കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്‌കര്‍ കാര്‍ അപകടത്തില്‍ മരിച്ച സംഭവത്തില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കള്‍ നല്‍കിയ ഹരജിയില്‍ ചൂണ്ടിക്കാട്ടിയ സംശയങ്ങളാണ് പുനരന്വേഷണത്തില്‍ അനുകൂല ഉത്തരവിന് ഹൈകോടതിയെ പ്രേരിപ്പിച്ചത്. ബാലഭാസ്‌കറിന്റെ സഹായി പ്രകാശ് തമ്പി, അപകടത്തെക്കുറിച്ച് ആദ്യമറിഞ്ഞവരില്‍ ഒരാളായ ജിഷ്ണു, ഡ്രൈവര്‍ അര്‍ജുന്റെ ബന്ധു ലത രവീന്ദ്രനാഥ്, അര്‍ജുന്റെ സുഹൃത്തും മുന്‍ തൊഴിലുടമയുമായ വിഷ്ണു സോമസുന്ദരം എന്നിവരെ സംശയമുനയില്‍ നിര്‍ത്തുന്നതായിരുന്നു ഈ സംശയങ്ങള്‍. പ്രകാശ് തമ്പിയും വിഷ്ണുവും സ്വര്‍ണക്കടത്ത് കേസിലെ പ്രതികളാണ്. സി.ബി.ഐ ഗൗരവത്തിലെടുക്കാതിരുന്ന ഈ സംശയങ്ങളാണ് കോടതി ഗൗരവത്തിലെടുത്തത്. എന്നാല്‍ സിബിഐ ഇപ്പോഴും അനങ്ങാപ്പാറ നയത്തിലാണ്. ഇതിനിടെയാണ് ബാലുവിന്റെ ഡ്രൈവര്‍ അര്‍ജുന്‍ സ്വര്‍ണ്ണ കടത്തു കേസില്‍ വീണ്ടും അകത്താകുന്നത്. ഇതോടെ സ്വര്‍ണ്ണ കടത്തു മാഫിയയ്‌ക്കൊപ്പമായിരുന്നു ബാലുവിന്റെ അവസാന യാത്രയെന്ന് വ്യക്തമാകുകയാണ്.

കാറിന്റെ മുന്‍സീറ്റിലിരുന്ന ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മി സീറ്റ് ബെല്‍റ്റ് ഇട്ടിരുന്നിട്ടും ഗുരുതര പരിക്കേറ്റെന്നും 94 കിലോമീറ്റര്‍ വേഗത്തില്‍ സീറ്റ് ബെല്‍റ്റിടാതെ കാറോടിച്ചിട്ടും ഡ്രൈവര്‍ അര്‍ജുന് കുറഞ്ഞ പരിക്കുകളാണ് ഉണ്ടായതെന്നുമുള്ള സംശയം ഹരജിയില്‍ ഉന്നയിച്ചിരുന്നു. ഡ്രൈവര്‍ അര്‍ജുന്‍ രണ്ട് എ.ടി.എം കവര്‍ച്ചക്കേസടക്കം ക്രിമിനല്‍ പശ്ചാത്തലമുള്ളയാളാണെന്നും ചൂണ്ടിക്കാട്ടിയിരുന്നു. അപകട സമയത്ത് പ്രകാശ് തമ്പി മംഗലപുരം, കഴക്കൂട്ടം മൊബൈല്‍ ടവറുകളുടെ പരിധിയിലുണ്ടായിരുന്നതായി പരിശോധനയില്‍ തെളിഞ്ഞിട്ടുണ്ട്. അനന്തപുരി ആശുപത്രിയുമായി പ്രകാശ് തമ്പിക്ക് അടുത്ത ബന്ധമാണുള്ളത്. ഇവിടെ വെച്ച് ബാലഭാസ്‌കറിന്റെ വിരലടയാളം പ്രകാശ് തമ്പി ശേഖരിച്ചിരുന്നു. സ്വര്‍ണക്കടത്തില്‍ പങ്കാളിയായിരുന്ന ആകാശ് ഷാജി അപകടം നടന്നതിന്റെ തലേദിവസം രാത്രി 10.30ന് പ്രകാശ് തമ്പിയെ ഫോണില്‍ വിളിച്ച് എട്ടര മിനിറ്റ് സംസാരിച്ചിരുന്നു. ഡി.ആര്‍.ഐ ഇയാളെ ചോദ്യം ചെയ്തിരുന്നെങ്കിലും സി.ബി.ഐ ചോദ്യം ചെയ്യലുണ്ടായില്ലെന്നും ഹരജിക്കാര്‍ ചൂണ്ടിക്കാട്ടി. സി.ബി.ഐയുടെ ഈ നടപടി അത്ഭുതപ്പെടുത്തുന്നതാണെന്ന് കോടതി അഭിപ്രായപ്പെട്ടു. ഈ കോടതി നിരീക്ഷണങ്ങളില്‍ ശക്തമായ അന്വേഷണം വേണമെന്ന ആവശ്യം ശക്തമാക്കുന്നതാണ് പുതിയ സംഭവങ്ങള്‍.

