തൊടുപുഴ: വിവാഹ വാഗ്ദാനം നൽകി യുവതിയുടെ രണ്ടര പവൻ തൂക്കമുള്ള സ്വർണ്ണമാല കവർന്ന കേസിൽ പ്രതി പിടിയിലായതോടെ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. തമിഴ്‌നാട് രാമനാഥപുരം മഞ്ചൂർ സ്വദേശിയായ കാർത്തിക് രാജ് (30) നെയാണ് തൊടുപുഴ പോലീസ് തമിഴ്‌നാട് ഈറോഡിൽ നിന്ന് അറസ്റ്റ് ചെയ്തത്. സിസിടിവി ദൃശ്യനാണ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

വാഗമൺ സ്വദേശിനിയായ യുവതിയെ തമിഴ് വിവാഹ സൈറ്റ് വഴിയാണ് പ്രതി പരിചയപ്പെട്ടത്. താൻ ഒരു ഡോക്ടറാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഇയാൾ യുവതിയുടെ വിശ്വാസം നേടിയെടുത്തത്. ഓഗസ്റ്റ് 5-ന് ഇരുവരും തൊടുപുഴയിൽ വെച്ച് കണ്ടുമുട്ടി. അന്ന് യുവതിയുടെ രണ്ട് പവന്റെ സ്വര്‍ണമാല ഊരിവാങ്ങി. അത് പ്രതി തന്റെ പക്കലുള്ള ലോക്കറ്റ് മാലയില്‍ കോര്‍ത്തു. തിരിച്ചുപോകുമ്പോള്‍ തരാമെന്നും പറഞ്ഞു.

സ്വര്‍ണമാണെന്നുപറഞ്ഞ് യുവാവിന്റെ കൈവശമുണ്ടായിരുന്ന അഞ്ചുപവന്‍ തൂക്കംവരുന്ന മുക്കുപണ്ടം യുവതിയുടെ കഴുത്തിലും ഇട്ടു. തുടർന്ന് ഇരുവരും ഭക്ഷണം കഴിക്കാനും വസ്ത്രങ്ങൾ വാങ്ങാനുമായി ഒരു കടയിലേക്ക് കയറി. യുവതി വസ്ത്രങ്ങൾ തിരയുന്നതിനിടയിൽ, പ്രതി യുവതിയുടെ സ്വർണ്ണമാലയുമായി കാറിൽ കടന്നുകളയുകയായിരുന്നു. പിറ്റേ ദിവസം യുവതി തൊടുപുഴ പോലീസിൽ പരാതി നൽകി. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടാനായത്.

പ്രതിക്ക് സമാനമായ തട്ടിപ്പ് കേസുകൾ തമിഴ്‌നാട്ടിൽ മുമ്പും നടത്തിയിട്ടുണ്ടെന്നും തൊടുപുഴ സിഐ എസ്. മഹേഷ് കുമാർ അറിയിച്ചു. പ്രതി വിവാഹിതനാണെന്നും താൻ ബാങ്ക് ഉദ്യോഗസ്ഥനാണെന്ന് ഭാര്യയെ പോലും തെറ്റിദ്ധരിപ്പിച്ചിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി. തൊടുപുഴ പോലീസ് ഇൻസ്പെക്ടർ എസ്. മഹേഷ് കുമാറിൻ്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ അജീഷ് കെ. ജോൺ, എസ്സിപിഒ കെ.ആർ. റെജിമോൻ, സിപിഒമാരായ മഹേഷ് പി. രാജ്, മുജീബ് റഹ്‌മാൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.