കൊച്ചി: ആലുവയില്‍ പട്ടാപ്പകല്‍ വീട് കുത്തിത്തുറന്ന് പണവും സ്വര്‍ണവും കവര്‍ന്ന മോഷണ കേസിന്റെ ചുരുളഴിഞ്ഞപ്പോള്‍ വാദി പ്രതിയായ അവസ്ഥ. ആലുവ ആയത്ത് ഇബ്രാഹിംകുട്ടിയുടെ വീട്ടില്‍ നിന്നു 40 പവന്‍ സ്വര്‍ണാഭരണവും എട്ടരലക്ഷം രൂപയും കവര്‍ന്നത് ഗൃഹനാഥയാണെന്ന് കണ്ടെത്തി. വീട്ടിലുള്ളവര്‍ക്ക് അനര്‍ഥമുണ്ടാകുമെന്ന് ഭയപ്പെടുത്തി ഗൃഹനാഥയുമായി അടുപ്പം സ്ഥാപിച്ച് തൃശൂര്‍ സ്വദേശിയായ അന്‍വര്‍ ഉസ്താദ് ലൈലയെ കൊണ്ട് മോഷണം നടത്തിക്കുയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

പിടിക്കപ്പെടുമെന്ന് ഉറപ്പായതോടെ കവര്‍ച്ചാ നാടകം ആസൂത്രണം ചെയ്യുകയായിരുന്നു. അന്‍വറിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഭര്‍ത്താവ് ഇബ്രാഹിം കുട്ടി അറിയാതെ ലൈല പണവും സ്വര്‍ണവും ഉസ്താദിന് കൈമാറുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം. നേരത്തെ ആസുത്രണം ചെയ്തതനുസരിച്ച് വീട്ടില്‍ ആരുമില്ലാത്ത സമയത്താണ് മോഷണം നടന്നതെന്ന് വരുത്തിത്തീര്‍ക്കുകയായിരുന്നു.

ഇതിന്റെ ഭാഗമായി എല്ലാമുറികളിലെയും മേശകളും അലമാരകകളും തുറന്ന് സാധനങ്ങള്‍ വലിച്ചുവാരി നിലത്തിടുകയും ചെയ്തു. സ്വര്‍ണം അലമാരയിലും പണം ബെഡിന്റെ അടിയിലുമാണ് സൂക്ഷിച്ചിരുന്നതെന്നുമായിരുന്നു ലൈല പൊലീസിന് നല്‍കിയ മൊഴി. ഇബ്രാഹിംകുട്ടിയും ഭാര്യ ലൈലയുമാണ് മാത്രമാണ് വീട്ടില്‍ താമസിച്ചിരുന്നത്. പഴയ കെട്ടിടങ്ങള്‍ വാങ്ങി പൊളിച്ചു വില്‍ക്കുന്ന ബിസിനസുകാരനാണ് ഇബ്രാഹിംകുട്ടി. അതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കു പുറത്തു പോയിരിക്കുകയായിരുന്നു അദ്ദേഹം. ഡിവൈഎസ്പി ടിആര്‍ രാജേഷിന്റെ നേതൃത്വത്തില്‍ പൊലീസ് സംഘമാണ് അന്വേഷണം നടത്തിയത്.

സംഭവത്തില്‍ ജില്ലാ പോലീസ് മേധാവി വൈഭവ് സക്‌സേനയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക ടീം രൂപീകരിച്ചുള്ള അന്വേഷണമാണ് വഴിത്തിരിവായത്. ആലുവ ഡിവൈ.എസ്.പി ടി.ആര്‍. രാജേഷിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. ശാസ്ത്രീയ അന്വേഷണത്തില്‍ കവര്‍ച്ച നാടകമാണെന്ന് മനസിലായി. വീട്ടുകാരെ ചോദ്യം ചെയ്തത്തില്‍ ആഭിചാര ക്രിയ ചെയ്യുന്ന ഉസ്താദിന്റെ നിര്‍ദേശനുസരണമാണ് ഇപ്രകാരം ചെയ്തതെന്നു വീട്ടമ്മ പോലീസിനോട് സമ്മതിച്ചു. ഭര്‍ത്താവിനും മക്കള്‍ക്കും അപകട മരണം സംഭവിക്കുമെന്നു പറഞ്ഞ് വിശ്വസിപ്പിച്ച് തവണകളായി പണവും സ്വര്‍ണവും കൈപ്പറ്റുകയായിരുന്നു എന്നാണ് ഇവര്‍ പറയുന്നത്.

ഇയാളുടെ നിര്‍ദേശ പ്രകാരമാണ് മുന്‍വശത്തെ ഡോറിന്റെ ലോക്ക് പൊളിച്ചതും വീട്ടില്‍ കവര്‍ച്ച നടന്ന രീതിയില്‍ ചിത്രീകരിച്ചതും. സ്വര്‍ണവും പണവും തട്ടിയെടുത്തതായി ഇയാള്‍ പൊലീസിനോട് സമ്മതിച്ചു. രണ്ട് വര്‍ഷം മുമ്പാണ് വീട്ടമ്മ ഇയാളെ പരിചയപ്പെട്ടത്. പിടിക്കപ്പെടുമെന്നായപ്പോഴാണ് അന്‍വറിന്റെ നിര്‍ദേശപ്രകാരം കവര്‍ച്ചാ നാടകം നടത്തിയത്.

അന്‍വറിനെക്കുറിച്ചും ഇയാളുടെ ഇടപാടുകളെക്കുറിച്ചും പോലീസ് അന്വേഷണം ആരംഭിച്ചു. ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്‌സേനയുടെ മേല്‍നോട്ടത്തില്‍ ഡിവൈ.എസ്.പി ടി.ആര്‍. രാജേഷ്, ഇന്‍സ്‌പെക്ടര്‍ സോണി മത്തായി, എസ്.ഐ മാരായ കെ. നന്ദകുമാര്‍, എസ്.ശ്രീലാല്‍, എം.സി. ഹരീഷ്, അരുണ്‍ ദേവ്, ചിത്തുജി, സിജോ ജോര്‍ജ്, എ.എസ്.ഐ വിനില്‍കുമാര്‍, എസ്. സി.പി.ഒ നവാബ്, സി.പി.ഒ മാരായ പി.എ. നൗഫല്‍, മുഹമ്മദ് അമീര്‍, മാഹിന്‍ഷാ അബൂബക്കര്‍, കെ.എം. മനോജ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.