- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആലപ്പുഴയിലെ സ്വര്‍ണ വ്യാപാരിയുടെ മരണത്തില്‍ അന്വേഷണം തുടങ്ങി ക്രൈംബ്രാഞ്ച്; മരണത്തിന് മുമ്പ് രാധാകൃഷ്ണന്റെ ശരീരത്തിലുണ്ടായത് നിരവധി പരിക്കുകള്‍: കടുത്തുരുത്തി പോലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി വിശ്വകര്‍മ സംഘടന
ആലപ്പുഴയിലെ സ്വര്‍ണ വ്യാപാരിയുടെ മരണത്തില്‍ അന്വേഷണം തുടങ്ങി ക്രൈംബ്രാഞ്ച്
ആലപ്പുഴ: ആലപ്പുഴയിലെ സ്വര്‍ണ വ്യാപാരിയുടെ മരണത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. മണ്ണഞ്ചേരി പൊന്നാട് പണിക്കാപറമ്പില്‍ രാധാകൃഷ്ണന്‍ (63) മരിച്ച സംഭവത്തില്‍ മകന്‍ പി.ആര്‍.രതീഷ് മുഖ്യമന്ത്രിക്കും മുഹമ്മ പൊലീസ് സ്റ്റേഷനിലും നല്‍കിയ പരാതികളിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം. കടുത്തുരുത്തി പൊലീസ് രാധാകൃഷ്ണനെതിരെ എടുത്ത കേസും ക്രൈംബ്രാഞ്ച് ഏറ്റെടുക്കും. മോഷണമുതല്‍ വാങ്ങി എന്നാരോപിച്ചു കടുത്തുരുത്തി പൊലീസ് അറസ്റ്റ് ചെയ്ത രാധാകൃഷണ്ന്‍ തൊട്ടടുത്ത ദിവസം ജൂവലറിയില്‍ തെളിവെടുപ്പിന് എത്തിച്ചതിന് പിന്നാലെ കുഴഞ്ഞ് വീണ് മരിക്കുക ആയിരുന്നു.
പോലിസ് കസ്റ്റഡിയിലെടുത്തു രാധാകൃഷ്ണന്റെ ശരീരത്തില്‍ നിരവധി പരിക്കുകള്‍ ഉണ്ടായിരുന്നു. പോലിസുകാര്‍ ദേഹോപദ്രവം ഏല്‍പ്പിച്ചതിന്റെ പാടുകള്‍ ശരീരത്തില്‍ ഉണ്ടായിരുന്നു. ഇതോടെയാണ് കുടുംബം ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ടത്. ക്രൈംബ്രാഞ്ച് എസ്പി എ.പി.ഷൗക്കത്തലിയുടെ നേതൃത്വത്തിലാണ് അന്വേഷണം. കസ്റ്റഡിയില്‍ പൊലീസ് ക്രൂരമായി മര്‍ദിച്ചെന്നും മരണത്തില്‍ ദുരൂഹതയുണ്ടെന്നുമാണു മകന്റെ പരാതി. മരണത്തിനു മുന്‍പ് ബലപ്രയോഗം നടന്നെന്നു സ്ഥിരീകരിക്കുന്നതാണു കഴിഞ്ഞ ദിവസം പുറത്തുവന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ഇതിലെ കണ്ടെത്തലുകള്‍ കൂടി ഉള്‍പ്പെടുത്തി മുഖ്യമന്ത്രിക്കു വീണ്ടും പരാതി നല്‍കുമെന്നു രതീഷ് പറഞ്ഞു.
കഴിഞ്ഞ മാസം 6ന് പൊലീസ് കസ്റ്റഡിയിലെടുത്ത രാധാകൃഷ്ണന്‍ പിറ്റേന്നു വൈകിട്ടു ജ്വല്ലറിയിലെത്തിച്ചു തെളിവെടുക്കുമ്പോഴാണു നിലതെറ്റി താഴെ വീഴുന്നത്. ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ജൂവലറിയിലെത്തിച്ചതിന് പിന്നാലെ സയനൈഡ് കഴിച്ചാണ് രാധാകൃഷ്ണന്‍ മരിച്ചതെന്നാണു പൊലീസ് റിപ്പോര്‍ട്ട്. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സയനൈഡിനെ കുറിച്ച് പറയുന്നില്ല. രാധാകൃഷ്ണന്റെ കുടുംബവും ഇത് അംഗീകരിക്കുന്നില്ല. കടുത്തുരുത്തി എസ്എച്ച്ഒ ടി.എസ്.റെനീഷിനെതിരെയാണു കുടുംബത്തിന്റെ പരാതി.
