ഡൽഹി: ജോലിസ്ഥലത്തെ പ്രണയബന്ധങ്ങൾ ഇന്ത്യയിൽ ഗണ്യമായി വർദ്ധിക്കുന്നതായി പുതിയ പഠനം. ഡേറ്റിംഗ് പ്ലാറ്റ്‌ഫോമായ ആഷ്‌ലി മാഡിസൺ, യൂഗോവുമായി ചേർന്ന് നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. ഇന്ത്യയിലെ ഏകദേശം 40% ഓഫീസ് ജീവനക്കാർ സഹപ്രവർത്തകരുമായി ഡേറ്റ് ചെയ്തിട്ടുണ്ട് അല്ലെങ്കിൽ നിലവിൽ ബന്ധത്തിലാണെന്ന് വെളിപ്പെടുത്തൽ. ഇത് ജോലിസ്ഥലത്തെ പ്രണയത്തിന്റെ കാര്യത്തിൽ ഇന്ത്യയെ ലോകത്ത് രണ്ടാം സ്ഥാനത്തെത്തിക്കുന്നു. മെക്സിക്കോയാണ് ഒന്നാം സ്ഥാനത്ത്, അവിടെ 43% ജീവനക്കാർ സഹപ്രവർത്തകരുമായി ബന്ധത്തിലാണ്.

ഏകദേശം 13,581 പേരിൽ നിന്നുള്ള വിവരങ്ങൾ ശേഖരിച്ചാണ് ഇന്ത്യ, യുഎസ്, മെക്സിക്കോ, യുകെ ഉൾപ്പെടെയുള്ള പതിനൊന്നോളം രാജ്യങ്ങളിൽ ഈ പഠനം നടത്തിയത്. സഹപ്രവർത്തകരുമായി പ്രണയത്തിലാകുന്നവരിൽ പുരുഷന്മാരാണ് മുന്നിട്ടുനിൽക്കുന്നത്; ഏകദേശം 51% പുരുഷന്മാർക്ക് ജോലിസ്ഥലത്ത് ബന്ധങ്ങളുണ്ട്. ഇത് സ്ത്രീകളിൽ 36% ആണ്. എന്നാൽ, ഇത്തരം ബന്ധങ്ങൾ ജോലിയെ ബാധിക്കുമെന്ന ഭയം കാരണം 29% സ്ത്രീകൾ സഹപ്രവർത്തകരുമായി ഡേറ്റ് ചെയ്യുന്നതിൽ നിന്ന് വിട്ടുനിൽക്കുന്നു. വ്യക്തിജീവിതത്തിലുണ്ടാകാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് പുരുഷന്മാരും ആശങ്ക പ്രകടിപ്പിക്കുന്നു.

18നും 24നും ഇടയിൽ പ്രായമുള്ളവരിൽ 34% പേർ ജോലിസ്ഥലത്തെ ബന്ധങ്ങൾ തങ്ങളുടെ കരിയറിന് ദോഷം ചെയ്യുമെന്ന് ആശങ്ക രേഖപ്പെടുത്തി. ഇന്ത്യയിലെ വർധിച്ചുവരുന്ന ഓഫീസ് പ്രണയനിരക്ക് സാമൂഹിക മൂല്യങ്ങളിലെ മാറ്റത്തെയും ബന്ധങ്ങളോടുള്ള തുറന്ന സമീപനത്തെയും പ്രതിഫലിപ്പിക്കുന്നതായി വിദഗ്ധർ അഭിപ്രായപ്പെടുന്നു.