- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
കുവൈറ്റിലെ ബാങ്കുകള്‍ പാഠം പഠിച്ചു; കോടികള്‍ വായ്പ എടുത്ത് മറ്റുരാജ്യങ്ങളിലേക്ക് മുങ്ങിയ 1425 മലയാളികള്‍ക്ക് എതിരെ അന്വേഷണം; തട്ടിയെടുത്തത് 700 കോടി; ഗള്‍ഫ് ബാങ്ക് കുവൈറ്റിനെ പറ്റിച്ച് മുങ്ങിയവരില്‍ 700 മലയാളി നഴ്‌സുമാരും; കേരളത്തിലും കേസ്; മലയാളികള്‍ക്ക് ലോണ്‍ നല്‍കാന്‍ മടിച്ച് കുവൈറ്റിലെ ബാങ്കുകള്‍
കുവൈറ്റില്‍ നിന്നും കടമെടുത്ത് മുങ്ങിയ മലയാളികള്‍ക്ക് എതിരെ അന്വേഷണം
കൊച്ചി: ഡിജിറ്റല്‍ ലോകത്ത് സാമ്പത്തിക തട്ടിപ്പുകള്‍ പഴയതു പോലെ എളുപ്പമല്ല. കുവൈറ്റില്‍ നിന്ന് കടമെടുത്ത് യുകെയിലേക്ക് മുങ്ങിയ മലയാളികളെ തേടി ബാങ്കുകള്‍ പിന്നാലെ കൂടിയ വാര്‍ത്ത മറുനാടന്‍ മലയാളി ഫെബ്രുവരിയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കുവൈറ്റില്‍ ബാങ്കിനെ കബളിപ്പിച്ച് കോടികള്‍ വായ്പ എടുത്ത ശേഷം മുങ്ങിയവര്‍ കുടുങ്ങും. ഗള്‍ഫ് ബാങ്ക് കുവൈറ്റിനെയാണ് കബളിപ്പിച്ചത്. പലരും ലോണെടുത്ത് മുങ്ങിയത് യുകെ അടക്കം മറ്റുരാജ്യങ്ങളിലേക്കാണ്. ബാങ്കില്‍ നിന്നും കോടികള്‍ വായ്പ എടുത്ത ശേഷമാണ് പലരും മുങ്ങിയത്. 1425 മലയാളികള്‍ക്ക് എതിരെയാണ് അന്വേഷണം നടക്കുന്നത്. ആകെ തട്ടിയെടുത്തത് 700 കോടിയെന്നാണ് കണക്കുകള്‍.
50 ലക്ഷം മുതല്‍ 2 കോടി വരെയാണ് പലരും വായ്പ എടുത്തത്. തട്ടിപ്പ് നടത്തിയതില്‍ 700 മലയാളി നഴ്‌സുമാരും ഉണ്ട്. ബാങ്കില്‍ നിന്ന് ലോണ്‍ നേടിയശേഷം അവിടെ നിന്ന് മുങ്ങിയവര്‍ക്കെതിരെയാണ് അന്വേഷണം. കുവൈറ്റിലെ മിനിസ്ട്രി ഓഫ് ഹെല്‍ത്തില്‍ നഴ്‌സുമാരായി ജോലി ചെയ്തിരുന്ന എഴൂനൂറോളം പേര്‍ കുറ്റം ആരോപിക്കപ്പെട്ടവരില്‍ ഉണ്ട്. കുവൈറ്റ് വിട്ട പലരും പിന്നീട് മറ്റ് രാജ്യങ്ങളിലേക്ക് ചേക്കേറി. സംഭവത്തില്‍ കേരളത്തില്‍ 10 കേസുകള്‍ റജിസ്റ്റര്‍ ചെയ്തു. കബളിപ്പിച്ചെന്ന് തിരിച്ചറിഞ്ഞ പത്തുപേര്‍ക്കെതിരെയാണ് കേസ് എടുത്തത്. ബാങ്ക് അധികൃതര്‍ കേരളത്തിലെത്തി ഉന്നത പൊലീസുദ്യോഗസ്ഥരെ കണ്ടു. പിന്നീട് ഡിജിപി നിര്‍ദ്ദേശിച്ച പ്രകാരമാണ് കേസെടുത്തത്.
