- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇടപ്പള്ളിയില്‍ നടുറോഡില്‍ വാക്കത്തിയും കമ്പിവടിയുമായി ഉറഞ്ഞുതുളളി അഴിഞ്ഞാട്ടം; സമയക്രമം തെറ്റിച്ചെന്ന് ആരോപിച്ച് എതിരാളികളുടെ ബസിന്റെ പിന്നില്‍ ഇടിപ്പിച്ചും ചില്ലുകള്‍ അടിച്ചുതകര്‍ത്തും അതിക്രമം; ജീവനക്കാരുമായി ഏറ്റുമുട്ടലും; ഒളിപ്പിച്ച് വച്ച കിസ്മത്ത് ബസും ജീവനക്കാരെയും കസ്റ്റഡിയിലെടുത്തു; ആക്രമണ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍
ബസ് അടിച്ചുതകര്‍ത്ത പ്രതികള്‍ പിടിയില്‍
കൊച്ചി: കൊച്ചി ഇടപ്പള്ളിയില്‍ ബസ് അടിച്ചുതകര്‍ത്ത പ്രതികള്‍ പിടിയില്‍. ഇടപ്പള്ളിയില്‍ നടുറോഡിലായിരുന്നു കമ്പിവടിയും വാക്കത്തിയുമായി ആക്രമണം. പറവൂരില്‍ നിന്നും വന്ന പുളിക്കല്‍ ബസ് അടിച്ചുതകര്‍ക്കുന്ന ദൃശ്യം പുറത്ത് വന്നിരുന്നു. കിസ്മത്ത് ബസിലെ ജീവനക്കാരാണ് പറവൂരില്‍ നിന്ന് സര്‍വീസ് നടത്തുന്ന പുളിക്കല്‍ ബസ് ആക്രമിച്ചത്. ഡ്രൈവറെ ആക്രമിക്കാനും ശ്രമം നടന്നു. സമയക്രമത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് ആക്രമണത്തിലേക്ക് നയിച്ചത്.
സംഘര്‍ഷത്തിനിടെ പറവൂരില്‍നിന്നു വന്ന ബസ് അടിച്ചു തകര്‍ത്തതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെടെ വ്യാപകമായി പ്രചരിച്ചിരുന്നു. പോഞ്ഞശേരി സ്വദേശിയായ അസൈനാറുടെ ഉടമസ്ഥതയില്‍ ഉള്ളതാണ് കിസ്മത്ത് ബസ്. അസൈനാറുടെ മകന്‍ അഫ്താബ് അസീസ്(26) അറസ്റ്റിലായി. ഇയാളാണ് ബസ് ഓടിച്ചത്. പുളിക്കല്‍ ബസിന്റെ പിന്നില്‍ ഇയാള്‍ കിസ്മത്ത് ബസ് ഇടിപ്പിച്ചുവെന്നും പരാതിയുണ്ട്. അഫ്താബിന്റെ പേരില്‍ മയക്കുമരുന്ന് കേസും മുമ്പ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
അഫ്താബിനൊപ്പം ബസിലെ ജീവനക്കാരായ കളമശേരി സ്വദേശി സനല്‍ സൈമണ്‍(22), ആലുവ സ്വദേശി ജോയല്‍ സെബാസ്റ്റിയന്‍(24) എന്നിവരെയും കസ്റ്റഡിയിലെടുത്തു. സംഭവത്തെ തുടര്‍ന്ന് ഇവര്‍ പോഞ്ഞശേരിയില്‍ ബസ് ഒളിപ്പിച്ചിരിക്കുകയായിരുന്നു. വാഹന സ്‌ക്വാഡാണ് ബസ് തിരഞ്ഞ് പിടിച്ച് കസ്റ്റഡിയിലെടുത്തത്. സിഐ കെ ബി ഹരികൃഷ്ണന്റെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
ഇടപ്പള്ളി മെട്രോ സ്റ്റേഷന് സമീപമാണ് സംഭവം ഉണ്ടായത്. പറവൂരില്‍ നിന്ന് സര്‍വീസ് നടത്തുന്ന ബസുകളിലെ ജീവനക്കാരാണ് ഏറ്റുമുട്ടിയത്. ആദ്യം പുളിക്കല്‍ എന്ന ബസിലെ ജീവനക്കാരെ കിസ്മത്ത് ബസിലെ ജീവനക്കാര്‍ ആക്രമിക്കുകകയായിരുന്നു.
പുറകിലെ ഗ്ലാസും മറ്റും ഇവര്‍ തല്ലിത്തകര്‍ത്തു. തുടര്‍ന്ന് വാക്കുതര്‍ക്കമുണ്ടാവുകയും പിന്നാലെ കിസ്മത്ത് ബസിലെ ജീവനക്കാര്‍ ഇറങ്ങിവന്ന് പുളിക്കല്‍ ബസിന്റെ മറ്റു ചില്ലുകള്‍ കൂടി അടിച്ചുതകര്‍ക്കുകയും ചെയ്തു. സംഭവത്തില്‍ ബസിലെ യാത്രക്കാര്‍ക്ക് പരിക്കില്ല.




