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സ്്നേഹ റെയില്‍വെ സ്റ്റേഷനിലേക്കല്ല സിഗ്‌നേച്ചര്‍ പാലത്തിലേക്കാണ് പോയത് എന്ന് വ്യക്തമായി. എന്നാല്‍ സ്‌നേഹയെ കണ്ടെത്താനായില്ല. കഴിഞ്ഞ ആറു ദിവസമായി സ്നേഹയ്ക്ക് വേണ്ടിയുള്ള അന്വേഷണത്തിലായിരുന്നു കുടുംബം.
സിഗ്നേച്ചര്‍ പാലത്തില്‍ നിന്ന് ഏകദേശം 10 കിലോമീറ്റര്‍ മാറി യമുനാ നദിയുടെ ഗീത കോളനിയിലെ ഒരു ഫ്ലൈഓവറിനടുത്തുള്ള ഭാഗത്താണ് മൃതദേഹം കണ്ടെത്തിയത്. ഒഴുകി നടക്കുന്ന നിലയിലായിരുന്നു മൃതദേഹം.ഇതിനിടെ സ്നേഹയുടെ കൈയക്ഷരത്തിലുള്ള ഒരു ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിരുന്നു. താന്‍ ഒരു പരാജയമാണെന്നും ഭാരമാണെന്നും തോന്നുന്നുവെന്നും ഇങ്ങനെ ജീവിക്കുന്നത് അസഹനീയമായി തുടങ്ങിയെന്നുമായിരുന്നു കുറിപ്പില്‍. സിഗ്‌നേച്ചര്‍ പാലത്തില്‍ നിന്ന് ചാടി ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിച്ചു എന്നും കുറിപ്പിലുണ്ട്. ആത്മഹത്യ സ്വന്തം തീരുമാനമാണെന്നും മറ്റാരും ഉത്തരവാദികളല്ലെന്നും സ്നേഹ എഴുതിയിരുന്നു.
കഴിഞ്ഞ കുറച്ച് മാസങ്ങളായി മാനസിക സമ്മര്‍ദത്തിലായിരുന്നു സ്നേഹ എന്ന് സുഹൃത്തുക്കള്‍ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. അതേസമയം സ്നേഹയെ കാണാതായ സമയത്ത് സിഗ്നേച്ചര്‍ പാലത്തിനോ സമീപപ്രദേശങ്ങളിലോ സിസിടിവി ക്യാമറകളൊന്നും പ്രവര്‍ത്തിച്ചിരുന്നില്ലെന്ന് കുടുംബം ആരോപിക്കുന്നു.