ബെംഗളൂരു: റെയിൽവേയിൽ ടിക്കറ്റ് കലക്ടർ, ക്ലർക്ക് തസ്തികകളിൽ ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാർഥികളിൽ നിന്ന് 5.3 കോടി രൂപ തട്ടിയെടുത്ത കേസിൽ യുവതിക്കെതിരെ കേസെടുത്ത് ബെംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ച്. കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി (കെപിസിസി) മഹിളാ വിഭാഗത്തിന്റെ ജനറൽ സെക്രട്ടറിയാണെന്ന് അവകാശപ്പെട്ടായിരുന്നു ഷംഷാദ് ബീഗം എന്ന യുവതിയുടെ തട്ടിപ്പ്. ഷംഷാദിന്റെ പിതാവ് എം.എം. മൻസൂർ അഹമ്മദിനും തട്ടിപ്പിൽ പങ്കുണ്ടെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

വിജയപുര സ്വദേശിയായ സംഗമേഷ് രാച്ചയ്യ നൽകിയ പരാതിയിലാണ് ക്രൈംബ്രാഞ്ച് നടപടി സ്വീകരിച്ചത്. തട്ടിപ്പിന് ഇരയായവർക്ക് വ്യാജ നിയമന ഉത്തരവുകൾ ഷംഷാദ് ഇമെയിൽ വഴി അയച്ചുനൽകിയിരുന്നു. സാധാരണ നടക്കുന്ന പരീക്ഷകൾക്കുശേഷം ഇവർക്കായി പ്രത്യേക പരീക്ഷ നടത്തുമെന്ന് വിശ്വസിപ്പിച്ച് വ്യാജ അഡ്മിറ്റ് കാർഡുകളും നൽകി. കൊൽക്കത്തയിലും മുംബൈയിലുമായി മൂന്നു മാസത്തെ പരിശീലനം നൽകുമെന്നും തട്ടിപ്പിലൂടെ പണം കൈപ്പറ്റിയവരെ വിശ്വസിപ്പിച്ചിരുന്നു.

ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥൻ, കർണാടക എക്സാമിനേഷൻ അതോറിറ്റിയിലെ ജീവനക്കാരൻ എന്നിങ്ങനെ പരിചയപ്പെടുത്തി മറ്റു ചിലരെയും യുവതി തട്ടിപ്പിനായി ഉപയോഗിച്ചതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ബെംഗളൂരുവിലെ വിവിധ ഹോട്ടലുകളിൽവെച്ചായിരുന്നു ഉദ്യോഗാർഥികളുമായി കൂടിക്കാഴ്ചകൾ നടത്തിയിരുന്നതും പണം വാങ്ങിയിരുന്നതും. രാഷ്ട്രീയ നേതാക്കളുമായും മന്ത്രിമാരുമായും അടുത്ത ബന്ധമുണ്ടെന്ന് ഉദ്യോഗാർഥികളെ വിശ്വസിപ്പിക്കുന്നതിനായി ഇവർക്കൊപ്പമുള്ള ചിത്രങ്ങളും ഷംഷാദ് ബീഗം കാണിച്ചിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണ്.