വയലിനിസ്റ്റ് ബാലഭാസ്‌കറും കുടുംബവും അപകടത്തില്‍പ്പെട്ട സ്ഥലത്തേക്ക് ആദ്യമെത്തിയത്, ബാലഭാസ്‌കറുടെ സഹായി പ്രകാശ് തമ്പി, ഇയാളുടെ കൂട്ടാളി വിഷ്ണു സോമസുന്ദരം എന്നിവരായിരുന്നു. ഇവരുടെ പ്രവൃത്തികളാണ് ബാലഭാസ്‌കറിന്റെ പിതാവ് കെ.സി. ഉണ്ണി നല്‍കിയ ഹര്‍ജിയില്‍ സംശയകരമായി ചൂണ്ടിക്കാട്ടിയത്. സ്വര്‍ണക്കള്ളക്കടത്തില്‍ പ്രതികളായ ഇവരുടെ പങ്കിനെ സംബന്ധിച്ച് സി.ബി.ഐ. കാര്യമായ അന്വേഷണം നടത്തിയില്ലെന്ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിലയിരുത്തിയിരുന്നു. സി.ബി.ഐ പോലുള്ള ഒരു അന്വേഷണ ഏജന്‍സി ഇക്കാര്യത്തില്‍ ആഴത്തിലുള്ള അന്വേഷണം നടത്തണമായിരുന്നെന്നും കോടതി അഭിപ്രായപ്പെട്ടു. 2018 സെപ്റ്റംബര്‍ 25-ന് പുലര്‍ച്ച 3.30-നാണ് കാറപകടത്തില്‍ ബാലഭാസ്‌കറും മകളും മരിച്ചത്. മരണവുമായി ബന്ധപ്പെട്ട് കെ.സി. ഉണ്ണി ഉന്നയിക്കുന്നത് 20 സംശയങ്ങളാണ്. എല്ലാം അതിനിര്‍ണ്ണായകം. പക്ഷേ ഇതിനൊന്നും സിബിഐ ഉത്തരം നല്‍കിയില്ല. ബാലഭാസ്‌കറിന്റെ മരണം കൊലപാതകം ആണോ എന്ന സംശയത്തിന് ഇട നല്‍കുന്നത് 20 വസ്തുതകളാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഹര്‍ജിക്കാരുടെ ഈ സംശയങ്ങള്‍ വളരെ പ്രാധാന്യമുള്ളതാണെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.

