ന്യൂഡല്‍ഹി: ചെങ്കോട്ട മെട്രോ സ്‌റ്റേഷന് സമീപമുണ്ടായത് വന്‍സ്‌ഫോടനം. ശക്തമായ പൊട്ടിത്തെറിയില്‍ തെരുവ് വിളക്കുകള്‍ തകര്‍ന്നുവീണു. 8 വാഹനങ്ങള്‍ പൂര്‍ണമായി കത്തി നശിച്ചു. ഈകോ വാനിലാണ് സ്‌ഫോടനം ഉണ്ടായതെന്ന് കരുതുന്നു. 9 പേര്‍ മരിച്ചതായി സ്ഥിരീകരിച്ചു. 25 ല്‍ അധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി.

ഇന്ന് വൈകുന്നേരം ചെങ്കോട്ട മെട്രോ സ്റ്റേഷനിലെ ഒന്നാം നമ്പര്‍ ഗേറ്റിന് സമീപത്താണ് ഈക്കോ വാനില്‍ സ്‌ഫോടനം ഉണ്ടായത്. മെട്രോ സ്റ്റേഷന്റെ ഗേറ്റ് നമ്പര്‍ 1 ന് സമീപം നിര്‍ത്തിയിട്ടിരുന്ന രണ്ട് കാറുകളാണ് പൊട്ടിത്തെറിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

സ്‌ഫോടനം 'വളരെ ശക്തമായിരുന്നു' എന്ന് ഡല്‍ഹി പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. സ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ തീപിടിത്തത്തിലാണ് ആറുവാഹനങ്ങള്‍ കത്തി നശിച്ചത്.


അഗ്നിശമന സേനയുടെ ഏകദേശം 20 ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്തേക്ക് അയച്ചു. പോലീസ് പ്രദേശം മുഴുവന്‍ വളയുകയും ഗതാഗതം നിയന്ത്രിക്കുകയും ചെയ്തിട്ടുണ്ട്. സ്‌ഫോടനത്തിന്റെ സ്വഭാവം ഇതുവരെ അറിവായിട്ടില്ല. സ്‌ഫോടന കാരണം നിര്‍ണ്ണയിക്കുന്നതിനായി ഫോറന്‍സിക്, സാങ്കേതിക വിദഗ്ധര്‍ സ്ഥലത്തേക്ക് എത്തുന്നുണ്ട്.നഗരത്തില്‍ വന്‍ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്.

റോഡിന്റെ മധ്യഭാഗത്താണ് സ്‌ഫോടനം നടന്നത്. അപകടസ്ഥലത്ത് ഒരാളുടെ മൃതദേഹം ചിതറിത്തെറിച്ച നിലയില്‍ കാണപ്പെട്ടതായി സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ദൃശ്യങ്ങളില്‍ വ്യക്തമാണ്. സ്‌ഫോടനത്തില്‍ പരിക്കേറ്റവരെ ഉടന്‍ തന്നെ അടുത്തുള്ള എല്‍എന്‍ജിപി ആശുപത്രിയിലേക്ക് മാറ്റി. തീ പൂര്‍ണ്ണമായും അണച്ചതായി ഫയര്‍ഫോഴ്‌സ് അറിയിച്ചു. സ്‌ഫോടന ശബ്ദം കേട്ടയുടന്‍ പ്രദേശത്ത് പരിഭ്രാന്തി പടരുകയും ആളുകള്‍ ജീവനും കൊണ്ടോടുകയുമായിരുന്നു.

സ്വാതന്ത്ര്യദിനത്തില്‍ പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്ന ചെങ്കോട്ടയ്ക്ക് സമീപം നടന്ന ഈ സ്‌ഫോടനം അതീവ ഗൗരവത്തോടെയാണ് സുരക്ഷാ ഏജന്‍സികള്‍ കാണുന്നത്. അന്താരാഷ്ട്ര വിനോദസഞ്ചാരികളുടെയും തിരക്കേറിയ വ്യാപാരികളുടെയും കേന്ദ്രമായ ചാന്ദ്‌നി ചൗക്കിന് സമീപമാണ് സംഭവം. സ്‌ഫോടനം നടന്ന ഉടന്‍ തന്നെ ബോംബ് സ്‌ക്വാഡ് അടക്കമുള്ള സുരക്ഷാ ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തെത്തി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഡല്‍ഹി പൊലീസ് കമ്മിഷണറുമായി ഫോണില്‍ സംസാരിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി.

സംഭവത്തിന് മണിക്കൂറങ്ങള്‍ക്ക് മുന്‍പ് ജമ്മു കശ്മീര്‍ സ്വദേശികളായ രണ്ടു ഡോക്ടര്‍മാരെ ആയുധങ്ങളടക്കം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഈ സ്‌ഫോടനം നടന്നിരിക്കുന്നത് എന്നുള്ളത് അന്വേഷണത്തിന് പുതിയ വഴിത്തിരിവ് നല്‍കുന്നു


ഹരിയാനയിലെ ഫരീദാബാദില്‍ ഒരിടത്തുനിന്ന് വലിയ അളവില്‍ സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയ അതേ ദിവസമാണ് ഈ സംഭവമുണ്ടായത് എന്നതും ശ്രദ്ധേയമാണ്.സ്‌ഫോടനത്തിന്റെ സ്വഭാവം ഇതുവരെ അറിവായിട്ടില്ല. സ്‌ഫോടന കാരണം നിര്‍ണ്ണയിക്കുന്നതിനായി ഫോറന്‍സിക്, സാങ്കേതിക വിദഗ്ധര്‍ സ്ഥലത്ത് എത്തി.

പഴയ ഡല്‍ഹിയിലെ തിരക്കേറിയ പ്രദേശത്താണ് ചെങ്കോട്ട (ലാല്‍ ഖില) സ്ഥിതി ചെയ്യുന്നത്. ഇത് ഡല്‍ഹിയിലെ പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നാണ്.

ദൃക്സാക്ഷിയുടെ വാക്കുകള്‍:

'എന്റെ വീടിന്റെ മുകളില്‍ നിന്ന് ഞാന്‍ തീ കണ്ടു. വന്‍ ശബ്ദം കേട്ടു. സ്‌ഫോടനത്തില്‍ കെട്ടിടങ്ങളുടെ ജനലുകള്‍ കുലുങ്ങി,' ഒരു ദൃക്സാക്ഷി പറഞ്ഞു.