- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
കണ്ടപാടെ തലയിൽ മുണ്ടിട്ട് വലിച്ചു വീഴ്ത്തി; കല്ലുകൊണ്ട് അടിച്ചതോടെ പാതി ബോധം പോയി; പിന്നാലെ ഒന്നും നോക്കാതെ സ്വർണ്ണമാലയും കമ്മലും മൊബൈൽ ഫോണും കവർന്നു; കൊച്ചിയിൽ ജോലി കഴിഞ്ഞ് മടങ്ങിയ പെൺകുട്ടിക്ക് നേരെ ആക്രമണം; ഗുരുതര പരിക്ക്; പ്രതിയെ തപ്പി പോലീസ്

കൊച്ചി: കളമശ്ശേരിയിൽ ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന കണ്ണൂർ സ്വദേശിനിയായ പെൺകുട്ടിക്കു നേരെ ക്രൂരമായ ആക്രമണം. സെന്റ് ജോസഫ് പള്ളിക്ക് സമീപം നടന്ന അക്രമത്തിൽ പെൺകുട്ടിയുടെ സ്വർണ്ണമാലയും കമ്മലും ഐഫോണും കവർന്നു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കളമശ്ശേരിയിൽ വാടകയ്ക്ക് താമസിച്ച് സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന പെൺകുട്ടിയാണ് ഇരയായത്. രാത്രി എട്ടരയോടെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു സംഭവം. വിജനമായ വഴിയിൽ വെച്ച് പെൺകുട്ടിയുടെ തലയിലൂടെ മുണ്ടിട്ട് വലിച്ചു വീഴ്ത്തിയ ശേഷമായിരുന്നു കവർച്ച. തൊപ്പിയും ഷർട്ടും ധരിച്ച ഒരാളാണ് ആക്രമണം നടത്തിയത്.
പ്രതിരോധിക്കാൻ ശ്രമിച്ച പെൺകുട്ടിയെ അക്രമി അതിക്രൂരമായി ഉപദ്രവിച്ചു. വൈദ്യുത തൂണിൽ തലയിടിപ്പിക്കുകയും കല്ലുകൊണ്ട് തലയ്ക്കടിക്കുകയും ചെയ്തതായാണ് വിവരം. തലയുടെ പിൻഭാഗത്ത് ആഴത്തിലുള്ള മുറിവേറ്റിട്ടുണ്ട്. ഇതിന് ശേഷമാണ് ഒരു പവനിലേറെ വരുന്ന മാലയും കമ്മലും കൈക്കലാക്കിയത്. നഷ്ടപ്പെട്ട ഫോൺ വിലകൂടിയ ഐഫോൺ ആണെന്നും റിപ്പോർട്ടുകളുണ്ട്.
ആക്രമണത്തിന് ശേഷം അവശയായ പെൺകുട്ടിയെ സുഹൃത്തുക്കളാണ് ആശുപത്രിയിലെത്തിച്ചത്. ശാരീരികമായ പരിക്കുകൾക്ക് പുറമെ കുട്ടി കടുത്ത മാനസികാഘാതത്തിലാണെന്ന് ഡോക്ടർമാർ അറിയിച്ചു. ആക്രമണത്തിന്റെ നടുക്കം മാറാത്തതിനാൽ പെൺകുട്ടിക്ക് ഇതുവരെ കൃത്യമായി സംസാരിക്കാൻ സാധിച്ചിട്ടില്ല. സ്ഥിരമായി യാത്ര ചെയ്യുന്ന വഴിയിൽ വെച്ച് ഇത്തരം ഒരു അനുഭവം ഉണ്ടായത് പ്രദേശവാസികളെയും ഭീതിയിലാഴ്ത്തിയിട്ടുണ്ട്.
സംഭവമറിഞ്ഞ ഉടൻ തന്നെ പൊലീസ് ആശുപത്രിയിലെത്തി പെൺകുട്ടിയുടെ മൊഴിയെടുക്കാൻ ശ്രമിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്. രാത്രി എട്ടരയോടെ പ്രദേശത്ത് സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടവരെക്കുറിച്ചും പൊലീസ് വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. പ്രതിയെ ഉടൻ പിടികൂടുമെന്ന് കളമശ്ശേരി പൊലീസ് അറിയിച്ചു.