ബാലഭാസ്‌കറിന്റെ ഡ്രൈവറായിരുന്ന അര്‍ജുനെ പെരിന്തല്‍മണ്ണയിലെ സ്വര്‍ണക്കവര്‍ച്ചയില്‍ പോലീസ് അറസ്റ്റ് ചെയ്തതോടെയാണ് കേരളത്തെ നടുക്കിയ മരണത്തില്‍ വീണ്ടും ചര്‍ച്ചകളുയരുന്നത്. ബാലഭാസ്‌കറിന്റേത് അപകടമരണമല്ലെന്നും സ്വര്‍ണക്കടത്ത് സംഘങ്ങള്‍ക്ക് ഇതില്‍ പങ്കുണ്ടെന്നുമായിരുന്നു ആരോപണം. അപകടത്തിന് തൊട്ടുമുന്‍പ് ബാലഭാസ്‌കറിന്റെ കാര്‍ ആക്രമിക്കുന്നത് കണ്ടതായി കലാഭവന്‍ സോബിയും മൊഴി നല്‍കിയിരുന്നു. അപകടമരണത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണമുയര്‍ന്നതോടെ ആദ്യം ക്രൈംബ്രാഞ്ചും പിന്നീട് സി.ബി.ഐ.യും സംഭവത്തില്‍ അന്വേഷണം നടത്തി. അപകടത്തില്‍ ദുരൂഹതയില്ലെന്നും അമിതവേഗമാണ് അപകടത്തിന് കാരണമായതെന്നുമായിരുന്നു ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. പിന്നീട് കേസ് അന്വേഷിച്ച സി.ബി.ഐ.യും അപകടമരണത്തില്‍ അസ്വാഭാവികതയൊന്നുമില്ലെന്നാണ് കണ്ടെത്തിയത്. സി.ബി.ഐ. റിപ്പോര്‍ട്ട് കോടതിയും അംഗീകരിച്ചു. എന്നാല്‍, കേസില്‍ തങ്ങള്‍ ഉന്നയിച്ച പല ആക്ഷേപങ്ങളും അന്വേഷിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ബാലഭാസ്‌കറിന്റെ അച്ഛന്‍ പിതാവ് ഹൈക്കോടതിയെ സമീപിച്ചു. തുടര്‍ന്ന് ബാലഭാസ്‌കറിന്റെ മരണത്തില്‍ ഗൂഢാലോചനയുണ്ടെങ്കില്‍ അത് കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി തുടരന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.

2018 സെപ്റ്റംബര്‍ 25-നാണ് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച കാര്‍ ദേശീയപാതയില്‍ തിരുവനന്തപുരം പള്ളിപ്പുറത്തുവെച്ച് മരത്തിലിടിച്ച് അപകടമുണ്ടായത്. ബാലഭാസ്‌കര്‍, ഭാര്യ ലക്ഷ്മി, മകള്‍ തേജസ്വിനി ബാല, ഡ്രൈവര്‍ അര്‍ജുന്‍ എന്നിവരാണ് വാഹനത്തിലുണ്ടായിരുന്നത്. രണ്ടുവയസ്സുകാരി തേജസ്വിനി ബാല സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ബാലഭാസ്‌കര്‍ ഒക്ടോബര്‍ രണ്ടാം തീയതിയും മരണത്തിന് കീഴടങ്ങി. കേസില്‍ അര്‍ജുന്‍ ഉള്‍പ്പെടെ നുണപരിശോധനയ്ക്ക് വിധേയരാക്കിയിരുന്നു. എന്നാല്‍, വാഹനം ഓടിച്ചിരുന്നത് ആരാണെന്നത് സംബന്ധിച്ച് തുടക്കംമുതല്‍ സംശയങ്ങളുണ്ടായി. വാഹനം ഓടിച്ചത് ബാലഭാസ്‌കറാണെന്നായിരുന്നു അര്‍ജുന്റെ മൊഴി. എന്നാല്‍, അര്‍ജുനാണ് വാഹനമോടിച്ചതെന്ന് ബാലഭാസ്‌കറിന്റെ ഭാര്യയും നേരത്തെ മൊഴി നല്‍കിയിരുന്നു. ഇതെല്ലാം സംശയങ്ങള്‍ക്കിടയാക്കിയിരുന്നു. പിന്നീട് ശാസ്ത്രിയമായി തന്നെ അര്‍ജുനാണ് വണ്ടി ഓടിച്ചതെന്ന് തെളിയുകയും ചെയ്തു.

ബാലഭാസ്‌കറിന്റെ മരണത്തില്‍ സിബിഐ മറുപടി നല്‍കേണ്ട സംശയങ്ങള്‍ ചുവടെ

1, വടക്കുംനാഥ ക്ഷേത്രദര്‍ശനത്തിന് എത്തിയ ബാലഭാസ്‌ക്കറും കുടുംബവും തൃശൂരില്‍ മുറി ബുക്ക് ചെയ്തിരുന്നു. എന്നാല്‍ അതു റദ്ദാക്കി ബാലഭാസ്‌കറും കുടുംബവും രാത്രി തന്നെ തിരിക്കുകയായിരുന്നു. സംഗീത സംവിധായകന്‍ അക്ഷയ് വര്‍മ്മയുമായി കൂടിക്കാഴ്ചയുണ്ടെന്നും അതിനു പോകണമെന്നുമാണ് ബാലഭാസ്‌കര്‍ പറഞ്ഞിരുന്നതെന്നാണ് ലത മൊഴി നല്‍കിയിരിക്കുന്നത്. എന്നാല്‍ അക്ഷയ് വര്‍മ്മ ഇതു നിഷേധിക്കുകയായിരുന്നു. ബാലഭാസ്‌കറിന്റെ തിരിച്ചു വരവില്‍ ദുരൂഹത ഉയര്‍ത്തുന്ന പ്രധാന വസ്തുത ഇക്കാര്യമാണെന്ന് ഹൈക്കോടതി വിലയിരുത്തുന്നു.