രാധാകൃഷ്ണന്റെ ഇരുതോളുകളിലും മുതുകിലും ഇടതു കാലിലും ചതവും പരുക്കുമേറ്റതു പൊലീസ് പീഡനം മൂലമെന്നു സൂചന. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മരണത്തിനു മുന്‍പ് 24 മണിക്കൂറിനകം ഈ പരുക്കുകള്‍ ഉണ്ടായി എന്നാണു പറയുന്നത്. അപ്പോള്‍ ഇദ്ദേഹം പൊലീസ് കസ്റ്റഡിയിലായിരുന്നു. പരുക്കന്‍ പ്രതലത്തില്‍ ചേര്‍ത്തു നിര്‍ത്തി മര്‍ദിക്കുകയോ നിലത്തിട്ടു ചവിട്ടുകയോ ചെയ്താല്‍ ഉണ്ടാകുന്ന തരത്തിലുള്ള ചതവുകളാണിതെന്നു വിദഗ്ധ ഡോക്ടര്‍മാര്‍ പറയുന്നു. പക്ഷേ ഇതു മരണകാരണമാകില്ല. അതേസമയം, രണ്ടു വാരിയെല്ലുകള്‍ ഒടിഞ്ഞതു സിപിആര്‍ (ഹൃദയസ്തംഭനം ഉണ്ടാകുമ്പോള്‍ നെഞ്ചില്‍ ഏല്‍പിക്കുന്ന മര്‍ദം) നല്‍കിയപ്പോള്‍ ഉണ്ടായതാകാമെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ജീവന്‍ നിലനിര്‍ത്താനുള്ള അവസാന ശ്രമങ്ങളില്‍ ശക്തമായി സിപിആര്‍ നല്‍കാറുണ്ട്.
ഇന്നലെ ജ്വല്ലറിയില്‍ തെളിവെടുപ്പിനും ഫൊറന്‍സിക് പരിശോധനയ്ക്കുമായി ക്രൈംബ്രാഞ്ച് സംഘം എത്തിയെങ്കിലും രതീഷും ബന്ധുക്കളും കടുത്തുരുത്തി സ്റ്റേഷനു മുന്നില്‍ വിശ്വകര്‍മ സംഘടനകളുടെ സംയുക്ത പ്രതിഷേധ സമരത്തില്‍ പങ്കെടുക്കുകയായിരുന്നു. അടുത്ത ദിവസം വീണ്ടും ജ്വല്ലറിയിലെത്തി പരിശോധന നടത്തും.
അതേസമയം രാധാകൃഷ്ണന്റെ മരണം പൊലീസ് മര്‍ദനം മൂലമാണെന്ന് ആരോപിച്ചും പൊലീസിനെതിരെ നടപടി ആവശ്യപ്പെട്ടും സംയുക്ത വിശ്വകര്‍മ സംഘടനയുടെ നേതൃത്വത്തില്‍ കടുത്തുരുത്തി സ്റ്റേഷനിലേക്ക് പ്രതിഷേധ മാര്‍ച്ചും ധര്‍ണയും നടത്തി. കടുത്തുരുത്തി മാര്‍ക്കറ്റ് ജംക്ഷനില്‍ നിന്ന് ആരംഭിച്ച മാര്‍ച്ച് കടുത്തുരുത്തി തോട്ടുവ റോഡില്‍ പഴയ പഞ്ചായത്ത് ഓഫിസിനു സമീപം ബാരിക്കേഡുകള്‍ സ്ഥാപിച്ച് പൊലീസ് തടഞ്ഞു. തുടര്‍ന്നു നടന്ന ധര്‍ണ സ്വാമി സാധു കൃഷ്ണാനന്ദ സരസ്വതി മഹാരാജ് ഉദ്ഘാടനം ചെയ്തു. കുറ്റക്കാരെ മാറ്റിനിര്‍ത്തി സ്വതന്ത്ര അന്വേഷണം നടത്തണമെന്നും കുടുംബത്തിന് നീതി ലഭ്യമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതിഷേധ ധര്‍ണയില്‍ വിശ്വ ബ്രാഹ്‌മണ ആചാര്യ സമിതി അധ്യക്ഷന്‍ ആചാര്യ കെ.ബി. സുരേഷ് അധ്യക്ഷത വഹിച്ചു. മരണമടഞ്ഞ പണിക്കാപ്പറമ്പില്‍ രാധാകൃഷ്ണന്റെ മാതാവ് പത്മാവതി, ഭാര്യ സതി, മകന്‍ രതീഷ്, ബന്ധുക്കള്‍ തുടങ്ങിയവര്‍ സമരത്തില്‍ പങ്കെടുത്തു. രാഷ്ട്രീയകാര്യ സമിതി സംസ്ഥാന കോഓര്‍ഡിനേറ്റര്‍ രവീന്ദ്രന്‍ വാകത്താനം, എകെവിഡബ്ല്യുഎസ് നേതാവ് അനില്‍ കുമാര്‍ ആറുകാക്കല്‍, ഓള്‍ കേരള ഗോള്‍ഡ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ സംസ്ഥാന ആക്ടിങ് ജനറല്‍ സെക്രട്ടറി ജോയി പഴേമഠം, വിശ്വകര്‍മ ഐക്യവേദി നേതാവ് കെ.വി. ചന്ദ്രന്‍, കെവിഎസ് ജനറല്‍ സെക്രട്ടറി വിജയനാഥ്, യുവജന സംഘം സംസ്ഥാന പ്രസിഡന്റ് അനീഷ് കൊക്കര, സംസ്ഥാന നേതാവ് ബിമല്‍ കുമാര്‍ മാഞ്ഞൂര്‍, കൗണ്‍സില്‍ അംഗം അജയഘോഷ്, സുനില്‍ ആലുവ, ദീപു എരുമേലി തുടങ്ങിയവര്‍ പ്രസംഗിച്ചു.