- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
പാതിവില തട്ടിപ്പ് കേസ്; കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സെന്റിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു; സംഭവത്തില്‍ അനന്തു കൃഷ്ണന് മാത്രമല്ല, എന്‍ജിഒ കോണ്‍ഫെഡറേഷനിലെ മറ്റു പ്രമുഖര്‍ക്കും പങ്കുണ്ടെന്ന് ലാലിയുടെ മൊഴി; സംഭവത്തില്‍ കൂടുതല്‍ പേരെ ചോദ്യം ചെയ്യാനൊരുങ്ങി ക്രൈംബ്രാഞ്ച്
കൊച്ചി: വലിയ വിവാദങ്ങള്‍ക്ക് വഴിവച്ച പാതിവില തട്ടിപ്പ് കേസില്‍ കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സെന്റിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. തൃപ്പൂണിത്തുറയിലെ ക്രൈംബ്രാഞ്ച് ഓഫീസിലാണ് ചോദ്യം ചെയ്യല്‍ നടന്നത്. പ്രധാനപ്രതി അനന്തു കൃഷ്ണന് മാത്രമല്ല, എന്‍ജിഒ കോണ്‍ഫെഡറേഷനിലെ മറ്റു പ്രമുഖര്‍ക്കും പങ്കുണ്ടെന്നാണ് ലാലി മൊഴി നല്‍കിയതെന്നാണ് വിവരം. സംഭവത്തില്‍ കൂടുതല്‍ പേരെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും.
എന്നാല്‍ തന്നെ ചോദ്യം ചെയ്യുന്നതിന് വിളിച്ചതല്ലെന്നും സ്വമേധയാ മൊഴി നല്‍കുന്നതിന് അന്വേഷണ സംഘത്തെ അറിയിച്ചതാണെന്നും ലാലി പറഞ്ഞു. എഐസിസി അംഗമായ ലാലി, ഗുജറാത്തില്‍ നടന്ന കോണ്‍ഗ്രസ് സമ്മേളനം ഒഴിവാക്കി ചോദ്യം ചെയ്യലിന് ഹാജരാകുകയായിരുന്നു.
അനന്തു കൃഷ്ണന്‍ നിര്‍ദേശിച്ച അക്കൗണ്ടുകളില്‍ പണം നിക്ഷേപിച്ചുവെന്ന് സീഡ് സൊസൈറ്റി ഭാരവാഹികള്‍ വ്യക്തമാക്കി. സ്‌കൂട്ടര്‍, ലാപ്‌ടോപ്, മൊബൈല്‍ ഫോണ്‍, കാര്‍ഷികോപകരണങ്ങള്‍, സ്‌കൂള്‍ കിറ്റ്, ഭക്ഷ്യകിറ്റുകള്‍, ജൈവവളം, വാട്ടര്‍ ടാങ്ക് തുടങ്ങിയവ വാഗ്ദാനം ചെയ്താണ് പൊതുജനങ്ങളില്‍ നിന്നു വലിയതോതില്‍ പണം ഈടാക്കിയതെന്നാണ് പരാതി.
തൊടുപുഴ സ്വദേശി അനന്തുവും കോണ്‍ഫെഡറേഷന്‍ ചെയര്‍മാന്‍ കെ.എന്‍ ആനന്ദകുമാറും ചേര്‍ന്നാണ് വിവിധ പരിപാടികളും ഉപകരണ വിതരണവും സംഘടിപ്പിച്ചത്. വ്യക്തിഗത പരാതികളോടൊപ്പം നിരവധി സമൂഹഹര്‍ജികളും അനന്തുവിനെതിരെയാണ് നിലവിലുള്ളത്. അന്വേഷണത്തിന്റെ ചൂട് ഇനിയും വര്‍ധിക്കുമെന്ന് സൂചന.