- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലാത്തി ഒടിച്ചു, യൂണിഫോം വലിച്ചു കീറി; തിരുവനന്തപുരത്ത് പൊലീസുകാർക്ക് നേരെ ഗുണ്ടകളുടെ ആക്രമണം; 11 പേർക്കെതിരെ കേസ് ; സംഭവം കാരക്കോണത്തെ ഓണാഘോഷത്തിനിടെ
തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും ഗുണ്ടാവിളയാട്ടം. തിരുവനന്തപുരം കാരക്കോണത്ത് പൊലീസുകാരെ ഗുണ്ടാസംഘം ആക്രമിച്ചു. വെള്ളറട സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ സുരേഷ്, ഡ്രൈവർ സിപിഒ അരുൺ എന്നിവർക്ക് നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തിൽ 11 പേർക്കെതിരെ കേസെടുത്തു.
ഇന്നലെ രാത്രി പത്ത് മണിയോടെയായിരുന്നു സംഭവം. കാരക്കോണത്ത് നടന്ന ഓണാഘോഷത്തിനിടെ രണ്ട് സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടിയതായി വിവരം ലഭിച്ചതിനെ തുടർന്നാണ് വെള്ളറട പൊലീസ് സ്ഥലത്ത് എത്തിയത്. അക്രമസംഘത്തിൽപ്പെട്ട രണ്ട് പേരെ കസ്റ്റഡിയിലെടുത്ത് പൊലീസ് ജീപ്പിലേക്ക് കയറ്റുന്നതിനിടെ ഒരുസംഘം ഇവർക്ക് നേരെ ആക്രമണം നടത്തുകയായിരുന്നു. ആക്രമികൾ പൊലീസുകാരുടെ ലാത്തി ഒടിക്കുകയും യൂണിഫോം വലിച്ചു കീറുകയും ചെയ്തു.
ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും കൈയേറ്റം ചെയ്തതിനും അക്രമിസംഘത്തിൽ ഉൾപ്പെട്ട പതിനൊന്ന് പേരെ പ്രതി ചേർത്ത് പൊലീസ് കേസെടുത്തു. പ്രതികൾക്കായി അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. മർദ്ദനമേറ്റ പൊലീസുകാർ ആശുപത്രിയിൽ ചികിത്സയിലാണ്.
മറുനാടന് മലയാളി ബ്യൂറോ