- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുവാക്കളെ തീവ്രവാദത്തിലേക്ക് നയിക്കുന്നു; ഇസ്ലാമിക് സ്റ്റേറ്റ് അടക്കമുള്ള തീവ്രവാദ സംഘടനകളുമായി ഉറ്റബന്ധം; ഉത്തരേന്ത്യയിൽ വർഗ്ഗീയ കലാപത്തിന് തുടർച്ചയായി ശ്രമിക്കുന്നു; കേരളത്തിൽ കൊന്നൊടുക്കിയത് 31 പേരെ; പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കാൻ കാരണങ്ങൾ നിരത്തി എൻ.ഐ.എ
ന്യൂഡൽഹി: പതിനൊന്ന് സംസ്ഥാനങ്ങളിൽ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഓഫീസുകളിലും നേതാക്കളുടെ വീടുകളിലും ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) സി.ആർ.പി.എഫിന്റെ സുരക്ഷയോടെ റെയ്ഡുകൾ നടത്തുന്നത് പോപ്പുലർ ഫ്രണ്ടിനെ രാജ്യവ്യാപകമായി നിരോധിക്കാനാണ്. പോപ്പുലർ ഫ്രണ്ടിന്റെ തീവ്രവാദബന്ധം വിശദമാക്കി എൻ.ഐ.എ കേന്ദ്രസർക്കാരിന് റിപ്പോർട്ട് നൽകിയാലുടൻ സംഘടനയെ നിരോധിക്കും. നിലവിൽ ഏതാനും സംസ്ഥാനങ്ങളിൽ പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചിട്ടുണ്ട്. 11 സംസ്ഥാനങ്ങളിൽ നടത്തിയ റെയ്ഡുകളിൽ 106 നേതാക്കളെയാണ് കസ്റ്റഡിയിലെടുത്തത്.
തീവ്രവാദ ബന്ധം തെളിയിക്കുന്ന ഡിജിറ്റൽ തെളിവുകളും പിടിച്ചെടുത്തിട്ടുണ്ട്. മിക്ക നേതാക്കളുടെയും വീടുകളിലെ കമ്പ്യൂട്ടർ, ലാപ്‌ടോപ്, മൊബൈലുകൾ എന്നിവയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നിരവധി സംസ്ഥാനങ്ങളിൽ അക്രമങ്ങളും കൊലപാതകങ്ങളും നടത്തിയത് തീവ്രവാദ ബന്ധമുള്ള പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണെന്ന് എൻ.ഐ.എ കണ്ടെത്തിയിട്ടുണ്ട്. പോപ്പുലർ ഫ്രണ്ട് ബന്ധമുള്ള ചിലയാളുകൾ ഐഎസിൽ ചേർന്നതിനെക്കുറിച്ചും എൻ.ഐ.എയ്ക്ക് വിവരം കിട്ടിയിട്ടുണ്ട്.
ഇസ്ലാമിക് സ്റ്റേറ്റ് അടക്കമുള്ള വിവിധ ഭീകര സംഘടനകളുമായി പോപ്പുലർ ഫ്രണ്ടിന് ബന്ധമുണ്ടെന്ന് എൻ.ഐ.എ പറയുന്നു. ഇതേ തുടർന്നാണ് പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കാനുള്ള നടപടിക്രമങ്ങൾ വേഗത്തിലാക്കിയത്. ബെംഗളൂരു കലാപത്തിന് പിന്നാലെയാണ് നിരോധന നീക്കം ശക്തമാക്കിയത്. ഐ.ബി, റോ, എൻഐഎ തുടങ്ങിയ ഏജൻസികൾ പോപ്പുലർ ഫ്രണ്ടിനെ നിരോധക്കണമെന്ന് കേന്ദ്രത്തോട് രേഖാമൂലം ആവശ്യപ്പെട്ടിരുന്നു. കേരളത്തിലും നിരവധി വർഗ്ഗീയ പ്രശ്‌നങ്ങളിൽ പോപ്പുലർ ഫ്രണ്ടിന്റെ പങ്ക് കണ്ടെത്തിയിട്ടുണ്ട്. കൊച്ചിയിൽ ഹൈക്കോടതിയിലേക്ക് പി.എഫ്.ഐ മാർച്ചും നടത്തിയതും വാട്‌സ് ആപ് വഴി ഹർത്താലിന് ആഹ്വാനം ചെയ്തതും അതേത്തുടർന്നുള്ള കലാപങ്ങളുമെല്ലാം വർഗ്ഗീയ കലാപത്തിനടക്കമുള്ള ശ്രമങ്ങളാണെന്നാണ് അന്വേഷണ ഏജൻസികൾ പറയുന്നത്.
