- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റൂറല്‍ ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ചിലെ പ്രധാനി; ബന്തവസ് ഡ്യൂട്ടിയും വിഐപി വിസിറ്റും നിയന്ത്രിച്ചിരുന്ന പരശുവയ്ക്കലുകാരന്‍; അമ്മയുടെ പരാതിയില്‍ കേസെടുക്കാന്‍ ആദ്യം പോലീസ് അറച്ചത് ഈ ബന്ധങ്ങള്‍ കാരണം; എസ് പി സുദര്ശനന് ഇടപെട്ടപ്പോള്‍ കേസും; ബാലരാമപുരത്തെ അമ്മയുടെ മൊഴി കുടുങ്ങിയ ഗരീഷ് 45 ദിവസത്തെ ലീവില്‍; അറസ്റ്റിന് മുമ്പ് വിശദ അന്വേഷണം
തിരുവനന്തപുരം: കോളിളക്കം സൃഷ്ടിച്ച ബാലരാമപുരത്തെ രണ്ടു വയസ്സുകാരന്റെ കൊലപാതക കേസില്‍ പുതിയ വഴിത്തിരിവുണ്ടാകുമ്പോള്‍ പോലീസും അമ്പരപ്പില്‍. കൊല്ലപ്പെട്ട രണ്ടു വയസുകാരന്റെ അമ്മയുടെ അമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസുകാരനെതിരെ ബാലരാമപുരം പോലീസ് ബലാത്സംഗത്തിനും പണാപഹരണത്തിനും കേസ് രജിസ്റ്റര്‍ ചെയ്തുവെങ്കിലും തുടര്‍ നടപടികള്‍ കരുതലോടെ മാത്രമേ ഉണ്ടാകൂ. തിരുവനന്തപുരം റൂറല്‍ ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ചിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ഗിരീഷ് കുമാറിനെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
ബാലരാമപുരം പോലീസ് സ്റ്റേഷന്‍ ക്രൈം171/2025 നമ്പറായി രജിസ്റ്റര്‍ ചെയ്തിട്ടുള്ള കേസില്‍ ഭാരതീയ ന്യായ സംഹിത (ബി എന്‍ എസ് )യിലെ 74(സ്ത്രീയുടെ മാനത്തിന് ഭംഗം വരുത്തുക ), 332(സി )(കുറ്റകൃത്യം ചെയ്യണമെന്ന ഉദ്ദേശ്യത്തോടെയുള്ള അതിക്രമിച്ചു കടക്കല്‍ ), 64(ബലാത്സംഘം ), 351(2)(വ്യാജ പ്രചരണം ), 308(2)(പണാപഹരണം ), ഐ ടി ആക്ട് 66(ഡി )(കമ്പ്യൂട്ടര്‍ ഉപയോഗിച്ചുള്ള വ്യക്തിഹത്യ) എന്നീ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. ഇതില്‍ പലതും ജാമ്യമില്ലാകുറ്റങ്ങളാണ്. കേസ് രജിസ്റ്റര്‍ ചെയ്‌തെങ്കിലും ഗിരീഷ് കുമാറിനെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. 45 ദിവസത്തെ ലീവെടുത്ത് മുങ്ങിയിരിക്കുകയാണ് ഇയാള്‍. അന്വേഷണസംഘത്തിനു നല്‍കിയ പീഡനപരാതിയുടെ അടിസ്ഥാനത്തില്‍ പോലീസുകാരനെതിരേ ബാലരാമപുരം പോലീസ് കേസെടുത്തു. പരശുവയ്ക്കല്‍ സ്വദേശിയാണ് ഗിരീഷ്. പോലീസുകാരനെതിരേ കേസെടുത്തെങ്കിലും കൂടുതല്‍ അന്വേഷണം നടത്തിയാലേ തുടര്‍നടപടികള്‍ സ്വീകരിക്കാനാകൂവെന്ന് ബാലരാമപുരം പോലീസ് ഇന്‍സ്‌പെക്ടര്‍ ധര്‍മജിത്ത് പറഞ്ഞു.