ഒരു മാസം മുന്‍പാണ് ഗള്‍ഫില്‍ നിന്ന് ബാങ്ക് തട്ടിപ്പില്‍ വിവരം കേരള പൊലീസിനെ അറിയിച്ചത്. കഴിഞ്ഞ മാസം അഞ്ചാം തീയതി ബാങ്ക് പ്രതിനിധികള്‍ കേരളത്തിലെത്തി സംസ്ഥാന എഡിജിപി മനോജ് എബ്രഹാമിനെ കണ്ടു. തട്ടിപ്പ് നടത്തിയവരുടെ വിലാസമടക്കം നല്‍കിയാണ് പരാതി. തട്ടിപ്പ് നടത്തിയവരില്‍ കുവൈത്തിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ മലയാളികളുണ്ട്.
2020-22 കാലത്ത് ബാങ്കില്‍ നിന്ന് ചെറിയ ലോണ്‍ എടുത്താണ് തട്ടിപ്പ് തുടങ്ങിയത്. ഈ തുക കൃത്യമായി അടച്ച് പിന്നീട് 2 കോടി രൂപ വരെ വലിയ ലോണ്‍ എടുത്തു. പിന്നീട് ഇവര്‍ കേരളത്തിലേക്കും ഇംഗ്ലണ്ടിലേക്കും കാനഡയിലേക്കും അമേരിക്കയിലേക്കും കുടിയേറി. തിരിച്ചടവ് മുടങ്ങിയതോടെയാണ് ബാങ്ക് അന്വേഷണം തുടങ്ങിയത്. അപ്പോഴാണ് 1425 മലയാളികള്‍ തങ്ങളെ പറ്റിച്ചുവെന്ന് ബാങ്കിന് മനസിലായത്. തട്ടിപ്പ് നടത്തിയവരില്‍ കുറച്ചേറെ പേര്‍ കേരളത്തിലെത്തിയെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ബാങ്ക് കേരളത്തിലെത്തി പൊലീസിലെ ഉന്നതരെ കണ്ടത്.
ആദ്യം തട്ടിപ്പ് നടത്തിയവര്‍ വഴി പഴുത് മനസിലാക്കി കൂടുതല്‍ മലയാളികള്‍ ബാങ്കിനെ പറ്റിച്ചുവെന്നാണ് ബാങ്ക് മനസിലാക്കുന്നത്. ഇതിന് പിന്നില്‍ ഏജന്റുമാരുടെ ഇടപെടല്‍ ഉണ്ടോയെന്നും സംശയിക്കുന്നുണ്ട്. കുവൈറ്റ് പൗരന്റെ പരാതിയിലാണ് കേരളത്തില്‍ 10 കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. തട്ടിപ്പ് നടന്നത് കുവൈറ്റിലാണെങ്കിലും വിദേശത്ത് തട്ടിപ്പ് നടത്തി രാജ്യത്തേക്ക് മടങ്ങുന്നവര്‍ക്കെതിരെ ഇന്ത്യയില്‍ കേസെടുക്കാന്‍ നിയമപ്രകാരം സാധിക്കും. ഇതിനാലാണ് കേരള പൊലീസ് കേസെടുത്തത്. കേസുകള്‍ ക്രൈം ബ്രാഞ്ചിന് കൈമാറി. ദക്ഷിണ മേഖലാ ഐജിയാണ് അന്വേഷണം നടത്തുന്നത്. നിലവില്‍ എറണാകുളം കോട്ടയം ജില്ലകളിലാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
