പാലക്കാട്: പാലക്കാട് ഡി.വൈ.എഫ്.ഐക്കാര്‍ തമ്മിലടിച്ചു. ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറിയുടെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ കമന്റിട്ടതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ ഡി.വൈ.എഫ്.ഐ നേതാവിന് നേരെ ആക്രമണം. സഹപ്രവര്‍ത്തകരുടെ ആക്രമണത്തില്‍ പരിക്കേറ്റ് വാണിയംകുളം പനയൂര്‍ സ്വദേശി വിനേഷ് ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍. ആക്രമണത്തില്‍ വിനേഷിന്റെ തലക്കാണ് ഗുരുതരമായി പരിക്കേറ്റത്.

വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള വിനീഷിന് വെന്റിലേറ്ററിലാണ്. വിനീഷിനെ നില അതീവ ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. അക്രമികളെ പോലീസ് തിരിച്ചറിഞ്ഞിരുന്നു. അതേസമയം, ആക്രമണം നടത്തിയ രണ്ടു പേരെ കോഴിക്കോട് നിന്ന് പിടികൂടിയതായി വിവരം. ഷൊര്‍ണൂര്‍ ബ്ലോക്ക് കമ്മിറ്റി അംഗങ്ങളാണ് പിടിയിലായവര്‍. കോയമ്പത്തൂര്‍-മംഗലാപുരം ട്രെയിനില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികളെ സിറ്റി ക്രൈം സ്‌ക്വാഡും ആര്‍.പി.എഫും ചേര്‍ന്നു പിടികൂടുകയായിരുന്നു. പ്രതികളുടെ പേരുവിവരങ്ങള്‍ വൈകാതെ പുറത്തുവിടും.

വിനീഷ് പനയൂര്‍ യൂനിറ്റ് അംഗവും വാണിയംകുളം മേഖലാ കമ്മിറ്റിയംഗവുമായിരുന്നു. സംഘടനാ ക്രമീകരണത്തിന്റെ ഭാഗമായി വാണിയംകുളം, കൂനത്തറ എന്നീ രണ്ട് മേഖലകളായി തിരിച്ചു. വാണിയംകുളം മേഖലയില്‍ നിന്ന് വിനീഷ് കൂനത്തറ മേഖലയിലേക്ക് മാറി. ഒപ്പം പനയൂര്‍ യൂനിറ്റും കൂനത്തറയിലേക്ക് മാറി.

ഇവിടെ വിനീഷ് ഡി.വൈ.എഫ്.ഐ ജോയിന്റ് സെക്രട്ടറിയായിരുന്നു. ഈ സമയത്ത് പനയൂര്‍ ഉള്‍പ്പെടെയുള്ള യൂനിറ്റ് കമ്മിറ്റികള്‍ വാണിയംകുളം മേഖലയിലേക്ക് വീണ്ടും തിരിച്ചുമാറ്റി. ഇതില്‍ വാണിയംകുളം മേഖല കമ്മിറ്റിയുമായി വിനീഷിന് വിയോജിപ്പ് ഉണ്ടാവുകയും അക്കാര്യം രേഖപ്പെടുത്തുകയും ചെയ്തു.

പിന്നാലെ വാണിയംകുളം മേഖല കമ്മിറ്റിയംഗമായ വിനീഷ് സംഘടനാ ചുമതലയില്‍ നിന്ന് പൂര്‍ണമായി മാറിനിന്നു. പിന്നീട് ഡി.വൈ.എഫ്.ഐയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളെ സമൂഹ മാധ്യമങ്ങളിലൂടെ എതിര്‍ക്കുന്നതിലേക്ക് വിനീഷ് കടന്നു. കഴിഞ്ഞ ദിവസം വാണിയംകുളം മേഖല സെക്രട്ടറിയുടെ ഫേസ്ബുക്ക് പോസ്റ്റിന് വിനീഷ് കമന്റിടുകയും ഇതിന് മറുപടിയായി പ്രാദേശിക നേതാക്കള്‍ തിരിച്ചും കമന്റിട്ടു.

താന്‍ വാണിയംകുളത്ത് ഉണ്ടെന്നും ആക്രമിക്കേണ്ടവര്‍ക്ക് വരാമെന്നും വിനീഷ് വെല്ലുവിളിക്കുകയും ചെയ്തു. ഇന്നലെ രാത്രിയില്‍ വിനീഷിന് നേരെ വാണിയംകുളം, പനയൂര്‍ ഭാഗങ്ങളില്‍ നിന്ന് ആക്രമണം ഉണ്ടാവുകയായിരുന്നു. മൂന്നു വര്‍ഷം മുമ്പ് പരാതിയുടെ അടിസ്ഥാനത്തില്‍ സി.പി.എം പ്രാഥമിക അംഗത്വത്തില്‍ നിന്ന് വിനീഷിനെ പുറത്താക്കിയിരുന്നു. ഡി.വൈ.എഫ്.ഐ കൂനത്തറ മേഖലാ കമ്മിറ്റി രൂപീകരിച്ചതോടെ ജോയിന്റ് സെക്രട്ടറിയായ വിനീഷ് സംഘടനയില്‍ വലിയ തിരിച്ചുവരവാണ് നടത്തിയിരുന്നത്.

സംഘടനയുടെ പ്രാദേശിക മേഖലയില്‍ പ്രവര്‍ത്തിച്ചിരുന്ന വിനീഷ് നിയമസഭാ സമ്മേളനം അടക്കം സി.പി.എം അനുകൂലമായ വാര്‍ത്തകള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. സംഘനാ പ്രവര്‍ത്തനമില്ലാത്തതിനാല്‍ വിനീഷിനെ സംഘടനയുടെ മുഴുവന്‍ ചുമതലയില്‍ നിന്ന് നീക്കിയിരുന്നുവെന്ന് ഡി.വൈ.എഫ്.ഐ നേതൃത്വം പറയുന്നു.