തൃശൂര്‍: എന്നെയൊന്ന് പറ്റിച്ചോളു എന്ന് പറഞ്ഞ് പോയി നില്‍ക്കാതിരിക്കുകയാണ് വേണ്ടത് എന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത് 'പാതിവില' തട്ടിപ്പുമായി ബന്ധപ്പെട്ട ചര്‍ച്ചയിലാണ്. ആട്, തേക്ക് മാഞ്ചിയം തട്ടിപ്പ്് മുതല്‍ മണി ചെയിനും, പണമിരട്ടിപ്പും അടക്കം എത്രയെത്ര തട്ടിപ്പുകളിലാണ് മലയാളികള്‍ തല വച്ചുകൊടുത്തിരിക്കുന്നത്. ഏറ്റവും ഒടുവിലത്തേത് 'ഡെഡ് മണി' തട്ടിപ്പാണ്. തൃശൂരിലാണ് 'ഡെഡ് മണി' തട്ടിപ്പുമായി സഹോദരങ്ങള്‍ രംഗത്ത് എത്തിയത്.

അനന്തരാവകാശികളില്ലാതെ മരിച്ചവരുടെ സ്വത്ത് കിട്ടുമെന്ന് വാഗ്ദാനം ചെയ്താണ് ഇവര്‍ തട്ടിപ്പ് നടത്തുന്നത്. തൃശൂര്‍ പെരിഞ്ഞനം സ്വദേശി ഹരി സ്വാമി, സഹോദരി ജിഷ, പ്രസീത എന്നിവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. 5000 രൂപ മുടക്കിയാല്‍ ഒരു കോടി രൂപ വരെ കിട്ടുമെന്ന് വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടത്തുന്നത്. പണം നല്‍കിയവര്‍ ഇപ്പോള്‍ എന്തുചെയ്യണമെന്ന് അറിയാതെ നട്ടം തിരിയുകയാണ്. പ്രവാസിയായ മോഹനന് 45 ലക്ഷം രൂപ വരെ നഷ്ടപ്പെട്ടതായി പറഞ്ഞു.

ഇറിഡിയം ലോഹ ശേഖരത്തിന്റെ പേരിലും പണം വാങ്ങി. പ്രവാസിയായ തൃശൂര്‍ ആനന്തപുരം സ്വദേശി മോഹനന് 45 ലക്ഷം രൂപ നഷ്ടപ്പെട്ടു. മാടായിക്കോണം സ്വദേശി മനോജിന്റെ പരാതിയിലാണ് കേസ്. ദീര്‍ഘകാലമായി നിക്ഷേപം നടത്തുകയായിരുന്നുവെന്നാണ് മോഹനന്‍ പറഞ്ഞത്. മാടായിക്കോണം വില്ലേജില്‍ മാപ്രാണം സ്വദേശിയായ മനോജ് ചന്ദ്രന്‍് 31000 രൂപ നഷ്ടപ്പെട്ടു എന്നു കാണിച്ച് ഇരങ്ങാലക്കുട പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതോടെയാണ് തട്ടിപ്പിന്റെ കഥ പുറത്തുവന്നത്.

ഇറിഡിയം ലോഹത്തിന്റെ ബിസിനസ് ചെയ്ത് പണം നല്‍കാമെന്ന് വിശ്വസിപ്പിച്ച് 2018 ഓഗസ്റ്റില്‍, മാപ്രാണത്തെ വീട്ടില്‍ വച്ച് 20,000 രൂപയും, 2019 ജനുവരിയില്‍, ഇരിങ്ങാലക്കുട കെ എസ് ആര്‍ ടി സി ബസ്റ്റാന്റിന് അടത്തുള്ള വീട്ടില്‍ വച്ചും, ഡ്രൈവര്‍ മുഖേനയും രണ്ട് തവണകളായി 11,000 രൂപയും അടക്കം 31,000 രൂപ വാങ്ങിയ ശേഷം തിരികെ നല്‍കാതെ വിശ്വാസ വഞ്ചന നടത്തി ചതിച്ചുവെന്നാണ് ഇരിങ്ങാലക്കുട പൊലീസിന്റെ പ്രഥമ വിവര റിപ്പോര്‍ട്ടില്‍ പറയുന്നത്. തൃശൂര്‍ പെരിഞ്ഞനം സ്വദേശി ഹരി സ്വാമി, സഹോദരി ജിഷ, മാപ്രാണം സ്വദേശി പ്രസീത എന്നിവരാണ് പ്രതികള്‍.