കോഴിക്കോട് : മാറാട് യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഗോതീശ്വരം സ്വദേശി ഷിംന (31) ആണ് മരിച്ചത്. ഇന്നലെ രാത്രിയില്‍ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. കുടുംബവഴക്കാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം

ഭര്‍ത്താവ് പ്രശാന്ത് മദ്യപാനി ആയിരുന്നെന്നും ഇതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് മരണകാരണമെന്ന് സംശയിക്കുന്നതായും പൊലീസ് പറഞ്ഞു. മദ്യപിച്ചെത്തുന്ന ഭര്‍ത്താവ് പ്രശാന്ത് ഷിംനയെ മര്‍ദിക്കുമായിരുന്നെന്ന് ബന്ധുക്കള്‍ പറയുന്നു. ഷിംനയുടെ ശരീരത്തില്‍ പാടുകള്‍ ഉണ്ടെന്നും പ്രശാന്തിനെതിരെ പരാതി നല്‍കുമെന്നും ബന്ധുക്കള്‍ അറിയിച്ചു. മരണത്തില്‍ ദൂരൂഹതയുണ്ടെന്നാണ് ബന്ധുക്കള്‍ പറയുന്നത്.

സംഭവത്തില്‍ പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം കുടുംബത്തിനു വിട്ടുനല്‍കും.

കഴിഞ്ഞ ദിവസം പാലക്കാട് യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. വടക്കഞ്ചേരി കാരപ്പറ്റ കുന്നുംപള്ളി നേഘ സുബ്രഹ്‌മണ്യന്‍ (25) ആണ് മരിച്ചത്. ആലത്തൂര്‍ തോണിപ്പാടത്തെ ഭര്‍ത്താവിന്റെ വീട്ടിലാണ് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് ഭര്‍ത്താവ് പ്രദീപിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു