- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എസ്എഫ്ഐഒ സമര്‍പ്പിച്ച കുറ്റപത്രത്തിന്റെ സൂക്ഷ്മ പരിശോധന പൂര്‍ത്തിയായി; വീണ വിജയന്‍ അടക്കം 11 പ്രതികള്‍ക്കും എതിരായ കുറ്റം പ്രഥമദൃഷ്ട്യാ നിലനില്‍ക്കും; കുറ്റപത്രം ഫയലില്‍ സ്വീകരിച്ച് എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി; വീണയ്ക്കും ശശിധരന്‍ കര്‍ത്തയ്ക്കും സമന്‍സ് അയയ്ക്കും
എസ്എഫ്ഐഒ സമര്‍പ്പിച്ച കുറ്റപത്രത്തിന്റെ സൂക്ഷ്മ പരിശോധന പൂര്‍ത്തിയായി
കൊച്ചി: മാസപ്പടി കേസില്‍, എസ്എഫ്ഐഒ നല്‍കിയ കുറ്റപത്രം കോടതി സ്വീകരിച്ചു. പ്രഥമദൃഷ്ട്യാ കുറ്റം നിലനില്‍ക്കും എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കോടതിയുടെ തീരുമാനം. വീണ വിജയന്‍, ശശിധരന്‍ കര്‍ത്ത ഉള്‍പ്പെടെയുള്ളവര്‍ക്ക് സമന്‍സ് അയയ്ക്കും. എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി ഏഴില്‍ എസ്എഫ്ഐഒ സമര്‍പ്പിച്ച കുറ്റപത്രമാണ് കോടതി സ്വീകരിച്ചത്.
കുറ്റപത്രത്തില്‍ പറയുന്ന കുറ്റം നിലനില്‍ക്കും എന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് കോടതിയുടെ നടപടി. പ്രതികള്‍ക്ക് നോട്ടീസ് അയയ്ക്കുന്ന പ്രക്രിയയാണ് അടുത്തതായി നടക്കാനുള്ളത്. അടുത്ത ആഴ്ച തന്നെ ഇതുമായി ബന്ധപ്പെട്ട് നടപടികള്‍ ഉണ്ടാകും എന്നാണ് വിവരം.
കേസിന് നമ്പര്‍ ഇടുകയാണ് ആദ്യം ചെയ്യുക. അതിനുശേഷം, ഒന്നാം പ്രതി ശശിധരന്‍ കര്‍ത്ത മുതല്‍ 11-ാം പ്രതി വീണ വിജയന്‍ വരെയുള്ള എതിര്‍ കക്ഷികള്‍ക്ക് നോട്ടീസ് അയയ്ക്കും. ഇതില്‍ നാലുപ്രതികള്‍ നാല് കമ്പനികളാണ്. 11 പ്രതികള്‍ക്കും എതിരായ കുറ്റം പ്രഥമദൃഷ്ട്യാ നിലനില്‍ക്കുമെന്നുള്ള കോടതിയുടെ വിലയിരുത്തല്‍ എസ്എഫ്ഐഒയ്ക്ക് വലിയ ആശ്വാസമാണ് നല്‍കിയിട്ടുള്ളത്. കരിമണല്‍ കച്ചവടത്തിനു നിയമവിരുദ്ധമായ സഹായം ഉറപ്പാക്കാന്‍ സിഎംആര്‍എല്‍ കമ്പനി വന്‍തുക ചെലവഴിച്ചെന്ന കേസിലാണ് സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫിസ് അന്വേഷണം നടത്തി കുറ്റപത്രം നല്‍കിയത്.
അതിനിടെ, എക്സാലോജികും, സിഎംആര്‍എല്ലും തമ്മിലുള്ള ഇടപാടുമായി ബന്ധപ്പെട്ട കേസില്‍, സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി സമര്‍പ്പിച്ച കുറ്റപത്രത്തിന്റെ പകര്‍പ്പിനായി ഇഡി എറണാകുളം പ്രത്യേക കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. കുറ്റപത്രം പരിശോധിച്ചശേഷം അതിവേഗത്തില്‍ അന്വേഷണം ആരംഭിക്കാനാണ് നീക്കം. കുറ്റപത്രത്തിന്റെ പകര്‍പ്പ് കിട്ടുന്നതോടെ വീണ വിജയനെ ചോദ്യം ചെയ്തേക്കും.
