ബെംഗളൂരു: യുവതി ആത്മഹത്യചെയ്ത കേസില്‍ പ്രതിയായ ഭര്‍ത്താവിനെയും ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ബെംഗളൂരു വിദ്യാരണ്യപുര ബിഇഎല്‍ ലേഔട്ടില്‍ താമസക്കാരനായ സൂരജ് ശിവണ്ണ(35)യെയാണ് നാഗ്പുരിലെ ഹോട്ടല്‍മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സൂരജ് ജീവനൊടുക്കിയത് കണ്ടതോടെ ഒപ്പമുണ്ടായിരുന്ന അമ്മ ജയന്തി ശിവണ്ണയും ആത്മഹത്യയ്ക്ക് ശ്രമിച്ചു. അവശനിലയില്‍ കണ്ടെത്തിയ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കഴിഞ്ഞ വ്യാഴാഴ്ചയാണ് സൂരജിന്റെ ഭാര്യ ഗനവി വീട്ടില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. യുവതിയെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണപ്പെട്ടിരുന്നു. ഗനവിയുടെ മരണത്തിന് പിന്നാലെ ഭര്‍ത്താവിനും ഭര്‍തൃമാതാവിനുമെതിരേ പരാതികളുയര്‍ന്നു. സ്ത്രീധന പീഡന ആരോപണങ്ങളാണ് ഇവര്‍ക്കെതിരെ ഉയര്‍ന്നത്.

ഒന്നരമാസം മുന്‍പ് വിവാഹിതരായവരാണ് സൂരജും ഗനവിയും. എന്നാല്‍, വിവാഹശേഷം സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവും ഭര്‍തൃമാതാവും ഗനവിയെ ഉപദ്രവിച്ചെന്നായിരുന്നു ബന്ധുക്കളുടെ ആരോപണം. ഇതാണ് ആത്മഹത്യയ്ക്ക് കാരണമായതെന്ന് ഇവരുടെ ബന്ധുക്കള്‍ ആരോപിച്ചു.

യുവതിയുടെ മരണത്തില്‍ പരാതി ഉയര്‍ന്നതോടെ ഭര്‍ത്താവായ സൂരജിനും ഭര്‍തൃമാതാവ് ജയന്തിക്കും എതിരേ പോലീസ് ആത്മഹത്യാപ്രേരണയ്ക്ക് കേസെടുത്തിരുന്നു. എന്നാല്‍, പോലീസ് കേസെടുത്തതിന് പിന്നാലെ സൂരജും ഇളയസഹോദരന്‍ സഞ്ജയും അമ്മ ജയന്തിയും ബെംഗളൂരു വിട്ടു. ആദ്യം ഹൈദരാബാദിലെത്തിയ ഇവര്‍ പിന്നീട് നാഗ്പുരിലെത്തി. ഇവിടെ ഒരു ഹോട്ടലില്‍ മുറിയെടുത്ത് താമസിക്കുന്നതിനിടെയാണ് സൂരജിനെ മുറിയിലെ സീലിങ് ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

മകന്‍ ജീവനൊടുക്കിയ വിവരമറിഞ്ഞതോടെ ഇതേ ഹോട്ടലിലുണ്ടായിരുന്ന അമ്മ ജയന്തിയും ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. എന്നാല്‍, അവശനിലയില്‍ കണ്ടെത്തിയ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും ഇവര്‍ അപകടനില തരണംചെയ്തതായും പോലീസ് പറഞ്ഞു. സംഭവത്തില്‍ സൂരജിന്റെ സഹോദരന്റെ മൊഴി രേഖപ്പെടുത്തിയതായും മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയതായും പോലീസ് അറിയിച്ചു.