പട്‌ന: ബിഹാറിലെ സര്‍ക്കാര്‍ സ്‌കൂളിലെ ശുചിമുറിയില്‍ അഞ്ചാംക്ലാസ് വിദ്യാര്‍ത്ഥിനി പൊള്ളലേറ്റു മരിച്ച നിലയില്‍. ശുചിമുറിയില്‍ നിന്നും പുക ഉയരുന്നത് കണ്ട് ജീവനക്കാര്‍ ഓടിയെത്തി വാതില്‍ ബലമായി തുറന്നപ്പോഴാണ് ഗുരുതരമായി പൊള്ളലേറ്റ പെണ്‍കുട്ടിയെ കണ്ടെത്തിയത്. ഉടന്‍ തന്നെ പെണ്‍കുട്ടിയെ പട്‌ന മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

അതേസമയം പെണ്‍കുട്ടിയുടെ മരണ കാരണത്തില്‍ ദുരൂഹത തുടരുകയാണ്. സംഭവത്തിലേക്ക് നയിച്ചത് എന്താണെന്നത് സംബന്ധിച്ച് ഇതുവരെ വ്യക്തത വന്നിട്ടില്ല. സ്‌കൂള്‍ അധികൃതരുടെ അശ്രദ്ധയാണ് മകളുടെ മരണകാരണമെന്ന് മാതാപിതാക്കള്‍ ആരോപിച്ചു. രോഷാകുലരായ ബന്ധുക്കളും നാട്ടുകാരും സ്‌കൂള്‍ കെട്ടിടം തകര്‍ത്തു. പൊലീസുമായി നടന്ന ഏറ്റുമുട്ടലില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥനു പരുക്കേറ്റു. ഫൊറന്‍സിക് ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തെത്തി പരിശോധന നടത്തി.

കുട്ടി സ്‌കൂളിനുള്ളില്‍ കത്തുന്ന വസ്തുക്കള്‍ എന്തെങ്കിലും കൊണ്ടുവന്നോ എന്ന കാര്യവും അവ്യക്തമാണ്. അന്വേഷണം നടക്കുകയാണെന്നും, അതിനുശേഷം മാത്രമേ മരണകാരണം എന്താണെന്ന് അറിയാന്‍ കഴിയൂവെന്നും പട്‌ന സെന്‍ട്രല്‍ എസ്പി ദിക്ഷ പറഞ്ഞു. സ്‌കൂളിലെ ശുചിമുറിയില്‍ തീപിടിക്കുന്ന വസ്തു എങ്ങനെ എത്തി എന്നത് ഉള്‍പ്പെടെ നിരവധി ചോദ്യങ്ങള്‍ക്ക് ഉത്തരം ലഭിക്കേണ്ടതുണ്ടെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.