- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ഓൺലൈൻ ഷെയർ ട്രേഡിംഗിലൂടെ പണം സമ്പാദിക്കാമെന്ന് പറഞ്ഞ് യുവാവിനെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാക്കി: പിന്നാലെ പണം നിക്ഷേപിക്കാൻ ആവശ്യപ്പെട്ടു; ചെറിയ ലാഭം നൽകി വിശ്വാസം പിടിച്ചു പറ്റി; ഒന്നരമാസത്തിനിടെ തട്ടിയെടുത്തത് 86 ലക്ഷം രൂപ; പിടിയിലായത് നിരവധി തട്ടിപ്പ് കേസുകളിലെ പ്രതിയായ ജെവിൻ ജേക്കബ്
കോട്ടയം: ഓൺലൈൻ ഷെയർ ട്രേഡിംഗിലൂടെ വലിയ ലാഭം വാഗ്ദാനം ചെയ്ത് കോട്ടയം സ്വദേശിയിൽ നിന്ന് 86 ലക്ഷം രൂപ തട്ടിയ കേസിൽ പ്രതിയെ അറസ്റ്റ് ചെയ്തു. എറണാകുളം ചിറ്റൂർ മൂലമ്പള്ളി മാളിയേക്കൽ വീട്ടിൽ ജെവിൻ ജേക്കബ് (33) ആണ് പിടിയിലായത്. എറണാകുളം വൈപ്പിൻ എളങ്കുന്നപ്പുഴ പനയ്ക്കപ്പാടം ഭാഗത്ത് നിന്നാണ് ഇയാളെ കോട്ടയം സൈബർ പോലീസ് അറസ്റ്റ് ചെയ്തത്.
2025 ജൂൺ 10നും ജൂലൈ 25നും ഇടയിൽ പല തവണകളായാണ് പ്രതി പണം തട്ടിയെടുത്തത്. ഷെയർ ട്രേഡിംഗ് ബിസിനസ്സിലൂടെ ലാഭം നേടാമെന്ന് വിശ്വസിപ്പിച്ച് യുവാവിനെ ഒരു വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാക്കിയ ശേഷം പണം നിക്ഷേപിക്കാൻ ആവശ്യപ്പെടുകയായിരുന്നു. ആദ്യഘട്ടത്തിൽ ചെറിയ ലാഭം നൽകി വിശ്വസ്തത നേടിയ ശേഷം, കൂടുതൽ നിക്ഷേപം നടത്തിയാൽ വൻ ലാഭം ലഭിക്കുമെന്ന് പറഞ്ഞ് വീണ്ടും പണം വാങ്ങി.
നിക്ഷേപിച്ച പണത്തിൻ്റെ ലാഭം ഇവരുടെ തന്നെ ഓൺലൈൻ വെർച്വൽ അക്കൗണ്ടിൽ കാണിച്ചു വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്. പണം പിൻവലിക്കാൻ 14 മുതൽ 21 ദിവസം വരെ സമയമെടുക്കുമെന്നും അറിയിച്ചിരുന്നു. എന്നാൽ, പറഞ്ഞ സമയമായിട്ടും പണം ലഭിക്കാതെ വന്നപ്പോൾ സംശയം തോന്നിയ യുവാവ് പോലീസിൽ പരാതി നൽകുകയായിരുന്നു.
സംസ്ഥാനത്തുടനീളം സമാനമായ തട്ടിപ്പുകൾ നടത്തിയ പ്രതിയെ പത്തോളം മൊബൈൽ നമ്പരുകൾ കേന്ദ്രീകരിച്ച് കോട്ടയം സൈബർ സെൽ നിരീക്ഷിച്ചു വരികയായിരുന്നു. ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദിന്റെ നിർദ്ദേശപ്രകാരം ജില്ലാ ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി വി.എസ്. അനില്‍കുമാർ, കോട്ടയം സൈബർ പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ ഹണി കെ. ദാസ്, എസ്.ഐ സുരേഷ് കുമാർ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിക്കെതിരെ മറ്റ് സംസ്ഥാനങ്ങളിലായി സമാനമായ എട്ട് കേസുകൾ നിലവിലുണ്ടെങ്കിലും ഇതാദ്യമായാണ് അറസ്റ്റിലാവുന്നത്.