ഡൽഹി: തെരുവുനായ ആക്രമണങ്ങളിൽ കുട്ടികൾക്കോ വയോധികർക്കോ പരിക്കേൽക്കുകയോ മരണം സംഭവിക്കുകയോ ചെയ്താൽ സംസ്ഥാന സർക്കാരുകൾക്ക് ഭീമമായ നഷ്ടപരിഹാരം നൽകേണ്ടി വരുമെന്ന് സുപ്രീം കോടതിയുടെ മുന്നറിയിപ്പ്. തെരുവുനായ നിയന്ത്രണത്തിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് കോടതി സ്വീകരിച്ചിരിക്കുന്നത്. തെരുവിൽ നായ്ക്കൾക്ക് ഭക്ഷണം നൽകാൻ ആഗ്രഹിക്കുന്നവർ അവയെ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയി തീറ്റ നൽകണമെന്നും കോടതി നിർദ്ദേശിച്ചു.

ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത, എൻ.വി. അഞ്ജരിയ എന്നിവരടങ്ങിയ പ്രത്യേക ബെഞ്ചാണ് ഈ സുപ്രധാന നിർദ്ദേശങ്ങൾ നൽകിയത്. നായ്ക്കൾക്ക് തെരുവിൽ ഭക്ഷണം നൽകുന്നവർക്കും ആക്രമണങ്ങളുടെ കാര്യത്തിൽ ഉത്തരവാദിത്തമുണ്ടാകുമെന്ന് ബെഞ്ച് വ്യക്തമാക്കി. പൊതുസ്ഥലങ്ങളിൽ നായ്ക്കൾ അലഞ്ഞുതിരിയുന്നതും ആളുകളെ കടിക്കുന്നതും ഭയപ്പെടുത്തുന്നതും അനുവദിക്കാനാവില്ലെന്നും, ഒമ്പത് വയസ്സുള്ള ഒരു കുട്ടിയെ നായ ആക്രമിച്ചാൽ ആര് മറുപടി പറയുമെന്നും കോടതി ചോദിച്ചു.

തെരുവുനായ പ്രശ്നത്തിൽ കോടതിക്ക് മുന്നിൽ സമർപ്പിക്കപ്പെട്ട പല വാദങ്ങളും യാഥാർത്ഥ്യത്തിന് നിരക്കാത്തതാണെന്ന് ബെഞ്ച് നിരീക്ഷിച്ചു. കുട്ടികളെയും വയോധികരെയും നായ്ക്കൾ ക്രൂരമായി ആക്രമിക്കുന്ന നിരവധി വീഡിയോ ദൃശ്യങ്ങൾ തങ്ങൾക്ക് മുന്നിലുണ്ടെന്നും കോടതി വ്യക്തമാക്കി. അതേസമയം, തെരുവുനായ്ക്കൾക്ക് തീറ്റ നൽകുന്ന സ്ത്രീകൾ പീഡിപ്പിക്കപ്പെടുന്നു എന്ന തരത്തിലുള്ള പരാതികൾ കോടതി പരിശോധിക്കാൻ വിസമ്മതിച്ചു. ഇത് ക്രമസമാധാന പ്രശ്നമാണെന്നും താൽപ്പര്യമുള്ളവർക്ക് എഫ്‌ഐആർ ഫയൽ ചെയ്യാമെന്നും കോടതി ചൂണ്ടിക്കാട്ടി.

തെരുവുനായ്ക്കളെ കൈകാര്യം ചെയ്യുന്നതിൽ നഗരസഭകൾ ഉൾപ്പെടെയുള്ള തദ്ദേശ സ്ഥാപനങ്ങൾ പരാജയപ്പെട്ടതായും കോടതി നിരീക്ഷിച്ചു. തെരുവുനായ്ക്കളെ അപ്പാടെ തെരുവിൽ നിന്ന് മാറ്റാൻ തങ്ങൾ ഉത്തരവിട്ടിട്ടില്ലെന്നും എന്നാൽ അനിമൽ ബർത്ത് കൺട്രോൾ (എബിസി) ചട്ടങ്ങൾ കൃത്യമായി പാലിക്കണമെന്നും സുപ്രീം കോടതി വ്യക്തമാക്കി.