കുവൈറ്റിലെ ഗള്‍ഫ് ബാങ്കിനെ പറ്റിച്ചു യുകെയിലേക്ക്
കുവൈറ്റിലെ ബാങ്കിനെ പറ്റിച്ച് മുങ്ങിയ യുകെ മലയാളികളെ കുറിച്ച് ഫെബ്രുവരിയില്‍ മറുനാടന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പ്രത്യേകിച്ചും കഴിഞ്ഞ മൂന്നോ നാലോ വര്‍ഷമായി കുവൈറ്റില്‍ നിന്നും എത്തിയിരിക്കുന്ന യുകെ മലയാളികളാണ് അവിടെയുള്ള ബാങ്കില്‍ നിന്നും ദശലക്ഷങ്ങള്‍ വായ്പയെടുത്തു യുകെയിലേക്ക് മുങ്ങിയിരിക്കുന്നു എന്ന പരാതി ഉയര്‍ന്നത്. കുവൈറ്റ് ഗള്‍ഫ് ബാങ്കാണ് പ്രധാന പരാതിക്കാര്‍. ഇവരുടെ കണക്കില്‍ നൂറിലേറെ മലയാളികള്‍ വായ്പയെടുത്തു യുകെയിലേക്ക് മുങ്ങിയിട്ടുണ്ട്. പലരും ദശലക്ഷങ്ങള്‍ ആണ് വായ്പ എടുത്തിരിക്കുന്നത്. ചിലരാകട്ടെ കോടികള്‍ കടന്നുള്ള തുകയും കൈക്കലാക്കിയിട്ടുണ്ട്.
കാര്യമായ പണം ദുര്‍വിനിയോഗം ഇല്ലാത്ത അക്കൗണ്ടുകള്‍ ആണെങ്കില്‍ യുകെയിലേതു പോലെ വാരിക്കോരി പണം ലോണ്‍ കിട്ടാനുള്ള സാഹചര്യമാണ് കുവൈറ്റിലും ഉള്ളത്. ഈ സാധ്യതയാണ് അനേകം മലയാളികള്‍ ദുരുപയോഗം ചെയ്തിരിക്കുന്നത്. യുകെയിലേക്ക് പോന്നതിനാല്‍ പിടിക്കപ്പെടില്ലെന്നും ലോണുകള്‍ തിരിച്ചടയ്ക്കണ്ട എന്ന ധാരണയുമാണ് അനേകം മലയാളികളെ ഇപ്പോള്‍ കുടുക്കില്‍ ചാടിച്ചിരിക്കുന്നത്. ഭാര്യയും ഭര്‍ത്താവും മത്സരിച്ചു വായ്പയെടുത്തവരാണ് ഭൂരിഭാഗവും. ഇത്തരത്തില്‍ ബാങ്കുകളെ ചതിച്ചു മുങ്ങിയ യുവ മലയാളികളെ തേടി മാഞ്ചസ്റ്ററില്‍ ഉള്ള സോളിസിറ്റര്‍ സ്ഥാപനമാണ് വക്കീല്‍ നോട്ടീസ് അയച്ചത്.
