ചെന്നൈ: തമിഴ്നാട് ചെങ്കൽപ്പെട്ടിൽ അമിതവേഗത്തിൽ എത്തിയ കാർ ഇടിച്ച് 5 സ്ത്രീകൾക്ക് ദാരുണാന്ത്യം. ലോകമ്മാൽ, വിജയ, യെശോദ, ആനന്ദമ്മാൾ, ​ഗൗരി എന്നിവരാണ് അപകടത്തിൽ മരിച്ചത്. ചെന്നൈ മാമല്ലപുരത്താണ് അപകടമുണ്ടായത്. അഞ്ചുപേരും സംഭവ സ്ഥലത്തുവെച്ചു തന്നെ മരണപ്പെടുകയായിരുന്നു.

പശുക്കളുമായി സ്ത്രീകൾ റോഡ് മുറിച്ച് കടക്കുന്നതിനിടെ അമിത വേഗതയിലെത്തിയ കാർ ഇവർക്കിടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു. ചെന്നൈയിൽ നിന്ന് മഹാബലിപുരത്തേക്ക് പോവുകയായിരുന്ന കാറാണ് ഇടിച്ചത്.

പോലീസും നാട്ടുകാരും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ആരേയും രക്ഷിക്കാനായില്ല. അതേസമയം, വാഹനം ഓടിച്ച യുവാവിനെ നാട്ടുകാർ കയ്യേറ്റം ചെയ്തു. യുവാവ് മദ്യപിച്ചിരുന്നതായി പോലീസ് പറയുന്നു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.