2, സെപ്തംബര്‍ 25നു പുലര്‍ച്ചെ 4.15ന് അര്‍ജുനെ ലത ഫോണില്‍ വിളിച്ചിരുന്നു. എന്നാല്‍ പൊലീസാണ് ഫോണ്‍ എടുത്തത്. തുടര്‍ന്ന് ലത പ്രകാശ് തമ്പിക്കൊപ്പമുള്ള ജിഷ്ണുവിനെയും വിളിച്ചിരുന്നു. അര്‍ജുന്റെ ആന്റിയാണ് ലത. പാലക്കാട്ടെ ഒരു ആയുര്‍വേദ ആശുപത്രിയുടെ നടത്തിപ്പുകാര്‍.

3, പ്രകാശ് തമ്പിയും ജിഷ്ണുവും പുലര്‍ച്ചെ നാലരയോടെ അനന്തപുരി ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലുമെത്തി. തുടര്‍ന്ന് ഡോക്ടര്‍മാരുടെ ഉപദേശമനുസരിക്കാതെ ബാലഭാസ്‌കറിനെയും ഭാര്യയെയും അനന്തപുരി ആശുപത്രിയിലേക്ക് മാറ്റിയതും ഇവരുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു.

അന്നുതന്നെ രാവിലെ 10 മണിയോടെ പ്രകാശ് തമ്പി മംഗലപുരം പൊലീസ് സ്റ്റേഷനിലെത്തിയിരുന്നു. അപകടം നടന്ന സ്ഥലത്തു നിന്ന് ലഭിച്ച ബാലഭാസ്‌കറിന്റെ മൊബൈല്‍, പഴ്സ് തുടങ്ങിയവ പ്രകാശ് തമ്പിയാണ് ഏറ്റുവാങ്ങിയതര്. എന്നാല്‍ ഒപ്പിട്ടു നല്‍കിയിരുന്നില്ല.

4, ബാലഭാസ്‌കറിന്റെ മൊബൈല്‍ ഫോണ്‍ പ്രകാശ് തമ്പിയുടെ കൈയിലായിരുന്നു. ബാലഭാസ്‌കറിന്റെ ഭാര്യ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും പ്രകാശ് തമ്പി മൊബൈല്‍ നല്‍കിയില്ല.

5, 2019 മേയില്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ പ്രകാശ് തമ്പിയുടെ വീട്ടില്‍ റെയ്ഡ് നടത്തിയിരുന്നു. ഈ റെയ്ഡിലാണ് പ്രകാശ് തമ്പിയുടെ വീട്ടിലെ പൂജാമുറിയില്‍ നിന്ന് ബാലഭാസ്‌കറിന്റെ രണ്ടു മൊബൈല്‍ ഫോണുകള്‍ പൊലീസ് കണ്ടെടുക്കുന്നത്.

6, സ്വര്‍ണക്കടത്തു കേസില്‍ പ്രകാശ് തമ്പിയും വിഷ്ണു സോമസുന്ദരവും അറസ്റ്റിലായിട്ടുണ്ടെന്നുള്ളതും ഈ കേസുമായി ബന്ധപ്പെട്ട് ഹൈക്കോടി ഗൗരവമായി എടുത്തിട്ടുണ്ട്.