എസ്എഫ്ഐഒയുടെ അന്വേഷണത്തില്‍ കമ്പനികാര്യ ചട്ടത്തിലെ 447 വകുപ്പ് പ്രകാരം ക്രമക്കേട് നടന്നുവെന്നാണ് കണ്ടെത്തിയത്. ഇതിന്റെ ചുവടുപിടിച്ച് ഇഡിക്ക് അന്വേഷണം മുന്നോട്ടുകൊണ്ടുപോകാനാകും. സിഎംആര്‍എല്‍ എക്‌സാലോജിക് ഇടപാടില്‍ ഒരുവര്‍ഷം മുന്‍പ് ഇഡി ഇസിഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു. എന്നാല്‍ കുറ്റകൃത്യം സംബന്ധിച്ച് കേസില്ലാത്തതിനാല്‍ അന്വേഷണം മുന്നോട്ടുകൊണ്ടുപോകാനായില്ല.
എസ്എഫ്ഐഒ അന്വേഷണത്തില്‍ വഞ്ചനാകുറ്റം കണ്ടെത്തിയതോടെ ഇനി ആ പ്രശ്നമില്ല. ഇതോടെ മുന്‍പ് രജിസ്റ്റര്‍ ചെയ്ത കേസില്‍ കൂടുതല്‍ വകുപ്പുകള്‍ ഉള്‍പ്പെടുത്തിയോ പുതിയ ഇസിഐആര്‍ രജിസ്റ്റര്‍ ചെയ്‌തോ അന്വേഷണം ഊര്‍ജിതമാക്കാനാണ് ഇഡി നീക്കം. കുറ്റപത്രം പരിശോധിച്ച ശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കും.
എക്സാലോജിക്-സിഎംആര്‍എല്‍ ഇടപാടിലെ എസ്എഫ്ഐഒ കുറ്റപത്രത്തില്‍ ആകെ 13 പ്രതികളാണുള്ളത്. സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്തയാണ് ഒന്നാം പ്രതി. സിഎംആര്‍എലും എക്‌സാലോജികും ഉള്‍പ്പടെ അഞ്ച് കമ്പനികള്‍ പ്രതികളാണെന്ന് കുറ്റപത്രത്തില്‍ പറയുന്നു. എസ്എഫ്‌ഐഒ കുറ്റപത്രത്തില്‍ 114 രേഖകളും 72 സാക്ഷികളും ഉള്‍പ്പെടുന്നുണ്ട്.
സിഎംആര്‍എല്‍, എക്‌സാലോജിക്, നിപുണ ഇന്റര്‍നാഷണല്‍, സാസ്ജ ഇന്ത്യ, എംപവര്‍ ഇന്ത്യ എന്നീ അഞ്ച് കമ്പനികളെയാണ് എസ്എഫ്ഐഒ പ്രതി ചേര്‍ത്തത്. 2018-19ല്‍ കൊച്ചിന്‍ മിനല്‍സ് ആന്‍ഡ് റൂട്ടൈല്‍ ലിമിറ്റഡില്‍ ( സിഎംആര്‍എല്‍) നിന്ന് സേവനങ്ങളൊന്നും കൈമാറാതെ എക്‌സാലോജിക് സൊല്യൂഷന്‍സ് 1.72 കോടി അനധികൃതൃമായി വാങ്ങിയെന്നാണ് കേസ്. 2023 ലെ ഒരു ആദായനികുതി കേസിനെ തുടര്‍ന്ന് വീണ വിവിധ കേന്ദ്ര ഏജന്‍സികളുടെ നിരീക്ഷണത്തിലായിരുന്നു. കഴിഞ്ഞാഴ്ചയാണ് വീണയ്ക്ക് എതിരെ കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയം പ്രോസിക്യൂഷന് അനുമതി നല്‍കിയത്. ഇതിനെ തുടര്‍ന്നാണ് എസ്എഫ്‌ഐഒ കൊച്ചി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.