ന്യൂഡല്‍ഹി: ചെങ്കോട്ടയ്ക്ക് സമീപം ഇന്ന് വൈകുന്നേരം കാര്‍ പൊട്ടിത്തെറിച്ച് കൊല്ലപ്പെട്ടവരുടെ എണ്ണം 13 ആയി ഉയര്‍ന്നു. 24 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ആറുപേരുടെ നില ഗുരുതരമാണ്. മെട്രോ സ്‌റ്റേഷന്റെ ഒന്നാം നമ്പര്‍ ഗേറ്റിന് സമീപമാണ് സ്‌ഫോടനം ഉണ്ടായത്. മെല്ലെ വന്ന കാര്‍ ട്രാഫിക് സിഗ്‌നലില്‍ പൊട്ടിത്തെറിക്കുകയായിരുന്നു. സമീപത്തുള്ള വാഹനങ്ങളും തകര്‍ന്നെന്ന് ഡല്‍ഹി കമ്മീഷണര്‍ പറഞ്ഞു. കാറിനുള്ളില്‍ ഒന്നിലധികം പേര്‍ ഉണ്ടായിരുന്നെന്നും വ്യക്തമായിട്ടുണ്ട്. ഐ ഇ ഡി ഉപയോഗിച്ചുള്ള സ്‌ഫോടനമെന്നാണ്

പ്രാഥമിക നിഗമനം. രണ്ടുപേരെ കസ്റ്റഡിയിലെടുത്തതായും സൂചനയുണ്ട്.

വൈകുന്നേരം 6:52-ന് ഒരു ഹുണ്ടായ് ഐ20 (Hyundai I20) കാറിലാണ് സ്‌ഫോടനം നടന്നത്. സുഭാഷ് മാര്‍ഗ് ട്രാാഫിക് സിഗ്‌നലില്‍ നിര്‍ത്തിയ, സാവധാനം നീങ്ങുകയായിരുന്ന വാഹനത്തിലാണ് സ്‌ഫോടനം നടന്നതെന്ന് ഡല്‍ഹി പൊലീസ് കമ്മീഷണര്‍ സതീഷ് ഗോല്‍ച്ച മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. 'വൈകുന്നേരം 6.52-ഓടെ, പതുക്കെ നീങ്ങിയ ഒരു വാഹനം ചുവന്ന സിഗ്നലില്‍ നിര്‍ത്തി. ആ വാഹനത്തില്‍ ഒരു സ്ഫോടനം ഉണ്ടായി. ആ സമയം വാഹനത്തിനുള്ളില്‍ യാത്രക്കാര്‍ ഉണ്ടായിരുന്നു. സ്ഫോടനം മൂലം സമീപത്തുള്ള വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു'', ഡല്‍ഹി പോലീസ് കമ്മീഷണര്‍ പറഞ്ഞു. കൂടുതല്‍ കാര്യങ്ങള്‍ പോലീസ് അന്വേഷിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. ഈ തിരക്കേറിയ പ്രദേശത്ത് ശരീരഭാഗങ്ങളും തകര്‍ന്ന കാറുകളും ചിതറിക്കിടക്കുന്ന നിലയില്‍ കാണാം. സ്‌ഫോടനം 22 കാറുകള്‍ക്ക് നാശനഷ്ടമുണ്ടാക്കി.

ഇന്ത്യയുടെ പ്രധാന ഭീകരവാദ അന്വേഷണ ഏജന്‍സിയായ ദേശീയ അന്വേഷണ ഏജന്‍സിയും (NIA) നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡും (NSG) അന്വേഷണത്തില്‍ പങ്കുചേര്‍ന്നിട്ടുണ്ട്.

മുംബൈ, ജയ്പൂര്‍, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍ അതീവ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കാനിരിക്കുന്ന ബിഹാറിലും ജാഗ്രത ശക്തമാക്കി.സ്‌ഫോടനത്തിന് തൊട്ടുപിന്നാലെ, വര്‍ഷം മുഴുവനും വിനോദസഞ്ചാരികളുടെ തിരക്ക് അനുഭവപ്പെടുന്ന ഈ പ്രദേശത്ത് പോലീസ്, സുരക്ഷാ ഉദ്യോഗസ്ഥര്‍ നിലയുറപ്പിച്ചു.