7,അപകടത്തിന് ഏതാനും മണിക്കൂര്‍ മുമ്പ് അപകടം നടന്ന സ്ഥലത്തിനടുത്തുള്ള എടിഎമ്മില്‍ നിന്ന് പ്രകാശ് തമ്പി 25,000 രൂപ പിന്‍വലിച്ചിരുന്നു

8, ബാലഭാസ്‌കറിനെയും ഭാര്യയെയും സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാന്‍ പ്രകാശ് തമ്പിക്ക് ധൃതിയുണ്ടായിരുന്നതായി സംശയമുണ്ട്. ബാലഭാസ്‌കറിനെ ആശുപത്രി മാറ്റുന്നതുമായി ബന്ധപ്പെട്ട് ബാലഭാസ്‌കറിന്റെ അടുത്ത ബന്ധുവും എസ്?യുടിയിലെ മെഡിക്കല്‍ ഡയറക്ടറുമായ ഡോ. അനൂപ് ചന്ദ്രനെ പ്രകാശ് തമ്പി അറിയിച്ചിരുന്നുമില്ല.

9, ബാലഭാസ്‌കറിനെ അനന്തപുരിയിലേക്ക് മാറ്റിയ ശേഷമാണ്.ആശുപത്രി മാറ്റിയ വിവരം മാതാപിതാക്കളെയും ബന്ധുക്കളെയും അറിയിക്കുന്നത്.

ബാലഭാസ്‌കര്‍ മരിച്ചെന്ന് അറിഞ്ഞപ്പോഴുള്ള പ്രകാശ് തമ്പിയുടെ പെരുമാറ്റം നാടകീയവും സംശയകരവുമായിരുന്നെന്ന് ഡോ. അനൂപ് മൊഴി നല്‍കിയിരുന്നു

10, അപകടസ്ഥലത്തുനിന്ന് പൊലീസ് ശേഖരിച്ച ബാലഭാസ്‌കറിന്റെ സാധനങ്ങള്‍ വിട്ടുകിട്ടാനായി ഒരു സ്ത്രീയും പുരുഷനും മംഗലപുരം പൊലീസ് സ്റ്റേഷനിലെത്തിയിരുന്നു.

11, ബാലഭാസ്‌കറിന്റെ ഫോണ്‍ സെപ്തംബര്‍ 25 ന് രാവിലെ 7.14 ന് മംഗലപുരം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വച്ചും രാവിലെ 7.35 ന് പേട്ട ജംഗ്ഷനില്‍ വച്ചും കാള്‍ സ്വീകരിച്ചതായും തെളിവുകളുണ്ട്.

12, ഫോണില്‍ കോളുകള്‍ വന്ന സമയത്ത് പ്രകാശ് തമ്പി മംഗലപുരം, കഴക്കൂട്ടം ടവറുകളുടെ പരിധിയിലുണ്ടായിരുന്നു.

13, ബാലഭാസ്‌കറിന്റെ ഡ്രൈവര്‍ അര്‍ജുന് രണ്ട് എടിഎം കവര്‍ച്ചാ കേസുകളടക്കം ക്രിമിനല്‍ പശ്ചാത്തലമുണ്ടായിരുന്നു എന്നും തെളിവുകള്‍ പുറത്തുവന്നിരുന്നു.

14, 94 കിലോമീറ്റര്‍ വേഗത്തില്‍ കാറോടിച്ചിരുന്ന അര്‍ജുന്‍ സീറ്റ് ബെല്‍റ്റ് ഇട്ടിരുന്നില്ല. എന്നാല്‍ അര്‍ജുന് സംഭവിച്ച പരിക്കുകള്‍ നിസ്സാരമായിരുന്നു.

15, ബാലഭാസ്‌കറിനെ ആശുപത്രി മാറ്റിയ ശേഷം അനന്തപുരി ആശുപത്രിയില്‍ വച്ച് ബാലഭാസ്‌കറിന്റെ വിരലടയാളം പ്രകാശ് തമ്പി എടുത്തിരുന്നു.

16, സ്വര്‍ണക്കടത്തില്‍ പങ്കാളിയായിരുന്ന ആകാശ് ഷാജിയും തമ്പിയും തമ്മില്‍ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. സെപ്തംബര്‍ 24 ന് രാത്രി 10.30 ന് പ്രകാശ് തമ്പിയെ ഫോണില്‍ വിളിച്ച് എട്ടര മിനിട്ടു സംസാരിച്ചിരുന്നു എന്നും ഫോണ്‍ രേഖകള്‍ പറയുന്നുണ്ട്.