പാരയായതു വീട് വാങ്ങാന്‍ ബാങ്കിനെ സമീപിച്ചത്, ഡിജിറ്റല്‍ ലോകത്തില്‍ പണം ഒളിപ്പിക്കുക എളുപ്പമല്ല
അതിനിടെ കുവൈറ്റില്‍ നിന്നും മുങ്ങിയവര്‍ നേരെ പൊങ്ങിയത് യുകെയില്‍ ആണെന്ന് അവിടെയുള്ള ബാങ്കുകള്‍ക്ക് വിവരം ലഭിച്ചത് പണം കൈക്കലാക്കിയ മലയാളികള്‍ പലരും വീട് വാങ്ങാന്‍ യുകെ ബാങ്കുകളെ സമീപിച്ചപ്പോള്‍ ആണെന്നും സൂചനയുണ്ട്. യുകെയിലെ ബാങ്കുകള്‍ ക്രെഡിറ്റ് സ്‌കോര്‍ ചെയ്യുന്നതിന്റെ ഭാഗമായി അക്കൗണ്ടില്‍ ഉള്ള പണത്തിന്റെ സ്രോതസ് ചോദിച്ചതോടെ പലരും യുക്തിരഹിതമായ മറുപടിയാണ് നല്‍കിയത്. ഇതേതുടര്‍ന്ന് ഒന്നിലേറെ പേര്‍ വന്‍തുക യുകെയില്‍ എത്തി ഒന്നോ രണ്ടോ വര്‍ഷം കൊണ്ട് വീട് വാങ്ങാന്‍ ഡെപ്പോസിറ്റ് നല്‍കാം എന്ന ഓഫര്‍ ബാങ്കിന് നല്‍കിയതോടെ ഇവര്‍ എവിടെ നിന്നാണ് യുകെയില്‍ എത്തിയത് എന്ന ബാങ്കിന്റെ അന്വേഷണമാണ് പലരെക്കുറിച്ചുള്ള വിവരവും കുവൈറ്റിലെ ബാങ്കുകള്‍ക്ക് ലഭിക്കാന്‍ സഹായകമായത്.
രാജ്യങ്ങള്‍ തമ്മില്‍ സാമ്പത്തിക കുറ്റകൃത്യം തടയുന്നതിന്റെ ഭാഗമായി ഇത്തരം വിവരങ്ങള്‍ കൈമാറുന്നത് സ്വാഭാവിക നടപടി ആയതിനാല്‍ വമ്പന്‍ തുക ഡെപ്പോസിറ്റ് നല്‍കാന്‍ തയ്യാറായ ഗള്‍ഫില്‍ നിന്നും എത്തിയ മലയാളികളെ കുറിച്ച് അതാതു രാജ്യങ്ങളിലെ ബാങ്കുകള്‍ക്ക് വിവരം കൈമാറിയതാണ് ലഭ്യമാകുന്ന സൂചന. ഇതേത്തുടര്‍ന്നാണ് തങ്ങളെ കബളിപ്പിച്ചു മുങ്ങിയവര്‍ യുകെയിലാണ് പൊങ്ങിയത് എന്ന വിവരം ഗള്‍ഫിലെ ബാങ്കുകള്‍ക്ക് ലഭിക്കുന്നത്. ആധുനിക ലോകത്തു സാമ്പത്തിക തട്ടിപ്പുകള്‍ എപ്പോള്‍ വേണമെങ്കിലും പിടിക്കപ്പെടാം എന്ന സൂചന കൂടിയാണ് ഈ സംഭവം പുറത്തു വിടുന്നത്. സൈബര്‍ ഫോറന്‍സിക് വിഭാഗം കൂടുതല്‍ കാര്യക്ഷമം ആയി പ്രവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ പഴയതു പോലെയുള്ള കുതന്ത്രങ്ങള്‍ നിലനില്‍ക്കില്ല എന്ന് ചുരുക്കം.
കുവൈറ്റിലെ ബാങ്കുകളും പാഠം പഠിച്ചു; മലയാളികള്‍ക്ക് ലോണില്ല
മുന്‍പ് കുവൈറ്റിലെ ബാങ്കുകളില്‍ നിന്നും ലോണ്‍ കിട്ടുവാന്‍ വളരെ എളുപ്പമായിരുന്നു. മിനിസ്ട്രി സ്റ്റാഫാണെങ്കില്‍ സാലറി സ്ലിപ് കൊടുത്ത് ബാങ്ക് ഏജന്റ് വഴി ബന്ധപ്പെടുകയോ നേരിട്ട് ബാങ്കില്‍ പോവുകയോ ചെയ്താല്‍ നാലു ദിവസത്തിനുള്ളില്‍ തന്നെ ലോണ്‍ ലഭിക്കും. സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കും ലഭിക്കും. പക്ഷെ, 400 കുവൈറ്റ് ദിനാറിലധികം ശമ്പളവും ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ അംഗീകാരവും പരിഗണിച്ചായിരിക്കും ലോണ്‍ നല്‍കുക. ഇത്തരത്തില്‍ ഒരു കുടുംബത്തില്‍ തന്നെ ഭാര്യയ്ക്കും ഭര്‍ത്താവിനും ലോണ്‍ ലഭിക്കുന്ന സാഹചര്യമായിരുന്നു കുവൈത്തില്‍ ഉണ്ടായിരുന്നത്.
