- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തമിഴ്നാട്ടിലെ വോട്ടര്‍പട്ടികയില്‍ വ്യാപക വെട്ടിനിരത്തല്‍; 97 ലക്ഷം പേരെ ഒഴിവാക്കി; ആകെ വോട്ടര്‍മാരുടെ എണ്ണം 6.41 കോടിയില്‍ നിന്നും 5.43 കോടിയായി കുറഞ്ഞു
തമിഴ്നാട്ടിലെ വോട്ടര്‍പട്ടികയില്‍ വ്യാപക വെട്ടിനിരത്തല്‍; 97 ലക്ഷം പേരെ ഒഴിവാക്കി
ചെന്നൈ: തിരഞ്ഞെടുപ്പ് കമ്മീഷന്റെ എസ്ഐആര്‍ നടപടികള്‍ പൂര്‍ത്തിയായപ്പോള്‍ തമിഴ്നാട്ടില്‍ 97 ലക്ഷം പേര്‍ പട്ടികയില്‍ നിന്ന് പുറത്ത്. തമിഴ്നാട്ടിലെ ആകെ വോട്ടര്‍മാരുടെ എണ്ണം 5.43 കോടിയായി കുറഞ്ഞു. നേരത്തെ ഇത് 6.41 കോടിയായിരുന്നു. പട്ടികയില്‍ നിന്ന് ഒഴിവാക്കിയതില്‍ 27 ലക്ഷം പേര്‍ മരണപ്പെട്ടവരും 66 ലക്ഷം പേര്‍ മേല്‍വിലാസം മാറിയവരും 3.4 ലക്ഷം പേര്‍ ഒന്നിലധികം സ്ഥലങ്ങളില്‍ വോട്ടുള്ളവരുമാണെന്നാണ് വിശദീകരണം.
അടുത്ത വര്‍ഷം കേരളത്തിനൊപ്പം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കേണ്ട സംസ്ഥാനമാണ് തമിഴ്നാട്. തലസ്ഥാനമായ ചെന്നൈയിലാണ് ഏറ്റവും അധികം വോട്ടര്‍മാര്‍ പട്ടികയില്‍ നിന്ന് പുറത്തായത്. 14.25 ലക്ഷം പേരാണ് ചെന്നൈയില്‍ പട്ടികയില്‍ നിന്ന് പുറത്തായത്. കോയമ്പത്തൂരില്‍ ഇത് 6.25 ലക്ഷവും ദിണ്ടിഗലില്‍ 2.34 ലക്ഷം പേരുമാണ് പട്ടികയില്‍ നിന്ന് പുറത്തായത്. നടന്‍ വിജയിയുടെ തമിഴക വെട്രി കഴകം ആദ്യമായി ജനവിധി തേടുന്ന കരൂര്‍ ജില്ലയില്‍ 80,000 പേരെ പട്ടികയില്‍നിന്ന് നീക്കി.
പട്ടികയില്‍നിന്ന് പേര് നീക്കം ചെയ്യപ്പെട്ടവര്‍ക്ക് പരാതി നല്‍കാനും ആക്ഷേപങ്ങള്‍ അറിയിക്കാനും ജനുവരി 18 വരെ സമയം അനുവദിച്ചിട്ടുണ്ട്. അര്‍ഹരായ ഒരൊറ്റ വോട്ടറെ പോലും പട്ടികയില്‍നിന്ന് അന്യായമായി പുറത്താക്കില്ലെന്ന് കമ്മീഷന്‍ വ്യക്തമാക്കി. പശ്ചിമ ബംഗാളിലും സമാനമായ നടപടിയിലൂടെ 58 ലക്ഷം പേരെ വോട്ടര്‍ പട്ടികയില്‍നിന്ന് ഒഴിവാക്കിയിരുന്നു.
ഡി.എം.കെയും കോണ്‍ഗ്രസും വിജയിയുടെ ടി.വി.കെയും ഇതിനെതിരെ ശക്തമായ എതിര്‍പ്പുമായി മുന്നോട്ട് വന്നിട്ടുണ്ട്.ബിജെപിയും തിരഞ്ഞെടുപ്പ് കമ്മീഷനും ചേര്‍ന്ന് തിരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാന്‍ നടത്തുന്ന നീക്കങ്ങളാണ് നടപടിക്ക് പിന്നിലെന്നാണ് ആരോപണം.




