- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചേര്‍ത്തലയിലെ വീട്ടമ്മയുടെ മരണം തലയ്ക്ക് പിന്നില്‍ ക്ഷതമേറ്റ്; തലയോട്ടിയില്‍ പൊട്ടലുക; അമ്മയെ അച്ഛന്‍ മര്‍ദിച്ച് കൊന്നതാണെന്ന മകളുടെ മൊഴി ശരിവെക്കും വിധത്തില്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്; സജിയുടെ മരണത്തില്‍ ഭര്‍ത്താവ് സോണിക്കെതിരെ കൊലപാതക കുറ്റം ചുമത്തും
ചേര്‍ത്തലയിലെ വീട്ടമ്മയുടെ മരണം തലയ്ക്ക് പിന്നില്‍ ക്ഷതമേറ്റ്
കൊച്ചി: ചേര്‍ത്തലയിലെ വീട്ടമ്മ സജിയുടെ മരണം തലയ്ക്ക് പിന്നിലേറ്റ ക്ഷതം കൊണ്ടെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. തലയോട്ടിയില്‍ പൊട്ടലുകള്‍ ഉണ്ടായിരുന്നുവെന്നും പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തി. ഇതോടെ അമ്മയെ അച്ഛന്‍ മര്‍ദിച്ച് കൊന്നതാണെന്ന മകളുടെ പരാതി ശരിവെക്കപ്പെടുകയാണ്. മകളുടെ പരാതിയെതുടര്‍നനാണ് സജിയുടെ മൃതദേഹം കല്ലറ തുറന്ന് പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം ചെയ്തത്. അസ്വഭാവിക മരണത്തിനാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രി വെന്റിലേറ്ററില്‍ ഒരു മാസത്തോളം ചികിത്സയിലായിരുന്ന സജി ഞായറാഴ്ചയാണ് മരിച്ചത്. സജിക്ക് ഭര്‍ത്താവ് സോണിയില്‍ നിന്ന് ക്രൂരമായ മര്‍ദനമേറ്റെന്ന മകളുടെ പരാതിയെ തുടര്‍ന്നാണ് പൊലീസ് ഇപ്പോള്‍ അസ്വഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. പോസ്റ്റ്‌മോര്‍ട്ടത്തിലെ നിഗമനങ്ങളുടെ അടിസ്ഥാനത്തില്‍ ഭര്‍ത്താവ് സോണിക്കെതിരെ കൊലപാതകകുറ്റമോ മനപൂര്‍വമല്ലാത്ത നരഹത്യകുറ്റമോ ചുമത്തുന്ന കാര്യത്തില്‍ പൊലീസ് ഉടന്‍ തീരുമാനമെടുക്കും.
വീട്ടിലെ സ്റ്റെയര്‍കേസില്‍ നിന്ന് വീണു പരിക്ക് പറ്റി എന്നാണ് ഡോക്ടര്‍ മാരോട് പറഞ്ഞാണ് സജിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത.് യാഥാര്‍ഥ്യം ഡോക്ടര്‍മാരോട് പോലും പറയാത്തത് ചികിത്സയെ ബാധിച്ചിട്ടുണ്ടോ എന്നും പൊലീസ് സംശയിക്കുന്നുണ്ട്. ആശുപത്രിയില്‍ കൂട്ടിരിപ്പുകാരനായി മുഴുവന്‍ സമയവും ഭര്‍ത്താവ് സോണി ഉണ്ടായിരുന്നു. അച്ഛന്‍ അമ്മയെ ക്രൂരമായി മര്‍ദിച്ചതാണ് മരണത്തിലേക്ക് നയിച്ചതെന്ന മകളുടെ പരാതിയില്‍ ആണ് പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം നടത്തുന്നത്. കഴിഞ്ഞ ജനുവരി എട്ടിന് ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സജി ഞായറാഴ്ചയാണ് മരിച്ചത്. സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷമാണ് മകള്‍ അച്ഛനെതിരെ പരാതി നല്‍കിയത്. സോണിയുടെ സ്ത്രീ സൗഹൃദങ്ങള്‍ ചോദ്യം ചെയ്തതിനായിരുന്നു സജിയെ ക്രൂരമായി മര്‍ദ്ദിച്ചതെന്നാണ് പരാതിയില്‍ പറയുന്നത്.
ആലപ്പുഴയിലെ സ്വകാര്യ ലാബില്‍ ലാബ് ടെക്‌നീഷ്യന്‍ ആയിരുന്നു സജി. ആങ്കര്‍ കമ്പനിയുടെ പ്രതിനിധിയായാണ് സോണി ലാബില്‍ ചെല്ലുന്നതും സജിയെ പരിചയപ്പെടുന്നതും. പിന്നീട് പരിചയം പ്രണയത്തിലേക്ക് എത്തുകയായിരുന്നു. ആലപ്പുഴ വടക്കേയറ്റത്ത് വീട്ടില്‍ ചാക്കോ ബേബി ദമ്പതികളുടെ രണ്ടാമത്തെ മകളാണ് സജി. വിവാഹശേഷം ലാബ് ടെക്‌നീഷ്യനായി ഏറെനാള്‍ സജി വിദേശത്ത് ജോലി ചെയ്തിരുന്നു. വീട് പുനര്‍നിര്‍മാണം അടക്കം പൂര്‍ത്തിയാക്കി കുട്ടികള്‍ മുതിര്‍ന്നതോടെയാണ് നാട്ടിലേക്ക് മടങ്ങിയത്. ഇതിനിടെ സോണി കടക്കരപ്പള്ളിയില്‍ പാത്രക്കട ആരംഭിച്ചു. മൂത്തമകന്‍ ബെന്നോബ് ദുബായില്‍ മൊബൈല്‍ ടെക്‌നീഷ്യനായി ജോലി ചെയ്യുകയായിരുന്നു. അമ്മ അപകടത്തില്‍പ്പെട്ട വാര്‍ത്ത അറിഞ്ഞതിനെ തുടര്‍ന്നാണ് നാട്ടിലെത്തിയത്. മകള്‍ മീഷ്മ മൂവാറ്റുപുഴയിലെ ജര്‍മന്‍ ഭാഷ പഠിപ്പിക്കുന്ന സ്ഥാപനത്തിലെ അധ്യാപികയാണ്.