ഒരിക്കല്‍ ലോണെടുത്ത് 30 തവണകള്‍ വരെ കൃത്യമായി തിരിച്ചടച്ചാല്‍ ബാങ്ക് തന്നെ ലോണ്‍ ക്ലോസ് ചെയ്ത് വീണ്ടും ലോണും നല്‍കും. 5, 10, 15 വര്‍ഷ കാലാവധികളിലാണ് ലോണ്‍ നല്‍കുക. ഓരോ ബാങ്കുകള്‍ക്കും ഓരോ രീതികളായിരിക്കും. എങ്കിലും സാലറിയുടെ നാല്‍പ്പത് ഇരട്ടി വരെയാണ് ബാങ്കുകള്‍ ലോണായി നല്‍കിയിരുന്നത്. അതായത് 700 കുവൈറ്റ് ദിനാര്‍ സാലറിയുള്ള ഒരു വ്യക്തിക്ക് 30,000 കുവൈറ്റ് ദിനാര്‍ വരെയാണ് ലോണ്‍ കിട്ടുക.
എന്നാല്‍ 2016 മുതല്‍ കുവൈറ്റിലേക്കെത്തിയ, ഭാര്യയും ഭര്‍ത്താവും നഴ്‌സുമാരായിട്ടുള്ള നിരവധി പേരാണ് ഇത്തരത്തില്‍ ബാങ്കില്‍ നിന്നും ലോണെടുത്ത് യുകെയിലേക്കടക്കം പല യൂറോപ്യന്‍ രാജ്യങ്ങളിലേക്കും മുങ്ങിയത്. അതിനു മുന്‍പൊന്നും വിദേശ ജോലിക്കാര്‍ക്ക് ലോണ്‍ ലഭിക്കുക എന്നത് അത്ര എളുപ്പമായിരുന്നില്ല. എന്നാല്‍ കുവൈറ്റിലെത്തി ജോലിയില്‍ ജോയിന്‍ ചെയ്ത് മൂന്നുമാസത്തിനുള്ളില്‍ പേപ്പറുകള്‍ ശരിയായി ആദ്യ സാലറി വന്ന് അടുത്ത മാസം തൊട്ട് ലോണ്‍ എടുക്കാം എന്ന തരത്തിലേക്കാണ് ബാങ്കിന്റെ നിയമങ്ങള്‍ മാറിയത്.
ഈ സൗകര്യം പ്രയോജനപ്പെടുത്തിയാണ് നിരവധി പേര്‍ ലക്ഷങ്ങളും കോടികളും ലോണെടുക്കുകയും ആ പണവുമായി മുങ്ങുകയും ചെയ്തത്. ഇതിനെ തുടര്‍ന്ന് ബാങ്കുകള്‍ നിയമം മുഴുവന്‍ പൊളിച്ചെഴുതി. ഇപ്പോള്‍ വിദേശീയര്‍ക്ക് ലോണ്‍ എടുക്കണമെങ്കില്‍ കുവൈറ്റില്‍ പത്തുവര്‍ഷത്തെ പ്രവര്‍ത്തന പരിചയവും 1000 മുതല്‍ 2000 കെഡി വരെ ശമ്പളവും വേണമെന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ എത്തിയിരിക്കുന്നത്.