ലഖ്‌നൗ: ഭാര്യ രാത്രിയില്‍ നാഗസ്ത്രീയായി മാറുന്നു എന്ന വിചിത്ര പരാതിയുമായി യുവാവ്. രാത്രി നാഗസ്ത്രീയായി മാുറുന്ന യുവതി ഉപദ്രവിക്കുകയാണെന്നും രക്ഷിക്കണമെന്ന അപേക്ഷയുമായാണ് ഭര്‍ത്താവ് മജിസ്‌ട്രേറ്റിനു മുന്നില്‍ പരാതിയുമായി എത്തിയത്. യുപിയിലെ സീതാപുര്‍ ജില്ലയിലാണ് സംഭവം. മിറാജ് എന്നയാളാണ് ജില്ല ഭരണകൂടത്തിന്റെ അദാലത്തില്‍ വിചിത്രമായ പരാതിയുമായെത്തിയത്.

ഇതുസംബന്ധിച്ച് നിരവധി തവണ പൊലീസില്‍ പരാതി നല്‍കിയെന്നും എന്നാല്‍ അവര്‍ ഇടപെടാന്‍ തയാറാകാത്തതിനെ തുടര്‍ന്നാണ് മജിസ്‌ട്രേറ്റിനെ കണ്ടതെന്നും ഇയാള്‍ പറയുന്നു. രാത്രിയാകുന്നതോടെ തന്റെ ഭാര്യ നസിമുന്‍ നാഗസ്ത്രീയായി മാറുകയാണെന്നാണ് ഇയാളുടെ വാദം. സര്‍പ്പത്തെ പോലെ ശബ്ദമുണ്ടാക്കുകയും ഇഴയുകയും തന്നെ ഭയപ്പെടുത്തുകയും ചെയ്യുന്നത്രെ.

അതേസമയം, മിറാജ് പരാതിപ്പെട്ടതിനു പിന്നാലെ ഇയാളുടെ ഭാര്യ നസിമുന്‍ സംഭവം വിശദീകരിച്ച് വിഡിയോ പുറത്തുവിട്ടു. ഭര്‍ത്താവ് സ്ത്രീധനത്തിന്റെ പേരില്‍ തന്നെ ഒഴിവാക്കി മറ്റൊരു വിവാഹം കഴിക്കാനുള്ള നീക്കത്തിലാണെന്നും അതിന്റെ ഭാഗമായാണ് പരാതിയെന്നും ഇവര്‍ പറയുന്നു. തന്നെ സ്ത്രീധനത്തിന്റെ പേരില്‍ ഇയാള്‍ നിരന്തരം ഉപദ്രവിക്കുകയാണെന്നും നാലുമാസം ഗര്‍ഭിണിയായ തന്റെ ഒരു കാര്യങ്ങളും ശ്രദ്ധിക്കുന്നില്ലെന്നും ഇവര്‍ പറഞ്ഞു.