- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ദിവ്യശ്രീയുടെ കൊലപാതകം; രാജേഷ് എത്തിയത് കൊല്ലാന്‍ ഉറപ്പിച്ചു കരുതിക്കൂട്ടി തന്നെ; കൃത്യത്തിന് ശേഷം വലിച്ചെറിഞ്ഞ കത്തി പെരുമ്പപ്പുഴയില്‍ നിന്ന് കണ്ടെത്തി; രാജേഷ് വീട്ടിലേക്ക് എത്തിയത് മകന്‍ ആശിഷിനോട് അമ്മ വീട്ടിലുള്ള കാര്യം ചോദിച്ച് ഉറപ്പാക്കിയ ശേഷം; പ്രതി റിമാന്‍ഡില്‍
ദിവ്യശ്രീയുടെ കൊലപാതകം; രാജേഷ് എത്തിയത് കൊല്ലാന്‍ ഉറപ്പിച്ചു കരുതിക്കൂട്ടി തന്നെ
കരിവെള്ളൂര്‍: വനിതാ സിവില്‍ പോലീസ് ഓഫീസര്‍ പലിയേരിക്കൊവ്വലിലെ പി.ദിവ്യശ്രീയുടെ കൊലപാതകക്കേസിലെ പ്രതി കെ.രാജേഷിനെ പെരുമ്പയിലെത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തി. കൊല്ലാനുപയോഗിച്ച ആയുധം പെരുമ്പപ്പുഴയില്‍ ഉപേക്ഷിച്ചെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പെരുമ്പയിലെത്തിച്ചത്. പോലീസും അഗ്നിരക്ഷാസേനയും മണിക്കൂറോളം തിരച്ചില്‍ നടത്തിയശേഷം കൊലപാതകത്തിനുപയോഗിച്ച ആയുധം പുഴയില്‍നിന്ന് കണ്ടെടുത്തിട്ടുണ്ട്.
കൊലപാതകത്തിനായി പോകുമ്പോള്‍ പെരുമ്പയിലെ പെട്രോള്‍ പമ്പില്‍നിന്ന് പെട്രോളും വാങ്ങി കൈയില്‍ കരുതിയിരുന്നു. പെട്രോള്‍ പമ്പ്, ആയുധം വാങ്ങിയ കട എന്നിവിടങ്ങളിലും തെളിവെടുപ്പിനായി കൊണ്ടുപോയി. രാജേഷിനെ 15 ദിവസത്തേക്ക് കോടതി റിമാന്‍ഡ് ചെയ്തു. കൊലപാതകം നടന്ന ദിവ്യശ്രീയുടെ വീട്ടിലും പരിസരത്തും ഫൊറന്‍സിക് വിദഗ്ധര്‍ പരിശോധന നടത്തിയിട്ടുണ്ട്.
അതേസമയം ദിവ്യശ്രീയെ ആക്രമിക്കുമ്പോള്‍ തടയാന്‍ചെന്ന അച്ഛന്‍ വാസുവിനെയും രാജേഷ് ആക്രമിച്ചിരുന്നു. കഴുത്തിനും ചെവിക്കും വെട്ടേറ്റ വാസു കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയിലാണുള്ളത്. ദിവ്യശ്രീയുടെ മൃതദേഹം ശനിയാഴ്ച രാവിലെ 7.30-ന് പയ്യന്നൂര്‍ പോലീസ് സ്റ്റേഷനിലും എട്ടിന് ചന്തേര പോലീസ് സ്റ്റേഷനിലും 8.30-ന് പലിയേരിക്കൊവ്വല്‍ എ.വി. സ്മാരക വായനശാലയിലും പൊതുദര്‍ശനത്തിന് വെക്കും. 10-ന് കൂക്കാനം ജനകീയശ്മശാനത്തില്‍ സംസ്‌കരിക്കും.
വനിതാ സിവില്‍ പോലീസ് ഓഫീസര്‍ ദിവ്യശ്രീയെ കൊലപ്പെടുത്തുകയെന്ന ഉദ്ദേശ്യത്തോടെയാണ് ഭര്‍ത്താവ് രാജേഷ് വ്യാഴാഴ്ച വൈകിട്ട് പലിയേരിക്കൊവ്വലിലെ വീട്ടിലെത്തിയതെന്നാണ് പോലീസ് പറയുന്നത്. വിവാഹമോചനത്തിനായി കണ്ണൂരിലെ കുടുംബകോടതിയില്‍ ദിവ്യശ്രീ നല്‍കിയ കേസിന്റെ വിചാരണ വ്യാഴാഴ്ചയുണ്ടായിരുന്നു.
