ഇടുക്കി: പെരുവന്താനത്ത് കാട്ടാനയുടെ ആക്രമണത്തില്‍ വീട്ടമ്മ കൊല്ലപ്പെട്ടു. ഇടുക്കി ജില്ലയിലെ മതംബ കൊമ്പന്‍പാറയിലാണ് സംഭവം. നെല്ലിവിള പുത്തന്‍ വീട്ടില്‍ ഇസ്മയിലിന്റെ ഭാര്യ സോഫിയ( 45) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് ചെന്നാപ്പാറ മുകള്‍ ഭാഗത്തുനിന്നു കൊമ്പന്‍പാറയിലേക്കുള്ള വഴിയെ നടന്നു പോകുന്നതിനിടെയാണ് കാട്ടാന ആക്രമിച്ചത്.

വനത്തോട് ചേര്‍ന്നു കിടക്കുന്ന മേഖലയാണിത്. കുളിക്കാനായി അരുവിക്ക് സമീപം എത്തിയപ്പോള്‍ ആന ആക്രമിച്ചതെന്നാണ് വിവരം. ആന ഇപ്പോഴും അവിടെത്തന്നെ നില്‍ക്കുന്നതിനാല്‍ മൃതദേഹത്തിന് അടുത്തേക്ക് പോകാന്‍ കഴിഞ്ഞിട്ടില്ല. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തേക്ക് തിരിച്ചു.

ഇന്ന് വൈകിട്ടോടെ വീട്ടില്‍ നിന്ന് സമീപത്തെ അരുവിയിലേക്ക് കുളിക്കാന്‍ പോയതായിരുന്നു സോഫിയ. ഏറെ നേരം കഴിഞ്ഞിട്ടും തിരികെ വരാതിരുന്നതിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് സോഫിയയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വനാതിര്‍ത്തിയോട് ചേര്‍ന്ന സ്ഥലത്താണ് സോഫിയയുടെ കുടുംബം താമസിക്കുന്നത്.

ഈ മാസം കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെടുന്ന രണ്ടാമത്തെയാളാണ് സോഫിയ. ഇടുക്കി മറയൂരില്‍ ഫെബ്രുവരി ആറിനുണ്ടായ ആക്രമണത്തില്‍ ചമ്പക്കാട് കുടി സ്വദേശി വിമലന്‍ (57) കൊല്ലപ്പെട്ടിരുന്നു. ഇതോടെ ഈ വര്‍ഷത്തെ ആദ്യ ആറ് ആഴ്ചക്കുള്ളില്‍ ഏഴ് പേരാണ് വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെട്ടിരിക്കുന്നത്.