കാശ്മീരിലെ കത്വയിൽ മുസ്ലിം ബാലിക കൊല്ലപ്പെട്ട സംഭവത്തിന്റെ മറവിൽ നടത്തിയ വാട്സ്ആപ്പ് ഹർത്താലിന് പിന്നിലും പോപ്പുലർ ഫ്രണ്ടായിരുന്നു. കൊടിഞ്ഞിയിൽ ഇസ്ലാംമതം സ്വീകരിച്ച ഫൈസൽ എന്ന യുവാവിനെ ആർഎസ്എസുകാർ കൊലപ്പെടുത്തിയപ്പോൾ അതിലെ ഒരു പ്രതിയായ ബിപിനെ കൊലപ്പെടുത്തിയ കേസിലും അറസ്റ്റിലായത് പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണ്. മുമ്പ് തിരൂരിലെ യാസിർ വധക്കേസിലെ രണ്ടാംപ്രതിയായ രവിയെ കൊലപ്പെടുത്തിയതും പോപ്പുലർ ഫ്രണ്ടാണ്. പൊലീസ് കണക്ക് പ്രകാരം 31 പേരെയാണ് സംസ്ഥാനത്ത് എൻഡിഎഫ്, പോപ്പുലർ ഫ്രണ്ട്, എസ്ഡിപിഐ പ്രവർത്തകർ കൊലപ്പെടുത്തിയത്. നാഷണൽ വുമൺ ഫ്രണ്ട്, കാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ എന്നീ പോഷക സംഘടനകളുമുണ്ട്. ഖുറാൻ ക്ലാസ് അടക്കമുള്ളവ സംഘടിപ്പിച്ചാണ് വുമൺ ഫ്രണ്ട് സ്ത്രീകളെ ആകർഷിക്കുന്നത്. എല്ലാത്തിനും ആത്മീയ പരിവേഷം നൽകുന്നതിന് ഖത്തീബ്മാരുടെ സംഘടനയായ ഇമാംസ് കൗൺസിലുമുണ്ട്. നാറാത്ത് കേസിൽ പോപ്പുലർ ഫ്രണ്ട് കേന്ദ്രത്തിൽനിന്ന് ബോംബ് അടക്കമുള്ള ആയുധങ്ങൾ പിടിച്ചെടുത്തിരുന്നു.
കേരളത്തിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ നിരവധിയിടത്ത് മത്സരിച്ച് വിജയിച്ച സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ (എസ്ഡിപിഐ) എന്ന രാഷ്ട്രീയ സംഘടനയും പോപ്പുലർ ഫ്രണ്ടിന്റേതാണ്. ബാംഗ്ലൂർ സ്ഫോടനക്കേസ്, കേരളത്തിലെ കൈവെട്ട് കേസ്, കേരള ലൗ ജിഹാദ് കേസ് എന്നിവയിൽ പോപ്പുലർ ഫ്രണ്ടിനും അതിന്റെ രാഷ്ട്രീയ വിഭാഗമായ എസ്ഡിപിഐയ്ക്കും പങ്കുണ്ടെന്ന് എൻ.ഐ.എ പറയുന്നു. രാമനവമി ആഘോഷങ്ങളുമായി ബന്ധപ്പെട്ട് രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ നടന്ന അക്രമസംഭവങ്ങളിൽ പോപ്പുലർ ഫ്രണ്ടിന് ബന്ധമുണ്ടായിരുന്നതായി കണ്ടെത്തിയിരുന്നു. ഗോവ, ഗുജറാത്ത്, രാജസ്ഥാൻ, മധ്യപ്രദേശ്, ജാർഖണ്ഡ്, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലാണ് രാമനവമി ഘോഷയാത്രയ്ക്കിടെ അക്രമസംഭവങ്ങളുണ്ടായത്.
2010 മുതൽ കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ പോപ്പുലർ ഫ്രണ്ടിന്റെ അപകടത്തെക്കുറിച്ച് കേന്ദ്രസർക്കാരിന് മുന്നറിയിപ്പ് നൽകിയിരുന്നു. നിരോധിത തീവ്രവാദി സംഘടനയായ സ്റ്റുഡന്റ്‌സ് ഇസ്ലാമിക് മൂവ്മെന്റ് ഓഫ് ഇന്ത്യയുമായി (സിമി) സഹകരിക്കുന്ന ഇസ്ലാമിക സംഘടനകയായിരുന്നു അന്ന് പോപ്പുലർ ഫ്രണ്ട്. സിറ്റിസൺസ് ഫോറം, ഗോവ, കമ്മ്യൂണിറ്റി സോഷ്യൽ ആൻഡ് എജ്യുക്കേഷണൽ സൊസൈറ്റി, രാജസ്ഥാൻ, നാഗ്രിക് അധികാർ സുരക്ഷാ സമിതി, പശ്ചിമ ബംഗാൾ, ലയോങ് സോഷ്യൽ ഫോറം, മണിപ്പൂർ, അസോസിയേഷൻ ഓഫ് സോഷ്യൽ ജസ്റ്റിസ്, ആന്ധ്രാപ്രദേശ് തുടങ്ങിയ സംഘടനകളെല്ലാം ഇന്ന് പോപ്പുലർ ഫ്രണ്ടിന്റെ ഭാഗമാണ്. ബാബറി മസ്ജിദ് തകർച്ചയ്ക്കും തുടർന്നുള്ള കലാപങ്ങൾക്കും ശേഷം 1993-ൽ രൂപീകരിച്ച നാഷണൽ ഡെവലപ്മെന്റ് ഫ്രണ്ടിന്റെ രണ്ടാമത്തെ രൂപമാണ് പോപ്പുലർ ഫ്രണ്ട്. ആദ്യരൂപമായ എൻഡിഎഫ് പിന്നീട് തമിഴ്‌നാട്ടിലെ എംഎൻപി, കർണാടകയിലെ കെഎഫ്ഡി, സിറ്റിസൺസ് ഫോറം (ഗോവ), കമ്മ്യൂണിറ്റി സോഷ്യൽ ആൻഡ് എജ്യുക്കേഷണൽ സൊസൈറ്റി (രാജസ്ഥാൻ), നഗ്രിക് അധികാർ സുരക്ഷാ സമിതി (ആന്ധ്രപ്രദേശ്) തുടങ്ങിയവയുമായി ലയിച്ചാണ് പിഎഫ്‌ഐ രൂപീകരിച്ചത്. 2006 നവംബർ 9ന് ബാംഗ്ലൂരിലാണ് പിഎഫ്‌ഐ രൂപീകരിച്ചത്.