അഹമ്മദാബാദ്: പ്രസവിച്ച് ഒരു ദിവസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാനുള്ള യാത്രയ്ക്കിടെ ആംബുലന്‍സിന് തീപിടിച്ച് നാലു പേര്‍ മരിച്ചു. ഗുജറാത്തിലെ ആരവല്ലി ജില്ലയിലെ മോഡാസയില്‍ റാണ സയിദ് പ്രദേശത്ത് ഇന്നലെ പുലര്‍ച്ചെ ഒന്നോടെയായിരുന്നു അപകടം. അസുഖബാധിതനായ കുഞ്ഞിനെ കൂടുതല്‍ സൗകര്യമുള്ള ആശുപത്രിയിലേക്ക മാറ്റുന്നതിനുള്ള യാത്രയ്ക്കിടെ ആയിരുന്നു അപകടം.

വിദഗ്ധ ചികിത്സയ്ക്കായി കുഞ്ഞിനെ അഹമ്മദാബാദിലെ സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുപോകുകയായിരുന്നു. കുഞ്ഞിനൊപ്പം അച്ഛന്‍ ജിഗ്‌നേഷ് മോച്ചി (38), ഡോക്ടര്‍ ശാന്തിലാല്‍ റെന്റിയ (30), നഴ്‌സ് ഭൂരിബെന്‍ മനാത്ത് (23) എന്നിവരും മരിച്ചു. ജിഗ്‌നേഷിന്റെ ബന്ധുക്കളായ ഗൗരങ്ങിനും ഗീതാബെന്നിനും ആംബുലന്‍സ് ഡ്രൈവര്‍ അങ്കിത് ഠാക്കോറിനും ഗുരുതരമായി പരുക്കേറ്റു. ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. മുന്‍ സീറ്റിലിരുന്നവരാണ് പരുക്കുകളോടെ രക്ഷപ്പെട്ടത്.

യാത്രയ്ക്കിടെ പെട്രോള്‍ പമ്പിനടുത്തുവച്ച് ആംബുലന്‍സിന്റെ പിന്‍ഭാഗത്തു തീപിടിക്കുകയായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പുറത്തുവിട്ടു. തീ കണ്ട് ഡ്രൈവര്‍ ആംബുലന്‍സിന്റെ വേഗം കുറയ്ക്കുന്നതും ദൃശ്യങ്ങളിലുണ്ട്. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. അഗ്‌നിരക്ഷാ സേന ഉടന്‍ എത്തിയതിനാല്‍ പെട്രോള്‍ പമ്പിലേക്കു പടരും മുന്‍പു തീയണയ്ക്കാനായി. പൊലീസ്, ഫൊറന്‍സിക് സംഘം അന്വേഷണം തുടങ്ങി.