പനജി: ബിജെപി നേതാവും നടിയുമായ സൊനാലി ഫൊഗട്ടിന്റെ മരണത്തിലെ ദുരൂഹതകൾ നീങ്ങുന്നില്ല. രണ്ട് സഹപ്രവർത്തകർ ചേർന്ന് സൊനാലിയെ കൊലപ്പെടുത്തിയെന്ന ആരോപണമാണ് ഉയരുന്നത്. സൊനിലായുടെ സഹോദരനാണ് ഈ ആരോപണവുമായി രംഗത്തുവന്നിരിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി സഹപ്രവർത്തകർ കൊലപ്പെടുത്തിയതാണെന്നു സഹോദരൻ പൊലീസിൽ പരാതി നൽകി.

തിങ്കളാഴ്ച രാത്രി ഗോവയിലെ റസ്റ്ററന്റിൽ വച്ചു ദേഹാസ്വാസ്ഥ്യം തോന്നിയ സൊനാലി ആശുപത്രിയിലെത്തും മുൻപു മരിച്ചിരുന്നു. ഹൃദയാഘാതമാണു മരണകാരണമെന്നാണു ഡോക്ടർമാരുടെ പ്രാഥമിക നിഗമനം. എന്നാൽ, മരിക്കുന്നതിന് അൽപം മുൻപ് അമ്മയോടും സഹോദരിയോടും സഹോദരീ ഭർത്താവിനോടും സംസാരിച്ച സൊനാലി അസ്വസ്ഥയായിരുന്നുവെന്നും രണ്ടു പങ്കാളികളെക്കുറിച്ചു പരാതിപ്പെട്ടിരുന്നുവെന്നും സഹോദരൻ റിങ്കു ധാക്ക പറഞ്ഞു.

ഹരിയാനയിലെ സൊനാലിയുടെ ഫാം ഹൗസിൽനിന്നു സിസിടിവി ക്യാമറകളും ലാപ്‌ടോപ്പും അടക്കമുള്ളവ മരണശേഷം കാണാതായെന്നും റിങ്കു പറഞ്ഞു. ഗോവ പൊലീസ് സൊനാലിയുടെ സഹപ്രവർത്തകർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ തയാറായില്ലെന്നും റിങ്കു ആരോപിച്ചു. ബന്ധുക്കൾ സിബിഐ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്.

രണ്ട് ദിനം മുൻപാണ് ഒരു വെബ് സീരീസിന്റെ ആവശ്യങ്ങൾക്കായി സൊനാലി ഫോഗട്ട് വടക്കൻ ഗോവയിലെ ഹോട്ടലിലെത്തിയത്. ഇന്നലെ രാവിലെ ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചതോടെയാണ് ആശുപത്രിയിലേക്ക് കൊണ്ട് പോയത്. അവിടെ എത്തുംമുൻപ് മരണം സംഭവിച്ചു. കടുത്ത ഹൃദയാഘാതമാണ് 42- കാരിയുടെ മരണ കാരണമെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാൽ പൂർണ ആരോഗ്യവതിയായ സൊനാലിക്ക് ഇങ്ങനെ സംഭവിക്കില്ലെന്നാണ് കുടുംബം വിശ്വസിക്കുന്നത്.

ചില സംശയങ്ങളുമുണ്ട്. മരിക്കുന്നതിന് മണിക്കൂറുകൾക്ക് മുൻപ് സൊനാലി അമ്മയെ വിളിച്ച് സംസാരിച്ചിരുന്നു. തനിക്ക് എന്തോ സംഭവിക്കാൻ പോവുകയാണെന്ന പേടിയുണ്ടെന്ന് പറഞ്ഞു. ഭക്ഷണത്തിൽ എന്തോ ചേർത്തിട്ടുണ്ടോ എന്ന് സംശയിക്കുന്നതായും സൊനാലി പറഞ്ഞതായി സഹോദരി മാധ്യമങ്ങളോട് വെളിപ്പെടുത്തി.

ഹരിയാനയിലെ ആദംപൂർ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ചേക്കുമെന്ന് കരുതിയിരിക്കെയാണ് മരണം. 2019ൽ ഇതേ സീറ്റിൽ മത്സരിച്ചെങ്കിലും കോൺഗ്രസ് സ്ഥാനാർത്ഥിയോട് തോൽക്കുകയായിരുന്നു. ജയിച്ച കുൽദീപ് ബിഷ്‌ണോയ് ബിജെപിയിൽ ചേർന്നതോടെയാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. ഹിന്ദി ബിഗ്‌ബോസിന്റെ 14ആം പതിപ്പിലെ മത്സരാർഥിയെന്ന നിലയിലും പ്രശസ്തയാണ് സൊനാലി ഫോഗട്ട്.

ബിഗ് ബോസ് സീസൺ 14ലെ മത്സരാർഥിയായിരുന്നു സൊനാലി ഫോഗട്ട്. വൈൽഡ്കാർഡ് മത്സരാർത്ഥിയായാണ് അവർ എത്തിയത്. ബി?ഗ് ബോസിന് ശേഷം സോനാലി പ്രശസ്തയായി. ബിജെപി നേതാവ് കൂടിയായിരുന്നു സോനാലി, 2019ലെ ഹരിയാന തെരഞ്ഞെടുപ്പിൽ ബിജെപി ടിക്കറ്റിൽ ആദംപൂരിൽ നിന്ന് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചു. കുൽദീപ് ബിഷ്ണോയിക്കെതിരെയാണ് അവർ മത്സരിച്ചത്. ടിക് ടോക്കിലും സൊണാലി ഏറെ പ്രശസ്തയായിരുന്നു.

അതേസമയം മരണത്തിൽ ദുരൂഹതയില്ലെന്നാണ് ഗോവ പൊലീസിന്റെ നിലപാട്. ഡിജിപിയുമായി ബന്ധപ്പെട്ടു താൻ കാര്യങ്ങൾ അന്വേഷിക്കുന്നുണ്ടെന്നു മുഖ്യമന്ത്രി പ്രമോദ് സാവന്ത് പറഞ്ഞു. കഴിഞ്ഞദിവസം ഏതാനും സഹപ്രവർത്തകർക്കൊപ്പമാണ് സൊനാലി ഗോവയിലെത്തിയത്.