രാജേഷും ദിവ്യശ്രീയും അച്ഛനും വിചാരണയില്‍ ഹാജരായിരുന്നു. നിരന്തരം ഉപദ്രവിക്കുന്ന രാജേഷുമായി ഒരു കാരണവശാലും യോജിച്ചുപോകാന്‍ കഴിയില്ലെന്ന് ദിവ്യശ്രീയും അച്ഛനും അറിയിച്ചിരുന്നു. കണ്ണൂരില്‍നിന്ന് മടങ്ങുമ്പോള്‍ പയ്യന്നൂരില്‍നിന്ന് കത്തിയും പെട്രോളും വാങ്ങി രാജേഷ് നേരേ ബൈക്കില്‍ പലിയേരിയിലെത്തുകയായിരുന്നു. വീടിനുസമീപം കളിക്കുകയായിരുന്ന മകന്‍ ആശിഷിനോട് അമ്മ വീട്ടിലുള്ള കാര്യം ചോദിച്ച് ഉറപ്പാക്കിയാണ് വീട്ടിലേക്ക് ചെന്നത്.
അതേസമയം ഗാര്‍ഹിക പീഡന വിവരങ്ങള്‍ കൗണ്‍സിലിങ്ങില്‍ വെളിപ്പെടുത്തിയതിന്റെ പകയിലെന്ന് ഭര്‍ത്താവ് കെ.രാജേഷിന്റെ മൊഴി നല്‍കിയിരിക്കുന്നത്. ചോദ്യം ചെയ്യലിലാണ് രാജേഷ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. ഏഴു ലക്ഷം രൂപ ധൂര്‍ത്തടിച്ചെന്ന് ദിവ്യശ്രീ പറഞ്ഞതും രാജേഷിനെ പ്രകോപിച്ചു. ദിവ്യശ്രീ വിവാഹമോചനത്തില്‍ ഉറച്ചു നിന്നത് പ്രകോപനം സൃഷ്ടിച്ചെന്ന് ഭര്‍ത്താവ് രാജേഷിന്റെ മൊഴിയില്‍ പറയുന്നു. ഏഴ് ലക്ഷം രൂപയും, സ്വര്‍ണഭരണങ്ങളും തിരികെ ചോദിച്ചതും കൊലപാതകത്തിലേക്ക് നയിച്ചുവെന്നാണ് പ്രതിയുടെ മൊഴി. ഭാര്യയെ കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെയാണ് വീട്ടിലെത്തിയതെന്നും രാജേഷ് വെളിപ്പെടുത്തി.
പ്രതി രാജേഷ് പയ്യന്നൂര്‍ പോലീസിന്റെ കസ്റ്റഡിയിലാണ്. പ്രതി രാജേഷിനെ ഇന്നലെ കണ്ണൂര്‍ പുതിയതെരുവ് ബാറില്‍ നിന്നാണ് പിടികൂടിയത്. ദിവ്യശ്രീയുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച ശേഷമാണ് പ്രതി വെട്ടിയത്. കാസര്‍ഗോഡ് ചന്തേര പൊലീസ് സ്റ്റേഷനിലെ സിപിഒ ആണ് ദിവ്യശ്രീ. ദിവ്യശ്രീയുടെ വീട്ടിലെത്തിയാണ് രാജേഷ് കൊടുവാള്‍ ഉപയോഗിച്ച് വെട്ടുകയായിരുന്നു. മുഖത്തും കഴുത്തിനും ഗുരുതരമായി പരുക്കേറ്റിരുന്നു. ദിവ്യശ്രീയെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ദിവ്യശ്രീയും രാജേഷും തമ്മില്‍ ദാമ്പത്യപ്രശ്‌നങ്ങളുണ്ടായിരുന്നു.
ഇതേ തുടര്‍ന്നു കഴിഞ്ഞ കുറേനാളായി ഇരുവരും അകന്നുകഴിയുകയായിരുന്നു. ഇന്നലെ കുടുംബ കോടതിയില്‍ സിറ്റിങ് ഉണ്ടായിരുന്നു. സിറ്റിങ്ങിലാണ് രാജേഷ് ഉപദ്രവിക്കുന്നതായി ദിവ്യശ്രീ വെളിപ്പെടുത്തിയത്. വൈകിട്ട് ദിവ്യശ്രീയുടെ വീട്ടിലെത്തിയ രാജേഷ് ബഹളമുണ്ടാക്കുകയും തുടര്‍ന്ന് വടിവാളു കൊണ്ട് ദിവ്യശ്രീയെ ദേഹമാസകലം വെട്ടുകയുമായിരുന്നു. തടയാന്‍ ശ്രമിച്ച പിതാവ് കെ.വാസുവിനും വെട്ടേറ്റു. നിലവിളിയോടെ വീട്ടില്‍നിന്ന് ഇറങ്ങിയോടിയ ദിവ്യശ്രീ ഗേറ്റിനു മുന്നില്‍ കുഴഞ്ഞുവീണു.