ഭാഷാ പഠനം പൂര്‍ത്തിയാക്കി ജര്‍മനിയിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു. സജിയെ ഉപദ്രവിച്ച വിവരം പുറത്ത് പറഞ്ഞാല്‍ വകവരുത്തും എന്ന സോണിയുടെ ഭീഷണിയെ തുടര്‍ന്നാണ് മകള്‍ സംഭവങ്ങള്‍ ആദ്യഘട്ടത്തില്‍ മൂടിവച്ചത്. ഭീഷണി ആവര്‍ത്തിച്ചതോടെ ആണ് ഗത്യന്തരമില്ലാതെ അമ്മയുടെ സഹോദരന്മാരുടെ സഹായത്തോടെ പോലീസില്‍ വിവരം അറിയിച്ചത്. പോലീസ് തന്ത്രപൂര്‍വ്വം ഇയാളെ പിടികൂടുകയായിരുന്നു. സജിയെ സോണി നിരന്തരം മര്‍ദ്ദിച്ചിരുന്നതായി സജിയുടെ ബന്ധുക്കള്‍ പറഞ്ഞു. വിവാഹം കഴിഞ്ഞ കാലം മുതല്‍ ആക്രമണം പതിവായിരുന്നു പലതവണ കുട്ടികള്‍ പരാതിപ്പെട്ടിട്ടുണ്ട്. മദ്യലഹരിയില്‍ ആയിരുന്നു ആക്രമണം നടത്തിയിരുന്നത്. സംഭവ ദിവസം രാത്രി വീട്ടിലെത്തിയ സോണി സജിയെ മുടിക്കുത്തില്‍ പിടിച്ചു തല ഭിത്തിയില്‍ പിടിപ്പിക്കുകയായിരുന്നു എന്നും ചോര വാര്‍ന്ന് കിടന്ന ഇവരെ ഏറെ നേരത്തിനുശേഷമാണ് ആശുപത്രിയില്‍ എത്തിച്ചതെന്നും ബന്ധുക്കള്‍ ആരോപിച്ചു.
ഒരുമാസം ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെന്റിലേറ്ററിലായിരുന്ന സജി ഞായറാഴ്ച രാവിലെ ഏഴരയ്ക്കാണു മരിച്ചത്. മുട്ടം സെയ്ന്റ് മേരീസ് ഫൊറോനപള്ളി സെമിത്തേരിയില്‍ സംസ്‌കാരവും നടന്നു. പരാതിയെത്തുടര്‍ന്ന് ബുധനാഴ്ച കല്ലറ തുറന്ന് മൃതദേഹം പുറത്തെടുത്തു. ജനുവരി എട്ടിനു രാത്രി 10-നാണ് സജിയെ തലയ്ക്കു പരിക്കേറ്റനിലയില്‍ ചേര്‍ത്തലയിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചത്. വീട്ടിലെ കോണിപ്പടിയില്‍നിന്നു വീണെന്നാണു പറഞ്ഞത്. ചികിത്സയിലിരിക്കേ ഞായറാഴ്ച മരിച്ചു. ആരും പരാതിപ്പെടാത്തതിനാല്‍ സ്വാഭാവിക മരണമായി കരുതി മൃതദേഹം വീട്ടിലെത്തിച്ച് സംസ്‌കരിച്ചു.
എന്നാല്‍, ചൊവ്വാഴ്ച രാത്രിയില്‍ മകള്‍ മീഷ്മ ചേര്‍ത്തല പോലീസില്‍ പരാതിപ്പെട്ടതാണ് വഴിത്തിരിവായത്. വിവരമറിഞ്ഞയുടന്‍ പോലീസ് മീഷ്മയ്ക്കു സംരക്ഷണം നല്‍കി സോണിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചേര്‍ത്തലയിലെ ആശുപത്രിയിലെത്തിക്കുമ്പോള്‍ സജിക്കു ബോധമുണ്ടായിരുന്നെന്ന് ബന്ധുക്കള്‍ പറഞ്ഞു. വല്ലാതെ വേദനിക്കുന്നെന്നു പറഞ്ഞു. പിന്നെ സജി മിണ്ടിയിട്ടില്ല. ആലുപ്പുഴ മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയയ്ക്കുശേഷം സഹോദരങ്ങളായ ജെയിംസും തോമസുമടക്കമുള്ള ബന്ധുക്കള്‍ പലവട്ടം കാണാനെത്തിയിരുന്നു. കണ്ണീര്‍ മാത്രമായിരുന്നു പ്രതികരണം.