സ്‌ഫോടനത്തിന്റെ തീവ്രത കാരണം സമീപത്തുണ്ടായിരുന്ന വാഹനങ്ങള്‍ക്കും കടകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. സ്‌ഫോടനം നടന്ന സ്ഥലത്ത് നിന്ന് ഏകദേശം 150 മീറ്റര്‍ അകലെ വരെ വാഹനങ്ങള്‍ തെറിച്ചുപോയതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു.

തിങ്കളാഴ്ച വൈകുന്നേരം 6:55 ഓടെയാണ് സംഭവം സംബന്ധിച്ചുള്ള അറിയിപ്പ് ലഭിച്ചതെന്ന് ഡല്‍ഹി ഫയര്‍ സര്‍വീസ് അധികൃതര്‍ വ്യക്തമാക്കി. സ്‌ഫോടനം വളരെ ശക്തമായിരുന്നെന്ന് ഡല്‍ഹി പോലീസ് വൃത്തങ്ങള്‍ സൂചിപ്പിച്ചു. സ്‌പെഷ്യല്‍ സെല്ലിലെ ഡിസിപി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തെത്തി. സ്‌ഫോടനത്തിന്റെ യഥാര്‍ത്ഥ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. ഫോറന്‍സിക്, സാങ്കേതിക വിദഗ്ധര്‍ സ്ഥലത്തെത്തി സ്‌ഫോടനത്തിന്റെ കാരണങ്ങളും സ്വഭാവവും കണ്ടെത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു.


അതിനിടെ, രാജ്യതലസ്ഥാനത്തെ ഭീകരാക്രമണ സാധ്യതയെത്തുടര്‍ന്ന് മുംബൈയിലും പോലീസ് അതീവ ജാഗ്രത പുലര്‍ത്തുന്നുണ്ട്. പോലീസ് സ്റ്റേഷനുകള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും സംശയം തോന്നുന്ന വ്യക്തികളെ നിര്‍ത്തി പരിശോധിക്കാനും ആവശ്യമായ നടപടികള്‍ സ്വീകരിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ദൃക്സാക്ഷി വിവരണം:

പരിക്കേറ്റ ഓട്ടോ ഡ്രൈവറായ സീഷാന്‍, 'എന്റെ തൊട്ടുമുന്നിലുണ്ടായിരുന്ന കാര്‍ ഏകദേശം രണ്ട് അടി അകലെയായിരുന്നു. അതില്‍ ബോംബായിരുന്നോ മറ്റെന്തെങ്കിലുമായിരുന്നോ എന്ന് എനിക്കറിയില്ല, പക്ഷേ അത് പൊട്ടിത്തെറിച്ചു,' എന്ന് പറഞ്ഞു.

എന്റെ വീടിന്റെ മുകളില്‍ നിന്ന് ഞാന്‍ ഒരു വലിയ തീഗോളം കണ്ടു. വലിയ ശബ്ദമുണ്ടായിരുന്നു. സ്‌ഫോടനത്തില്‍ കെട്ടിടങ്ങളുടെ ജനലുകള്‍ കുലുങ്ങിപ്പോയി,' എന്നും മറ്റൊരു ദൃക്‌സാക്ഷി പറഞ്ഞു.

മോദിയുമായി സംസാരിച്ച് അമിത്ഷാ

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്‌ഫോടനത്തെക്കുറിച്ച് ധരിപ്പിച്ചു. ഡല്‍ഹി പൊലീസ് കമ്മീഷണറും എന്‍.ഐ.എ, ഇന്റലിജന്‍സ് ബ്യൂറോ (ഐ.ബി.) മേധാവികളും സ്ഥിതിഗതികള്‍ ആഭ്യന്തര മന്ത്രിയെ നിരന്തരം അറിയിക്കുന്നുണ്ടെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

സുരക്ഷാ മുന്നറിയിപ്പ്

മുംബൈ, ജയ്പൂര്‍, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലും, നാളെ രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കാനിരിക്കുന്ന ബിഹാറിലും അതീവ ജാഗ്രത പ്രഖ്യാപിച്ചു.

തലസ്ഥാനത്തിന് 50 കിലോമീറ്റര്‍ അകലെ ഹരിയാനയിലെ ഫരീദാബാദില്‍ നിന്ന് 2,900 കിലോഗ്രാം സ്‌ഫോടകവസ്തുക്കള്‍ കണ്ടെടുത്ത അതേ ദിവസമാണ് ഈ സ്‌ഫോടനമുണ്ടായത്. കൂടാതെ, ബിഹാറില്‍ രണ്ടാം ഘട്ട വോട്ടെടുപ്പിന്റെ തലേന്നാണ് സംഭവം.