17, ബാലഭാസ്‌കറിനു അപകടം സംഭവിച്ചശേഷമുള്ള തമ്പിയുടെ നീക്കങ്ങള്‍ വലിയ രീതിയില്‍ ദുരൂഹത ഉയര്‍ത്തുന്നുണ്ട്. യാത്രക്കിടെ ബാലഭാസ്‌കര്‍ ജ്യൂസ് കഴിച്ച കടയിലെ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിക്കാനായി പ്രകാശ് തമ്പി ഒരു ടെക്‌നീഷ്യനെയും മറ്റൊരാളെയും കൂട്ടി കൊല്ലത്തേക്ക് യാത്ര നടത്തിയിരുന്നു

18 പ്രകാശ് തമ്പിയും ടെക്‌നീഷ്യനും സിസി.ടിവി പരിശോധിച്ചെന്നും ജ്യൂസ് കടയുടമ മൊഴി നല്‍കിയിട്ടുണ്ട്. ശേഷം ഒന്നും കണ്ടെടുക്കാനായില്ലെന്നു പറഞ്ഞു പുറത്തേക്ക് പോയെന്നും അയാള്‍ പറഞ്ഞിരുന്നു.

19, വിഷ്ണുവിനോടൊപ്പം മുമ്പ് ജോലിചെയ്തിരുന്ന ആളായിരുന്നു ഡ്രൈവര്‍ അര്‍ജുന്‍. 2019-ല്‍ സ്വര്‍ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട് പ്രകാശ് തമ്പിയുടെ വീട്ടില്‍ റെയ്ഡ് നടത്തിയ കസ്റ്റംസിന്റെ ഡി.ആര്‍.ഐ. വിങ് ബാലഭാസ്‌കറിന്റെ രണ്ട് ഫോണ്‍ പിടിച്ചെടുത്തിരുന്നു. ബാലഭാസ്‌കറിന്റെ സഹായിയായിരുന്നു പ്രകാശ് തമ്പി. സ്വര്‍ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട് പിടികൂടിയ രണ്ടുപേര്‍ തങ്ങള്‍ പ്രകാശ് തമ്പിയും വിഷ്ണുവും നേതൃത്വം നല്‍കുന്ന സ്വര്‍ണക്കള്ളക്കടത്ത് സംഘത്തിന്റെ ഭാഗമാണെന്ന് മൊഴിനല്‍കിയിരുന്നു. ഇക്കാര്യം സി.ബി.ഐ.യെ അറിയിച്ചിരുന്നു. ബാലഭാസ്‌കറാണ് തന്നെ വിഷ്ണുവുമായി പരിചയപ്പെടുത്തിയതെന്ന് കസ്റ്റംസ് ഓഫീസര്‍ രാധാകൃഷ്ണന്‍ മൊഴിനല്‍കിയതും ഡി.ആര്‍.ഐ. സി.ബി.ഐ.യെ അറിയിച്ചിരുന്നു. ബാലഭാസ്‌കറിന്റെ സൗണ്ട് റെക്കോഡിസ്റ്റായിരുന്ന ജമീല്‍ അബ്ദുള്‍ ജബ്ബാര്‍ സ്വര്‍ണക്കള്ളക്കടത്തില്‍ കാരിയറായിരുന്നു.

20, ബാലഭാസ്‌കറുടെ വാഹനം ആക്രമിക്കുന്ന ചിലരെ കണ്ടുവെന്ന് മൊഴി നല്‍കിയ സോബി ജോര്‍ജിനെ അവിശ്വസിച്ച സി.ബി.ഐ., പ്രകാശ് തമ്പിയുടെയും വിഷ്ണുവിന്റെയും മൊഴികള്‍ വിശ്വസിച്ചത് സംശയകരമാണ്. സംഗീതസംവിധായകന്‍ അക്ഷയ് വര്‍മയെ കാണാനെന്ന പേരിലാണ് ബാലഭാസ്‌കര്‍ 2018 സെപ്റ്റംബര്‍ 24-ന് രാത്രി തൃശ്ശൂരില്‍നിന്ന് തിടുക്കത്തില്‍ തിരുവനന്തപുരത്തേക്ക് മടങ്ങിയത്. എന്നാല്‍, അത്തരത്തിലൊരു കൂടിക്കാഴ്ചയ്ക്ക് തീരുമാനിച്ചിരുന്നില്ലെന്നാണ് അക്ഷയ് വര്‍മയുടെ മൊഴി.