- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ഏലം സ്റ്റോറിന്റെ പൂട്ട് പൊളിച്ച് മോഷണം; അച്ഛനും മകനും ചേർന്ന് മോഷ്ടിച്ചത് മൂന്നുലക്ഷത്തിലധികം രൂപ വില വരുന്ന ഏലക്ക; പരിശോധനക്കെത്തിയ പോലീസിന്റെ കണ്ണ് വെട്ടിച്ച് രക്ഷപ്പെടാൻ ശ്രമം; ഒടുവിൽ 22കാരൻ പിടിയിൽ; കൂട്ടുപ്രതിയായ അച്ഛൻ ഒളിവിൽ
അടിമാലി: ഏലം സ്റ്റോറിൽനിന്ന് ഏലക്ക മോഷ്ടിച്ച കേസിൽ പ്രതി പിടിയിൽ. അച്ഛനും മകനും ചേർന്നാണ് പേത്തൊട്ടി ഉച്ചിലുകുത്ത് ഭാഗത്ത് നിന്നും മൂന്നുചാക്ക് ഏലക്ക മോഷ്ടിച്ചത്. സംഭവത്തിൽ കാമാക്ഷി വലിയപറമ്പിൽ വിപിൻ (22) അറസ്റ്റിലായത്. അണക്കര സ്വദേശിയുടെ സ്റ്റോറിൽനിന്നാണ് 125 കിലോഗ്രാം ഉണക്ക ഏലക്ക മോഷണം പോയത്.
ഈമാസം 17ന് രാത്രിയാണ് സംഭവം. മൂന്നുലക്ഷത്തിലധികം രൂപ വില വരുന്ന ഏലക്കയാണ് പ്രതികൾ മോഷ്ടിച്ചത്. കൂട്ട്പ്രതിയും വിപിന്റെ അച്ഛനുമായ ബിജു ഒളിവിലാണ്. സ്റ്റോറിന്റെ പൂട്ട് പൊളിച്ചാണ് മോഷണം നടത്തിയത്. ഉടമയുടെ പരാതിയെ തുടർന്ന് ശാന്തൻപാറ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
കഴിഞ്ഞ ദിവസം ശാന്തൻപാറയിലെ ഓട്ടോ ഡ്രൈവറായ ജോയിയെ സംശയകരമായ സാഹചര്യത്തിൽ ഒരാൾ ഓട്ടം വിളിച്ചിരുന്നു. പേത്തൊട്ടിയിൽനിന്ന് ഏലക്ക കൊണ്ടുപോകാനാണെന്നായിരുന്നു പറഞ്ഞത്. എന്നാൽ സംശയം തോന്നിയ ജോയി ഓട്ടം പോയില്ല. പിന്നീട് അന്വേഷണത്തിന്റെ ഭാഗമായി പോലീസ് എത്തിയതോടെയാണ് കേസിൽ വഴിത്തിരിവുണ്ടായത്.
രാത്രിയിൽ പരിശോധനക്കെത്തിയ ശാന്തൻപാറ സ്റ്റേഷനിലെ ഉദ്യോഗസ്ഥരോട് ജോയി നടന്ന കാര്യം പറഞ്ഞു. ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് പേത്തൊട്ടിയിലേക്ക് പോകുന്നതിനിടെ പ്രതി ബൈക്കിൽ ഒരു ചാക്ക് ഏലക്കയുമായി പോകുന്നത് ശ്രദ്ധയിൽ പെടുകയായിരുന്നു. പോലീസിനെ കണ്ടയുടൻ ബൈക്ക് ഉപേക്ഷിച്ച് പ്രതി ഓടി രക്ഷപ്പെട്ടു. ഏലത്തോട്ടത്തിലേക്ക് ഓടിരക്ഷപ്പെടവെ പ്രതിക്ക് ബാഗും നഷ്ടമായി.
ബാഗിൽനിന്നാണ് പോലീസിന് പ്രതിയുടെ പേരും വിലാസവും ലഭിക്കുന്നത്. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ വെള്ളത്തൂവൽ പവർഹൗസ് ഭാഗത്തുനിന്ന് ബസിൽ സഞ്ചരിക്കുകയായിരുന്ന പ്രതി പിടിയിലാവുകയായിരുന്നു. പ്രതിയെ റിമാൻഡ് ചെയ്തു. സംഭവത്തിലെ മറ്റ് പ്രതിയായ ബിജുവിനായുള്ള അന്വേഷണം പോലീസ് ഊർജിതമാക്കിയിട്ടുണ്ട്.