തിരുവനന്തപുരം റൂറല്‍ ജില്ലാ പോലീസ് മേധാവിയുടെ ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ച് ഓഫീസിലാണ് ഗിരീഷ് കുമാര്‍ ജോലി ചെയ്യുന്നത്. നേരത്തെ ഉണ്ടായിരുന്ന ജില്ലാ പോലീസ് മേധാവിയുടെ ഗുഡ് ബുക്കില്‍ കയറിപ്പറ്റിയിരുന്ന ഇയാള്‍ ആയിരുന്നു അവിടെ കാര്യങ്ങള്‍ നിയന്ത്രിച്ചിരുന്നത്. ബന്തവസ് ഡ്യൂട്ടി, വിഐപി വിസിറ്റ് എന്നിവയുടെയെല്ലാം ചുക്കാന്‍ പിടിച്ചിരുന്നത് ഗിരീഷ് കുമാര്‍ ആയിരുന്നു. മുന്‍ ജില്ലാ പോലീസ് മേധാവി കൊല്ലത്തേക്ക് സ്ഥലംമാറി പോയപ്പോള്‍ അവിടേക്ക് സ്ഥലംമാറ്റം വാങ്ങി പോകാനും ശ്രമിച്ചു. പക്ഷേ നടന്നില്ല. കുട്ടിയുടെ കൊലപാതക കേസിന്റെ അന്വേഷണ ഭാഗമായി അമ്മയെ ചോദ്യം ചെയ്തപ്പോഴാണ് ബലാത്സംഗം പുറത്തായത്. ഗിരീഷ് കുമാര്‍ വീട്ടില്‍ അതിക്രമിച്ച കയറി ബലാല്‍സംഗം ചെയ്തു നഗ്‌നദൃശ്യങ്ങള്‍ പകര്‍ത്തി അത് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി 39 ലക്ഷം രൂപ തട്ടിയെടുത്തു എന്നായിരുന്നു അമ്മയുടെ മൊഴി.
ഗിരീഷ് കുമാറിന്റെ ഉന്നതങ്ങളിലെ സ്വാധീനം അറിയാമായിരുന്ന ബാലരാമപുരം പോലീസ് കേസെടുക്കാന്‍ ആദ്യം മടിച്ചു. ഇപ്പോഴത്തെ ജില്ലാ പോലീസ് മേധാവി കെ എസ് സുദര്‍ശന്റെ ഇടപെടലോടെയാണ് കേസ് എടുത്തത്. എന്നാല്‍ പ്രതിയെ പിടികൂടാന്‍ കാര്യമായ ശ്രമങ്ങള്‍ ഒന്നും ഇതുവരെ നടന്നിട്ടില്ല. കൊലക്കേസില്‍ പ്രതിയായില്ലെങ്കിലും ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട് ജയിലില്‍ കഴിയുകയാണ് കുട്ടിയുടെ അമ്മ. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ ഡ്രൈവര്‍ ജോലി വാഗ്ദാനം ചെയ്ത് ഷിജു എന്ന ആളില്‍ നിന്നും 10 ലക്ഷം രൂപ തട്ടിയെടുത്തു എന്ന പരാതിയിലായിരുന്നു അറസ്റ്റ്. ഷിജുവിന് വ്യാജ നിയമന ഉത്തരവ് തയ്യാറാക്കി നല്‍കിയതായും പോലീസ് കണ്ടെത്തിയിരുന്നു.
കഴിഞ്ഞ ജനുവരി 30നാണ് രണ്ടു വയസ്സുകാരനായ കുട്ടി വീടിനടുത്തുള്ള കിണറ്റില്‍ മരിച്ച നിലയില്‍ കാണപ്പെടുന്നത്. അച്ഛനും അമ്മയോടുമൊപ്പം ഉറങ്ങാന്‍ കിടന്ന കുട്ടിയുടെ മൃതദേഹം രാവിലെ കിണറ്റില്‍ കണ്ടെത്തുകയായിരുന്നു. കുട്ടിയുടെ അമ്മയുടെ സഹോദരന്‍ ഹരികുമാര്‍ ഈ കേസില്‍ അറസ്റ്റിലായി.അമ്മയോടുള്ള വ്യക്തിവിരോധം തീര്‍ക്കാനായി കുട്ടിയെ കിണറ്റില്‍ എറിഞ്ഞു കൊല്ലുകയായിരുന്നു എന്നായിരുന്നു ഹരികുമാറിന്റെ കുറ്റസമ്മതം. സ്വന്തം സഹോദരിയോടുള്ള വഴിവിട്ട താല്പര്യമാണ് ഇത്തരമൊരു കൊലയ്ക്ക് കാരണമായതെന്നാണ് പോലീസിന്റെ അനുമാനം.
ഇതിനിടെ, ശ്രീതു ജോലി വാഗ്ദാനംചെയ്ത് അഞ്ചു ലക്ഷം രൂപ തട്ടിയെടുത്തെന്നു പറഞ്ഞ് രതീഷ് എന്നയാള്‍ പോലീസില്‍ പുതിയ പരാതി നല്‍കി. കളക്ടറേറ്റില്‍ ജോലി സംഘടിപ്പിക്കാമെന്നു പറഞ്ഞാണ് ശ്രീതു പണം വാങ്ങിയതെന്നാണ് പരാതിയില്‍ പറയുന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ ശ്രീതുവിനെതിരേ മറ്റൊരു കേസ് എടുത്തതായി പോലീസ് പറഞ്ഞു. ഈ കേസില്‍ കൂടുതല്‍ ചോദ്യംചെയ്യലിനായി ശ്രീതുവിനെ വീണ്ടും പോലീസ് കസ്റ്റഡിയില്‍ വിട്ടുകിട്ടാനായി കോടതിയില്‍ അപേക്ഷ നല്‍കുമെന്ന് ഇന്‍സ്‌പെക്ടര്‍ ധര്‍മജിത്ത് പറഞ്ഞു.