പയ്യന്നൂർ: ലോക ഫുട്‌ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയെ ബ്രാൻഡ് അംബാസഡറാക്കിത്തരാമെന്ന് വാഗ്ദാനം ചെയ്ത് വിദേശ നിർമാണ കമ്പനിയിൽ നിന്ന് 1.35 കോടി രൂപ തട്ടിയതായി പരാതി. റൊണാൾഡോയുടെ മാനേജരായി ചമഞ്ഞാണ് തട്ടിപ്പ് നടത്തിയത്. സംഭവത്തിൽ തിരുവനന്തപുരം വെഞ്ഞാറമ്മൂട് വലിയകട്ടക്കലിലെ ഹമീം മുഹമ്മദ് ഷാഫി, കണ്ണൂർ കടമ്പൂരിലെ അവിക്കൽ സുധീഷ് എന്നിവർക്കെതിരെ കോടതി ഉത്തരവുപ്രകാരം പയ്യന്നൂർ പോലീസ് കേസെടുത്തു.

തുർക്കി ആസ്ഥാനമായ മെറ്റാഗ് എന്ന നിർമാണ കമ്പനിയുടെ പാർട്ണറുടെ നിർദേശപ്രകാരം പണം കൈമാറിയ അന്നൂരിലെ പ്രകാശ് രാമനാഥിന്റെ പരാതിയിലാണ് നടപടി. 2017-18 കാലഘട്ടത്തിലാണ് സംഭവം നടന്നത്. മെറ്റാഗ് കമ്പനിക്ക് ദോഹയിൽ അപ്പാർട്ട്‌മെന്റ് പ്രോജക്ടുണ്ടായിരുന്നു. ഈ പ്രോജക്ടിന്റെ പ്രചാരണത്തിനായി ക്രിസ്റ്റ്യാനോ റൊണാൾഡോയെ ബ്രാൻഡ് അംബാസഡറാക്കാമെന്ന് വിശ്വസിപ്പിച്ച് പ്രതികൾ കമ്പനിയെ സമീപിച്ചു.

റൊണാൾഡോയുടെ മാനേജരാണെന്ന് തെളിയിക്കുന്ന വ്യാജ കത്തുകൾ കാണിച്ചതോടെ കമ്പനി പ്രതികളെ വിശ്വസിച്ചു. തുടർന്ന്, സേവനത്തിനുള്ള വ്യവസ്ഥകൾ അംഗീകരിച്ച് പ്രതികൾക്ക് പണം കൈമാറുകയായിരുന്നു. പയ്യന്നൂരിലെ ഹോട്ടലിൽ വെച്ച് കൈമാറിയ രണ്ടുലക്ഷം രൂപ ഉൾപ്പെടെ വിവിധ ഘട്ടങ്ങളിലായി ആകെ 1,35,62,500 രൂപ തട്ടിയെടുത്തതായാണ് പരാതിയിൽ പറയുന്നത്.