- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
അമ്പലം കൊള്ള സംബന്ധിച്ച് ഫേസ് ബുക്ക് പോസ്റ്റിട്ടു; അഞ്ചംഗ സംഘം യുവാവിനെ ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചു; ആശുപത്രിയില്‍ നിന്ന് അറിയിപ്പ് കിട്ടിയിട്ടും പോലീസിന് മൃദുസമീപനം; യുവാവ് ഗുരുതരാവസ്ഥയില്‍; നാലു പേര്‍ക്കെതിരേ കേസ്
അഞ്ചംഗ സംഘം യുവാവിനെ ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചു

ചെങ്ങന്നൂര്‍: ക്ഷേത്രഭരണ സമിതി അംഗങ്ങള്‍ ക്രമക്കേട് നടത്തിയെന്ന് ആരോപിച്ച് ഫേസ് ബുക്ക് പോസ്റ്റ് ഇട്ടതിന്റെ പേരില്‍ യുവാവിനെ നാലംഗ സംഘം ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തുവാന്‍ ശ്രമിച്ചുവെന്ന് പരാതി. ഗുരുതരമായി പരുക്കേറ്റ യുവാവ് തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയില്‍. കേസ് അട്ടിമറിക്കാന്‍ മാന്നാര്‍ എസ്എച്ച്ഓയുടെ നേതൃത്വത്തില്‍ ശ്രമം നടന്നുവെന്നും ആരോപണം. നാലു പേരെ പ്രതിയാക്കി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
ഗ്രാമം എണ്ണക്കാട് ഒണിയാംപ്പുറത്ത് വീട്ടില്‍ മനോജ്കുമാറിനാണ് (50) മര്‍ദനമേറ്റത്. തെരഞ്ഞെടുപ്പ് ദിവസം വൈകിട്ട് ആറിന് വീടിന് സമീപം ഉള്ള റോഡില്‍ വച്ചാണ് അഞ്ചംഗ സംഘം മാരകായുധങ്ങള്‍ ഉപയോഗിച്ച് മനോജിനെ കൊല്ലാന്‍ ശ്രമിച്ചത്. ഗുരുതരമായി പരുക്കേറ്റ മനോജിനെ ആദ്യ മാവേലിക്കര താലൂക്ക് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. സ്ഥിതി അതീവ ഗുരുതരമായതിനാല്‍ പിന്നീട് കല്ലിശേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ ഐസിയുവില്‍ ചികില്‍സയിലാണ്.
ചെങ്ങന്നൂര്‍ എണ്ണക്കാട് ഗ്രാമം കൊച്ചുകാട്ടില്‍ വീട്ടില്‍ ഗോപകുമാര്‍, മകന്‍ ഭരതന്‍, കൊട്ടാരത്തില്‍ വടക്കേതില്‍ സതീഷ് കൃഷ്ണന്‍ @ അപ്പായി സതീഷ്, കുറ്റിയില്‍ സുരേഷ് എന്നിവര്‍ക്കെതിരേയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഗ്രാമം ഒടുവിരുത്തി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ കോടികളും പൊതുജനങ്ങളെ കബളിപ്പിച്ച് ലക്ഷങ്ങളും തട്ടിയെടുത്തുവെന്ന് ആരോപിച്ച് ഒന്നു മുതല്‍ മൂന്നു വരെ എതിര്‍കക്ഷികള്‍ക്ക് എതിരെ മനോജ്കുമാര്‍ ഡിസംബര്‍ 20 ന് ഫേസ് ബുക്കില്‍ പോസ്റ്റ് ഇട്ടിരുന്നു. ഇതിന്റെ വിരോധത്താല്‍ വഴിയില്‍ തടഞ്ഞു നിര്‍ത്തി കൂട്ടം ചേര്‍ന്ന് മര്‍ദ്ദിച്ച് വധിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതി. മാരകായുധങ്ങള്‍ ഉപയോഗിച്ച് ക്രൂരമായി മര്‍ദിക്കുകയും മനോജിന്റെ മൂന്നു പവന്‍ മാല അപഹരിച്ചുവെന്നും എഫ്ഐആറില്‍ പറയുന്നു.
ഗോപകുമാര്‍ ഒടുവിരുത്തി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഭാരവാഹിയായി ആറുവര്‍ഷത്തോളം പ്രവര്‍ത്തിച്ചിരുന്നു. ഇയാള്‍ നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയും ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുള്ള വ്യക്തിയുമാണ്. ഇയാള്‍ക്ക് മാന്നാര്‍ സ്റ്റേഷനിലെ പോലീസുകാരുമായി അടുത്ത ബന്ധമുള്ളതായി പറയുന്നു. അതു കൊണ്ട് തന്നെ കേസ് അട്ടിമറിക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്. ഒരു സ്പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥന് ഇയാളുമായി അടുത്ത ബന്ധമുണ്ടെന്ന് മനോജിന്റെ സഹോദരി മഞ്ചു ലക്ഷ്മി ആലപ്പുഴ ജില്ലാ പോലീസ് മേധാവിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. ഇയാള്‍ മുഖേനെ എസ്എച്ച്ഓയെ പ്രതികള്‍ സ്വാധീനിച്ചുവെന്നും പറയപ്പെടുന്നു.
മനോജിനെ മര്‍ദിക്കുന്നത് നാട്ടുകാര്‍ കണ്ടിരുന്നു. എങ്കിലും ഇവര്‍ ആരും തടയാന്‍ ശ്രമിച്ചില്ല. പ്രതികളുടെ ഗുണ്ടാ പശ്ചാത്തലമാണ് ഇതിന് കാരണമെന്ന് പറയുന്നു. ലോക്കല്‍ പോലീസ് സംഭവം ലഘൂകരിച്ചാണ് ചെങ്ങന്നൂര്‍ ഡിവൈ.എസ്.പിക്കും ആലപ്പുഴ എസ്പിക്കും പരാതി നല്‍കിയത്. എന്നാല്‍, സംഭവത്തിന്റെ ഗൗരവം മനസിലാക്കി രഹസ്യാന്വേഷണ വിഭാഗം നല്‍കിയ റിപ്പോര്‍ട്ടിനെ തുടര്‍ന്ന ഉടന്‍ കേസ് എടുക്കാന്‍ എസ്പി ഉത്തരവിടുകയായിരുന്നു.


